X

വഖഫ്, അനാഥാലയങ്ങള്‍ക്കെതിരായ നീക്കം നിര്‍ത്തിവെക്കണം

കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ വിശേഷിച്ചും മുസ്്‌ലിംകളുമായി ബന്ധപ്പെട്ട ആത്മീയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഗൂഢ നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ അടുത്ത കാലത്തായി ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര വഖഫ് നിയമത്തെപോലും അട്ടിമറിച്ചുകൊണ്ട് കേരള വഖഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനുപുറമെ സംസ്ഥാനത്ത് മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ മൂക്കുകയറിട്ട് നിര്‍ത്താന്‍ നടത്തുന്ന നീക്കവും സര്‍ക്കാരിനെ സംബന്ധിച്ച് തികച്ചും തലമറന്ന് എണ്ണതേക്കലാണ്. അനാഥ-അഗതി മന്ദിരങ്ങള്‍ സംസ്ഥാന സാമൂഹിക നീതി വകുപ്പിനുകീഴില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവ പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാരിന്റെ ഭീഷണി. ദീര്‍ഘദൃഷ്ടിയില്ലാത്തതും സമൂഹത്തെ ധ്രുവീകരിക്കുന്ന രീതിയില്‍ അപകടം നിറഞ്ഞതുമായ തീരുമാനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്നാണ് മുസ്‌ലിം സംഘടനകളും നേതാക്കളും ഒന്നടങ്കം പരാതിപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ 1954ലെ നിയമത്തിന്റെ ചുവടുപിടിച്ച് 1995ലാണ് പാര്‍ലമെന്റ് കേന്ദ്ര വഖഫ് നിയമം പാസാക്കിയത്. സംസ്ഥാനങ്ങളിലെ മുസ്‌ലിം പള്ളികളും അവയുമായി ബന്ധപ്പെട്ട സ്വത്തുവകകളുടെയും മറ്റും നിയന്ത്രണമാണ് വഖഫ്‌ബോര്‍ഡ് സംവിധാനം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഇതുപ്രകാരം പ്രവര്‍ത്തിക്കുന്ന കേന്ദ്ര വഖഫ് കൗണ്‍സിലിനാണ് രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഔദ്യോഗിക ചുമതല. ഇതനുസരിച്ച് വഖഫ് സ്വത്തുക്കള്‍ക്കുപുറമെ പള്ളികള്‍, ഖബര്‍സ്ഥാനുകള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍ തുടങ്ങിയവയുടെ നിയന്ത്രണ ചുമതലയാണ് സംസ്ഥാന തലവഖഫ് ബോര്‍ഡുകള്‍ക്കുള്ളത്. 1966ല്‍ നിലവില്‍ വന്ന കേരള വഖഫ് ബോര്‍ഡിന്റെ തലപ്പത്ത് മുന്‍മന്ത്രി പി.കെ കുഞ്ഞിനെപോലുള്ള ദീര്‍ഘദൃക്കുകളായ നേതാക്കളാണ് ചെയര്‍മാന്മാരായി ഉണ്ടായിരുന്നത്. എന്നാലിന്ന് ആത്മീയത ഉള്‍ക്കൊള്ളുന്ന ഈ സംവിധാനത്തെയാകെ അട്ടിമറിച്ച് പൊതുവല്‍കരണത്തിന്റെ പേരില്‍ ആ സംവിധാനത്തെതന്നെ തകര്‍ക്കാനുമുള്ള ശ്രമമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നുവേണം നടപടികളില്‍ നിന്ന് മനസ്സിലാക്കാന്‍. നവംബര്‍ പതിനഞ്ചിന് പുറപ്പെടുവിച്ച മന്ത്രിസഭാതീരുമാനമനുസരിച്ച് വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ മുഴുവന്‍ പി.എസ്.സിക്ക് വിടുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം. നിലവിലെ കേന്ദ്ര നിയമത്തില്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ നടത്തുന്നത് ബോര്‍ഡ് തന്നെയാണ്. ഇത് മറികടക്കാനാണ് ഓര്‍ഡിനന്‍സ്. ഇതനുസരിച്ച് ബോര്‍ഡിന് ഇനി അതിന്റെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും പി.എസ്.സി നടത്തുന്ന പരീക്ഷക്കനുസരിച്ച് നിയമനങ്ങള്‍ നടത്തുകയും വേണം. വഖഫ് ബോര്‍ഡില്‍ തന്നെ ജനപ്രതിനിധികളും മറ്റും ഉണ്ടായിരിക്കെ അവരുടെ വികാരം പരിഗണിക്കാതെയും അവരോട് ആലോചിക്കാതെയുമാണ് മന്ത്രിസഭ ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടത്. ബി.ജെ.പി സര്‍ക്കാരാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു.
ഇത്തരമൊരു തീരുമാനം കൈക്കൊണ്ട പിണറായി മന്ത്രിസഭയുടെ യോഗത്തില്‍ തന്നെ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ പത്തു ശതമാനം തൊഴിലുകള്‍ മുന്നാക്കജാതിക്കാര്‍ക്ക് സംവരണം ചെയ്തതായി തീരുമാനിക്കുകയും ചെയ്തുവെന്നതാണ് വലിയ വൈചിത്ര്യം. ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദുക്കള്‍ക്ക് മാത്രം നിയമനം നല്‍കണമെന്ന വ്യവസ്ഥ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് വഖഫ് ബോര്‍ഡുകളുടെ കാര്യത്തില്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരിക്കുന്നതെന്നത് ഒരേ പന്തിയിലെ രണ്ടുതരം വിളമ്പലായി വിലയിരുത്തപ്പെട്ടതില്‍ തെറ്റു കാണാനാവില്ല. ഇതിനെതിരെ കഴിഞ്ഞ ദിവസം കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുകയാണ്. വഖഫ്‌ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമ്പോള്‍ മുസ്‌ലികളുടെ മാത്രമായ തൊഴിലുകള്‍ മറ്റുള്ളവര്‍ക്കുകൂടി വിപുലപ്പെടുത്തേണ്ടി വരും. പി.എസ്.സിയുടെ നിയമമനസരിച്ചുള്ള 12 ശതമാനം സംവരണം മാത്രമേ അപ്പോള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുകയുള്ളൂ. ബാക്കിയുള്ള 88 ശതമാനം പേരെയും അന്യമതസ്ഥരില്‍നിന്നായി നിയമിക്കേണ്ടിവരും. ഇതൊരു കണക്കിന് കേന്ദ്രത്തിലെ ബി.ജെ.പിയും സംഘ്പരിവാറും പറയുന്ന ഏക സിവില്‍കോഡിന്റെ ഇടതുപക്ഷ പതിപ്പാണ്. ഇസ്‌ലാമികമായി തികഞ്ഞ ബോധമുള്ളവരെ മാത്രം പള്ളികളുമായി ബന്ധപ്പെട്ട വഖഫ് ബോര്‍ഡില്‍ നിയമിക്കാവൂ എന്നത് സാമാന്യമായി ചിന്തിച്ചാല്‍ പോലും ഏതു കൊച്ചുകുട്ടിക്കും അറിവുള്ളതാണ്. വിവിധ ആചാരങ്ങളുള്ളതും അന്യ മതസ്ഥര്‍ക്ക് പ്രവേശനമില്ലാത്തതുമായ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡുകളില്‍ മുസ്‌ലിംകള്‍ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന വൈരുധ്യം ഓര്‍ക്കാന്‍ പോലുംവയ്യ. ഇത്തരമൊരു വിഡ്ഢിത്തമാണ് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതലുള്ള ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ഇരട്ട നീതിയെക്കുറിച്ച് പല കോണുകളില്‍ നിന്നായി ഉയര്‍ന്ന പരാതിക്ക് അടിവരയിടുന്നതാണ് ഈ തീരുമാനവും. ദേവസ്വം ബോര്‍ഡുകളില്‍ പത്തു ശതമാനം ഒഴിവുകള്‍ ഉന്നത ജാതിക്കാരിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി നീക്കിവെച്ച സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളോട് കാട്ടിയ കൊടിയ അനീതിക്കെതിരെ വലിയ പ്രതിഷേധമാണ് ഇതിനകം ഉയര്‍ന്നുവന്നിട്ടുള്ളത്. ബി.ജെ.പിയുടെ വര്‍ഗീയ ഭീഷണിയെ ചെറുക്കാന്‍ മത ന്യൂനപക്ഷങ്ങളുടെ മേല്‍ കുതിര കയറുന്ന മൃദുഹിന്ദുത്വ ശൈലി പിണറായിയെ പോലുള്ള കമ്യൂണിസ്റ്റ് നേതാവ് ഭരിക്കുന്ന സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷ ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കാനാവാത്തതാണ്. കാലങ്ങളായി സംസ്ഥാനത്തിന്റെ സന്തുലിത പുരോഗതിക്ക് സഹായിക്കുമാറ് സമൂഹത്തിലെ ദുര്‍ബലരായ അനാഥരെയും അഗതികളെയും സംരക്ഷിച്ചുവരുന്ന കാരുണ്യ സ്ഥാപങ്ങളെ വിരലിലെണ്ണാവുന്നവരുടെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടി അപ്പാടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തുടങ്ങിയിട്ട് നാളുകളായി. ഇതും നടേപറഞ്ഞ ന്യൂനപക്ഷ വിരുദ്ധമായ നീക്കമായേ കാണാനാകൂ. ഏതെങ്കിലും സ്ഥാപനം ചട്ടങ്ങളും നിയമങ്ങളും വിട്ട് പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമായാല്‍ അതിനെതിരെ നടപടി സ്വീകരിക്കാന്‍ സുവ്യക്തമായതും കര്‍ശനമായതുമായ നിയമങ്ങള്‍ രാജ്യത്ത് നിലവിലിരിക്കെയാണ് അനാഥകളെയും അഗതികളെയും സംരക്ഷിക്കുക എന്ന മഹത്കൃത്യം ചെയ്തുവരുന്നവരെ ആകെതന്നെ ഇല്ലാതാക്കാനുള്ള നീക്കം. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലവിലിരിക്കുന്ന കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുള്ളാതെ സാമൂഹികനീതിയുടെ കൂടെ നില്‍ക്കാനുള്ള ആര്‍ജവം കാട്ടുകയാണ് വേണ്ടത്.

chandrika: