X

ആത്മസംസ്‌കരണത്തിന്റെ ആദരണീയ മാസം

എ.എ വഹാബ്

സത്യവിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ വസന്തകാലമായ ആദരണീയ റമസാന്‍ മാസം നമ്മിലെത്തിക്കഴിഞ്ഞു. വിണ്ണിലെ മാലാഖമാര്‍ക്ക് സന്തോഷം, ഭൂമിയിലെ വിശ്വാസികള്‍ക്ക് ദിവ്യാനുഗ്രഹത്തിന്റെ മഹാപ്രതീക്ഷ. റമസാനില്‍ എല്ലാം മാറുന്നു. ആകാശവും ഭൂമിയും സത്യവിശ്വാസ ജനഹൃദയങ്ങളും സ്വഭാവവും പെരുമാറ്റവും മാറുന്നു. സത്യവിശ്വാസത്തിന് ഉള്‍ബലം കൂടും. മനുഷ്യനെ അധമത്വത്തില്‍ നിന്നും അത്യുന്നതിയിലേക്ക്, ഭൂമിയുടെ ഇടുക്കത്തില്‍ നിന്ന് ഫിര്‍ദൗസിന്റെ വിശാലതയിലേക്ക് മാറ്റാന്‍ എല്ലാ ദിവ്യവെളിപാടുകളും അവതിപ്പിക്കപ്പെട്ടത് ഈ അനുഗൃഹീത മാസത്തിലാണ്. ആദ്യ ആഴ്ചയില്‍ തൗറാത്തും (തോറ) രണ്ടാം ആഴ്ചയില്‍ സബൂറും (സങ്കീര്‍ത്തനങ്ങള്‍) മൂന്നാം ആഴ്ചയില്‍ ഇന്‍ജീലും (ബൈബിള്‍) നാലാം ആഴ്ചയില്‍ ഖുര്‍ആനും (ഫുര്‍ഖാന്‍) യഥാക്രമം മൂസാനബി (അ), ദാവൂദ് നബി (അ), ഈസാ നബി (അ) മുഹമ്മദ് നബി (സ) എന്നിവരിലൂടെ അല്ലാഹു ഭൂമിയിലേക്കയച്ച പുണ്യമാസം.
ആകാശം ഭൂമിയെ വാരിപ്പുണര്‍ന്നപ്പോള്‍ ഹിറാഗുഹയിലൊഴുകി എത്തിയ ആ ദിവ്യകാരുണ്യം മാര്‍ഗദര്‍ശനവും രോഗ ശാന്തിയും വിമോചനത്തിന്റെ വിപ്ലവ കാഹളവുമാണ്. ചളിക്കുണ്ടില്‍നിന്ന് നിത്യ പൂങ്കാവനത്തിലേക്ക് മനുഷ്യനെ മാറ്റുന്ന ദിവ്യഭാവഗീതം. മനുഷ്യര്‍ക്കായി പ്രവാചക തിരുഹൃദയം അതേറ്റുവാങ്ങിയപ്പോള്‍ ആ പാദചൂഢം വിറച്ചുപോയി. പേടിയോടെ സഹധര്‍മ്മിണിക്കടുത്തേക്ക് ഓടിപ്പോയി. പ്രപഞ്ച ചരിത്രത്തിലെ ഏറ്റവും മഹോന്നതമായ ഒരു രാത്രിയായിരുന്നു അത്. പതിനാലര നൂറ്റാണ്ടുകള്‍ക്കിപ്പുറം നിന്ന് ഇന്ന് പോലും ഒരു സത്യവിശ്വാസി ആ മഹിത രാത്രിയെ അനുസ്മരിക്കുമ്പോള്‍ കോരിത്തരിച്ചുപോകും. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരം എന്ന് അല്ലാഹു പ്രഖ്യാപിച്ച ആ മഹനീയ രാവ് അനുസ്മരിക്കാനും അതിന്റെ പുണ്യം നേടാനും സത്യവിശ്വാസികള്‍ക്ക് എല്ലാ വര്‍ഷവും അവസരം നല്‍കുന്നത് അല്ലാഹുവിന്റെ അതി മഹത്തായ ഔദാര്യമാണ്. ഏത് കുറ്റവാളിക്കും പ്രതീക്ഷയുമായി ബന്ധിപ്പിക്കാവുന്ന പാപമോചനം അന്നത്തെ രാവില്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. അത് പ്രയോജനപ്പെടുത്താന്‍ വെമ്പല്‍കൊള്ളാത്ത സത്യവിശ്വാസ ഹൃദയങ്ങളുണ്ടാവില്ല. അക്കാര്യം നമ്മുടെ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ലെങ്കില്‍ അത്തരക്കാര്‍ സത്യവിശ്വാസത്തില്‍ നിന്ന് ബഹുദൂരം അകലെയാണെന്നറിയണം. പാപമോചനവും സ്വര്‍ഗവും പ്രതീക്ഷിക്കുന്നവര്‍ നിഷ്‌ക്കളങ്കമായ പശ്ചാത്താപവുമായി കാരുണ്യവാനെത്തന്നെ സമീപിക്കണം.
ഉപഭോഗ സംസ്‌കാരത്തിന്റെ തിമര്‍ത്തു തള്ളലുള്ള സമകാലികത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട നമുക്ക് നന്മകളെക്കാളേറെ തിന്മകളിലേക്കാണ് സാഹചര്യം പ്രചോദനമേകുന്നത്. നന്മയുടെ പാതയില്‍ പിടിച്ചുനില്‍ക്കാന്‍ ബോധപൂര്‍വവും ശ്രമകരവുമായ അധ്വാനം അനിവാര്യമാണ്. ഇത്തരത്തിലാണ് ജീവിത വിജയം വരിക്കാന്‍ ഖുര്‍ആന്റെ മാര്‍ഗദര്‍ശനം നമുക്കേറെ ആവശ്യമായിട്ടുള്ളത്. ഏവര്‍ക്കും കാരുണ്യത്തിന്റെ മഹാപ്രതീക്ഷ നല്‍കുന്ന തരത്തിലാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ച റമസാന്‍ മാസത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്. റമസാനെ ആദരിക്കാനും രക്ഷിതാവിന്റെ മാര്‍ഗദര്‍ശനത്തിന് നന്ദി കാണിക്കാനും വിലകുറഞ്ഞ ഭൗതികഭോഗോപഭോഗങ്ങളെ പകല്‍ വേളയില്‍ ഒഴിവാക്കി ശരീരത്തെയും മനസ്സിനെയും ശുദ്ധിയാക്കിവെച്ച് വ്രതാനുഷ്ഠാനത്തില്‍ ഏര്‍പ്പെടാനും സത്യത്തില്‍ വിശ്വസിക്കുന്ന അല്ലാഹുവിന്റെ അടിമകളോട് അവന്‍ കല്‍പിച്ചിരിക്കുന്നു. അതിന് മനുഷ്യരെ സഹായിക്കാന്‍ അവരുടെ മനസ്സില്‍ മാലിന്യം കലര്‍ത്തുന്ന പിശാചുക്കളെ ബന്ധിക്കുമെന്നും നരക കവാടങ്ങള്‍ അടയ്ക്കുമെന്നും സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുമെന്നും രക്ഷിതാവ് വാഗ്ദാനം ചെയ്തിരിക്കുന്നു. അനുഗ്രഹത്തിന്റെ മാലാഖമാര്‍ അണിയണിയായി വാനലോകത്ത് നിന്ന് ഭൂമിയിലുള്ള മനുഷ്യരുടെ അടുത്തേക്ക് വരും. ജനമനസ്സുകള്‍ ശാന്തമായി പ്രാര്‍ത്ഥനകളിലും ദിവ്യകീര്‍ത്തനാലാപനങ്ങളിലും പാപമോചനാഭ്യര്‍ത്ഥനകളിലും ദിവ്യ സന്ദേശം പഠിച്ചു പരിശീലിക്കുന്നതിലും മുഴുകുന്നത് അനുഗൃഹീത മാസത്തിന്റെ ദിന രാത്രികളില്‍ കൂടുതല്‍ പുണ്യകരമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ പരലോക ജീവിത വിജയം മുന്നില്‍ കണ്ടു കഴിവിന്റെ പരമാവധി ഇതൊക്കെ ചെയ്യണമെന്ന് പ്രവാചക തിരുമേനി സ്വന്തം ജീവിത മാതൃക കൊണ്ട് നമ്മെ പഠിപ്പിച്ചിരിക്കുന്നു. പരലോകത്തെ പ്രതിഫലം മുന്നില്‍കണ്ട് ഇവിടെ ചെയ്യുന്ന ഓരോ കര്‍മത്തിനും ദുനിയാവില്‍ പ്രതിഫലമുണ്ടാവുമെന്നും ആ ജീവിതം കൊണ്ട് പ്രവാചകന്‍ തെളിയിച്ചു കാണിച്ചു.
അജ്ഞാന കാട്ടറബികളെ വിജ്ഞാന തേരിലേറ്റി പ്രവാചകന്‍ വിശ്വോത്തര ഉത്തമ പൗരന്മാരാക്കിയത് ഈ ഖുര്‍ആന്‍ പഠന പരിശീലനത്തിലൂടെ തന്നെയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിയുടെ ചരിത്രഗതിയെ മാറ്റിയെഴുതി. മാനവത അറിഞ്ഞതില്‍ വെച്ചേറ്റവും മഹത്തായ ആദര്‍ശ, ധാര്‍മിക വിപ്ലവം സൃഷ്ടിച്ചു. ഒരു പുതിയ ആത്മീയ-ധാര്‍മിക-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-നാഗരിക വ്യവസ്ഥ കെട്ടിപ്പെടുത്തു. ഇരുപത്തിമൂന്ന് വര്‍ഷക്കാലംകൊണ്ട് ക്രമപ്രവൃദ്ധമായാണ് അത് സാധിച്ചെടുത്തത്. ഇത്രയും മഹത്തായ മാറ്റം ലോകത്ത് വരുത്തിയപ്പോള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രക്തച്ചൊരിച്ചിലേ ഉണ്ടായുള്ളു എന്നത് പ്രത്യേകം അറിയേണ്ട പ്രധാനകാര്യമാണ്.
ഖുര്‍ആന്‍ മുന്നില്‍ വെച്ച് സമകാലിക ലോകത്തേക്ക് നോക്കിയാല്‍ മറ്റെന്നത്തേക്കാളും ഇപ്പോഴാണ് ഖുര്‍ആന്റെ ജീവിത ദര്‍ശനം ലോകത്തിന് അനിവാര്യം എന്ന് മനസ്സിലാവും. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ലോകത്തെ അധികം ജനവും ഖുര്‍ആന്റെ ജീവിതദര്‍ശനത്തെക്കുറിച്ച് അജ്ഞരാണ്. അവര്‍ക്ക് ഖുര്‍ആന്റെ സന്ദേശം എത്തിക്കേണ്ട ബാധ്യത ഞങ്ങള്‍ മുസ്‌ലിംകള്‍ ആണെന്ന് പ്രഖ്യാപിച്ച് നിലനില്‍ക്കുന്ന സമകാലിക മുസ്‌ലിം സമൂഹത്തിനാണല്ലോ. മറ്റുള്ളവര്‍ക്ക് കലര്‍പ്പില്ലാതെ ഖുര്‍ആനിക സന്ദേശം എത്തിക്കുന്നതിന് നാം അതാദ്യം പഠിച്ചു പരിശീലിക്കേണ്ടതുണ്ട്. നമുക്കും ലോകത്തിനും ഇഹത്തിലും പരത്തിലും നന്മവരുത്താനായി ആ കൃത്യത്തിലേര്‍പ്പെടാന്‍ ഈ ഉമ്മത്തിന്റെ ഓരോ അംഗവും ബാധ്യസ്ഥരാണ്. അതിനാല്‍ ഈ റമസാന്‍ ഖുര്‍ആന്‍ പഠനത്തിനായി ചെലവഴിക്കുക. പഠനത്തോടൊപ്പം പരിശീലനവും അനിവാര്യമായിവരും. വായിച്ചതിന്റെ പ്രയോഗവത്കരണം എന്നാണ് ഖുര്‍ആന്‍ എന്ന വാക്കിന്റെ തന്നെ അര്‍ത്ഥം. വെറും പാരായണത്തിനുപരിയായി ഖുര്‍ആന്‍ പഠിച്ച് പകര്‍ത്താന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

chandrika: