പി അബ്ദുല്‍ ഹമീദ് എം.എല്‍.എ
മലബാറിന്റെ സമഗ്ര വികസനത്തിലേക്ക് പറന്നുയരാന്‍ ജനകീയ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമായ വിമാനത്താവളമാണ് കരിപ്പൂലേത്. ഗള്‍ഫ് കുടിയേറ്റത്തിന്റെ പാരമ്യതയില്‍ നിറയെ സ്വപ്‌നങ്ങളുമായി 1988 ല്‍ തുടക്കം കുറിച്ച വിമാനത്താവളത്തിന് പരിപൂര്‍ണത പ്രാപിക്കാന്‍ എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും നിഗൂഢമായ ചില താത്പര്യങ്ങളുടെ ഭാഗമായി നിരന്തര അവഗണനയാണ് നേരിടേണ്ടിവരുന്നത്.
ഗള്‍ഫ് യാത്രികര്‍ക്കുള്ള സുഗമമായ താവളമെന്നതോടൊപ്പം തന്നെ കേരളത്തില്‍ നിന്നുള്ള ഹാജിമാരില്‍ ഭൂരിഭാഗത്തിനും ആശ്രയിക്കാവുന്ന കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടത്. വരുന്ന ഓഗസ്റ്റ് മാസം ഹജ്ജ് യാത്രികരുടെ വിമാനയാത്രക്ക് അന്തിമ രൂപമായിരിക്കെ, ഇത്തവണയും കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റല്ല എന്ന തീരുമാനം ഞെട്ടലോടെ അഭിമുഖീകരിക്കേണ്ടി വരുന്നത് അതിശക്തമായ പ്രതിഷേധത്തിനും പ്രതികരണത്തിനും വഴി തുറന്നിട്ടിരിക്കുകയാണ്.
2014 മെയ് മാസം ആരംഭിച്ച റണ്‍വേ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി 2017 മാര്‍ച്ച് മാസം കൂടുതല്‍ സര്‍വീസുകളോടെ വിമാനത്താവളം സജീവമാകുമെന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കരിപ്പൂരില്‍ തന്നെ പുനസ്ഥാപിക്കും എന്നൊക്കെയായിരുന്നു അധികൃതരുടെ വിശദീകരണം. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള യാത്രികരുടെ 85 ശതമാനത്തിനും പ്രയോജനപ്രദമായ രീതിയില്‍ തീര്‍ത്ഥാടനാരംഭം ഇവിടെ നിന്നാകാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവ്യക്തവും നിരര്‍ത്ഥകവുമായ ന്യായീകരണങ്ങള്‍ നിരത്തി കരിപ്പൂരിനെ കൊല്ലാനും ഹജ്ജ് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കാനും ചില അദൃശ്യ ശക്തികള്‍ കരുനീക്കം നടത്തുകയാണ്. ഇത് അനാവരണം ചെയ്യപ്പെടണം. ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. അറ്റകുറ്റപണികള്‍ക്കായി അടച്ചിടുന്നതിന് മുമ്പുള്ള വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിരത്തുന്ന വാദങ്ങള്‍ പരസ്പര വിരുദ്ധമാണ്. റണ്‍വേ വികസനത്തിനായി ഇനിയും സ്ഥലം വിട്ടുകിട്ടിയെങ്കില്‍ മാത്രമേ എംബാര്‍ക്കേഷന്‍ അനുവദിക്കൂ എന്ന വികാരവും ധാര്‍ഷ്ട്യവും ഒരിക്കലും അംഗീകരിക്കാനാവില്ല. 9666 അടിയാണ് കരിപ്പൂരിലെ റണ്‍വേക്കുള്ളത്. 9180 അടിയുള്ള ലക്‌നൗ വിമാനത്താവളം, 9000 അടിയുള്ള ഭോപ്പാല്‍, മംഗലാപുരം വിമാനത്താവളങ്ങള്‍, 9022 അടിയുള്ളഇന്‍ഡോര്‍, 8000 അടിയുള്ള റാഞ്ചി, 7500 അടിയുള്ള ഗയ, 8300 അടിയുള്ള വാരാണസി എന്നിവയെല്ലാം ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ്.
റണ്‍വേ നവീകരണത്തിന് ശേഷം മികച്ച നിലവാരത്തിലേക്കുയര്‍ന്നിട്ടും കരിപ്പൂരിന്റെ പദവിയെ പിറകോട്ട് വലിക്കാനാണ് നീക്കം. വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്തും യാത്രികരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്തുമായിരുന്നു കരിപ്പൂര്‍. ‘ഇ’ കോഡ് പദവിക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പദവി ‘ഡി’ യില്‍ തന്നെ നിര്‍ത്താനും എന്നാല്‍ ‘സി’ പദവിക്കുള്ള പരിഗണന മാത്രം നല്‍കാനുമാണ് അധികൃതരുടെ ശ്രമം. ക്രൂരവും ദയനീയവുമായ ഈ അവഗണനക്കെതിരെ കടുത്ത പ്രതിഷേധമാണാവശ്യം. എണ്ണൂറോളം യാത്രക്കാര്‍ക്ക് താമസിക്കാനുള്ള ഹജ്ജ് ഹൗസ്, മുസാഫര്‍ഖാന, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഇതുപോലെ സജ്ജമാക്കിയ വിമാനത്താവളങ്ങള്‍ മറ്റെവിടെയുമില്ല. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രക്ക് വലിയ വിമാനത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമായന മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ തന്നെ ശരിവെക്കുന്നു. ചെറുതും ഇടത്തരവും വിമാനങ്ങള്‍ മതിയെന്നിരിക്കെ വലിയ ശ്രേണിയില്‍പെട്ട ബോയിങ് 747 വിമാനത്തിനു ടെണ്ടര്‍ ക്ഷണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്കു കീഴിലുള്ള കോഴിക്കോട് വിമാനത്താവളത്തെ തഴഞ്ഞത് എന്തിനാണ്.
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി ഇത്തവണ ഹജ്ജ് കമ്മറ്റിക്കു കീഴില്‍ തീര്‍ത്ഥാടകരുടെ എണ്ണം 11580 ആണ്. ഓഗസ്റ്റ് 8 മുതല്‍ 26 വരെയാണ് ഹജ്ജ് സര്‍വീസ് നിശ്ചയിട്ടുള്ളത്. ഒരു ദിവസം 3 വിമാനങ്ങള്‍ ഉപയോഗിക്കാമെന്നും ടെണ്ടറിലുണ്ട്. നിബന്ധനകള്‍ പ്രകാരമാണെങ്കില്‍ 19 ദിവസങ്ങളിലായി 57 സര്‍വീസ് നടത്താം. അത്തരത്തില്‍ 11580 തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ 204 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനം മതിയാകും.
300 പേര്‍ക്ക് പോകാവുന്ന ഇടത്തരം വിമാനം ഉപയോഗിച്ചാല്‍ തന്നെ 37 സര്‍വീസുകള്‍ കൊണ്ട് ഹാജിമാരെ സഊദിയിലെത്തിക്കാം. ചുരുക്കത്തില്‍ മന്ത്രാലയത്തിന്റെ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിച്ചാല്‍ ചെറുവിമാനങ്ങളും ഇടത്തരം വിമാനങ്ങും ഉപയോഗിച്ച് കരിപ്പൂരില്‍ നിന്നുതന്നെ ഹജ്ജ് സര്‍വീസ് സാധ്യമാക്കാം. രാജ്യത്തെ 20 വിമാനത്താവളങ്ങളില്‍ നിന്ന് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇ.ശ്രേണിയില്‍പെട്ട 400-ല്‍ അധികം പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിങ് 747 വിമാനമാണ് കൊച്ചിയില്‍ എംബാര്‍ക്കേഷന്‍ കേന്ദ്രത്തിലേക്കായി പ്രഖ്യാപിച്ചിട്ടുള്ള ടെണ്ടറില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കരിപ്പൂരിന്റെ സാധ്യതകളെ നശിപ്പിക്കാനല്ലാതെ ഇതിനു പിന്നില്‍ മറ്റെന്ത് ന്യായമാണുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കണം.
സുരക്ഷയുടെയും സൗകര്യങ്ങളുടെയും പേരിലാണ് കരിപ്പൂരിനെ അവഗണിക്കുന്നതെങ്കില്‍ അധികൃതര്‍ ചില കാര്യങ്ങള്‍ വിശദീകരിക്കണം. പലതവണ സുരക്ഷാ വീഴ്ച വന്ന ടേബിള്‍ ടോപ്പ് വിഭാഗത്തില്‍പ്പെടുന്ന, സാങ്കേതിക സൗകര്യം കുറഞ്ഞ മംഗലാപുരം വിമാനത്താവളത്തെ എങ്ങിനെയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രമാക്കിയത്. മംഗലാപുരത്തേക്കാള്‍ റണ്‍വേക്ക് 400 മീറ്റര്‍ നീളം അധികവും ബലക്കൂടുതലുമുള്ള കരിപ്പൂരില്‍ രാജ്യത്തെ വലിയ വിമാനമായ ബോയിങ് 747 വിമാനങ്ങള്‍ മുമ്പ് സര്‍വീസ് നടത്തിയിട്ടുണ്ട്. ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രത്തിനായി കരിപ്പൂരില്‍ നിന്ന് മുറവിളി ഉയരുമ്പോഴും വിമാനത്താവളം ഉപദേശക സമിതി ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. റണ്‍വേ വികസനത്തിനും മറ്റുമായി സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ അധികൃതര്‍ക്ക് യാതൊരു താത്പര്യവുമില്ല.
1988-ല്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതുമുതല്‍ മലബാറിലെ ജനപ്രതിനിധികള്‍ പൊതുവിലും മുസ്‌ലിംലീഗ് നേതാക്കള്‍ പ്രതേ്യകിച്ചും നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഓരോ ഘട്ടത്തിലും എല്ലാ അന്യായമായ വാദങ്ങളെയും മറികടന്നത് രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടാണ്. 1982-87 കാലത്തെ യു.ഡി.എഫ് മന്ത്രിസഭ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനായി സ്വീകരിച്ച നടപടികള്‍ ചരിത്രത്തിന്റെ ഭാഗമാണ്. കെ. കരുണാകരനും സി.എച്ചും നിര്‍വഹിച്ച ദൗത്യം സ്മരണീയമാണ്. അന്നത്തെ വ്യവസായ മന്ത്രിയും പിന്നീട് ദേശീയ രാഷ്ട്രീയത്തിലും സര്‍വദേശീയ തലത്തിലും ശ്രദ്ധേയനായ മുന്‍ കേന്ദ്ര മന്ത്രി ഇ.അഹമ്മദ് നടത്തിയ സേവനങ്ങളും എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലായിരുന്നു 2002 ല്‍ കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പ്രഖ്യാപിക്കപ്പെടാന്‍ വഴി വെച്ചത്.
480 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 747 വിമാനമായിരുന്നു അന്ന് സര്‍വീസ് നടത്തിയിരുന്നത്. അന്ന് ഉണ്ടായിരുന്നതിനേക്കാള്‍ റണ്‍വേ ദൈര്‍ഘ്യവും സാങ്കേതിക ക്ഷമതയും ഉണ്ടായിട്ടും കരിപ്പൂര്‍ നിരന്തരം അവഗണിക്കപ്പെടുന്ന ദുരൂഹതയാണ് മനസ്സിലാകാത്തത്. ഗള്‍ഫ് മലയാളികളും കെ.എം.സി.സി പോലെയുള്ള സന്നദ്ധ സംഘടനകളും ഈ വിമാനത്താവളത്തിന് വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ വലുതാണ്. 1992 മുതല്‍ ഗള്‍ഫ് സെക്ടര്‍ രൂപീകരിച്ചത് വിദേശ മലയാളികള്‍ക്ക് വലിയ ആശ്വാസമായി. 2006-ല്‍ രാജ്യാന്തര വിമാനത്താവളമായി കരിപ്പൂരിനെ പ്രഖ്യാപിച്ചതിലും മലബാറിലെ ജന പ്രതിനിധികളുടെയും ഇ.അഹമ്മദിന്റെയും മുസ്‌ലിംലീഗ് നേതൃത്വത്തിന്റെയും ശക്തമായ ഇടപെടലുകളുണ്ടായി. രാത്രികാല ലാന്‍ഡിങ് ഉള്‍പ്പെടെ 24 മണിക്കൂര്‍ സര്‍വീസ് നടത്താന്‍ വിമാനത്താവളത്തെ സജ്ജമാക്കിയതിനു പിന്നിലും ശക്തമായ രാഷ്ട്രീയ ഇടപെടല്‍ തന്നെയാണുണ്ടായത്. നേതാക്കന്‍മാരുടെ ദീര്‍ഘവീക്ഷണമാണ് കരിപ്പൂരിനെ എംബാര്‍ക്കേഷന്‍ പോയിന്റായി മാറ്റുന്നതിനു മുമ്പേ തന്നെ ഹജ്ജ് ഹൗസ് സ്ഥാപിച്ച് ഹജ്ജ് യാത്രികരെ മുംബൈ വഴി കൊണ്ടുപോകാന്‍ നടപടികള്‍ സ്വീകരിച്ചത്. റണ്‍വേ നവീകരണത്തിന്റെ പേരു പറഞ്ഞ് രാജ്യത്തൊരു വിമാനത്താവളത്തിലും ഇല്ലാത്തവിധം സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും വലിയ വിമാനങ്ങള്‍ നിഷേധിച്ചും കരിപ്പൂരിനെ മുരടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ പരിശ്രമിച്ചപ്പോള്‍ മുസ്‌ലിം ലീഗായിരുന്നു അതിശക്തമായ താക്കീതുമായി രംഗത്തിറങ്ങിയത്. വികസനത്തിന് വേണ്ടി വരുന്ന സ്ഥലമെടുപ്പിന് ജനപക്ഷം ചേര്‍ന്ന് സഹകരിക്കുമെന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില ഭൂ ഉടമകള്‍ക്ക് തികയാതെ വന്നാല്‍ പാര്‍ട്ടി അത് ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളായിരുന്നു. ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി കരിപ്പൂരിനെ മാറ്റുന്നതില്‍ ലഭ്യമായ പിന്തുണയുടെയും പ്രചോദനത്തിന്റെയും സ്രോതസ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു.
മലബാറില്‍ നിന്നുള്ള എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍, എം.ഐ ഷാനവാസ് എന്നിവരെല്ലാം വിമാനത്താവള വികസനത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരാണ്. മുസ്‌ലിം ലീഗ് എം.പിമാരും എം.എല്‍.എമാരും നടത്തുന്ന സമരം ഒരു സൂചനയും തുടക്കവുമാണ്. ഇതൊരു വന്‍ ജനകീയ പ്രക്ഷോഭത്തിന്റെ കടലിരമ്പമാണ്. നിരര്‍ത്ഥക വാദങ്ങള്‍ കൊണ്ട് കരിപ്പൂരിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനകീയ വിചാരണക്ക് മുമ്പില്‍ ഇനിയും പിടിച്ചുനില്‍ക്കാനാവില്ല. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടക്കം കുറിക്കുന്ന സമരക്കൊടുങ്കാറ്റ് അധികാരികള്‍ക്ക് പാഠമാകുമെന്നുറപ്പാണ്. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെയും വിവിധ പോഷക ഘടകങ്ങളുടെയും സര്‍വോപരി ബഹുജനങ്ങളുടെയും വലിയ തോതിലുള്ള പിന്തുണ പ്രക്ഷോഭത്തിനുണ്ടാകണം.