ടി.എച്ച് ദാരിമി
ഒരു വ്യക്തിയുടെ ബാഹ്യമായ കെട്ടിനും മട്ടിനും ചില സ്വാധീനങ്ങളുണ്ട്. അവ അവന്റെ വ്യക്തിത്വത്തെ ജ്വലിപ്പിക്കുന്നു. അവനെ വേറിട്ട് അടയാളപ്പെടുത്തുന്നു. അവന് മാന്യമായ സ്ഥാനവും മാനവും കല്‍പ്പിക്കുന്നു. അവന്‍ അവഗണിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും പരിഗണിക്കപ്പെടാന്‍ വാദിക്കുകയും ചെയ്യുന്നു. വസ്ത്രങ്ങളുടെ നിറവും ഗുണവും അവ ധരിച്ചിരിക്കുന്നതിന്റെ ആകര്‍ഷണീയതയും തലമുടി കൈകാര്യം ചെയ്തിരിക്കുന്ന വിധവും മുഖത്തെയും മുഖത്തുള്ളവയെയും പരിചരിച്ചിരിക്കുന്ന ശൈലിയും പല്ല്, നഖം തുടങ്ങിയവ പരിപാലിച്ചിരിക്കുന്ന രൂപവും മുതല്‍ പാദരക്ഷകള്‍ വരെ ഈ കെട്ടിലും മട്ടിലും പെടുന്നു. ഇതെല്ലാം മാന്യവും ആകര്‍ഷകവുമാവുമ്പോഴാണ് ഇവ ഒരു വ്യക്തിക്ക് അഴകിനോടൊപ്പം മാന്യതയും നിലയും വിലയും കല്‍പ്പിക്കുന്ന ഘടകങ്ങളായി മാറുന്നത്. ഇത്തരത്തിലൊരു മാന്യമായ വ്യക്തിത്വം ഓരോരുത്തര്‍ക്കും ഉണ്ടാവണം എന്നാണ് ഇസ്‌ലാമിന്റെ ആഗ്രഹം. അതുകൊണ്ട് ഇക്കാര്യങ്ങളില്‍ എല്ലാം അതീവ ശ്രദ്ധയും കണിശതയും പുലര്‍ത്താനും തന്റെ കെട്ടും മട്ടും ആകര്‍ഷകമാക്കാനും ഇസ്‌ലാം താല്‍പര്യപ്പെടുന്നു.
പാരത്രിക മോക്ഷമാണ് ഇസ്‌ലാമിന്റെ പരമ ലക്ഷ്യം. പക്ഷേ എന്നിട്ടും അത് ഭൗതിക ജീവിതത്തെ വല്ലാതെ ശ്രദ്ധിക്കുന്നു. പല്ല് തേക്കുന്നതും വസ്ത്രം ധരിക്കുന്നതും മുതല്‍ ലൈംഗിക ബന്ധങ്ങളില്‍ വരെ ഇസ്‌ലാം കടന്നുവരികയും അതൊക്കെ എവ്വിധമായിരിക്കണമെന്ന് ഇടപെടുകയും ചെയ്യുന്നു. ഇതെന്തുകൊണ്ടാണ്?. ഭൗതിക ലോകത്തെ ജീവിതം ക്ഷണികമാണെങ്കിലും ഇവിടെ എന്ത്, എങ്ങനെ ചെയ്യുന്നതിലും പരിമിതമായ അര്‍ഥം മാത്രമേയുള്ളൂ എങ്കിലും ഈ ജീവിതം നബി(സ) പറഞ്ഞതുപോലെ പാരത്രിക ജീവിതത്തിനുള്ള കൃഷിയിടമാണ്. കൃഷി ആഖിറത്തിലേക്കുള്ളതാണെങ്കിലും അതു ചെയ്യുന്നത് ദുനിയാവില്‍ വെച്ചാണ്. അതു ചെയ്യുന്നത് സമ്പൂര്‍ണ്ണമായ മനസ്സാന്നിധ്യത്തോടെയായിരിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ അത് പരിപൂര്‍ണ്ണവും പ്രതിഫല പ്രതീക്ഷയുള്ളതുമാകൂ. അതിനായി കൃഷിയിടത്തെ കൂടി സൗകര്യപ്രദവും സംതൃപ്ത ദായകവും ആക്കേണ്ടതുണ്ട്. നല്ല കെട്ടും മട്ടും വൃത്തിയും വെടിപ്പും എല്ലാം ഒരാള്‍ക്ക് മാനസിക ആഹ്ലാദങ്ങളും സന്തോഷങ്ങളും നല്‍കുന്നു. ആ ആഹ്ലാദങ്ങളും സന്തോഷങ്ങളുമാവട്ടെ സദ്കര്‍മ്മങ്ങള്‍ ശ്രദ്ധയോടെയും താല്‍പര്യത്തോടെയും ചെയ്യാന്‍ വേണ്ട ഊര്‍ജം പകരുകയും ചെയ്യുന്നു. അതുകൊണ്ടാണ് മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളില്‍ ഇത്രമാത്രം കണിശമായി ഇസ്‌ലാം ഇടപെടുന്നത്.
മൊത്തത്തിലുള്ള ശാരീരിക വൃത്തിയുടെ കാര്യത്തില്‍ ഇസ്‌ലാം വളരെ കണിശത പുലര്‍ത്തുന്നു. വൃത്തിയെ സത്യവിശ്വാസത്തിന്റെ അര്‍ധാംശമായി വിവരിക്കുന്ന ഹദീസ് ഇക്കാര്യത്തിന്റെ പ്രാധാന്യം കുറിക്കുന്നു. വൃത്തി മാന്യതയുടെ നിദര്‍ശനമാണ്. അത് മാന്യതയും അതുവഴി മറ്റുള്ളവരുടെ അംഗീകാരവും സ്‌നേഹ ബഹുമാനങ്ങളും നേടിത്തരുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ശുദ്ധീകരണമായ കുളിയെ ഇസ്‌ലാം നിര്‍ബന്ധവും ഐഛികവുമായി ഒരു പാട് തവണ ആവര്‍ത്തിക്കുന്നുണ്ട്. പൊതുവെ ജനങ്ങള്‍ കൂടുന്ന എല്ലാ രംഗങ്ങളിലും കുളിച്ചിരിക്കല്‍ സുന്നത്താണ്. അതിനു പുറമെ ഓരോ നമസ്‌കാരങ്ങളും ആരംഭിക്കുന്നതിനു മുമ്പ് വുളൂഅ് ചെയ്തിരിക്കണമെന്ന് പറയുന്നതും ഇതേ താല്‍പര്യത്തിലാണ്. ശരീരത്തില്‍ ഒരാള്‍ പൊതുവെ തുറന്നിടുന്നതും അതിനാല്‍ തന്നെ മാലിന്യങ്ങള്‍ വന്നടയാന്‍ സാധ്യത കൂടുതലുള്ളതുമായ അവയവങ്ങളാണ് വുളൂഇല്‍ പ്രധാനമായും കഴുകേണ്ടത്.
പല്ലു തേക്കുന്ന കാര്യത്തില്‍ ഇസ്‌ലാം പുലര്‍ത്തുന്ന നിര്‍ബന്ധം നബി(സ)യുടെ ഒരു വാചകത്തില്‍ നിന്നു ഗ്രഹിക്കാം. നബി(സ) പറഞ്ഞു: ‘എന്റെ സമുദായത്തിന് ഒരു പ്രയാസമാവില്ലായിരുന്നു എങ്കില്‍ എല്ലാ വുളൂഇന്റെ സമയത്തും പല്ല് തേക്കല്‍ നിര്‍ബന്ധമാണ് എന്നു ഞാന്‍ കല്‍പ്പിക്കുമായിരുന്നു’ (ബുഖാരി, മുസ്‌ലിം). വീട്ടില്‍ വന്നു കയറുന്ന നബി(സ) തങ്ങള്‍ ആദ്യം മിസ്‌വാക്ക് ചെയ്യാറായിരുന്നു പതിവ് എന്ന് പത്‌നി ആയിശ (റ) പറയുന്നു. (മുസ്‌ലിം) സുഗന്ധം ഉപയോഗിക്കുന്നതിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യവും ഈ അധ്യായത്തില്‍ പെട്ടതാണ്. എല്ലായ്‌പ്പോഴും സുഗന്ധം ഉപയോഗിക്കുന്നത് സുന്നത്താണ്. ഉമര്‍(റ) ഇത്രത്തോളം പറയുകയുണ്ടായി: ‘ഒരാള്‍ തന്റെ ധനത്തിന്റെ മൂന്നിലൊന്ന് സുഗന്ധത്തിനായി ചെലവഴിച്ചാലും അത് ദുര്‍വ്യയമാവുകയില്ല തന്നെ’.
വസ്ത്രങ്ങള്‍ ഒരു വ്യക്തിയുടെ വൃത്തിയുടെയും മാന്യതയുടെയും മാനദണ്ഡങ്ങളാണ്. അവ സദാ വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഇസ്‌ലാം പറയുന്നു. മുഷിഞ്ഞതും പിന്നിയതുമായ വസ്ത്രങ്ങള്‍ നബി(സ) ധരിക്കാറില്ലായിരുന്നു. നബിക്കത് ഇഷ്ടവുമില്ലായിരുന്നു. ഉള്ളത് വൃത്തിയാക്കി ധരിക്കുക എന്നതായിരുന്നു നബിയുടെ കാഴ്ചപ്പാട്. ജാബിര്‍(റ) ഒരിക്കല്‍ നബി(സ) അവരുടെ വീട്ടില്‍ അതിഥിയായി ചെന്ന സംഭവം അനുസ്മരിക്കുന്നുണ്ട്. അവിടെ നബിയെ കാണാന്‍ വന്നുകൂടിയവരുടെ ഇടയില്‍ വളരെ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഒരാളെ നബി കാണാനിടയായി. നബി(സ) അദ്ദേഹത്തിന്റെ കാര്യത്തില്‍ കടുത്ത അനിഷ്ടം രേഖപ്പെടുത്തി. മാത്രമല്ല നബി(സ) പറയുകയും ചെയ്തു: ‘ഇയാള്‍ക്കെന്താ വസ്ത്രമൊന്നു കഴുകാനുള്ളതൊന്നും ഇല്ലേ?’ (അഹ്മദ്, നസാഈ). വസ്ത്രങ്ങളടക്കം ജീവിത ഉപാധികളൊക്കെ കുറവായ ഒരു കാലമായിരുന്നു നബിയുടേത്. അമിതമായ വ്യയങ്ങളെയെല്ലാം നബി(സ)യും ഇസ്‌ലാമും നിരുത്‌സാഹപ്പെടുത്തുന്ന കാലവുമായിരുന്നു. എന്നിട്ടും നബി(സ) പറയുകയുണ്ടായി: ‘വെള്ളിയാഴ്ച മാത്രം ധരിക്കാന്‍ രണ്ട് (ഒരു കൂട്ടം) വസ്ത്രവും ജോലിക്കുള്ള രണ്ടു വസ്ത്രം വേറെയും സംഘടിപ്പിക്കുന്നതില്‍ (ദുര്‍വ്യയത്തിന്റെയും അഹങ്കാരത്തിന്റെയും) കുഴപ്പമൊന്നുമില്ല’ (അബൂ ദാവൂദ്, ഇബ്‌നു മാജ)
മനുഷ്യരുടെ ബാഹ്യ ഭാവങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് തലമുടി. തലമുടി മാന്യമായി മുറിച്ചും ചീകിയൊതുക്കിയും പരിചരിക്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. നബി(സ) പറയുന്നു: ‘ഒരാള്‍ക്ക് മുടിയുണ്ടെങ്കില്‍ അയാള്‍ അതിനെ ബഹുമാനിക്കട്ടെ’ (അബൂദാവൂദ്) മുടിയെ മറ്റുള്ളവരുടെ ആകര്‍ഷക ബിന്ദുവാക്കി മാറ്റാന്‍ വേണ്ടതു ചെയ്യട്ടെ എന്നാണ് ഈ ബഹുമാനത്തിന്റെ അര്‍ഥമെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നു. പാറിപ്പറന്നതും ജഢപിടിച്ചതുമായ മുടി പിശാചിന്റെ ഭാവമാണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ നബി(സ) പള്ളിയില്‍ ഇരിക്കുമ്പോള്‍ തലമുടി പാറിപ്പറന്നുകൊണ്ടുള്ള ഒരാള്‍ അങ്ങോട്ടു കടന്നുവന്നു. നബി(സ) ഏതോ പ്രധാനപ്പെട്ട വര്‍ത്തമാനത്തിലായിരുന്നു. നബി അദ്ദേഹത്തോട് മുടി നന്നാക്കിവരാന്‍ ആംഗ്യം കാണിച്ചു. അയാള്‍ പോയി മുടി ഒതുക്കി വന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘ഇതല്ലേ പാറിപ്പറന്ന മുടിയുമായി ഒരു ചെകുത്താനെ പോലെ വരുന്നതിനേക്കാള്‍ ഉത്തമം?’ (മാലിക്).
നബി(സ) മുടി വളര്‍ത്തുന്ന പ്രകൃതക്കാരനായിരുന്നു. പക്ഷെ ഒരിക്കലും നബിയുടെ മുടി അലക്ഷ്യമായി പാറിപ്പറക്കുന്ന തരത്തില്‍ ആരും കണ്ടിട്ടില്ല. പ്രൗഢമായ ഒരു തലപ്പാട് എപ്പോഴും നബി(സ)യുടെ തലയിലുണ്ടാകുമായിരുന്നു. അതിനിടയിലൂടെ പോലും ചീകിയൊതുക്കമില്ലാതെ ആ തിരുമുടി കാണപ്പെടില്ലായിരുന്നു. അപ്രകാരം തന്നെ മുടിയിലെ ലിംഗ സവിശേഷതകള്‍ ലംഘിക്കപ്പെടുന്നതും നബി(സ) അനുവദിക്കുമായിരുന്നില്ല. ആണിനും പെണ്ണിനും അവരവരുടെ വൈകാരികവും വൈചാരികവുമായ സവിശേഷതകള്‍ക്കനുസരിച്ചുള്ള മുടിയാണ് നല്‍കപ്പെട്ടിരിക്കുന്നത്. അതവഗണിച്ച് ആണ് പെണ്ണിന്റെയോ പെണ്ണ് ആണിന്റേയോ മുടി വേഷങ്ങള്‍ പുലര്‍ത്തുന്നത് വേഷവിധാനങ്ങള്‍ പോലെ തന്നെ ശരിയല്ല.
വേഷവിധാനങ്ങള്‍ എപ്പോഴും പ്രൗഢവും മാന്യവും ഭംഗിയുള്ളതുമായിരിക്കണം. ഒരു താല്‍കാലിക വേദിയിലേക്കോ വേളയിലേക്കോ ആണെങ്കില്‍ പോലും നല്ല വേഷത്തിലും കെട്ടിലും മട്ടിലും മാത്രമേ പ്രത്യക്ഷപ്പെടാവൂ. ഒരിക്കല്‍ ഒരു കൂട്ടം സ്വഹാബിമാര്‍ നബി(സ)യെ കാണാന്‍ വീട്ടില്‍ വന്നു. അവര്‍ വന്നതറിഞ്ഞ ഉടനെ നബി(സ) എഴുനേറ്റ് നല്ല വസ്ത്രം ധരിച്ച് അവിടെ ഉണ്ടായിരുന്ന ഒരു വെള്ളപ്പാത്രത്തില്‍ നോക്കി മുഖവും താടിയും തലപ്പാവുമെല്ലാം ശരിപ്പെടുത്തി. അവിടെ ഉണ്ടായിരുന്ന കണ്ണാടി സൗകര്യം അത്ര മാത്രമായിരുന്നു. അതുകണ്ട് അല്‍ഭുത പരതന്ത്രയായ ആയിഷ(റ) ആരാഞ്ഞു: ‘നബിയേ താങ്കള്‍ ഇങ്ങനെയൊക്കെ ചെയ്യുകയോ?’. അതുകേട്ട നബി(സ) പ്രതികരിച്ചു: ‘ഒരാള്‍ തന്റെ സഹോദരങ്ങളുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ തന്റെ ശരീരത്തെ ഒതുക്കി ഒരുക്കട്ടെ, നിശ്ചയം അല്ലാഹു ഭംഗിയുള്ളവനും ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാകുന്നു’.