പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ദേശീയ തെരഞ്ഞെടുപ്പുകമ്മീഷന്‍ ഈമാസം ഒടുവില്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിലെ മുഖ്യലക്ഷ്യം മതേതര ഇന്ത്യയുടെ നിലനില്‍പ്പ് തന്നെയാണെന്ന കാര്യത്തില്‍ രാജ്യസ്‌നേഹികളായ ആര്‍ക്കും സംശയത്തിന് വകയുണ്ടാവില്ല. സാമൂഹികവും സാമ്പത്തികവുമായി അത്രകണ്ട് കലുഷിതവും ആശങ്കാജനകവുമായ അന്തരീക്ഷമാണ് രാജ്യത്തുടനീളം ഇപ്പോള്‍ നിലനില്‍ക്കുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ചുരുക്കം ചിലയിടങ്ങളില്‍ മാത്രം മുന്‍കാലത്തുണ്ടായിരുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും രാജ്യത്താകമാനം വ്യാപിപ്പിച്ചതാണ് ഇന്നത്തെ കേന്ദ്ര ഭറണം രാജ്യത്തിനുണ്ടാക്കിയ ‘നേട്ടം’. ഈ ദുസ്ഥിതിക്ക് വഴിവെച്ചതും നേതൃത്വം കൊടുത്തതും രാജ്യം ഭരിക്കുന്ന കക്ഷിയും അതിന്റെ സഹസംഘടനകളുമാണെന്നത് ഞെട്ടലോടെയാണ് ജനത ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ സന്നിഗ്ധ ഘട്ടത്തില്‍ കോണ്‍ഗ്രസും മുസ്്‌ലിംലീഗും അടക്കമുള്ള മതേതരത്വ കക്ഷികള്‍ പുലര്‍ത്തുന്ന നിതാന്തമായ ജാഗ്രതയാണ് രാജ്യം അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതേതരത്വ പാരമ്പര്യം കൂടുതല്‍ ശക്തിപ്പെടണമെന്നഭിലഷിച്ചുള്ള നയനിലപാടുകളാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങള്‍തൊട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് പ്രസ്ഥാനം കൈക്കൊണ്ടിട്ടുള്ളത്. മത വര്‍ഗീയതക്കും ജാതീയതക്കുമെതിരെ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി കോണ്‍ഗ്രസിന്റെ മതേരതര വികസന ചേരിയോട് ചേര്‍ന്നുനിന്നുകൊണ്ട് ജനാഭിലാഷം സാക്ഷാത്കരിക്കുകയെന്ന സുനിശ്ചിതമായ നിലപാടായിരുന്നു മുസ്്‌ലിംലീഗിന്റേത്. സമൂഹത്തില അരികുവത്കരിക്കപ്പെട്ട മത ന്യൂനപക്ഷ-അധ:സ്ഥിത ജനവിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കുന്നതിന് ദേശീയ മുഖ്യധാരയുമായി രാജ്യത്തെ പിന്നാക്ക ജനതയെ ചേര്‍ത്തിനിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മുസ്‌ലിംലീഗ് നിര്‍വഹിച്ചതെന്ന് ആധുനിക ഇന്ത്യാചരിത്രം സുതരാം സുവ്യക്തമാക്കിയിട്ടുള്ളതാണ്.
നിര്‍ഭാഗ്യവശാല്‍ അടുത്ത കാലത്തായി തെരഞ്ഞെടുപ്പുഗോദയില്‍ കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന് മുറവിളി കൂട്ടുന്നവര്‍ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുക എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് കഴിഞ്ഞ നാലേമുക്കാല്‍കൊല്ലം കൊണ്ട് ഇന്ത്യ നേരിട്ടനുഭവിച്ചറിഞ്ഞത്. ആര്‍.എസ്.എസ്-സംഘ്പരിവാര്‍ നിയന്ത്രിത ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദലിതുകളും മറ്റും തങ്ങളുടെ വിശ്വാസത്തിന്റെയും സംസ്‌കാരങ്ങളുടെയും ഭക്ഷണത്തിന്റെപോലും പേരില്‍ ചവിട്ടിമെതിക്കപ്പെടുകയും പട്ടാപ്പകല്‍ തെരുവുകളില്‍ കൊലചെയ്യപ്പെടുകയും ചെയ്യുന്ന ദയനീയാവസ്ഥ നേരില്‍കണ്ട് അനുഭവിച്ചതാണ് ഇന്ത്യന്‍ ജനത. ലോകാസമസ്‌തോ സുഖിനോ ഭവന്തു: എന്നുദ്‌ഘോഷിക്കുന്ന സനാതന മതത്തിന്റെ മേല്‍വിലാസത്തിലാണ് പശുവിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സംഘ്പരിവാരം ഇതൊക്കെ ചെയ്തതെന്നത് വലിയ ലജ്ജയും ഭീതിയുമാണ് പൗരന്മാരിലുളവാക്കിയിട്ടുള്ളത്. ഈ കരാള ഘട്ടത്തില്‍ കോണ്‍ഗ്രസിനെപോലെ രാജ്യത്താകമാനം വേരുകളുള്ള ഒരു രാഷ്ട്രീയ കക്ഷി വേറെയില്ലെന്നതും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും വര്‍ഗീയ പ്രതിലോമ ശക്തികള്‍ക്കെതിരെ ത്യാഗ മനസ്സോടെ പോരാടി സജീവമായി രംഗത്തുണ്ടെന്നുമുള്ളതുമാണ് രാജ്യത്തിനും ന്യൂനപക്ഷ മതേതര സമൂഹത്തിനും മുമ്പാകെയുള്ള ഏകആശ്വാസം.
1985ല്‍ ഏക സിവില്‍കോഡിനെതിരെയും 1986ല്‍ മുസ്‌ലിംസ്ത്രീകളുടെ വിവാഹാനാന്തര ജീവനാംശ കാര്യത്തിലും മുസ്്‌ലിംലീഗ് നേതാവ് ഗുലാംമഹ്മൂദ് ബനാത്‌വാല കൊണ്ടുവന്ന സ്വകാര്യ ബില്ലുകളാണ് പുതിയ നിയമങ്ങള്‍ പാസാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് പ്രേരകമായത്. 2004 മുതല്‍ 2014 വരെ അന്തരിച്ച ഇ.അഹമ്മദിന്റെ മന്ത്രിസഭാസാന്നിധ്യത്തിലൂടെ രണ്ട് യു.പി.എ സര്‍ക്കാരിലും മുസ്്‌ലിംലീഗിന് പ്രാതിനിധ്യം ലഭിക്കുകയുണ്ടായി. നിലവില്‍ കേരളത്തില്‍നിന്ന് രണ്ട് ലോക്‌സഭാംഗങ്ങളും രാജ്യസഭയില്‍ ഒരംഗവുമാണ് പാര്‍ട്ടിക്കുള്ളത്. അടുത്തിടെ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെതിരെ ഈ മൂവരും അതിശക്തമായ ഭാഷയിലാണ് സംസാരിച്ചതും അതിനെതിരായി വോട്ടു രേഖപ്പെടുത്തിയതും. മുത്വലാഖ് ബില്ലിന്റെ കാര്യത്തിലും ഇതേനിലപാടുതന്നെയായിരുന്നു മുസ്്‌ലിംലീഗിന്.
ഇതെല്ലാം ബോധ്യപ്പെടുത്തുന്നത് മുസ്്‌ലിംകളാദി മതന്യൂനപക്ഷങ്ങള്‍ക്കുനേരെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്ന നീറുന്ന വിഷയങ്ങളില്‍ മുസ്‌ലിംലീഗിന് വ്യതിരിക്തമായ ആശയങ്ങളും നിലപാടുകളും ഉണ്ടെന്നുള്ളതും അതിനായി ഏതറ്റംവരെയും പാര്‍ട്ടി പോകുമെന്നും തന്നെയാണ്. മുത്വലാഖിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും സര്‍ക്കാരില്‍ നിന്നും ഭിന്നമായ നിലപാടെടുത്തപ്പോള്‍, പിന്നാക്ക വിഭാഗങ്ങളുടെ സാമുദായിക സംവരണം എന്ന ഭരണഘടനാപരമായ ബാധ്യതക്ക് കത്തിവെക്കുന്ന സാമ്പത്തിക സംവരണ കാര്യത്തില്‍ സി.പി.എം ആദ്യമേ സ്വീകരിച്ച നിലപാട് മോദി സര്‍ക്കാരിന് പിന്തുണ നല്‍കുന്നതായിരുന്നു. കോണ്‍ഗ്രസുമായി പശ്ചിമബംഗാളില്‍ സഹകരിക്കാന്‍ ഇപ്പോള്‍ പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ കയറ്റി ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് തടയിടുക എന്ന ഉറച്ച നിലപാടല്ല സി.പി.എം ദേശീയതലത്തില്‍ പൊതുവില്‍ സ്വീകരിച്ചിട്ടുള്ളതെന്നതും മറക്കാനാവില്ല. ഒരു മതേതര പാര്‍ട്ടിയുടെ കപട മുഖമാണ് ഇവിടെ അനാവൃമായിരിക്കുന്നത്.
ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി കോണ്‍ഗ്രസും ഇതര മതേതര കക്ഷികളും കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്ന് മുസ്‌ലിംലീഗ് കരുതുന്നു. ചെന്നൈയിലും ബംഗളൂരുവിലും തിരുവനന്തപുരത്തുമൊക്കെയായി നടന്ന മുസ്്‌ലിംലീഗ് ദേശീയ നിര്‍വാഹകസമിതി യോഗങ്ങളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഈ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനുള്ള ചുവടുകളാണ്. അതിന്റെ തുടര്‍ച്ചയാണ് ഞായറാഴ്ച മലപ്പുറത്തുചേര്‍ന്ന എം.പിമാരുടെയും എം.എല്‍.എമാരുടെ യോഗം.