X

മുത്തലാഖ് ബില്‍: കാവി ഭീകരതയുടെ നിയമപതിപ്പ്

അഡ്വ. പി.വി സൈനുദ്ദീന്‍

മുത്തലാഖ് നിരോധിക്കുന്ന, മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കുകയാണ്. വാക്കാലോ എഴുതിയോ എസ്.എം.എസ് വാട്‌സ് ആപ് മുഖേനയോ ഉള്ള മുത്തലാഖ് നിയമവിരുദ്ധവും സാധുത ഇല്ലാതാക്കുന്നതുമാണ് പ്രസ്തുത ബില്ലിലെ വ്യവസ്ഥകള്‍. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
മുത്തലാഖ് നിയമപരമായി ശരിയല്ലെന്ന സുപ്രീംകോടതി വിധിയുടെ മറവിലാണ് മുത്തലാഖ് ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് നിയമം കൊണ്ടുവരുവാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. ഇന്ത്യയിലെ വര്‍ത്തമാന കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ന്യൂനപക്ഷ സമൂഹങ്ങളുടെ ആശങ്കകള്‍ക്ക് നടുവിലാണ് നിയമരംഗത്തെ ഈ ജാരസന്തതി പിറക്കുന്നത്. ബഹുമത സമൂഹത്തില്‍ ഒരു സമുദായം ഭരണഘടനാദത്തമായി അനുഭവിച്ചുപോരുന്ന വ്യക്തിനിയമ അവകാശങ്ങളെ ഹനിക്കുന്ന വിധമാണ് പുതിയ ബില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഫാസിസ്റ്റ് ഭരണകാലത്തെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുടെ തുടര്‍ച്ചയെന്നോണം വേണം പ്രസ്തുത നിയമ നിര്‍മാണത്തെ കാണേണ്ടത്.
മുത്തലാഖ് വിധി മുത്തലാഖിന് വിധേയമായ ഏതെങ്കിലും മുസ്‌ലിം സ്ത്രീ നീതിപീഠത്തെ സമീപിച്ചു നേടിയെടുത്തതല്ല. ഹിന്ദു പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ച ഒരു കേസില്‍ ജസ്റ്റിസ് അനില്‍- ആര്‍ദവെയും ജസ്റ്റിസ് ഗോയലുമാണ് മുസ്‌ലിം സ്ത്രീകളും ലിംഗ വിവേചനം അനുഭവിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് മാരത്തോണ്‍ വാദപ്രതിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ദി ട്രിബൂണ്‍ പത്രത്തില്‍ വന്ദന ശിവ എഴുതിയ ‘മുസ്‌ലിം സ്ത്രീകളുടെ സ്വതന്ത്രദാഹം’ എന്ന ലേഖനത്തിന്റെ തലക്കെട്ട് പ്രസ്തുത കേസിന് നല്‍കി നിറംപിടിപ്പിച്ചതും കോടതിയാണ്. പ്രസ്തുത കേസിലാണ് സൈറാബാനു ഉള്‍പ്പടെ വാട്‌സ്ആപ് മുഖേനയും സാമൂഹിക മാധ്യമങ്ങള്‍ മുഖേനയും മുത്തലാഖിന് വിധേയരായ അഞ്ച് സ്ത്രീകള്‍ കക്ഷിചേര്‍ന്നത്.
എന്നാല്‍ പ്രസ്തുത വിധിയാകട്ടെ പാതിവെന്ത വിധിന്യായം (ഒഅഘഎ ആഅഗഋഉ ഖഡഉഖങഋചഠ) കണക്കെ പരിഹാസ്യവുമാണ്. വ്യത്യസ്ത സമുദായങ്ങളിലെ അഞ്ച് ന്യായാധിപന്മാര്‍ വിധി പറഞ്ഞ കേസില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍നസീറും മുത്തലാഖിന് ഭരണഘടനാ പരിരക്ഷയുണ്ടെന്നും ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്നും ചൂണ്ടിക്കാട്ടിയിപ്പോള്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് വി.വി ലളിത് എന്നിവര്‍ മുത്തലാഖിന് നിയമസാധുത നല്‍കാനാവില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് മുത്തലാഖ് ഖുര്‍ആന്‍ നിരോധിച്ച പാപമാണെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി. വ്യക്തി നിയമത്തിന്റെ അന്തസ്സത്തയും പരിരക്ഷയും ചര്‍ച്ച ചെയ്യപ്പെടുന്ന ഭരണഘടനാ ബെഞ്ചിന് പോലും ഇത്തരമൊരു വിഷയത്തില്‍ സുവ്യക്തമായ തീരുമാനം പ്രഖ്യാപിക്കുവാന്‍ സാധിച്ചില്ലയെന്നുള്ളത് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. വിധിന്യായത്തിലെവിടെയും മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്നോ ക്രിമിനല്‍ കുറ്റമെന്നോ പരാമര്‍ശിച്ചില്ലയെന്നുള്ളതും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്നിരിക്കെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ട് ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഒരുക്കവും തിടുക്കവും സംശയിക്കേണ്ടിയിരിക്കുന്നു.
മുത്തലാഖ് ഖുര്‍ആന്‍ കല്‍പിച്ച പാപമാണെന്ന കോടതി നിരീക്ഷണം പോലും വിധിന്യായത്തിലെ വലിയ വീഴ്ചയുടെ തെളിവാണ്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നേടത്ത് ഇസ്‌ലാമിക നിയമങ്ങളില്‍ അഗാധ പരിജ്ഞാനമുള്ളവരുടെ സേവനം അനിവാര്യമാണെന്ന് സുപ്രീംകോടതിയില്‍ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ ഓര്‍മ്മിപ്പിച്ചതും പ്രസ്തുത ഘട്ടത്തിലാണ്. ലിംഗനീതി (ഏഋചഉഋഞ ഖഡടഠകഇഋ) പേര് പറഞ്ഞ് ആരംഭിച്ച കേസിന്റെ വിധിയില്‍ എവിടെയും ലിംഗനീതി സംബന്ധിച്ച പരാമര്‍ശം ഇല്ലയെന്നുള്ളതും ഈ കേസിന്റെ ആരംഭം മുതലുള്ള നിയമ യാത്ര എങ്ങോട്ടാണ് എന്നുള്ളതിന്റെ തെളിവാണ്.
ന്യൂനപക്ഷ വിധിയില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍നസീറും ഭരണഘടനാ പരിരക്ഷയുള്ള ഒരു ആചാരം എന്ന് വിശേഷിപ്പിക്കപ്പെട്ട മുത്തലാഖിന് നിയമം നിര്‍മിക്കുവാന്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് സാധിക്കുമോ എന്ന കുടുംബ നിയമങ്ങളില്‍ അഗ്രഗണ്യനായ ഡോ. നാഹിര്‍ മുഹമ്മദിന്റെ ചോദ്യത്തിന് ഭരണകര്‍ത്താക്കളും നിയമ വിശാരദന്മാരും മറുപടി പറയേണ്ടതുണ്ട്. ഭരണഘടനയുടെ 25-ാം അനുഛേദം മതസ്വാതന്ത്ര്യത്തിന് നല്‍കിയിരിക്കുന്ന പരിഗണനയില്‍ വ്യക്തിനിയമം (ങഡടഘകങ ജഋഞടഛചഅഘ ഘഅണ) കൂടി ഉള്‍പ്പെട്ടെന്ന വിഷയത്തില്‍ മേല്‍പറഞ്ഞ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിന് ഏകകണ്ഠമായ അഭിപ്രായമാണ് ഉള്ളത്.
1937ലെ ശരീഅത്ത് ആക്ട് അനുസരിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹം, വിവാഹമോചനം, ജീവനാംശം, ദാനം, വഖഫ് എന്നീ വിഷയങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ പ്രശ്‌ന പരിഹാരമുണ്ടാക്കേണ്ടത് ശരീഅത്ത് പ്രകാരമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. വ്യക്തിനിയമങ്ങള്‍ക്ക് സെക്യുലര്‍ വ്യവസ്ഥിതിയില്‍ പരിരക്ഷ നല്‍കേണ്ടതില്ലെന്ന ഹരജിക്കാരുടെ വാദം കോടതി നിരാകരിച്ചതും മുത്തലാഖ് ബില്‍ അവതരണ വേളയില്‍ ശ്രദ്ധിക്കപ്പെടേണ്ട ജുഡീഷ്യല്‍ പരാമര്‍ശമാണ്.
സുപ്രീംകോടതിയുടെ വിധിയുടെ അടിത്തറയിലാണ് പുതിയ നിയമ നിര്‍മാണത്തിന് കളമൊരുങ്ങിയതെന്ന് ആവേശത്തോടെ പറയുന്ന കേന്ദ്ര സര്‍ക്കാറാവട്ടെ കോടതിയുടെ ഭൂരിപക്ഷ- ന്യൂനപക്ഷ നിരീക്ഷണങ്ങളെ വേണ്ടവിധത്തില്‍ പഠിക്കുവാനോ ഗൃഹപാഠംചെയ്ത് പ്രശ്‌ന പരിഹാരം കണ്ടെത്തുവാനോ ശ്രമിച്ചില്ലയെന്നുള്ളത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം -മതേതര രാജ്യത്തിലെ നിയമ നിര്‍മാണരംഗത്തെ അപമാനകരമായ ഒരു അന്യായമായി മാറിയിരിക്കുകയാണ്. ഭരണഘടന മൗലിക അവകാശങ്ങള്‍ക്കും (എഡചഉഋങഋചഠഅഘ ഞകഏഒഠട) വ്യക്തിനിയമങ്ങള്‍ക്കും (ജഋഞടഛചഅഘ ഘഅണട) നല്‍കിയ പരിഗണനകളെ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കിടയില്‍ സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ച് അഭിപ്രായ സമന്വയമുണ്ടാക്കുവാനായിരുന്നു സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്.
മനുഷ്യന്റെ വിവാഹം, വിവാഹമോചനം പോലുള്ള വ്യക്തിപരമായ വിഷയങ്ങളെ ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍പെടുത്തി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറ്റവാളികള്‍ക്ക് നല്‍കുന്ന വലിയ ശിക്ഷ നല്‍കുവാന്‍ ശ്രമിക്കുന്നത് സര്‍ക്കാറിന്റെ ഉദ്ദേശ്യ ശുദ്ധിയെ സംശയിപ്പിക്കുകയാണ്. വിവാഹബന്ധം ഉപേക്ഷിക്കാതെ ഒരാള്‍ ഭാര്യയെ ഒറ്റപ്പെടുത്തിയാല്‍ പ്രസ്തുത സ്ത്രീയുടെ ഭാവി ജീവിതത്തിന്റെ അവസ്ഥയും നിയമസാധുത ഇല്ലാത്ത മുത്തലാഖ് എന്ന കുറ്റം ചൊല്ലി പുരുഷന്‍ ജയിലില്‍ പോയാല്‍ ജീവനാംശവും നിത്യ നിദാന ചിലവും ലഭിക്കാത്ത ജീവിത പങ്കാളിയുടേയും സന്താനങ്ങളുടേയും ഭാവിയും വരുംകാല നാളുകളില്‍ ഉത്തരം ലഭിക്കാത്ത സാമൂഹിക സമസ്യങ്ങളായി സമൂഹത്തെ തുറിച്ചുനോക്കുന്നതാണ്.
കേന്ദ്ര സര്‍ക്കാറിന്റെ മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും വര്‍ഗീയ ലക്ഷ്യം മുന്‍നിര്‍ത്തിയിട്ടുള്ളതുമാണെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയേറ്റ് വിലയിരുത്തിയിട്ടുണ്ട്. ബില്ലിന്റെ ദുരുദ്ദേശത്തെ തുറന്നുകാട്ടിക്കൊണ്ട് പാര്‍ലിമെന്റിന് അകത്തും പുറത്തും രാജ്യവ്യാപകമായി സമാന മനസ്‌കരുമായി യോജിച്ച കാമ്പയിന്‍ ആരംഭിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. മതത്തെ നവീകരിക്കേണ്ടത് ഭരണകൂടങ്ങളല്ല, പ്രത്യുത വിശ്വാസപ്രമാണങ്ങളെ അനുധാവനം ചെയ്യുന്ന മതവിശ്വാസികളാണെന്ന കോടതി പരാമര്‍ശംപോലും മോദി സര്‍ക്കാറിനുള്ള താക്കീത് കൂടിയാണ്. വിവാഹം, വിവാഹമോചനം പോലുള്ള സിവില്‍ നിയമങ്ങളെപോലും ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബില്‍ കാവി ഭീകരതയുടെ ഒരു നിയമ പതിപ്പാണ്. പ്രസ്തുത ഉദ്യമത്തെ ചെറുത്തുതോല്‍പ്പിക്കുവാന്‍ ബഹുജന മുന്നേറ്റം അനിവാര്യമാണ്.

chandrika: