മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ ഭൂ പ്രശ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കര്‍ഷകരേയും കയ്യേറ്റക്കാരേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഭൂ പ്രശ്‌നം സങ്കീര്‍ണമായതോടെ, കയ്യേറ്റക്കാര്‍ സംരക്ഷിക്കപ്പെടുകയും കര്‍ഷകരും തൊഴിലാളികളും കുടിയൊഴിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇടുക്കിയിലുണ്ടായിട്ടുള്ളത്. ഇതിന് പരിഹാരമെന്നോണം കഴിഞ്ഞ മന്ത്രിസഭാ യോഗം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതില്‍ പ്രധാനം കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ 15 സെന്റിന് താഴെയുള്ള പട്ടയങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനമാണ്.
ഫലപ്രദമായും നിക്ഷ്പക്ഷമായും നടപ്പാക്കുകയാണെങ്കില്‍ വിപ്ലവകരമായ തീരുമാനമാണത്. ഇടുക്കി ജില്ലയിലെ ദരിദ്ര കര്‍ഷകരും തൊഴിലാളികളും ഇന്നനുഭവിക്കുന്ന ദുരിതത്തില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ ഉപയുക്തമാകുമെങ്കില്‍ മന്ത്രിസഭാ തീരുമാനത്തെ എല്ലാവരും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഏറെ നാളായി ഭരണ ഉദ്യോഗസ്ഥ വൃന്ദം ഇടുക്കി ജില്ലയില്‍ നടത്തുന്ന പൊറാട്ടുനാടകത്തിന്റെ തിരക്കഥ പുതിയ കുപ്പിയില്‍ അവതരിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
15 സെന്റിന് താഴെയുള്ള പട്ടയ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കടുത്ത വ്യവസ്ഥകളാണ് വെച്ചിട്ടുള്ളത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് പട്ടയാംഗീകാരം നിഷേധിക്കാന്‍ കഴിയുംവിധമുള്ള ഉപാധികള്‍ ആവോളമുണ്ട് മന്ത്രിസഭാ നിര്‍ദ്ദേശത്തില്‍. അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടിയെങ്കിലും തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ കെട്ടിടവും ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്ന പേടിയില്‍ ഇടുക്കി ജില്ലയിലെ സാധാരണ മനുഷ്യര്‍ കഴിയേണ്ട ദുസ്ഥിതിയാണ് വന്നു ചേര്‍ന്നിരിക്കുന്നത്.
മന്ത്രിസഭാ തീരുമാനം ഇങ്ങനെയാണ്: ‘1964-ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ 15 സെന്റിന് താഴെയുള്ള പട്ടയഭൂമികളില്‍ ഉടമയുടെ ഉപജീവനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന തരത്തില്‍ 1500 ചതുരശ്ര അടിയ്ക്ക് താഴെ തറ വിസ്തൃതി മാത്രമുള്ള കെട്ടിടമാണ് ഉള്ളതെങ്കില്‍, ഭൂമി കൈവശം വച്ചയാള്‍ക്കും അയാളുടെ അടുത്ത ബന്ധുകള്‍ക്കും വേറെ എവിടെയും ഭൂമിയില്ലെന്ന് ആര്‍.ഡി.ഒ സാക്ഷ്യപ്പെടുത്തിയാല്‍ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന തീയതി വരെ അവ ക്രമീകരിക്കുന്നതിന് 1964-ലെ ഭൂചട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തും. ഇതിന് 1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരം പതിച്ചു നല്‍കിയ 15 സെന്റ് വരെയുള്ള പട്ടയഭൂമിയില്‍ 1500 ചതുരശ്ര അടിവരെ വിസ്തൃതി വരെയുള്ള കെട്ടിട്ടങ്ങള്‍ ഉള്ളവര്‍ അതവരുടെ ഏക വരുമാനം മാര്‍ഗ്ഗമാണെന്ന് തെളിയിക്കണം. അവ ജില്ലാ കലക്ടര്‍ പ്രത്യേകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കണം. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും. ഇതില്‍ പറയാത്ത പട്ടയഭൂമിയിലുള്ള വാണിജ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമിയും വസ്തുകളും സര്‍ക്കാര്‍ വീണ്ടെടുക്കും.’
വിപ്ലവകരമായ തീരുമാനമെന്ന് തോന്നലുണ്ടാക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാട് ജനാധിപത്യ ധാര്‍മികതയെ സംബന്ധിച്ച് അങ്ങേയറ്റം അപമാനകരമാണ്. ഇടുക്കിയിലെ മൊത്തം ജനത്തേയും കയ്യേറ്റക്കാരും കുടിയേറ്റക്കാരുമായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവിടുത്തെ ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രിസഭാ തീരുമാനത്തിന്റെ ആകെസത്ത, ഇടുക്കി ജനതയെയാകെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നുവെന്നതാണ്.
ഇടുക്കി ജില്ലയിലെ സി.പി.എം നേതൃത്വവും റവന്യൂ വകുപ്പും തമ്മില്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലം മുതല്‍ അസ്വാരസ്യത്തിലാണ്. കയ്യേറ്റത്തിന് കുടപിടിക്കുന്ന പ്രാദേശിക നേതൃത്വത്തെ പിന്തുണക്കുന്ന നിലപാടാണ് എല്ലായ്‌പോഴും സി.പി.എം സ്വീകരിച്ചിട്ടുള്ളത്. സി.പി.എം-സി.പി.ഐ തര്‍ക്കത്തിലേക്ക് നയിച്ച ഇടുക്കിയിലെ ഭൂപ്രശ്‌നം പരിഹരിക്കാനായി മന്ത്രിസഭയുടേതായി പുറത്തുവന്ന തീരുമാനങ്ങള്‍ ഇടതുമുന്നണിയില്‍ അജണ്ടയായി ചര്‍ച്ച ചെയ്തിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ടാകാം കയ്യേറ്റവും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും വെവ്വേറെ കാണുന്നതിന് പകരം ഇടുക്കി ജില്ലയിലെ ജനങ്ങളെയാകെ പരിഭ്രാന്തരാക്കുന്നതായി നിര്‍ഭാഗ്യവശാല്‍ മന്ത്രിസഭാ തീരുമാനം.
ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാരെ കണ്ടെത്താന്‍ മന്ത്രിസഭ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എത്രത്തോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ട് എന്ന് കണ്ടെത്തുക, വീടിനും കൃഷിക്കുമായി അനുവദിച്ചതും 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമായ തുണ്ടു ഭൂമികള്‍ ഒരുമിച്ച് വാങ്ങി ഒന്നാക്കിയത് കണ്ടെത്തുക, പതിച്ചു നല്‍കിയ ആവശ്യത്തിന് അല്ലാതെ ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക, പട്ടയത്തിന്റെ നിബന്ധനകള്‍ ലംഘിക്കപ്പെടുകയോ 2010 ജനുവരി 21ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിരാക്ഷേപപത്രം, നിര്‍മാണ അനുമതി എന്നിവ ഇല്ലാത്തവയുമായ ഭൂമിയും കെട്ടിട്ടങ്ങളും തരംതിരിക്കുക എന്നിവയാണ് മന്ത്രിസഭയുടെ മറ്റ് തീരുമാനങ്ങള്‍. ഇവയെല്ലാം നടപ്പാക്കാനുള്ള ചുമതല ജില്ലാ കലക്ടറെ യാണ് ഏല്‍പിച്ചിരിക്കുന്നത്. ഇടുക്കിയിലെ അനധികൃത നിര്‍മാണവുമായും കയ്യേറ്റവുമായും ബന്ധപ്പെട്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളുമാണ് മന്ത്രിസഭയുടെ തീരുമാനത്തിന്റെ ഉള്ളടക്കമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
1870-1920 കാലഘട്ടത്തിലാണ് തോട്ടം വ്യവസായവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായത്. കഴിഞ്ഞ നൂറ്റാണ്ടിലും ഇടുക്കിയിലേക്ക് വലിയ ഒഴുക്കുണ്ടായി. പള്ളിവാസല്‍-ചെങ്കുളം പദ്ധതി നിര്‍മാണ തൊഴിലാളികളായി എത്തിയവര്‍ പിന്നീട് തിരികെ മടങ്ങിയില്ല. 1946-47 കാലത്ത് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ അധിക ഭക്ഷ്യോല്‍പ്പാദന പദ്ധതി പ്രകാരവും 1950 ല്‍ വിമുക്തഭടന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കല്‍ സ്‌കീം അനുസരിച്ചും സര്‍ക്കാര്‍ ഭൂമി നല്‍കി. സംസ്ഥാന രൂപീകരണ സമയത്ത് ഇടുക്കി ജില്ലയില്‍ തമിഴ്‌നാട് അവകാശവാദമുന്നയിച്ചപ്പോള്‍ പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, പീരുമേട്ടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ വീതമുള്ള പ്‌ളോട്ടുകള്‍ നല്‍കി കുടിയേറ്റത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. 1955 ല്‍ കോളനൈസേഷന്‍ സ്‌കീമനുസരിച്ചും 1958 ലെ ലാന്‍ഡ് അസൈന്‍മെന്റ് സ്‌കീം അനുസരിച്ചും സര്‍ക്കാര്‍തന്നെ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ സര്‍ക്കാര്‍ ഒത്താശയോടെ കുടിയേറിയ ഭൂരിപക്ഷം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഭൂമിയുടെ അവകാശം സംബന്ധിച്ച് രേഖകള്‍ ലഭിച്ചില്ല. മണ്ണിനോടും പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ച് അതിജീവനത്തിനായി പോരാടിയ മനുഷ്യരുടെ ജീവിതകഥയാണ് ഇടുക്കിയിലെ ജനങ്ങള്‍ക്ക് പറയാനുള്ളത്. ജീവിതം മുഴുവന്‍ പോരാട്ടമാക്കിയ മനുഷ്യര്‍ക്ക് ഇനിയെങ്കിലും നീതി ലഭ്യമാകണം. മന്ത്രിസഭാ തീരുമാനത്തിലെ അപാകങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഉപാധികള്‍ വെക്കാതെ 15 സെന്റിന് താഴെയുള്ള കെട്ടിടത്തിന്റേയും ഭൂമിയുടേയും അവകാശം അവര്‍ക്ക് തന്നെ നല്‍കണം. കയ്യേറ്റക്കാരേയും കര്‍ഷകരേയും വെവ്വേറെ കണ്ടുള്ള നീതിപൂര്‍വകമായ നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.
- 5 years ago
chandrika
Categories:
Video Stories
ഇടുക്കിയിലെ ജനങ്ങള്‍ക്കും വേണം നീതി
Tags: idukki