പി. മുഹമ്മദ് കുട്ടശ്ശേരി
കുടുംബം പോറ്റാന്‍ വിദേശത്ത് പോയി മരുഭൂമിയില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരു മനുഷ്യന്‍ നാട്ടില്‍ തന്റെ സ്‌നേഹനിധിയായ ഭാര്യയില്‍ സംശയം ജനിച്ചാല്‍ പിന്നെ അയാളുടെ അവസ്ഥ എന്തായിരിക്കും. മറിച്ചു താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന പ്രിയതമന് മറ്റാരാടോ അടുപ്പമുണ്ടെന്ന തോന്നല്‍ സ്ത്രീയില്‍ ജനിച്ചാലും കഥ വ്യത്യസ്തമാവില്ല. വ്യക്തികളെപ്പറ്റിയുള്ള സംശയം കുടുംബ സാമൂഹ്യബന്ധങ്ങളില്‍ സൃഷ്ടിക്കാന്‍ ഇടയുള്ള പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ ഊഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കല്‍പിച്ചതും ഊഹം ചിലത് മഹാപാപമാണെന്ന് ഉണര്‍ത്തിയതും. ദിവസവും ഓരോരുത്തരും സ്വന്തം കുടുംബത്തിലും ബന്ധുക്കളിലും സുഹൃത്തുക്കളിലും പെട്ടവരും പുറമെയുള്ളവരുമായ എത്രയോ വ്യക്തികളുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തുന്നു. ആളുകളുമായി ബന്ധപ്പെട്ട പലതും കേള്‍ക്കുകയും സംസാരിക്കുകയും വായിക്കുകയും ചെയ്യുന്നു. എല്ലാവരേയും സംശയദൃഷ്ടിയോടെ നോക്കുകയാണെങ്കില്‍ നൂറ് ശതമാനം സംശുദ്ധരായി ഇവിടെ ആരെങ്കിലുമുണ്ടാകുമോ. പരസ്പരമുള്ള വിശ്വാസം മനുഷ്യ വര്‍ഗത്തിന്റെ നിലനില്‍പിന്റെ തന്നെ ആധാരമാണ്. ഇതിന് ഭംഗം വന്നാല്‍ സമൂഹത്തിന്റെ ഘടനയെ തന്നെ അത് സാരമായി ബാധിക്കും. സംശയിക്കപ്പെടുന്നവരും സംശയിക്കുന്നവരും രണ്ട് വിഭാഗവും പലപ്പോഴും പലതരത്തിലുള്ള പ്രയാസങ്ങള്‍ക്കും വിധേയരാകും.
ഒരു ഭര്‍ത്താവിന്റെ കഥ മുമ്പൊരിക്കല്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ഈ പംക്തിയില്‍ വിവരിച്ചിട്ടുണ്ട്. അയാള്‍ ഓഫീസില്‍ നിന്ന് വരുമ്പോള്‍ ഭാര്യ ഒരു യുവാവിനെ യാത്രയാക്കുന്നു. താന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന തന്റെ പ്രിയതമ തന്നെ വഞ്ചിക്കുകയോ. അസ്വസ്ഥത നിറഞ്ഞ മനസ്സോടെ അയാള്‍ രാത്രി കഴിച്ചുകൂട്ടി. ചിന്ത പലവഴിക്കും വ്യാപരിച്ചു. ഉറക്കം തഴുകിയതേ ഇല്ല. പിറ്റേ ദിവസം ഓഫീസില്‍ പോകാന്‍ പോലും കഴിഞ്ഞില്ല. അന്ന് രാത്രിയും അസ്വസ്ഥതയുടെ മുള്‍ക്കിടക്കയില്‍ കിടന്നു കഴിച്ചുകൂട്ടി. പിറ്റേന്ന് പ്രഭാതത്തില്‍ ചിന്താമഗ്നനായി കിടക്കയില്‍ ഇരിക്കുകയാണ്. ഭാര്യ പുത്തന്‍ ഉടുപ്പുകളണിഞ്ഞ് പൂ പുഞ്ചിരി തൂകി തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. കൈയില്‍ ഒരു പൊതിയുമുണ്ട്. അത് അയാളുടെ കരങ്ങളില്‍ സമര്‍പ്പിച്ച് അവള്‍ മൊഴിയുകയാണ്. ‘ഇന്ന് നമ്മുടെ വിവാഹ വാര്‍ഷിക സുദിനമല്ലേ. ഇതാ നിങ്ങള്‍ക്ക് എന്റെ വക സമ്മാനം’. അയാളുടെ മുഖം പ്രസന്നമായി. മാര്‍ക്കറ്റില്‍ നിന്ന് ഈ സമ്മാനപ്പൊതി അവള്‍ക്കെത്തിച്ചുകൊടുത്ത യുവാവിനെയാണ് താന്‍ കണ്ടതെന്ന് അയാള്‍ക്ക് ബോധ്യമായി. പല തെറ്റായ വിചാരങ്ങളുടേയും ഗതി ഇതായിരിക്കും.
വസ്തുതാന്വേഷണം നടത്തി ശരിയാണെന്ന് ഉറപ്പ് വരുത്താതെ വെറും ഊഹത്തെ അടിസ്ഥാനമാക്കി ഒരു വ്യക്തിയെ പറ്റിയും ആരോപണമുന്നയിച്ചാല്‍ അവസാനം വിരല്‍ കടിക്കേണ്ടിവരും. നബിയുടെ പത്‌നി ആഇശ ബീവിയെ ഒരു യുവാവുമായി ബന്ധപ്പെടുത്തി ദുരാരോപണത്തിന് വിധേയമാക്കിയ സംഭവത്തില്‍ ബീവി എത്രമാത്രം വേദന തിന്നേണ്ടിവന്നു. അവസാനം അവര്‍ നിരപരാധിനിയാണെന്ന് തെളിഞ്ഞു. ആരോപണമുന്നയിച്ചവര്‍ അപമാനിതരായി. ഇത് കേട്ടമാത്രയില്‍ തന്നെ ഉള്ളില്‍ നല്ലത് വിചാരിച്ച് ഇത് കെട്ടിപ്പടച്ചുണ്ടാക്കിയതാണെന്ന് നിങ്ങള്‍ക്ക് വിചാരിച്ചുകൂടായിരുന്നുവോ’ എന്നാണ് ഖുര്‍ആന്‍ ചോദിച്ചത്.
എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ ഊഹത്തെ അടിസ്ഥാനമാക്കി വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും ബാധിക്കുന്ന എത്ര കഥകള്‍ മെനഞ്ഞെടുക്കുന്നു. എത്ര മനുഷ്യര്‍ അത് കാരണം സമൂഹത്തില്‍ തെറ്റിദ്ധാരണകളുടെ ഇരുട്ടില്‍ കഴിയേണ്ടിവരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിയോഗികളെ കുടുക്കാന്‍ പ്രയോഗിക്കുന്ന ആയുധമാണ് ഊഹാപോഹങ്ങളുടെ പുകമറക്കുള്ളില്‍ അവരെ തടഞ്ഞുവെക്കല്‍. എന്നാല്‍ നല്ല പെരുമാറ്റത്തിനും സാമൂഹ്യ മര്യാദകള്‍ പാലിക്കുന്നതിനും മാതൃകയാകേണ്ട മത സംഘടനകളില്‍ പെട്ടവര്‍പോലും എതിരഭിപ്രായക്കാരുടെ വാക്കുകള്‍ വളച്ചൊടിച്ചും ഊഹങ്ങളെ അടിസ്ഥാനമാക്കി പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയും സാമൂഹ്യ ബന്ധങ്ങള്‍ക്ക് പോറല്‍ ഏല്‍പ്പിക്കുന്നതായി കാണുന്നു.
ഊഹവും സംശയവും ഉള്ളില്‍ സ്ഥാനം പിടിച്ചാല്‍ പിന്നെ ഒളിഞ്ഞു നോട്ടവും ചാരപ്പണിയും നടത്തി തന്റെ ധാരണ ശരിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമായി. അതുകൊണ്ടാണ് ഖുര്‍ആന്‍ ഊഹത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളെ നിരോധിക്കുന്ന കല്‍പ്പന പ്രഖ്യാപിച്ച ഉടനെതന്നെ നിങ്ങള്‍ ചാരപ്പണി നടത്തരുതെന്നും പ്രഖ്യാപിച്ചത്. വ്യക്തമായ തെളിവില്ലാതെ ഒരു മനുഷ്യനെപ്പറ്റിയും ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ആരോപണം ഉന്നയിക്കാന്‍ പാടില്ല. പലപ്പോഴും തന്റെ സ്വകാര്യ ജീവിതത്തില്‍ സമാനമായ തെറ്റുകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് മറ്റുള്ളവരെപ്പറ്റി ഇത്തരം തെറ്റുകള്‍ സങ്കല്‍പ്പിക്കുക എന്നതാണ് ഒരു മനശ്ശാസ്ത്ര സത്യം. കളവ് പറയുന്നവരായിരിക്കും മറ്റുള്ളവരില്‍ കളവ് ചാര്‍ത്തുന്നവരധികവും. അബൂഹാതിം ബസ്തി പറയുന്നു: മറ്റുള്ളവരുടെ ന്യൂനതകള്‍ ചുഴിഞ്ഞന്വേഷിക്കാതെ സ്വന്തത്തെ ന്യൂനതകളില്‍ നിന്ന് പരിശുദ്ധമാക്കാനാണ് ബുദ്ധിമാന്മാര്‍ ശ്രമിക്കുക. സ്വന്തം ജീവിതത്തില്‍ സമാനമായ കുറ്റം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരില്‍ അത് കാണുമ്പോള്‍ നിസ്സാരമായി തോന്നും.
രണ്ടാം ഖലീഫ ഉമറിന്റെ വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്: ‘നിന്റെ സഹോദരന്റെ വാക്കില്‍ നന്മയുടെ സാധ്യതയുള്ളേടത്തോളം കാലം നീ അതില്‍ തിന്മ ഊഹിച്ചെടുക്കരുത്. തന്നെപ്പറ്റി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഒരു കാര്യം ചെയ്താല്‍ അതിന് സ്വന്തത്തെയാണ് ആദ്യം ആക്ഷേപിക്കേണ്ടത്. തനിക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന ഒരു കാര്യം ആരെങ്കിലും ബോധപൂര്‍വമല്ലാതെ ചെയ്താല്‍ അയാളെ തെറ്റിദ്ധരിക്കാതെ അയാളുടെ പ്രവൃത്തിക്ക് എന്തെങ്കിലും ഒരു ന്യായം കണ്ടെത്താനാണ് സാഹോദര്യ ബോധം പ്രേരിപ്പിക്കേണ്ടത്. ഒരിക്കല്‍ ഖലീഫ ഉമര്‍ ഒരു സദസിലേക്ക് കടന്നുചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ മറ്റൊരാളുടെ കാല്‍പ്പാദത്തില്‍ തട്ടി. അയാള്‍ ക്ഷുഭിതനായി പറഞ്ഞു: ‘എന്താ കണ്ണു പൊട്ടനാണോ’ എന്നാല്‍ ഉമര്‍ അക്ഷോഭ്യനായി പറഞ്ഞു: ‘അല്ല’. ഒരു പിഴച്ച ധാരണയാണ് അയാളെ ഖലീഫയുടെ നേരെ അത്തരം ഒരു ഭാഷ പ്രയോഗിക്കാന്‍ പ്രേരിപ്പിച്ചതെങ്കിലും അദ്ദേഹം എത്ര സമചിത്തതയോടെയാണ് അതിനെ നേരിട്ടത്.
ശരിയും തെറ്റുമാകാന്‍ സാധ്യതയുണ്ടാകുംവിധം മനസില്‍ ഉടലെടുക്കുന്ന തോന്നലാണല്ലോ ഊഹം. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം ഖുര്‍ത്വുബീ ഈ തോന്നല്‍ രണ്ടു വിധമുണ്ടെന്ന് പ്രസ്താവിക്കുന്നു. ഉത്തമ ജീവിതരീതിയും സ്വഭാവവുമുള്ള നല്ല മനുഷ്യരെപ്പറ്റിയുള്ള ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള ഊഹം. ഇത് മനസില്‍ ഉടലെടുക്കാന്‍ തന്നെ പാടില്ല. എന്നാല്‍ പരസ്യമായി നീചകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും സംശയാസ്പദമായ പ്രവൃത്തികള്‍ നടത്തുകയും ചെയ്യുന്നവര്‍. അവരുടെ അധാര്‍മിക ജീവിതത്തെപ്പറ്റി ഊഹങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണ്. പക്ഷേ ശരിയായ തെളിവുകള്‍ ലഭിക്കാതെ ആരെപ്പറ്റിയായാലും ഒരു ഊഹം വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ പ്രകടിപ്പിക്കാന്‍ പാടില്ല. ആരുടെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നത് ഹറാമായ പ്രവര്‍ത്തിയായി പ്രവാചകന്‍ വിശേഷിപ്പിക്കുന്നു.
വ്യക്തമായ തെളിവുകളില്ലാത്തിടത്തോളം കാലം എല്ലാ മനുഷ്യരെപ്പറ്റിയും സദ്‌വിചാരമായിരിക്കും വിശ്വാസിയുടെ മുഖമുദ്ര.