വാസുദേവന്‍ കുപ്പാട്ട്
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിയും മതവും ഇല്ലാതെ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ പ്രവേശനം നേടിയെന്ന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ നിയമസഭയിലെ വെളിപ്പെടുത്തല്‍ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ മതവിശ്വാസത്തെയും ജാതിയെയും നിരാകരിച്ചവരാണ് എന്ന വസ്തുതയാണല്ലോ മന്ത്രി പുറത്തുവിട്ടത്. അതിലെ നെല്ലും പതിരുമാണ് സമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പറഞ്ഞത് അബദ്ധമായെന്ന് മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. സോഫ്റ്റ് വെയര്‍ തകരാര്‍ കാരണം അങ്ങനെ സംഭവിച്ചതാണത്രെ. സോഫ്റ്റ് വെയറില്‍ കുട്ടികളുടെ ജാതിയും മതവും രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമല്ലാത്തതിനാല്‍ കണക്ക് തെറ്റാണെന്ന് പറഞ്ഞ് പല സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിരുന്നു. മതത്തിന്റെയും ജാതിയുടെയും കണക്ക് അവിടെ നില്‍ക്കട്ടെ. ഇത്തരമൊരു ചോദ്യം നിയമസഭയില്‍ വന്നതും അതിന് ‘അരിയെത്ര, പയറഞ്ഞാഴി’ എന്ന വിധത്തില്‍ മന്ത്രി മറുപടി നല്‍കിയതും യാദൃശ്ചികമാണോ എന്ന ചോദ്യം അവശേഷിക്കുന്നു. അതിന് തരമില്ല എന്നാണ് സൂചന.
മതത്തിന്റെ പേരില്‍ ചില പൊല്ലാപ്പുകള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഉണ്ടാക്കുകയെന്നത് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ഭരിക്കുന്ന കാലത്തൊക്കെ ഉണ്ടായിട്ടുണ്ട്. എം.എ ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് വിവാദമുയര്‍ത്തിയ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തിലെ ‘മതമില്ലാത്ത ജീവന്‍’ ആരും മറന്നിട്ടുണ്ടാവില്ല. മതേതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും പേരില്‍ മതനിരാസം കടത്തിവിടുകയായിരുന്നുവല്ലോ അന്ന് സ്വീകരിച്ച തന്ത്രം. എന്നാല്‍ അത് വിലപ്പോയില്ല. അത്തരമൊരു ഗൂഢനീക്കം തന്നെയാണ് മതവും ജാതിയും തെരഞ്ഞെടുക്കാത്ത കുട്ടികളുടെ കണക്കിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.
മതവും ജാതിയും നിരസിക്കപ്പെടുന്നതോടെ സമൂഹം കൂടുതല്‍ പരിഷ്‌കൃതമാകുമെന്നും സംസ്‌കരിക്കപ്പെടുമെന്നും ആരെങ്കിലും കരുതുന്നുണ്ടോ എന്നറിയില്ല. വിവിധ മതങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍ ഒന്നിച്ച് ജീവിക്കുന്ന നാടാണ് കേരളം. മതസ്പര്‍ധയുടെ പ്രശ്‌നങ്ങള്‍ ഇവിടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ഒരേ പരിഗണന നല്‍കുന്ന ഭരണഘടനയാണ് ഇന്ത്യ എന്ന മഹാരാജ്യത്തിനുള്ളത്. അതിന്റെ ഭാഗമാണല്ലോ കേരളവും. അപ്പോള്‍ പിന്നെ മതവിശ്വാസത്തിന്റെ പേരില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, മതത്തെ നിഷേധിക്കുന്നവരുടെ എണ്ണം കൂടുമ്പോള്‍ വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാവാം. കാരണം മതവിശ്വാസത്തിന്റെ ഭാഗമായി സമൂഹത്തില്‍ നിലകൊള്ളുന്ന ധാര്‍മികമൂല്യങ്ങളാണ് പലപ്പോഴും നമ്മെ സംരക്ഷിക്കുന്നത്.
മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇഹലോകജീവിതം മാത്രമല്ല ഉള്ളത്. അവര്‍ പരലോകജീവിതത്തിലും വിശ്വസിക്കുന്നു. മോക്ഷത്തില്‍ വിശ്വസിക്കുന്നു. അത് നഷ്ടപ്പെടുന്ന സാഹചര്യത്തെപറ്റി വിശ്വാസിക്ക് ആലോചിക്കാനേ പറ്റില്ല. വിശ്വാസമില്ലാത്തവനെ സംബന്ധിച്ചിടത്തോളം പരലോക ജീവിതം പ്രശ്‌നമല്ല. ഇവിടെ അടിച്ചുപൊളിച്ചു കഴിഞ്ഞാല്‍മതി. ചുരുക്കി പറഞ്ഞാല്‍ മതം നിരസിക്കുന്നവര്‍ക്ക് സമൂഹത്തിന്റെ മൂല്യബോധം കാക്കേണ്ട ബാധ്യതയുമില്ല. മതവിശ്വാസം പലതരത്തിലും സമൂഹത്തിന് ഗുണം ചെയ്യുന്നുണ്ട് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ പൊതുവെ ഭൗതികവാദികളാണ്. ഭൗതികമായി കാണാനും തെളിയിക്കാനും സാധിക്കുന്നതാണ് അവര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് ആത്മീയതയില്‍ ഊന്നിയ മതത്തെയും മതവിശ്വാസത്തെയും അവര്‍ സംശയത്തോടെ നോക്കുന്നു. മതരഹിതമായ സമൂഹം എത്രയോ ഉജ്വലമാണ് എന്നവര്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ അവരുടെ ചിന്ത ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും അധികമാരും മുന്നോട്ടുവരുന്നില്ല. കാരണം മതം നല്‍കുന്ന സംരക്ഷണം ഭൗതികവാദത്തിന് ഇതുവരെ സാധിച്ചിട്ടില്ല. വിശ്വാസം തികച്ചും വൈയക്തികമാണ്. അതിന്റെ മുന്നില്‍ യുക്തിക്ക് വലിയ പ്രസക്തിയില്ല. കാരണങ്ങള്‍ക്ക് അപ്പുറമുള്ള ഒരു കാര്യമായി അത് നിലകൊള്ളുകയാണ്. അതുകൊണ്ട് മതമില്ലാത്തവരുടെ എണ്ണം കൂടുന്നു എന്ന് പ്രചരിപ്പിക്കുന്നതില്‍ വലിയ കാര്യമില്ല. സമൂഹത്തിന് അതുകൊണ്ട് വിശേഷിച്ച് എന്തെങ്കിലും നേട്ടമുണ്ടാകും എന്ന് കരുതാനാവില്ല. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് പറയുന്നതുപോലെ മനുഷ്യന്‍ യുക്തി കൊണ്ട് മാത്രമല്ല ചിന്തിക്കുന്നത്. യുക്തിക്ക് അപ്പുറമുള്ള ഒരു ലോകം അവന്റെ ചിന്തകളെയും സങ്കല്‍പങ്ങളെയും ആശ്ലേഷിക്കുന്നുണ്ട്. അത് ചരിത്രാതീതകാലം മുതല്‍ ഉള്ളതാണ്. റോമിലെയും മറ്റും ഉള്ള ദൈവസങ്കല്‍പങ്ങള്‍ തന്നെ അതിന് തെളിവാണ്. യുക്തിയെ അതിജീവിക്കുന്ന വിശ്വാസത്തിന് ധാരാളം തെളിവുകളുണ്ട്. മഹാകവി പൂന്താനം ഉടലോടെ സ്വര്‍ഗത്തില്‍ പോയി എന്നാണ് വിശ്വാസം. അത് നമുക്ക് വിശ്വസിക്കാം. കാരണം ‘ജ്ഞാനപ്പാന’ പോലുള്ള ഒരു കൃതി എഴുതിയ ആള്‍ക്ക് അങ്ങനെ സ്വര്‍ഗത്തില്‍ പോകാം എന്നതാണ് അതിലെ യുക്തി. ആ വിശ്വാസത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ശബരിമലയില്‍ മകരജ്യോതി തെളിയുമ്പോള്‍ ജ്വലിക്കുന്നത് വിശ്വാസിയുടെ ഹൃദയമാണ്. അവിടെ യുക്തിക്ക് സ്ഥാനമില്ല. യുക്തിവാദിസംഘം ചൂട്ടുമായി പൊന്നമ്പലമേട്ടിലേക്ക് ഓടേണ്ട കാര്യവുമില്ല.
മതവും ജാതിയും വിദ്യാലയ പ്രവേശനവും ബന്ധപ്പെടുത്തിയാണല്ലോ വിവാദം. ജാതിയുടെ പേരില്‍ ചില ആനുകൂല്യങ്ങള്‍ ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്നുണ്ട്. പിന്നാക്കവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിപ്പെടാന്‍ ഇങ്ങനെ ചില ആനുകൂല്യങ്ങള്‍ വേണമെന്ന് നേരത്തെ മുതല്‍ അനുവദിച്ചിട്ടുള്ളതാണ്. ജാതിയുടെ കോളം ഒഴിച്ചിടുമ്പോള്‍ ഇത്തരം ആനുകൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകും എന്നതും പരിശോധിക്കേണ്ടതാണ്.
യഥാര്‍ത്ഥത്തില്‍ ജാതിയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാനാണ് ശ്രമം ഉണ്ടാവേണ്ടത്. ആദിവാസി യുവാവ് മധുവിന്റെ ജീവന്‍ നഷ്ടപ്പെട്ടത് ഇടതുഭരണത്തിലാണ് എന്ന കാര്യം അടിവരയിടേണ്ടതാണ്. മധുവിനെ നമുക്ക് രക്ഷിക്കാനായില്ല. ആദിവാസികള്‍ക്ക് നേരെ പലയിടത്തും അതിക്രമം നടക്കുന്നു.സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ ആക്രമണത്തിന് ഇരയാവുകയാണ്. മതനിരാസം കൊണ്ട് ഈ സാമൂഹികവിപത്തിനെ മറികടക്കാനാവുമോ? ഇല്ല തന്നെ.
മതവിശ്വാസമാണോ ഇവിടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ആലോചിക്കേണ്ടതുണ്ട്. തീവ്രവാദവും വര്‍ഗീയതയും എതിര്‍ക്കപ്പെടണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അത്തരക്കാതെ സംരക്ഷിക്കാന്‍ ആരും തയാറാവരുത്. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസിയെ അവിശ്വസിക്കേണ്ട കാര്യവുമില്ല. മതവിശ്വാസികള്‍ കുറയുന്നു എന്ന് വരുത്തിതീര്‍ക്കേണ്ടത് ആരുടെ അജണ്ടയാണ്? അതില്‍ സി.പി.എമ്മിന്റെ പങ്കെന്താണ് എന്നത് അന്വേഷിക്കേണ്ടതാണ്. മതനിരാസത്തിന്റെ പെരുപ്പിച്ച കണക്കുകള്‍ അന്തരീക്ഷത്തില്‍ പാറി കളിക്കുന്നത് കേവലം വിനോദമായി കാണാനാവില്ല. അതിന്റെ പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടാവാം. അത് സി.പി.എമ്മും ഭരണകൂടവുമാണ് വ്യക്തമാക്കേണ്ടത്.
മലപ്പുറം ജില്ലയിലെ വിജയം കോപ്പിയടിച്ചിട്ടാണ് എന്ന വി.എസ് അച്യുതാനന്ദന്റെ പ്രചാരണം കേരളം മറന്നിട്ടില്ല. മതം തെരഞ്ഞെടുക്കാതെ സ്‌കൂളില്‍ പ്രവേശനം നേടിയവര്‍ കേവലം 1234 മാത്രമാണെന്ന് ഐ.ടി സ്‌കൂള്‍ ഡയറക്ടര്‍ വ്യക്തമാക്കുമ്പോള്‍ മന്ത്രിയുടെ പ്രസ്താവനക്ക് പിന്നിലെ ദുരൂഹത തുടരുകയാണ്. തെറ്റുണ്ടെങ്കില്‍ തിരുത്താം എന്ന മന്ത്രിയുടെ വാക്കുകള്‍ ലാഘവത്തോടെയുള്ളതാണ്. കേരളത്തിന്റെ മതനിരപേക്ഷതക്ക് മന്ത്രിയുടെ പ്രസ്താവന വരുത്തിയ പരിക്ക് എത്ര വലുതാണ് എന്ന് ആലോചിക്കേണ്ടതുണ്ട്.
വിവിധ സാഹചര്യങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും ലോകമാണ് സ്‌കൂളില്‍ കാണുന്നത്. അവിടെ മതത്തിന്റെയും മതമില്ലായ്മയുടെയും പേരില്‍ അതിര് തിരിക്കേണ്ടതുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്.