X

കര്‍ണാധ്യായം കര്‍ണകഠോരം

കെ.പി ജലീല്‍

ജനാധിപത്യത്തിലെ മൂന്നാംതൂണായ ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുക എന്നുവന്നാല്‍ അത് ജനായത്ത വ്യവസ്ഥിതിയെയാകെ ഇരുട്ടിലാക്കിക്കളയുക എന്നതാണ്. നിയമനിര്‍മാണസഭയുടെയും ഭരണനിര്‍വഹണ വിഭാഗത്തിന്റെയും പിഴവുകള്‍ തിരുത്തുക എന്ന മഹത്ദൗത്യമാണ് ഇന്ത്യന്‍ ജുഡീഷ്യറിക്ക് നിര്‍വഹിക്കാനുള്ളത്. ഈ അടിസ്ഥാനവസ്തുത സാധാരണക്കാരന്‍ പോയിട്ട് കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണനെ പോലുള്ളവരെങ്കിലും ഓര്‍ക്കുമെന്ന് ധരിച്ച നമുക്കാണ് തെറ്റുപറ്റിയത്. കോടതിയലക്ഷ്യക്കേസില്‍ രാജ്യത്തെ ഉന്നതനീതിപീഠം ഇന്നലെ വിധിച്ച ആറുമാസത്തെ തടവുശിക്ഷ ഒരുപക്ഷേ അദ്ദേഹത്തിന് വെറുമൊരു തമാശയായിരിക്കാമെങ്കിലും നാടിനും നീതിന്യായവ്യവസ്ഥിതിക്കും വലിയ നാണക്കേടാണ് അതുണ്ടാക്കിയിരിക്കുന്നതെന്നുപറയാതെ വയ്യ. ഒരുപക്ഷേ അപ്പീലില്‍ അദ്ദേഹത്തെ കുറ്റവിമുക്തമാക്കുമായിരിക്കാമെങ്കിലും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥിതിക്ക് ജസ്റ്റിസ് കര്‍ണനിലൂടെയുണ്ടായ കളങ്കം പെട്ടെന്നൊന്നും മറക്കപ്പെടാനോ മറയാനോ മാറാനോ പോകുന്നില്ല. ഇന്ത്യന്‍ ജുഡീഷ്യറിയിലെ ആദ്യത്തെ സംഭവമാണ് ഒരു ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതിയില്‍ നിന്ന് തടവുശിക്ഷ ലഭിക്കുക എന്നത്. ശരിക്കും കര്‍ണകഠോരമായിരുന്നു ജസ്റ്റിസ് കര്‍ണന്റെ നടപടികളും ഇപ്പോഴത്തെ സു്പ്രീംകോടതി വിധിയും. കേട്ടാലറയ്ക്കുന്ന അധ്യായമാണ് ജസ്റ്റിസ് കര്‍ണന്റെ കാര്യത്തില്‍ ഇന്ത്യന്‍ നീതിപീഠത്തിനാകെ സംഭവിച്ചിട്ടുള്ളത്.
പ്രമാദമായ സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിന് തക്ക തെളിവുകള്‍ കേസിലില്ല എന്ന നിരീക്ഷണമായിരുന്നു സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റേത്. സുപ്രീംകോടതിയുടെ വിധിക്കെതിരെ റിട്ട. സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നടത്തിയ വിമര്‍ശനങ്ങള്‍ സുപ്രീംകോടതിയുടെ കോടതിയലക്ഷ്യനടപടിക്ക് കാരണമായത് ഏതാനും മാസംമാത്രം മുമ്പായിരുന്നു. പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷക്ക് വിധേയമാക്കാനുള്ള കുറ്റമാണ് ചെയ്തതെന്ന വാദമാണ് ഈ ന്യായാധിപന്‍ മുന്നോട്ടുവെച്ചത്. തുടര്‍ന്ന് പരിണതപ്രജ്ഞനായ ജസ്റ്റിസ് കട്ജുവിന് പോലും സുപ്രീം കോടതിയില്‍ ചെന്ന് മാപ്പെഴുതിക്കൊടുത്ത ശേഷമാണ് ശിക്ഷാനടപടികളില്‍ നിന്ന് തലയൂരാന്‍ കഴിഞ്ഞത്. കേരള ഡി.ജി.പി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയ പിണറായി സര്‍ക്കാരിനോട് അദ്ദേഹത്തെ തിരിച്ചുനിയമിക്കണമെന്ന വിധി പാലിക്കാത്തതിനാണ് സുപ്രീംകോടതി കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യനടപടികളിലേക്ക് നീങ്ങുന്നതായി പ്രഖ്യാപിച്ചത്. ശേഷം മാപ്പപേക്ഷ നല്‍കിയാണ് അവര്‍ തടിയൂരിയത്. എന്നാല്‍ കോടതിയെയും നിയമങ്ങളെയും കുറിച്ച് വ്യക്തമായി അറിയാവുന്ന ഒരു ഉന്നതന്യായാധിപന് എന്തുകൊണ്ടാണ് സുപ്രീംകോടതിയുടെ അപ്രമാദിത്തത്തെ അംഗീകരിക്കാന്‍ കഴിയാതിരുന്നതെന്നത് വിലപ്പെട്ട ചോദ്യമാണ്. ഹൈക്കോടതി ജഡ്ജിമാത്രമായ ഒരാള്‍ക്ക് ഇത്രയും വലിയധാര്‍ഷ്ട്യമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതുമായിരുന്നു. ചുവരില്ലാതെ ചിത്രമെഴുതാന്‍ കഴിയില്ലെന്നുപറയാറുള്ളതുപോലെ എന്തൊക്കെ കുറവുകളുണ്ടെങ്കിലും സുപ്രീംകോടതിയുടെ വിധികളും ബഹുമാന്യതയും അപ്രമാദിത്വവും എന്തുവില കൊടുത്തും പരിരക്ഷിക്കപ്പെടേണ്ടതാണ്. ഈ തോന്നലാണ് പൊതുവെ ജസ്റ്റിസ് കര്‍ണനെതിരായ ശിക്ഷാവിധി ഇപ്പോഴുണ്ടാക്കിയിട്ടുള്ളത്.
വര്‍ഷങ്ങളോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ ജഡ്ജി സി.എസ് കര്‍ണന് കാരിരുമ്പഴിക്കുള്ളിലേക്കുള്ള വഴി തുറന്നിരിക്കുന്നത്. ഇതിനുകാരണം അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റം ചെയ്തതിനാലല്ല. അദ്ദേഹം തന്നെ പ്രതിനിധാനം ചെയ്യുന്ന നീതിന്യായസംവിധാനം തന്നെയാണ് തങ്ങളുടെ സഹപ്രവര്‍ത്തകന്റെ കാലിനും നാവിനും കൂച്ചുവിലങ്ങിട്ടിരിക്കുന്നത് എന്നത് ഏറെ കൗതുകകരമായിരിക്കുന്നു. തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിസ് സി.എസ് കര്‍ണന്‍ മദ്രാസ് ഹൈക്കോടതിയില്‍ പത്തുവര്‍ഷത്തിലധികം നീണ്ട സേവനത്തിനുശേഷമാണ് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് കഴിഞ്ഞ വര്‍ഷം സ്ഥലംമാറ്റം ചെയ്യപ്പെടുന്നത്. മദ്രാസിലിരിക്കെ തന്നെ അദ്ദേഹം കോടതിയിലും പുറത്തും വിവാദകഥാപാത്രമായിരുന്നുവെന്നാണ് ലഭ്യമായ വിവരങ്ങള്‍. ഹൈക്കോടതി ചീഫ്ജസ്റ്റിസിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ ജസ്റ്റിസ് കര്‍ണന്‍ നടത്തിയ പരാമര്‍ശങ്ങളും ഒരു വേള ഹൈക്കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ കോടതിക്കകത്ത് കയറി ജഡ്ജിയെ അസഭ്യം പറഞ്ഞതുമൊക്കെ ജസ്റ്റിസ് കര്‍ണന്റെ സവിശേഷമായ സ്വഭാവവിശേഷം കൊണ്ടാണെന്നാണ് ജനം ധരിച്ചത്. സ്വാഭാവികമായും ദലിത് എന്ന വിശേഷണം അദ്ദേഹത്തിന് അനുകൂലമായ മനോഭാവം ഉണ്ടാക്കാന്‍ ആദ്യഘട്ടത്തില്‍ കാരണമായെങ്കിലും പിന്നീട് അത് ഏറ്റെടുക്കാന്‍ അധികമാരും കൂട്ടാക്കിയില്ല. കോടതിയലക്ഷ്യക്കേസില്‍ ദലിതനായതിനാലാണ് താന്‍ പീഡിപ്പിക്കപ്പെടുന്നതെന്ന വാദമാണ് ജസ്റ്റിസ് കര്‍ണന്‍ ഉയര്‍ത്തുന്നത്. ഇതിന് സുപ്രീംകോടതി പറയുന്ന ന്യായം തൊലിയുടെ നിറം നോക്കി നീതിനടപ്പാക്കാനാവില്ലെന്ന സുപ്രീംകോടതിയുടെ പ്രസ്താവം ഏറെ ചിന്തനീയമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന മലയാളിയും ദലിതനുമായ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് കൊളീജിയപ്രകാരം ജസ്റ്റിസ് കര്‍ണനെ നിയമിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഗാംഗുലിയുടെ നിര്‍ദേശപ്രകാരമായിരുന്നു നിയമനമെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് അറിയില്ലെന്ന വാദമാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.
സുപ്രീംകോടതി ചീഫ്ജസ്റ്റിസ് അടക്കം പല ജഡ്ജിമാരും അഴിമതിക്കാരും കൊള്ളരുതാത്തവരുമാണെന്ന പ്രസ്താവനയാണ് ജസ്റ്റിസ് കര്‍ണനെ കോടതിയലക്ഷ്യക്കേസിലേക്ക് വലിച്ചിഴച്ചത്. 2011ലായിരുന്നു ഇത്. സുപ്രീംകോടതിയെ സംബന്ധിച്ചോളം ഇത് തികച്ചും അഭിമാനപ്രശ്‌നമാകുകയായിരുന്നു. മദ്രാസില്‍ നിന്ന് സഹപ്രവര്‍ത്തകരായ 21 ജഡ്ജിമാരാണ് ജസ്റ്റിസ് കര്‍ണനെതിരെ നടപടി വേണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതേതുടര്‍ന്നാണ് 2016 ഫെബ്രുവരി 12ന് കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥലംമാറ്റം.
കേസില്‍ നിരവധി തവണ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ ജസ്്റ്റിസ് കര്‍ണന്‍ ചീഫ്ജസ്റ്റിസ് അടക്കമുള്ള എട്ട് ജഡ്ജിമാര്‍ക്കെതിരെ നടപ്പാകില്ലെന്നറിഞ്ഞിട്ടും അഞ്ചുവര്‍ഷത്തെ കഠിനതടവ് പ്രഖ്യാപിക്കുകവരെ ചെയ്തുകളഞ്ഞു. സുപ്രീംകോടതിയുടെ വിധിയാണ് തന്റേതിനേക്കാള്‍ മുന്നിലെന്ന സാമാന്യനിയമജ്ഞാനം പോലും ഓര്‍ക്കാതെയോ അഹന്തയാലോ ആയിരുന്നു ജസ്റ്റിസ്‌കര്‍ണന്റെ ഓരോ പെരുമാറ്റവുമെന്ന് വ്യക്തം. ഇത് സുപ്രീംകോടതിയെ ചൊടിപ്പിച്ചുവെന്ന് പറയേണ്ടതില്ല. അങ്ങനെയാണ് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ഉന്നത നീതിപീഠം അദ്ദേഹത്തോട് കഴിഞ്ഞ മെയ് ഒന്നിന് നിര്‍ദേശിച്ചത്. ഇതദ്ദേഹം പാലിച്ചില്ലെന്ന് മാത്രമല്ല, എട്ട് ജഡ്ജിമാരെ മാനസികപരിശോധന നടത്താനായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. മെയ് ഒന്നിനുതന്നെ ജസ്റ്റിസ് കര്‍ണന്റെ മനോനില പരിശോധിക്കാന്‍ പശ്ചിമബംഗാളിലെ സര്‍ക്കാര്‍ഡോക്ടര്‍മാരുടെ സംഘത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. പക്ഷേ അത് നടപ്പാക്കാനാകാതെ തിരിച്ചുപോരേണ്ടിവരികയായിരുന്നു ഡോക്ടര്‍മാര്‍ക്ക്. അദ്ദേഹമാകട്ടെ തിരിച്ച് ഡല്‍ഹി പൊലീസ്തലവനോടാണ് എട്ട് സുപ്രീം കോടതി ജഡ്ജിമാരെ അറസറ്റ് ചെയ്തുകൊണ്ടുവരാന്‍ നിര്‍ദേശിച്ചത്.
കോടതി വേനലവധിക്ക് അടക്കുന്നതിന്റെ തലേന്നാണ് എട്ട് ജഡ്ജിമാര്‍ക്കും തടവുശിക്ഷ ജസ്റ്റിസ് കര്‍ണന്‍ വിധിച്ചത്. ഇത് പക്ഷേ പുറത്തുവന്ന പത്രങ്ങളോട് ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കല്‍പിക്കുകയായിരുന്നു ഇന്നലെ സുപ്രീംകോടതി ചെയ്തിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സത്ത തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് ജസ്റ്റിസ് കര്‍ണന്റെ നിലപാടുകള്‍ പൊതുവെ നിയമവൃത്തങ്ങള്‍ കാണുന്നത്. ഭരണഘടനപ്രകാരം സുപ്രീംകോടതി വിധിയാണ് നിയമമെന്നിരിക്കെ അതിനെതിരെ ജസ്റ്റിസ് കര്‍ണന്‍ നടത്തിയ നീക്കങ്ങളെല്ലാം ജനങ്ങളുടെ മുന്നില്‍ നീതിന്യായവ്യവസ്ഥിതിയെയും അദ്ദേഹത്തെതന്നെയും കുറ്റവാളികളാക്കുകയാണ് സംഭവിച്ചത്. ഇത് പക്ഷേ ഗൗരവമായി എടുക്കാന്‍ നിര്‍ഭാഗ്യവശാല്‍ ജസ്റ്റിസ് കര്‍ണന്‍ തയ്യാറായില്ലെന്നതിന്റെ സൂചനയായിരുന്നു സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ നിരന്തര കല്‍പനകള്‍. പൊതുജനങ്ങളുടെ ദൃഷ്ടിയില്‍ നീതിപീഠം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വരെ ഇതുകൊണ്ടെത്തിച്ചു. സുപ്രീംകോടതി കടുത്ത നടപടിയിലേക്ക് പോയതുതന്നെ ഇത്തരമൊരു പ്രവണത മേലില്‍ സംഭവിക്കരുതെന്നതുകൊണ്ടായിരിക്കണം. ഈ വിധി ഈ അധ്യായത്തിലെ കളങ്കം കഴുകിക്കളയുമെന്ന് പ്രതീക്ഷിക്കാം.

chandrika: