X

അതിര്‍ത്തി കാക്കാന്‍ ആരുമില്ലാതാവരുത്

പാക് അധീന കശ്മീരില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരുടെ വന്‍ സംഘം തമ്പടിച്ചിരിക്കുന്നുവെന്ന സൈന്യത്തിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഭീകരര്‍ നിലയുറപ്പിക്കുന്നതിന് പാക് അധീന കശ്മീരില്‍ തയാറായ ‘ടെറര്‍ ലോഞ്ച് പാഡ്’ താവളങ്ങള്‍ അതിര്‍ത്തിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസമായി വെടിവെപ്പിലും ഏറ്റുമുട്ടലുകളിലുമായി സൈനികരുള്‍പ്പെടെ നിരവധി ജീവനുകളാണ് പൊലിഞ്ഞുവീണത്. ഭരണമാറ്റം പാകിസ്താന്റെ മനോഗതിയില്‍ മാറ്റം വരുത്തിയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ക്രൂരമായ നരഹത്യകളത്രയും. നിയന്ത്രണ രേഖയുടെ മൂന്നു കിലോ മീറ്റര്‍ പരിധിക്കുള്ളിലെത്തിയ ഭീകരരക്ഷസുകളെ പിടിച്ചുകെട്ടിയില്ലെങ്കില്‍ അതിര്‍ത്തിയിലെ ചോരച്ചാലുകളില്‍ മനുഷ്യ കബന്ധങ്ങള്‍ ഇനിയുമൊഴുകും. ഇന്ത്യന്‍ സൈന്യത്തിന്റെ സഹിഷ്ണുത ബലഹീനമായി കാണുന്ന പാക് ഭീകരരെ വേരോടെ പിഴതെറിയുകയാണ് വേണ്ടത്. അതിര്‍ത്തി കാക്കുന്ന വീരസൈനികര്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ അഴിമതിയും നയവൈകല്യങ്ങളുംകൊണ്ട് ആടിയുലയുന്ന കേന്ദ്ര സര്‍ക്കാറിന് അതിര്‍ത്തിയിലെ കാവല്‍ക്കാരിലേക്ക് ജാഗ്രതയോടെ കണ്ണെത്തിക്കാന്‍ കഴിയുന്നില്ലെന്ന എന്നതാണ് വസ്തുത. റഫാല്‍ യുദ്ധവിമാന കരാറിലെ കാട്ടുകൊള്ള പുറത്തറിഞ്ഞതിന്റെ ജാള്യതയില്‍ പ്രധാനമന്ത്രിയും പ്രതിരോധ വകുപ്പും പകച്ചുനില്‍ക്കുന്നതിനിടയിലാണ് അതിര്‍ത്തിയില്‍ സൈനികര്‍ വീരമൃത്യു വരിക്കുന്നതെന്ന് കാര്യം ഓര്‍ക്കേണ്ടതുണ്ട്.
നാലു ദിവസം മുമ്പ് ജമ്മുകശ്മീരില്‍ മൂന്ന് സൈനികരും അഞ്ച് ഭീകരരും ആറ് സിവിലിയന്‍മാരുമടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. രജൗറിയില്‍ നിയന്ത്രണ രേഖക്കു സമീപമാണ് പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടത്. ഒരു സൈനികനു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പട്രോളിങ്ങിനിടെ സൈന്യത്തിനുനേരെ സായുധരായ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തിരിച്ചടിച്ച സൈന്യം രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചുവെന്ന് പ്രതിരോധ വക്താവ് ലഫ്. കേണല്‍ ദേവേന്ദ്ര ആനന്ദ് വ്യക്തമാക്കിയിരുന്നു. രണ്ട് എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ സര്‍വായുധ സജ്ജരായാണ് ഭീകരര്‍ ഇന്ത്യന്‍ സൈനികരെ കടന്നാക്രമിച്ചത്. പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനൊപ്പം നുഴഞ്ഞു കയറുന്ന ഭീകരര്‍ക്ക് ശക്തമായ രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. പാക് സൈന്യത്തിന്റെ അറിവില്ലാതെ ഒരൊറ്റ ഭീകരനും നിയന്ത്രണ രേഖയുടെ അടുത്തേക്ക് എത്താനാവില്ല. പാക് ഭരണകൂടം ഇതെല്ലാം നിസംഗതയോടെ നോക്കിക്കാണുന്ന പ്രവണത തുടരുന്നത് ആത്മഹത്യാപരമാണെന്ന് താക്കീതു നല്‍കാന്‍ പ്രധാനമന്ത്രി തയാറാവണം. പുതുപ്രതീക്ഷ പകര്‍ന്ന് അധികാരത്തിലേറിയ ഇമ്രാന്‍ഖാന്‍ സര്‍ക്കാറും മുന്‍ഗാമികളില്‍നിന്ന് വ്യതിരക്തനല്ല എന്ന സൂചന നല്‍കുന്നതിന്റെ നേര്‍ചിത്രങ്ങളാണ് അതിര്‍ത്തിയില്‍ പടരുന്ന പുകപടലങ്ങളൊക്കെയും. സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്ന സന്ദര്‍ഭങ്ങളില്‍ വഴിമാറിപ്പോകുന്ന പാക് ഉദ്യോഗസ്ഥരുടെ പിന്മാറ്റവും യാദൃച്ഛികമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇന്ത്യ മാത്രം വിചാരപ്പെട്ടതുകൊണ്ടു കാര്യമില്ലെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. പാകിസ്താന്‍ അതിര്‍ത്തി ലംഘിച്ചുവെന്ന പേരില്‍ ഇന്ത്യന്‍ സൈനികനോട് ചെയ്ത നെറികേടിന്റെ നൂറിലൊരംശം നീതികേടു പോലും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാല്‍ ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ഇന്ത്യന്‍ സൈന്യത്തെ കൊന്നൊടുക്കുകയും സൈനിക ടാങ്കുകള്‍ തകര്‍ക്കുകയും ചെയ്യുന്ന പാകിസ്താന്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്.
കുല്‍ഗാമില്‍ മൂന്നു ഭീകരരെയാണ് കഴിഞ്ഞദിവസം സുരക്ഷാ സൈന്യം വകവരുത്തിയത്. ശക്തമായ ഏറ്റുമുട്ടലിന് സര്‍വ സന്നാഹങ്ങളുമായെത്തിയതായിരുന്നു ഭീകരര്‍. വ്യവസ്ഥാപിത സൈനിക ശക്തിയോട് ഏറ്റുമുട്ടാന്‍ മാത്രം ആയുധവും ആത്മബലവും പാകിസ്താന്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. ഏറ്റുമുട്ടലില്‍ തലനാരിഴക്കാണ് രണ്ടു സൈനികര്‍ രക്ഷപ്പെട്ടത്. സൈനിക നീക്കത്തിലെ ഭയപ്പാടില്‍ ബോംബെറിഞ്ഞ ഭീകരര്‍ ആറു സിവിലിയന്‍മാരുടെ ജീവനാണെടുത്തത്. ബോംബേറില്‍ 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭീകരരുടെ അത്യാധുനിക ഷെല്ലാക്രമണത്തിനു പിന്നിലെ ശക്തിയാരെന്ന് സൈന്യത്തിന് നന്നായറിയാം. ലാറോ മേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭീകരര്‍ക്കായി സൈന്യം നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനക്കു നേരെ ഭീകരര്‍ വെടിവെച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി പാക് അധീന കശ്മിരില്‍ ഭീകരരുടെ വന്‍ സംഘം തമ്പടിച്ചിരിക്കുന്നതായി സൈന്യം നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. മഞ്ഞുവീഴ്ച ശക്തമാകുന്നതോടെ പര്‍വതപ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം ദുഷ്‌കരമാകുമെന്നതിനാല്‍ അതിനു മുന്നോടിയായി നുഴഞ്ഞുകയറാനായിരുന്നു ഭീകരരുടെ പദ്ധതി. ഇതിനായി 30 താവളങ്ങളിലായി 300 ഭീകരരാണ് തയാറെടുപ്പ് നടത്തി തമ്പടിച്ചിരുന്നത്. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നതെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സിന് അറിവുണ്ടായിട്ടും ഇന്ത്യന്‍ സൈന്യം കാര്യമായ കരുതലൊരുക്കാത്തതാണ് സൈനികരും സിവിലിയന്മാരും പിടഞ്ഞുവീണു മരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഈ വര്‍ഷം മെയ് 30ന് ശേഷം 23 ഭീകരരെ സൈന്യം കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാള്‍ എത്രയോ ഇരട്ടി ജീവനുകളാണ് അതിര്‍ത്തിയില്‍ ഇന്ത്യക്കു നഷ്ടപ്പെട്ടത്. നിയന്ത്രണരേഖ മറികടക്കാന്‍ ഭീകരര്‍ക്ക് സഹായം നല്‍കുന്ന പാക് സൈന്യത്തെ നിലക്കുനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്നതാണ് പൊടുന്നനെയുള്ള മിന്നലാക്രമണങ്ങള്‍ക്ക് വഴിവെക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവമായ സമീപനം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ പാക് ഭരണകൂടത്തെ ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടുത്തുകയും പരിഹാരം കണ്ടില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പു നല്‍കുകയും വേണം. പലതവണ പ്രകോപനമുണ്ടായിട്ടും വെടിനര്‍ത്തല്‍ കരാര്‍ അക്ഷരംപ്രതി പാലിക്കുകയാണ് നമ്മുടെ സൈനികര്‍ ചെയ്യുന്നത്. എന്നാല്‍ ഇത് ഒരുവിഭാഗത്തിന്റെ മാത്രം ബാധ്യതയാണെന്ന പോലെയാണ് പാകിസ്താന്‍ പെരുമാറുന്നത്. നഗ്നമായ കരാര്‍ ലംഘനം നടത്തുന്ന പാകിസ്താനെ അര്‍ഹിച്ച അര്‍ത്ഥത്തില്‍ പ്രതിഷേധം അറിയിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. അതിര്‍ത്തിയില്‍ എക്കാലവും അസ്വസ്ഥതയുടെ പൊടിപടലങ്ങള്‍ ഉയര്‍ന്നാല്‍ മാത്രമേ രാഷ്ട്രീയ ലാഭം കൊയ്യാനാവുകയുള്ളൂവെന്ന ബി.ജെ.പിയുടെ കുടിലതന്ത്രമാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. വരുന്ന പൊതുതെരഞ്ഞെടുപ്പിലും അതിര്‍ത്തി പ്രശ്‌നങ്ങളില്‍ നിന്നു വോട്ടു കൊയ്‌തെടുക്കാനാകുമോ എന്ന ഗവേഷണത്തിലാണ് മോദി ക്യാമ്പ്. ഇതിനുള്ള ആസൂത്രിത നീക്കമായി അതിര്‍ത്തിയിലെ നിസംഗതയെ നോക്കിക്കാണേണ്ടതുണ്ട്.

chandrika: