ലുഖ്മാന്‍ മമ്പാട്
ഏതു മതക്കാരനെയും മതമില്ലാത്തവനെയും ബഹുമാനിക്കാനും പരിഗണിക്കാനും കഴിയുകയും തുല്യനീതി ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടനയുടെ ഭേദഗതിക്കും നിയമനിര്‍മ്മാണത്തിനും അധികാരമുള്ള സഭയിലേക്ക് പോകുന്നവനുണ്ടാവേണ്ട കുറഞ്ഞ യോഗ്യത. മലപ്പുറത്തിന്റെ ജനവിധി അത്തരത്തിലുള്ളതാവുമെന്ന് നടന്‍ മുകേഷ് മുതല്‍ മന്ത്രി ജി സുധാകരന്‍ വരെയുള്ള സാമാന്യബോധമുള്ളവര്‍ക്കെല്ലാം ഉറപ്പുണ്ട്. എന്നിട്ടും എന്‍.ഡി.എയെ വര്‍ഗീയ ഓട്ടമത്സരത്തില്‍ തോല്‍പ്പിക്കമെന്ന് എന്തിനാണ് സി.പി.എമ്മിന് ഇത്ര വാശി. മത നിരപേക്ഷ പ്രസ്ഥാനമെന്ന വ്യാജ സ്റ്റിക്കറൊട്ടിച്ച് കേരളത്തിലും ത്രിപുരയിലും മാത്രം കണ്ടുവരുന്ന വണ്ടിയില്‍ മലപ്പുറത്തേക്ക് വിഷവാതകം ഇറക്കുമതി ചെയ്യുമ്പോള്‍ ലോകത്താകമാനം കമ്യൂണിസം തുടച്ചുനീക്കപ്പെട്ടതിന്റെ കാരണം വേഗത്തില്‍ ബോധ്യപ്പെടും. മലപ്പുറം വെയിലില്‍ ചെങ്കൊടി മങ്ങി കടുംകാവിയായപ്പോള്‍, കേരളത്തിലും കണ്ണൂരോളം വലുപ്പമുള്ള ത്രിപുരയിലും ഒതുങ്ങിപ്പോയ സി.പി.എമ്മില്‍ ചില പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരെയും പാടെ നിരാശപ്പെടുത്തിയെന്ന് പറയുന്നതില്‍ സങ്കടമുണ്ട്.
കേന്ദ്ര-കേരള ഭരണകൂടങ്ങളെ വിലയിരുത്തുന്നതോടൊപ്പം പാര്‍ട്ടി നിലപാടുകളെയും നയങ്ങളെയും കുറിച്ചും തെരഞ്ഞെടുപ്പുകളില്‍ സ്വാഭാവികമായും ചര്‍ച്ചകളുണ്ടാവും. എന്നാല്‍, എല്ലാ അതിര്‍വരമ്പുകളെയും മായ്ച്ച് ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ വിഷം ചീറ്റി ബി.ജെ.പി പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ ഒരുപടികൂടി മുന്നില്‍ നില്‍ക്കുന്നത് കോടിയേരിമാരാണെന്ന് വരുമ്പോള്‍ ചെങ്കൊടിയും കാവിക്കൊടിയും തമ്മിലെ അന്തരം പറഞ്ഞു പ്രതിഫലിപ്പിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. അഭിനവ ഹിറ്റ്‌ലറായ മോദിക്ക് ബദലാവാനുള്ള ആശയാടിത്തറയോ ജനപിന്‍ബലമോ ഇല്ലാത്തവര്‍ രാജ്യത്താകമാനം വേരുകളുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യത്തില്‍ നിന്ന് ഒളിച്ചോടി സംഘികളുടെ അച്ചാരം വാങ്ങാന്‍ മത്സരിക്കുന്നത് അതിശയകരമാണ്.
അതിസമ്പന്നരുടെ താളത്തിനൊത്ത് ചലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ നെറികേടുകള്‍ക്കും മറപിടിക്കാന്‍ രാമക്ഷേത്ര നിര്‍മ്മാണവും ഗോവധ നിരോധനവും പരിചയാക്കുന്നത് പുതുമയല്ല. പെട്രോള്‍ വിലവര്‍ധന തൊട്ട് നോട്ടുനിരോധനം വരെ കോര്‍പറേറ്റ് താല്‍പര്യങ്ങളും മുസാഫര്‍ നഗര്‍ മുതല്‍ അഖ്‌ലാഖ് വരെയും രോഹിത് വെമുല മുതല്‍ നജീബിന്റെ ഉമ്മ വരെയും ഉയര്‍ത്തുന്ന കേന്ദ്ര ഭരണത്തിന്റെ നേര്‍ക്കാഴ്ചകള്‍ അതിലേറെ വാശിയോടെ കേരളത്തില്‍ നടപ്പാക്കുന്നത് ഇടതുപക്ഷം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മോദി-പിണറായി ഭരണ നയങ്ങള്‍ തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം ആകസ്മികമല്ലെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ല. കേരളത്തിലെ മുസ്‌ലിം-ദലിത്-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഘ്ഭരണ മേഖലകളേക്കാള്‍ ഭീതിയിലാണ് എന്നത് വെറും ആരോപണമല്ല. കമല്‍ സി ചവറ മുതതല്‍ ഷാജഹാന്‍ വരെ, കൊടിഞ്ഞിയിലെ ഫൈസല്‍ മുതല്‍ കാസര്‍ക്കോട്ടെ റിയാസ് മൗലവി വരെ, ലോ അക്കാദമി മുതല്‍ ജിഷ്ണു പ്രണോയിയുടെ അമ്മ വരെ കേരളീയ സമൂഹത്തോട് പറയുന്നത് മറ്റൊന്നല്ല.
കേരളത്തിലെ മുഖ്യമന്ത്രികസേരയില്‍ മഹാരാജാവായി പിണറായി കയറിയതോടെ തന്നെ തുടങ്ങിയതാണ് മോദിയുടെ പിന്‍സീറ്റ് ഡ്രൈവിങ്. ഗുജറാത്ത് വംശഹത്യയെ കുറിച്ച് അന്വേഷിച്ച സി.ബി.ഐ സംഘാംഗമായി മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ അന്വേഷണ സംഘത്തിലെ ബെഹ്‌റയെ കേരള പൊലീസ് മേധാവിയാക്കിയത് ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താനാവാം അല്ലാതിരിക്കാം. പക്ഷെ, പത്തുമാസത്തെ ഭരണംകൊണ്ട് കേരളത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടെന്നതില്‍ ‘ഞാനും നാല്‍പതുപേരും’ മാത്രമേ സംശയിക്കൂ. ആ നാല്‍പതില്‍ പെട്ട വി.എസും യെച്ചൂരിയും കണ്ണുരുട്ടിയിട്ടും ‘ജെയ്ക്കു ബേബികള്‍’ മലര്‍ന്ന് കിടന്ന് പത്രപരസ്യം നല്‍കുകയാണെന്ന് മാത്രം.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു എന്ന പേരില്‍ യു.എ.പി.എ ചുമത്തി വയനാട്ടുകാരിയായ ആദിവാസി ഗൗരിയെ ജയിലിലടച്ചതു മുതല്‍ സമാധാനപരമായും മുന്‍കൂട്ടിയുള്ള അനുമതിയോടെയും കാസര്‍കോട്ട് ഏകസിവില്‍കോഡ് സംരക്ഷണ റാലി നടത്തിയ സമസ്ത പണ്ഡിതര്‍ക്കെതിരെ (മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചെന്ന പേരില്‍) രാജ്യദ്രോഹം ചുമത്തിയതുവരെ പത്തു മാസത്തിനിടെ ചെയ്ത വീരകൃത്യങ്ങളാണ്. യു.എ.പി.എ മുസ്‌ലിം-ആദിവാസി-ദലിത് വേട്ടയുടെ മൂര്‍ച്ചയേറിയ ആയുധമാവുമ്പോള്‍ ആഗോള മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ മാത്രം അഭിരമിക്കുന്നവരുടെ ആത്മാര്‍ത്ഥത ആര്‍ക്കാണ് മനസ്സിലാവാത്തത്.
വി.എസ് ഭരണത്തില്‍ കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് സെക്രട്ടേറിയറ്റിന് വിളിപ്പാടകലെ ബീമാപള്ളിയില്‍ കാക്ക ഷാജിയെന്ന ഗുണ്ടയെ തടഞ്ഞതിന്റെ പേരില്‍ ആറു മുസ്‌ലിം െപറുപ്പക്കാരെ പൊലീസ് വെടിവെച്ചുകൊന്നത്. അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പോയിട്ട് സമാശ്വാസ വാക്കുപോലും പറയാത്തവര്‍ ഉത്തരേന്ത്യയിലെ പൊലീസ് അതിക്രമത്തെ കുറിച്ച് പറയുന്നത് കാപട്യമാണ്. നാദാപുരത്തും തൂണേരിയിലും ഗുജറാത്ത് മോഡല്‍ ആക്രമണം പതിവാക്കിയവര്‍ക്ക് മോദി തന്നെയാവും മാതൃക. പിണറായിയുടെ പൊലീസ് ഉപദേശകനാവാന്‍ സിറാജുന്നിസ ഫെയിം രമണ്‍ ശ്രീവാസ്തവ തന്നെയാണ് യോഗ്യന്‍.
പാമ്പാടി കോളജില്‍ ദുരൂഹമായി മരണം വരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ വളയത്തെ വീട്ടിലോ പൊലീസ് പെറ്റവയറിന് ബൂട്ടിട്ട് ചവിട്ടി ആസ്പത്രിയിലായപ്പോള്‍ അവിടയോ പോയി നോക്കാന്‍ മനസ്സിലാത്തവരോട് ഇതൊന്നും പറയുന്നതില്‍ കാര്യമില്ല. ആര്‍.എസ്.എസ് ആക്രമണത്തിന് ഇരയായി ജീവിക്കുന്ന രക്തസാക്ഷിയായ ഒരച്ഛന്റെ മക്കളും പേര മക്കളും നീതിക്കായി നിലവിളിക്കുമ്പോള്‍ തിരിഞ്ഞു നോക്കാത്തത് മനസാക്ഷിക്കുത്തിന് കാരണമാകാത്തവരോട് മതം മാറിയതിന്റെ പേരില്‍ ആര്‍.എസ്.എസുകാര്‍ കൊന്നു തള്ളിയ ഫൈസലിനെ കുറിച്ച് ചോദിക്കുന്നത് വിഡ്ഢിത്തമാണ്. എത്രയോ തവണ കൊടിഞ്ഞി വഴി പോയിട്ടും ഫൈസലിന്റെ വീട്ടിലൊന്ന് കയറി നോക്കാന്‍ മനസ്സില്ലാത്തവര്‍ സ്ഥലം എം.എല്‍.എ നിരന്തരം രേഖാമൂലം ആവശ്യപ്പെട്ടിട്ടും ധനസഹായത്തിന് ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്തിട്ടും അനുവദിക്കാന്‍ കൂട്ടാക്കുന്നില്ല. മംഗലാപുരത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ പൊലീസ് കാവലില്‍ വീരവാദം മുഴക്കി മടങ്ങിയ ഇരട്ടചങ്കന്‍, സ്വന്തം നാട്ടില്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസംഗവേദിയിലേക്ക് ബോംബെറിഞ്ഞവരെ പിടിക്കാന്‍ അറച്ചു നില്‍ക്കുന്നു. സി.പി.എം വിട്ട ടി.പിയെ 51 വെട്ടിനാല്‍ തീര്‍ത്തവരെ നിയമത്തിന് മുമ്പിലെത്തിച്ച പൊലീസ് അത്ര മോശമൊന്നുമല്ല. പിണറായി വിജയന്റെ തലയറുക്കുമെന്ന് ഭീഷണി മുഴക്കിയ ആര്‍.എസ്.എസ് നേതാവിനെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ് ശശികല ടീച്ചര്‍മാര്‍ കേരളമാകെ വിഷമഴ പെയ്യിക്കുന്നത്. കൃത്രിമ മഴയുടെ ബഡായി ബംഗ്ലാവ് പണിയുന്നതിന് മുമ്പ് ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണകൂടം കണ്ണാടിയില്‍ നോക്കുന്നത് നന്നാവും.
നിലമ്പൂര്‍ കാട്ടില്‍ പൊലീസ് വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് കുപ്പുദേവരാജന്റെ മൃതദേഹം കോഴിക്കോട്ട് പൊതു ദര്‍ശനത്തിന് വെച്ച ചടങ്ങ് വെട്ടിച്ചുരുക്കിയത് വിവാദമായപ്പോള്‍ എസ്.ഡി.പി.ഐ ഇസ്‌ലാമിക തീവ്രവാദികള്‍ കലാപം നടത്തുമെന്ന് ഭയന്നതിനാലാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പിണറായി പൊലീസ്, ഡി.ജി.പി ഓഫീസിന് മുമ്പിലെ മഹിജയുടെ സമരം ആസൂത്രണം ചെയ്തത് ജമാഅത്തെ ഇസ്‌ലാമിയുടെ സോളിഡാരിറ്റിയാണെന്നും റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ എന്താണ് ഒരു സര്‍ക്കാറിന്റെ നയം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം വേഗത്തില്‍ ബോധ്യപ്പെടും. അതുകൊണ്ടാണ് പിണറായി ഭരണകൂടം അരിക്ക് പകരം മദ്യം സുലഭമാക്കുന്നതിന് വല്ലാതെ തിടുക്കപ്പെടുന്നത്. ബജറ്റും ചോദ്യപേപ്പറും മന്ത്രിമാരും ചോരുന്നതിനൊപ്പം സര്‍ക്കാറിലുള്ള സകല പ്രതീക്ഷകളും തീര്‍ന്നുപോയിരിക്കുന്നു.
സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത എസ്.ഡി.പി.ഐ മനസാക്ഷി വോട്ടിനും വെല്‍ഫെയര്‍ പാട്ടി ബഹിഷ്‌കരണത്തിനും ആഹ്വാനം ചെയ്യുമ്പോള്‍ യു.ഡി.എഫില്‍ വര്‍ഗീയത ആരോപിക്കുകയും പി.ഡി.പിയോട് പരസ്യപിന്തുണ നേടുകയും ചെയ്ത ശേഷമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഉറഞ്ഞുതുള്ളല്‍. ദിവസങ്ങള്‍ക്കകം മലപ്പുറം തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞ് ചൂടുകുറഞ്ഞ് മഴയും തണുപ്പും വരും. പക്ഷെ, ഋതുക്കള്‍ എത്രമാറിയാലും അവശേഷിക്കുന്നതാണ് കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സി.പി.എം വാരിവിതറിയ വര്‍ഗീയ കാളക്കൂട വിഷം. കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കള്ളവാര്‍ത്തകളുടെ പുകമറയിലും തെളിഞ്ഞു കാണുന്നുണ്ട് കൊടിയേരിയുടെ കാവി തീണ്ടല്‍. ലോകത്തെ വിസ്മയിപ്പിച്ച മലപ്പുറം പൈതൃകത്തെ ഇതുകൊണ്ടൊന്നും മലിനപ്പെടുത്താനാവില്ല. മലപ്പുറത്തിന്റെ വായു ശ്വസിച്ചതുകൊണ്ടാണ് ബി.ജെ.പിയുടെ ദേശീയ ബീഫ് നയത്തിന് വിരുദ്ധമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പോലും ചിന്തിക്കുന്നത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം സ്‌നേഹിക്കുന്നതാണ് മലപ്പുറത്തിന്റെ മനസ്സ്.
പൂന്താനവും മമ്പുറം തങ്ങളും കോന്തുനായരും കുഞ്ഞായിന്‍ മുസ്‌ലിയാരും മങ്ങാട്ടച്ചനും എഴുത്തച്ഛനും മോയിന്‍കുട്ടി വൈദ്യരും മുതല്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വരെ അധ്വാനിച്ചുണ്ടാക്കിയതാണ് സഹിഷ്ണുതയുടെ മഹാവൃക്ഷം. ഈ മണ്ണില്‍ സുഗന്ധവും സ്‌നേഹവും സേവനവുമായി പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്ന പാണക്കാട്ടെ സയ്യിദുമാരെ തൊഗാഡിയ പോലും കുപ്പതൊട്ടിലില്‍ തള്ളിയ പദപ്രയോഗം കൊണ്ട് കൊടിയേരി അഭിസംബോധന ചെയ്യുമ്പോള്‍ ഫാസിസമാണോ സ്റ്റാലിനിസമാണോ വലിയ ഭീകരതയെന്ന ചോദ്യം ഉന്നയിക്കാന്‍ വൈകിക്കൂടെന്ന പാഠമാണ് മലപ്പുറം തെരഞ്ഞെടുപ്പ് ബാക്കിവെക്കുക.
നേമത്ത് പൂഞ്ഞാര്‍പോലെ ഒരു വിജയം ഉണ്ടായതിനപ്പുറം സംഘ്പരിവാറിനെ തടഞ്ഞു നിര്‍ത്തിയത് യു.ഡി.എഫായിട്ടും കള്ളകഥ മെനഞ്ഞ് മേനി നടിക്കുകയാണ്. കാസര്‍കോട്ടും മഞ്ചേശ്വരത്തും പാലക്കാട്ടും വട്ടിയൂര്‍കാവിലും ബി.ജെ.പിയെ തോല്‍പ്പിച്ചാണ് യു.ഡി.എഫ് വിജയം. കേരളത്തില്‍ പോലും ഫാസിസ്റ്റ് വിരുദ്ധതക്ക് ത്രാണിയില്ലാത്തവരാണ് ഇന്ദ്രപ്രസ്ഥത്തിലെ പൊയ്കിനാവിനെക്കുറിച്ച് നാക്കിട്ടടിക്കുന്നത്. മോദി ഭരണകൂടത്തെ കുറിച്ച് ഫാസിസമാണോ എന്നത് കാരാട്ടിന് സംശയമാണത്രെ. ഇടതു സ്ഥാനാര്‍ത്ഥി പോലും തന്റെ സ്വത്വം വെളിപ്പെടുത്താന്‍ ഭയപ്പെടുമാറ് രാജ്യത്തിന്റെ അന്തരീക്ഷം കലുഷിതമാവുമ്പോള്‍ കൊടിയേരി ബാലകൃഷ്ണന്റെ കയ്യിലെ ചെങ്കൊടി കാവിയായി രൂപാന്തരപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നന്ദിഗ്രാമും സിംഗൂരും നാദാപുരവും ബീമാപള്ളിയും താനൂരും മനുഷ്യത്വത്തെ കശാപ്പുചെയ്യുന്നവര്‍ ഒരു ചുവന്ന കഷ്ണംകൊണ്ട് എത്രകാലം അതിനെ മറച്ചുപിടിക്കും.