ശാരി പിവി
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുത്തതില്‍ അതീവ ദു:ഖിതരായ രണ്ട് പാര്‍ട്ടിക്കാരാണ് രാജ്യത്തുള്ളത്. ഒരു പാര്‍ട്ടിക്ക് ജന്മസിദ്ധമായ ശത്രുതയാണെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് കര്‍മ്മ സിദ്ധമായ പരിഭവമാണ്. ഭൂലോക മണ്ഡത്തരങ്ങള്‍ മാത്രം കാണിക്കുന്ന ഫൂളിഷ് ബ്യൂറോ നയിക്കുന്ന സി.പി.എമ്മും തനിക്ക് പിടിക്കാത്തതൊന്നും രാജ്യത്ത് വേണ്ടെന്ന് കരുതുന്ന അഭിനവ കിം ജോങ് ഉന്നുമാരുടെ താമരപ്പാര്‍ട്ടിയുമാണ് രാഹുല്‍ അധ്യക്ഷനായതില്‍ കുണ്ഠിതപ്പെടുന്നത്. പപ്പുമോന്‍, അമൂല്‍ ബേബി തുടങ്ങി പരിഹാസവും നിന്ദ്യവും നിറഞ്ഞ പദാവലികളിലൂടെ മാത്രം രാഹുലിനെ വിമര്‍ശിച്ചു ശീലിച്ച മുഖ്യധാരാ മാധ്യമ സിങ്കങ്ങള്‍ മുതല്‍ കേരളത്തിലും ത്രിപുരയിലും മാത്രം കാണുന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ കുട്ടി നേതാക്കള്‍ വരെ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനെ വലിച്ചു പോസ്റ്ററൊട്ടിക്കാന്‍ മത്സരിക്കുകയായിരുന്നു. ചില രോഗങ്ങള്‍ക്ക് മരുന്നില്ലല്ലോ. രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായത് ഒട്ടും പിടിക്കാത്ത ജലവിമാന ചക്രവര്‍ത്തി അധ്യക്ഷസ്ഥാനത്തേക്കുള്ള ഉയര്‍ച്ചയെ ഔറംഗസേബിന്റെ വിജയത്തോടാണ് ഉപമിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ ഒരു പാര്‍ട്ടിയായി ടിയാന് കാണാന്‍ കഴിയില്ല പോലും, ഒരു കുടുംബം എന്നേ പറയാന്‍ കഴിയൂ എന്നാണ് വാദം. തനിക്ക് ശേഷം പ്രളയമെന്ന് കരുതുന്നവര്‍ക്ക് ജനാധിപത്യ പാര്‍ട്ടികളോട് പരമപുഛം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷേ പേരിന്റെ കൂടെ ഗാന്ധിയില്ലെങ്കില്‍ ഒന്നുമാകില്ലെന്ന് വിശ്വസിക്കുന്ന ഒരാള്‍ മോദിയുടെ കൂടെയും ഉണ്ട്. പാര്‍ട്ടിയുടെ എം.പി വരുണ്‍ ഗാന്ധി ഇത്തരത്തിലാണ് വിശ്വസിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പൂര്‍വികരുണ്ടാവുന്നത് തെറ്റല്ലെന്നാണ് ടിയാന്റെ വാദം. ഗുജറാത്തില്‍ തോല്‍വി ഉറപ്പായ ഘട്ടത്തില്‍ പാകിസ്താന്‍ കോണ്‍ഗ്രസ് വഴി ഇടപെടുന്നുവെന്നാരോപിച്ച് ഏതറ്റം വരെ താഴാനും തങ്ങള്‍ക്ക് കഴുമെന്ന് തെളിയി്ച്ചവരാണ് ബി.ജെ.പി. ഇതിലും താഴത്തേക്ക് ഇനി ഇറങ്ങിയാല്‍ പാതാളത്തിലെത്തുമെന്നതിനാല്‍ ഇനി ഇറങ്ങാന്‍ സാധ്യതയില്ല. രാഹുല്‍ അധ്യക്ഷനാവുന്നതില്‍ ഖിന്നരായവര്‍ വേറെയും ഉണ്ട്. തങ്ങളാണ് ഒന്നാമതെന്ന് കൊട്ടിഘോഷിക്കുന്ന ദേശീയ മാധ്യമങ്ങളാണിവര്‍. കൗസ്വാമിയുടെ സംഘി ചാനല്‍ 2013ല്‍ പാക് സ്ഥാനപതിയുമായി കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയെന്നാരോപിച്ച് പടം വിട്ടാണ് രാഹുലിനെതിരെ ഉറഞ്ഞ് തുള്ളിയതെങ്കില്‍, രാഹുല്‍ സ്ഥാനമേറ്റെടുക്കുന്ന ദിവസം മോദിയുടെ സ്വന്തം പ്രതിഛായക്കു വേണ്ടി സര്‍വേ നടത്തിയാണ് ടൈംസ് കൗ ചാനലും അനുബന്ധ പ്രസിദ്ധീകരണങ്ങളും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായ ഹസ്തം നല്‍കിയത്. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി തുടങ്ങിയ ജനദ്രോഹ നയങ്ങളൊന്നും പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചില്ലെന്നാണ് ഇവരുടെ സര്‍വേ പറയുന്നത്. സര്‍വേയില്‍ അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിച്ചെന്നും കൗചാനല്‍ പറയുന്നു. വല്ല ആര്‍.എസ്.എസ് ശാഖയിലുമായിരിക്കും സര്‍വേ നടത്തിയതെന്ന് ഉറപ്പാണ്. ദേശീയ മാധ്യമങ്ങളുടെ കാവി കളശം മാറ്റിയാല്‍ നരച്ചാല്‍ കാവിയാകുന്ന അടുത്ത വിഭാഗത്തിനാണ് പരിഭവം കൂടുതല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രം മാറി നയം മാറിയില്ലെന്ന് പരിഭവിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിക്കും രാഹുല്‍ വന്നത് അത്രക്കങ്ങ് ബോധിച്ചില്ല. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാതാവുമെന്നാണ് പൂമുടല്‍ വിദ്വാന്‍മാരുടെ കണ്ടെത്തല്‍. തികച്ചും സ്ത്രീ വിരുദ്ധമായ ഈ പരാമര്‍ശം പക്ഷേ പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി തന്നെയായതിനാല്‍ പ്രശ്‌നമില്ല താനും. അല്ലേലും വിപ്ലവം ഇപ്പോള്‍ സിനിമ കൊട്ടകയില്‍ മാത്രമാണല്ലോ. കായലും മലയും തുരക്കുന്നവരെ ന്യായീകരിക്കലാണല്ലോ ഇപ്പോള്‍ പാര്‍ട്ടിയുടെ മുഖ്യ വിപ്ലവം. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയാണെന്നാണ് കോടിയേരി സഖാവിന്റെ കണ്ടെത്തല്‍. പണ്ട് കേരം തിങ്ങും കേരള നാട് കെ.ആര്‍ ഗൗരി ഭരിച്ചീടുമെന്ന് കുട്ടി സഖാക്കളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച പാര്‍ട്ടി നേതാക്കള്‍ അവസരം കൈവന്നപ്പോള്‍ ആരെയാണ് നോമിനേറ്റ് ചെയ്തതെന്ന ചരിത്രം പക്ഷേ ടിയാന് ഇപ്പോള്‍ ഓര്‍മ കാണില്ല.
ഇന്ത്യയില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും അഭിപ്രായം വോട്ടിനിട്ട് തള്ളി. ഞെളിയുന്നവര്‍ക്ക് ബി.ജെ.പിക്ക് കരുത്ത് പകരാന്‍ ഇതൊക്കെ കൂടിയേ തീരൂ. ചരിത്രപരമായ മണ്ടത്തരങ്ങള്‍ മാത്രം ആവര്‍ത്തിക്കുന്ന പാര്‍ട്ടി, തങ്ങളുടെ മുന്‍ എം.എല്‍.എയും കക്കൂസുണ്ടാക്കാന്‍ പെട്രോള്‍ വില കൂട്ടണമെന്നു പറഞ്ഞു നടക്കുന്ന കേന്ദ്ര മന്ത്രിയുമായ നേതാവിനെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കാന്‍ എന്തായാലും മറന്നിട്ടില്ല. മതത്തിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കീറി പച്ചക്കു കത്തിച്ച് ഫാസിസം സംഹാര താണ്ഡവമാടുന്ന സമയത്ത് കോണ്‍ഗ്രസ് വിരുദ്ധത തന്നെയാണ് തങ്ങളുടെ കൈമുതലെന്ന് ഒരിക്കല്‍ കൂടി ബാലകൃഷ്ണ സഖാവ് തെളിയിച്ചിരിക്കയാണ്. രാഹുല്‍ ഒരു കുടുംബത്തിന്റെ മഹത്വത്തിന്റെ പേരില്‍ അധ്യക്ഷനായി എന്ന് വിലപിക്കുന്ന സഖാക്കള്‍ പക്ഷേ മന്ത്രി എം.എം മണിയുടെ മണ്ഡലത്തില്‍ ഏരിയാ സമ്മേളനത്തിനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പടം വെച്ചാണ് പോസ്റ്റര്‍ അടിച്ചിരിക്കുന്നത്. കിം എന്തായാലും സ്വന്തം കുടുംബാംഗങ്ങളെ വരെ കൊല ചെയ്ത് തനിക്ക് ഏകാധിപത്യ പ്രവണത ഇല്ലെന്ന് പലവുരു തെളിയിച്ച ആളും സര്‍വോപരി ആഗോള ജനാധിപത്യത്തിന്റെ അപ്പോസ്തലനുമാണല്ലോ. അദ്ദേഹം ബ്രാഞ്ച് തലം മുതല്‍ പോളിറ്റ്ബ്യൂറോ വരെ മത്സരിച്ച് ജയിച്ചു കയറി എത്തി രാജ്യത്തിന്റെ ഭരണാധികാരിയായ നേതാവാണെന്ന് നാളെ പാര്‍ട്ടി അണികള്‍ക്ക് ക്ലാസ് കൂടി കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വം ഉടന്‍ തയാറാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. അപ്പോഴും രാഹുല്‍ തന്നെയാണ് മുഖ്യ ശത്രുവെന്ന കാര്യം ഉറപ്പിക്കുകയുമാവാം.
ലാസ്റ്റ്‌ലീഫ്:
ഇന്ത്യയുടെ ഭാവി ഇനി ജല വിമാനങ്ങളിലാണെന്ന് കേന്ദ്രം. ജനങ്ങളുടെ ഭാവി താമസിയാതെ വെള്ളത്തിലാവുമെന്ന് സാരം.