X

‘അപ്പോള്‍ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്’

എ.എ വഹാബ്

ഖുര്‍ആനിലെ 81-ാം അധ്യായം ‘അത്തക്‌വീര്‍’ മക്കയില്‍ അവതരിച്ചത്. അവതരണ ക്രമം അനുസരിച്ച് ഏഴാമത്തേത്.
മുപ്പതാം ഭാഗത്തിലെ അധ്യായങ്ങളുടെ പൊതുസ്വഭാവം അനുവര്‍ത്തിച്ചുകൊണ്ടാണ് ഈ അധ്യായവും ആരംഭിക്കുന്നത്. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് ഒരിക്കലും ആവര്‍ത്തന വിരസതയുണ്ടാവില്ല. മനുഷ്യമനസ്സിന്റെ പ്രകൃതം മറന്നുപോകുന്നതാണ്. ‘ഇന്‍സാന്‍’ എന്ന വാക്കിന് ഇണങ്ങുന്നവന്‍ എന്നതോടൊപ്പം മറന്നുപോകുന്നവന്‍ എന്ന അര്‍ത്ഥവും ഉണ്ട്. മറവിക്ക് മരുന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുക എന്നത് മാത്രമാണ്. അതിനാലാണ് ഖുര്‍ആനെ ഓര്‍മ്മപ്പെടുത്തുന്നത് എന്ന് അല്ലാഹു വിളിച്ചത്. മനുഷ്യ മനസ്സിന്റെ സ്വച്ഛപ്രകൃതം എത്ര ശുദ്ധമാണെങ്കിലും പരിസ്ഥിതി സമ്മര്‍ദ്ദം മനസ്സിന്റെ ദുര്‍ബലതയെ ബാധിക്കും. നമുക്ക് ആ ദൗര്‍ബല്യം ഉണ്ട്. അതിമനോഹരമായ ഒരു ചിത്രീകരണത്തിലൂടെ അല്ലാഹു അക്കാര്യം നമ്മെ പരീക്ഷിച്ചിട്ടുണ്ട്. വിലക്കപ്പെട്ട വൃക്ഷത്തോട് അടുക്കരുതെന്ന അല്ലാഹുവിന്റെ നിര്‍ദ്ദേശം ആദവും ഹവയ്യും മറന്നത് അവരുടെ അധമ മനസ്സിന്റെ സുഖഭോഗ തൃഷ്ണയെ പിശാച് പ്രചോദിപ്പിച്ചപ്പോഴാണല്ലോ.
ഇവിടെ ഈ അധ്യായത്തില്‍ വിശ്വാസവുമായി ബന്ധപ്പെട്ട രണ്ടു പ്രധാനകാര്യങ്ങളാണ് ഉയര്‍ത്തിക്കാട്ടുന്നത്. പ്രപഞ്ച ചരിത്രത്തിലെ അതിഭീകരമായ ഒരു നാളിനെക്കുറിച്ചുള്ള പരാമര്‍ശമങ്ങളാണ് ഒന്നാമത്തേത്. മറ്റൊന്ന് മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കുന്ന ദിവ്യബോധത്തെക്കുറിച്ചും. ലോകത്തെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് എല്ലാം തകര്‍ക്കപ്പെടുന്ന അത്യന്തം ഭീതിജനകമായ ആ സംഭവം മനുഷ്യനെ മാത്രമല്ല നക്ഷത്രങ്ങളെയും പര്‍വ്വതങ്ങളെയും സമുദ്രങ്ങളെയും വന്യമൃഗങ്ങളെയും ഭൂമിയെയും ആകാശത്തെയും എല്ലാം ഒരു പോലെ ബാധിക്കും.
ചടുലമായ ശൈലിയില്‍ തുളച്ചുകയറുന്ന പദവ്യന്യാസത്തിലൂടെ മനസ്സില്‍ ഭീതി പടര്‍ത്തുന്ന രീതിയിലാണ് അധ്യായം ആരംഭിക്കുന്നത്. ചുരുട്ടപ്പെടുന്ന സൂര്യന്‍, ഉതിര്‍ന്നു വീഴുന്ന താരകങ്ങള്‍, മരീചിക പോലെ മാഞ്ഞുപോകുന്ന മലകള്‍, ഗര്‍ഭം തികഞ്ഞ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുന്ന സന്ദര്‍ഭം. ഒരുമിച്ചു കൂട്ടപ്പെടുന്ന വന്യജീവികള്‍, ആളികത്തിക്കപ്പെടുന്ന ആഴികള്‍, ജഢത്തോടു ചേര്‍ക്കപ്പെടുന്ന ആത്മാവുകള്‍, ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് എന്തു കുറ്റത്തിനാണ് അവള്‍ കൊല്ലപ്പെട്ടതെന്ന് ചോദിക്കപ്പെടുന്ന രംഗം. കര്‍മത്തിന്റെ കണക്ക് പുസ്തകം തുറക്കപ്പെടുമ്പോള്‍ ഉപരിമണ്ഡലത്തിന്റെ മറനീക്കപ്പെടും. കുറ്റവാളികള്‍ക്ക് മുന്നില്‍ നരകം ജ്വലിപ്പിക്കപ്പെടുകയും സല്‍കര്‍മികള്‍ക്ക് മുന്നില്‍ സ്വര്‍ഗം അടുപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഓരോ മനുഷ്യനും തന്റെ യഥാര്‍ത്ഥ ജീവിത സമ്പാദ്യമെന്തെന്ന് വ്യക്തമായി തിരിച്ചറിയും.
അല്ലാഹു സത്യം ചെയ്തു പറയുമ്പോള്‍ അതിന്റെ ഗൗരവം ഏറെ വ്യക്തമാണ്. മിന്നിമറയുന്ന നക്ഷത്രങ്ങളാണെന്ന സത്യം, വിടപറയുന്ന രാത്രിയാണെ സത്യം, ആദരണീയനായ ഒരു ദൂതന്റെ വാക്കുകളാണിത്. സുഭദ്രമായ ദിവ്യാസനമുടയവന്റെ സന്നിധിയില്‍ ശക്തിയുള്ളവനും അനുസരിക്കപ്പെടുന്നവനും വിശ്വസ്ഥനുമായ ദൈവദൂതന്റെ വാക്കുകള്‍. ജിബ്‌രീലിനെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. പിന്നെ ഖുറൈശികളോട് തിരിഞ്ഞുപറയുന്നു. ‘നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനൊന്നുമല്ല, വ്യക്തമായ ചക്രവാളത്തില്‍ അദ്ദേഹം ദൈവീകദൃഷ്ടാന്തങ്ങള്‍ ദര്‍ശിച്ചിട്ടുണ്ട്. അദൃശ്യ സത്യങ്ങളുടെ കാര്യത്തില്‍ അദ്ദേഹം പിശുക്കു കാട്ടിയിട്ടില്ല. ആട്ടിയോടിക്കപ്പെട്ട ചെകുത്താന്റെ വാക്കുകളല്ല അദ്ദേഹം പറയുന്നത്. എന്നിട്ടും ഇതു ശ്രദ്ധിക്കാതെ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്. ഓര്‍ക്കുക!
ഇതു ലോകര്‍ക്കുള്ള ഉള്‍ബോധനം തന്നെയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈ നേര്‍വഴി സ്വീകരിക്കാം. ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കാതെ നിങ്ങള്‍ക്കതിന് കഴിയില്ല.
സൂറത്തുത്തക്‌വീര്‍ പാരായണം ചെയ്യുന്നവന് ശ്വാസം അടക്കിപ്പിടിച്ചേ അത് പൂര്‍ത്തിയാക്കാനാവുകയുള്ളൂ. ഓരോ വാചകത്തിന്റെയും അര്‍ത്ഥത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയാല്‍ അവന്റെ ഹൃദയത്തെ നടുക്കും. നമുക്ക് ഭൂമിയില്‍ ആശ്വാസത്തോടെ ജീവിക്കാന്‍ സൂര്യന്റെ സാന്നിധ്യം എത്രമാത്രം അനിവാര്യമാണെന്നത് അധികം ചിന്തിക്കാതെ തന്നെ സാധാരണക്കാര്‍ക്ക് പോലും ഗ്രാഹ്യമാകുന്നതാണ്. അതു ചുരുട്ടപ്പെടുകയും ഇന്നു പറയപ്പെടുന്ന ഗുരുത്വാകര്‍ഷണ ശക്തി നശിച്ച് നക്ഷത്രങ്ങള്‍ സ്ഥാനം തെറ്റുകയും പതിച്ചിരിക്കുന്ന പര്‍വ്വതങ്ങള്‍ ധൂമധൂളികളെപ്പോലെ അന്തരീക്ഷത്തില്‍ പാറിപ്പറക്കുകയും ചെയ്യുന്ന ഒരവസ്ഥ നമുക്കിന്ന് വിഭാവനയില്‍ പോലും കാണാനാവില്ല. അന്ന് മനുഷ്യന്‍ ഏറ്റവും വിലയുള്ളതായി കരുതിയിരുന്നതെല്ലാം ഉപേക്ഷിച്ചോടും എന്നതിന്റെ ഉപമയാണ് അറബികള്‍ ഏറെ വിലയുള്ളതായി കരുതിപ്പോരുന്ന പ്രസവമടുത്ത ഒട്ടകങ്ങളെ ഉപേക്ഷിക്കപ്പെടും എന്ന പ്രയോഗം. കണ്ടാല്‍ കടിച്ചുകീറുന്ന ഹിംസ്രജന്തുക്കള്‍ പോലും അന്തംവിട്ട് ഒരുമിച്ചു നില്‍ക്കും. ആഴികള്‍ ആളികത്തിക്കപ്പെടും അന്ന്.
അതിശക്തമായ പ്രഹരങ്ങളോടെ ഹൃസ്വമായി ലോകാന്ത്യത്തിന്റെ ഭീതിപ്പെടുത്തുന്ന സംഭവങ്ങളെ സൂചിപ്പിച്ച തൊട്ടുടനെ പുനരുദ്ധാനത്തിലെ വിചാരണ രംഗത്തിന്റെ ഗൗരവമായ രംഗത്തെയാണ് എടുത്തുപറയുന്നത്. ഭൂമിയില്‍ നടന്ന നികൃഷ്ടമായ ഒരു ദുരാചാരത്തിന്റെ പേടിപ്പെടുത്തുന്ന വിചാരണ; ഇരയോട് എന്തിന് കൊല്ലപ്പെട്ടു എന്നു ചോദിക്കുമ്പോള്‍ കൊലപാതകിയോട് എങ്ങനെയായിരിക്കും ചോദിക്കുക? അതിന്റെ ഗൗരവം മനസ്സിലാക്കാനാണ് അത്തരം ഒരു പ്രയോഗം. സ്വര്‍ഗവും നരകവും അതതിന്റെ സ്വഭാവത്തോടെ അതതിന് അര്‍ഹരായവര്‍ നോക്കി കാണുന്ന രംഗം. ജീവിതത്തില്‍ താനെന്തെല്ലാം ചെയ്തു എന്ന് ഓരോരുത്തരും വ്യക്തമായി അറിയും എന്ന താക്കീത് ആ അവസ്ഥ വന്നെത്തുന്നതിന് മുമ്പ് ജീവിതം നന്നാക്കാനുള്ള ഒരു മനശ്ശാസ്ത്ര ചികിത്സയാണ്. നക്ഷത്രങ്ങളെയും രാത്രിയെയും പ്രഭാതത്തെയും സാക്ഷിയാക്കിക്കൊണ്ട് തുടര്‍ന്ന് അല്ലാഹു പറയുന്നത് ഖുര്‍ആന്‍ എന്ന മഹാ ഉള്‍ബോധനത്തെ സംബന്ധിച്ചാണ്. ദൈവ സാമീപ്യം സിദ്ധിച്ച വിശ്വസ്ഥനായ ജിബ്‌രീല്‍ സച്ചരിതനായ ഒരു പ്രവാചകന് അല്ലാഹുവില്‍ നിന്ന് എത്തിച്ചുകൊടുത്ത മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഒരുള്‍ബോധനമാണത്. ഇത്രയും മഹത്തായ ഒരു ജീവിതദര്‍ശന ഗ്രന്ഥം കിട്ടിയിട്ടും അതുപമിച്ചു പകര്‍ത്താതെ മനുഷ്യരേ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന അര്‍ത്ഥവത്തായ ഒരു ചോദ്യം.
അല്ലാഹു എല്ലാവരോടും ചോദിക്കുന്നു. സത്യവിശ്വാസം മനസ്സിലുള്ളവരെ കിടിലം കൊള്ളിക്കുന്നതാണാ ചോദ്യം. ഒരു നിര്‍ബന്ധവുമില്ല ഉദ്ദേശിക്കുന്നവന് അത് സ്വീകരിച്ച് സന്മാര്‍ഗത്തില്‍ ചരിച്ച് ജീവിത വിജയം നേടാം. നിഷേധിക്കുന്നവന് നിഷേധിച്ച് നാശമടയുകയും ചെയ്യാം. ആരെങ്കിലും സ്വീകരിച്ച് രക്ഷപ്പെടാന്‍ വഴി കണ്ടാല്‍ അവന്‍ ധരിക്കണ്ട അതവന്‍ സ്വയം കണ്ടെത്തിയതാണെന്ന്. അല്ലാഹുവിന്റെ അനുഗ്രഹം മാത്രം. നിഷേധിക്കത് കിട്ടാതെ പോയത് സ്വന്തം മനസ്സിന്റെ ധാര്‍ഷ്ട്യവും ധിക്കാരവും കൊണ്ടും മാത്രമാണ്. ഇവിടെയാണ് ഓരോരുത്തരും അവനവന്റെ അന്തിമ വിധിക്ക് ഉത്തരവാദിയാകുന്നത്.

chandrika: