മൂന്നാറില്‍ മുഖം കെട്ട തിന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കുടിയൊഴിപ്പിച്ച സര്‍ക്കാര്‍ നടപടി നാണംകെട്ട നിലപാടായിപ്പോയി. മൂന്നാറില്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കരുത്തുറ്റ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനോട് തികഞ്ഞ മര്യാദക്കേടാണ് സര്‍ക്കാര്‍ കാണിച്ചത്. കര്‍മ നിര്‍വഹണത്തില്‍ കണിശതയും നിഷ്പക്ഷതയും കൊണ്ടുനടക്കുന്നവരുടെ മനോവീര്യം തകര്‍ക്കുന്ന സര്‍ക്കാറിന്റെ കുടില തന്ത്രം ജനാധിപത്യ ഭരണ വ്യവസ്ഥിതിക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മൂന്നാറിലെ വിവാദ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ശ്രീറാമിന്റെ നീക്കം ഹൈക്കോടതി അംഗീകരിച്ചതിന്റെ പിറ്റെ ദിവസം തന്നെ ‘പ്രൊമോഷന്‍’ നല്‍കി നാടുകടത്തിയതിലെ കാപട്യം പൊതുജനങ്ങള്‍ക്ക് നന്നേ ബോധ്യമാണ്. അര്‍ഹമായ സമയത്തെ ‘സ്ഥാനക്കയറ്റ’മെന്ന കോടിയേരിയുടെ കണ്ടെത്തല്‍ കയ്യേറ്റത്തില്‍ കൊഴുത്തു തടിച്ച കുറുക്കന്റെ കൗശലമല്ലാതെ മറ്റൊന്നല്ല.
മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഇടം പിടിക്കാത്ത ഇക്കാര്യം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് കല്ലുവച്ച നുണ കാച്ചിയ കോടിയേരിക്ക് കാനത്തില്‍ നിന്ന് കണക്കിനു കിട്ടിയത് മുന്നണിക്കുള്ളില്‍ പുതിയ കലഹത്തിന് കോപ്പുകൂട്ടുമെന്നുറപ്പ്. ഒരു നടപടിക്രമവും പാലിക്കാതെ സബ് കലക്ടറെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചത് മുഖ്യമന്ത്രിയുടെ മര്‍ക്കടമുഷ്ടി കൊണ്ടു മാത്രമാണ്. 2016 ജൂലൈയിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ദേവികുളത്ത് സബ് കലക്ടറായി ചുമതലയേല്‍ക്കുന്നത്. 2017 ജനുവരി മുതല്‍ അദ്ദേഹം സീനിയര്‍ സ്‌കെയില്‍ സബ് കലക്ടറാണ്. 2014 ലെ സിവില്‍ സര്‍വീസ് ചട്ടഭേദഗതി പ്രകാരം 2018 ജൂലൈ വരെ ശ്രീറാമിന് ദേവികുളത്ത് തുടരാം. അതിനിടയില്‍ മാറ്റണമെങ്കില്‍ മതിയായ കാരണം രേഖപ്പെടുത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സിവില്‍ സര്‍വീസ് ബോര്‍ഡ് മാറ്റത്തിന് ശിപാര്‍ശ ചെയ്യണം. അതിനു മുമ്പ് ശ്രീറാമിന്റെ ഭാഗം കേള്‍ക്കുകയും വേണം. ഇത്രയും നടപടികള്‍ കൈക്കൊള്ളും മുമ്പ് കുടിയൊഴിപ്പിച്ചതിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം നന്നായറിയാം.
മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നീക്കം തുടങ്ങിയതിനു തൊട്ടുപിന്നാലെ ശ്രീറാമിനു കൂച്ചുവിലങ്ങിടാന്‍ മന്ത്രി എം.എം മണിയുള്‍പ്പെടെയുള്ള നേതൃത്വം കരുക്കള്‍ നീക്കിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനും ഇവര്‍ കച്ചകെട്ടിയിറങ്ങി. മന്ത്രി മണിയും ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനും ശ്രീറാമിനെതിരെ നിരന്തരം രംഗത്തു വന്നതിന്റെ പൊരുള്‍ ഇതാണ്. സബ് കലക്ടറെ സംരക്ഷിക്കാന്‍ ഇടുക്കിയില്‍ സി.പി.ഐ ഉയര്‍ത്തിക്കെട്ടിയ പ്രതിരോധത്തിന്റെ വന്‍മതില്‍ പൊളിച്ചടുക്കിയാണ് പിണറായി പണിയൊപ്പിച്ചത് .
ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാറിനോട് ചെയ്ത തെറ്റ് എന്താണ്? ഉന്നത ഉദ്യോഗസ്ഥര്‍ കൈവക്കാന്‍ മടിച്ചു നിന്ന ‘മൂന്നാറി’ല്‍ ആരെയും കൂസാതെ നടപടി തുടങ്ങി എന്നതാണോ? കയ്യേറ്റക്കാരുടെ പട്ടിക തയാറാക്കി പുറത്തുവിട്ടതിന്റെ ഈര്‍ഷ്യമാണോ ഈ പകപോക്കലിനു പിന്നില്‍ ? കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ നെടുനായകത്വം വഹിക്കുകയും രാഷ്ട്രീയക്കാരുടെ ശിപാര്‍ശകള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയും കൂടെയുള്ള ഉദ്യോഗസ്ഥരെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുകയും ചെയ്തതാണോ ശ്രീറാമിനു മേലുള്ള പാപഭാരം? അങ്ങനെയെങ്കില്‍ അഴിമതി രഹിത കേരളവും സുതാര്യ ഭരണവും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് അതില്‍ അടയിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? എല്ലാം ശരിയാക്കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വീമ്പു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?
മൂന്നാറില്‍ കെട്ടിപ്പൊക്കിയ പാര്‍ട്ടി ഗ്രാമങ്ങളെ മണ്ണുമാന്തി യന്ത്രത്തിന്റെ ഇരുമ്പു ദംഷ്ട്രങ്ങള്‍ക്കൊണ്ട് പിഴുതെറിഞ്ഞതിന്റെ പകയാണ് പിണറായി വിജയന്‍ സബ് കലക്ടറില്‍ പോക്കിയതെന്ന് പകല്‍പ്പോലെ വ്യക്തം. ഇക്കാ നഗറിലെയും പപ്പാത്തിച്ചോലയിലെയും കയ്യേറ്റങ്ങളില്‍ കൈവച്ചത് ശ്രീറാമിന് കുരിശായെന്നര്‍ഥം. ചിന്നക്കനാലിലെ ചെറ്റത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന കാര്‍ക്കശ്യവും സബ് കലക്ടറുടെ കസേര തെറിക്കാന്‍ ഇടയായി. ലവ് ഡേല്‍ ഹോം സ്റ്റേ ഒഴിപ്പിക്കലിന് ഹൈക്കോടതി അനുമതി നല്‍കിയതോടെ ശ്രീറാം വര്‍ധിത വീര്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ഭീതിയാണ് പെട്ടെന്നൊരു ‘പ്രൊമോഷ’ ന്റെ പൊറാട്ടു നാടകം കളിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്. അധ്വാന വര്‍ഗ പാര്‍ട്ടിക്ക് ഇക്കാലത്ത് നടപ്പാക്കാവുന്നതില്‍ ഏറ്റവും വലിയ വിപ്ലവകരമായ നീതിയായി സഖാക്കളല്ലാതെ മറ്റാരും ഇക്കാര്യത്തെ കാണില്ല. ഇതില്‍ ഊറ്റം കൊള്ളുന്നവരും അഹന്ത നടിക്കുന്നവരും ആത്മനിര്‍വൃതിയടയുന്നവരും സ്വയം അപഹാസിതരാവുകയാണെന്ന തിരിച്ചറിവുള്ളവര്‍ അക്കൂട്ടത്തിലുണ്ടാവില്ല. ഭരണകൂട സത്യസന്ധതയുടെ ഉരക്കല്ലില്‍ ഒരു പാര്‍ട്ടിയുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നതിന്റെ അവസാന അടയാളമാണ് മൂന്നാര്‍.
എം.എം മണിയുടെ ഇംഗിതത്തിനൊപ്പം സബ് കലക്ടറെ ഊളംപാറയ്ക്ക് സ്ഥലം മാറ്റാത്തതിലെങ്കിലും ജനാധിപത്യ കേരളത്തിന് അല്‍പം ആശ്വസിക്കാം.