X

കായലില്‍ വീണ മണ്ണും മന്ത്രിയുടെ രാജിയും

ശാരി പി.വി

കേരളത്തിലിപ്പോള്‍ കയ്യേറ്റ വിലാസം മുന്നണിയുടെ ഭരണ കാലമാണ്. എല്ലാം ശരിയാക്കുമെന്നും, ഇപ്പ ശരിയാക്കിത്തരാമെന്നുമൊക്കെ പറഞ്ഞ് അധികാരത്തിലേറിയവരിപ്പോള്‍ കായലും മലയും, പുഴയുമെല്ലാം കയ്യേറി മാതൃകാ പുരുഷന്‍മാരായി വിലസുകയാണ്. കായല്‍ കയ്യേറിയ മന്ത്രി സര്‍ക്കാറിനെ അപ്പടി വിഴുങ്ങാന്‍ പ്രാപ്തനായതിനാല്‍ അദ്ദേഹത്തെ എങ്ങനെ രക്ഷപ്പെടുത്താനാവും എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ മുന്നണിയും പാര്‍ട്ടികളും മാറി മാറി ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നത്. മന്ത്രിസഭക്കു നേതൃത്വം നല്‍കുന്ന സി.പി.എം ഏതാണ്ട് കോര്‍പറേറ്റ് സ്ഥാപനമായി പരിണമിച്ചതിനാല്‍ അവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പിന്നെ മൂന്നാം വിക്കറ്റ് വീഴ്ത്തും വീഴ്ത്തുമെന്ന് ഇടക്കിടെ വീമ്പ് പറയുമെന്നല്ലാതെ ആദര്‍ശത്തിന്റെ അപ്പോസ്തലന്‍മാരാകാന്‍ വാര്‍ത്തകളില്‍ നിറയുന്നതിനപ്പുറം സി.പി.എം കണ്ണുരുട്ടിയാല്‍ കമിഴ്ന്നടിച്ചു വീഴുമെന്നതിനാല്‍ ആദര്‍ശമൊക്കെ പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ടതില്ലെന്നാണ് സി.പി.ഐക്കാരുടെ പക്ഷം. പക്ഷേ സി.പി.ഐ ഹാപ്പിയാണ്. തങ്ങള്‍ പറയുന്നത് കേട്ടാല്‍ മതിയെന്നാണ് പാര്‍ട്ടി പറയുന്നത്. പിന്നെ മന്ത്രിയും ശിങ്കിടികളും കായല്‍ കയ്യേറിയെന്ന് കണ്ടെത്തിയ ജില്ലാ കലക്ടറെ പുകച്ചു ചാടിക്കുക എന്നതു മാത്രമാണ് ഇനി മുന്നിലുള്ള വഴി. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും, ഭൂസംരക്ഷണ നിയമവും, നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ശിപാര്‍ശ ശിപാര്‍ശയായി നിന്നാല്‍ മതിയെന്നും നടപടി തന്നോടു വേണ്ടെന്നുമാണ് വേണ്ടി വന്നാല്‍ ആവശ്യമുള്ളിടത്തൊക്കെ നികത്തുമെന്നു തന്നെയാണ് ചാണ്ടിയുടെ വെല്ലുവിളി. ഇടത് മുന്നണിയെന്നൊക്കെ പറയുമെങ്കിലും എല്ലാ കാര്യത്തിലും മുണ്ടുടുത്ത മോദി തന്നെയാണ് തീരുമാനമെടുക്കുക എന്നത് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അറിയാം. അതിനാല്‍ കായല്‍ വിഴുങ്ങിയ കാര്യത്തിലും മാറ്റമൊന്നുമില്ല. കുവൈത്ത് ചാണ്ടിയെക്കൊണ്ട് രാജിവെപ്പിക്കാന്‍ ടിയാന്‍ എന്തായാലും മിനക്കെടില്ലെന്നതും മൂന്നു തരം. ഇനിയിപ്പോള്‍ അഥവാ രാജി ഉണ്ടാവുകയാണെങ്കില്‍ ചാനലിന്റെ ഫോണ്‍ കെണിയില്‍ വീണ് മന്ത്രിസ്ഥാനം തെറിച്ച ശശീന്ദ്രനെ തന്നെ പൊക്കിക്കൊണ്ടു വരാനാണ് എന്‍.സി.പിയെന്ന ആഗോള പാര്‍ട്ടിയുടെ തീരുമാനം. കേരള രാഷ്ട്രീയത്തിന്റെ ഗതിവിധികള്‍ നിര്‍ണയിക്കാന്‍ ശേഷിയുള്ള ശക്തമായ പാര്‍ട്ടിയായതിനാലും ഇന്ത്യയിലിപ്പോള്‍ എന്‍.സി.പിയുടേതായി ഏക മന്ത്രി ഭരണത്തിലിരിക്കുന്നത് കേരളത്തിലായതിനാലും മന്ത്രി സ്ഥാനത്തു അള്ളിപ്പിടിച്ചിരുന്നേ പറ്റൂ. രാജി അനിവാര്യമെന്ന് പറയുമ്പോള്‍ ഇനി ശശീന്ദ്രനെതിരായ കേസ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചു കൊണ്ടു വരണം. അതിനുള്ള കാത്തിരിപ്പാണ് ഇനി ബാക്കിയുള്ളത്. കായല്‍ അപ്പടി മണ്ണിട്ടാലും കേരളത്തില്‍ വലിയ പ്രശ്‌നമൊന്നും ഇപ്പോള്‍ സംഭവിക്കില്ല. പക്ഷേ മിനിമം കോടീശ്വരനാവണമെന്ന നിബന്ധനയുണ്ട്. കാരണം എന്തു കയ്യേറ്റം കണ്ടെത്തിയാലും ഉപദേശവും ഉപദേശത്തിന്‍മേല്‍ ഉപദേശവുമൊക്കെ ലഭിച്ച ശേഷം മാത്രമേ എന്തേലും നടപടി എടുക്കൂ. പക്ഷേ ഒരു കലക്ടര്‍ ഇതു പോലൊരു പണി പറ്റിക്കുമെന്ന് ശരിയാക്കല്‍ ടീംസും സര്‍വോപരി പാവങ്ങളുടെ പടത്തലവനായ മന്ത്രിയും കരുതിയില്ലെന്നതാണ് വാസ്തവം. വേദനിക്കുന്ന കോടീശ്വരന്‍മാരുടെ കഞ്ഞിയില്‍ ഇങ്ങനെ മണ്ണിടാന്‍ പാടുണ്ടോ എന്നാണ് എല്‍.ഡി.എഫ് ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ ചോദിച്ചതത്രേ!. ഇപ്പോള്‍ രാജിവെക്കും രാജിവെക്കുമെന്ന് മുന്നണിയിലെ പാര്‍ട്ടികള്‍ നാമജപം നടത്തുമ്പോഴും രണ്ട് കൊല്ലം കഴിഞ്ഞ് കാണാമെന്നാണ് തോമസ് ചാണ്ടി അവര്‍കള്‍ മൈക്ക് കെട്ടി പറഞ്ഞിട്ടുള്ളത്. പക്ഷേ ആലപ്പുഴ ജില്ലാ കലക്ടര്‍ ടിയാനെതിരെ കൊടുത്ത റിപ്പോര്‍ട്ട് രണ്ട് കൊല്ലം പോയിട്ട് രണ്ട് ദിവസം പോലും കടിച്ചു തൂങ്ങാന്‍ സാധിക്കാത്ത രീതിയിലാണ് മേപ്പടിയാനെ കൊണ്ടെത്തിച്ചിട്ടുള്ളത്. പുറത്ത് രാജി, സി.പി.ഐ തീരുമാനം, മുഖ്യന്റെ തീരുമാനം, എന്‍.സി.പിയുടെ യമണ്ടന്‍ യോഗം എന്നൊക്കെ വിളിച്ചു പറയുമ്പോഴും മൂന്നാം വിക്കറ്റ് ഹൈക്കോടതി വിധി വരുന്നതു വരെ വീഴ്‌ത്തേണ്ടെന്നാണ് മുന്നണിയുടെ തീരുമാനം. സരിതയുടെ വ്യാജ കത്ത് അന്വേഷണ റിപ്പോര്‍ട്ടാക്കി പുറത്തു വിട്ടവര്‍ക്ക് അല്ലേല്‍ എന്ത് പ്രതിഛായ, ആകെയുള്ളത് പ്രതിയുടെ ഛായ മാത്രമാണ്. കായല്‍ വിഴുങ്ങിയയാളെ സംരക്ഷിക്കാന്‍ മുഖ്യനും കൂട്ടരും പെടാപാടു പെടുമ്പോഴാണ് മറ്റൊരു സീമന്ത പുത്രനും ഇടുക്കി എം.പിയുമായ ജോയ്‌സ് ജോര്‍ജ്ജിന്റെ കൊട്ടക്കമ്പൂരിലെ ഭൂമി കയ്യേറ്റത്തിന്റെ പട്ടയം ദേവികുളം സബ്കലക്ടര്‍ റദ്ദാക്കി. ഒന്നും രണ്ടുമല്ല 20 ഏക്കറാണ് ഇടത് എം.പി വ്യാജ പട്ടയം വഴി കൈവശം വെച്ചിരുന്നത്. പട്ടിക ജാതിക്കാര്‍ക്കു വിതരണം ചെയ്ത ഭൂമിയാണു എംപിയും കുടുംബാംഗങ്ങളും തട്ടിയെടുത്തത്. തട്ടിപ്പിനു തുടക്കം കുറിച്ചത് ജോയ്‌സ് ജോര്‍ജിന്റെ പിതാവ് പാലിയത്ത് ജോര്‍ജാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പിതാവില്‍ നിന്നും പുത്രനു ലഭിച്ച പിതൃസ്വത്താണെന്നും ഇതില്‍ യാതൊരു അപാകതയുമില്ലെന്നായിരുന്നു നിയമസഭയില്‍ ഇരട്ടച്ചങ്കന്‍ പറഞ്ഞിരുന്നത്. നിലമ്പൂര്‍ എം.എല്‍.എ ജപ്പാനില്‍ മഴ പെയ്യാതിരിക്കാന്‍ വേണ്ടി പുഴയുടെ നീരൊഴുക്ക് തടയണ നിര്‍മിച്ചാണ് മാതൃകയായതെങ്കില്‍ ചാണ്ടി കായല്‍ കയ്യേറി മറ്റൊരു മാതൃകയിട്ടു. ദാണ്ടേ ഇപ്പോ എം.പി മലയും കയ്യേറി. അങ്ങനെ കായലും പുഴയും മലയുമടക്കം എല്ലാം ശരിയായി. ഇനി നാട്ടുകാരെ മാത്രമേ ശരിയാക്കാനുള്ളൂ. അതും ഒരുവിധം പലതീരുമാനങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
ലാസ്റ്റ് ലീഫ്:
ഗുജറാത്തിലെ ഉനയില്‍ ദളിതരെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ചെറിയ സംഭവമെന്ന് കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍. അപ്പോള്‍ വലിയ സംഭവങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന് സാരം.

chandrika: