X
    Categories: Video Stories

ചെറിയ പാര്‍ട്ടികളെ സൂക്ഷിക്കണം

കെയ് ബെനഡിക്ട്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പായി ചില തെരഞ്ഞെടുപ്പ് വിദഗ്ധര്‍ മധ്യപ്രദേശും രാജസ്ഥാനും പോലുള്ള നിര്‍ണായക സംസ്ഥാനങ്ങള്‍ ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിക്കുമ്പോള്‍ ചിലര്‍ കോണ്‍ഗ്രസിന് സാധ്യത കല്‍പിക്കുന്നുണ്ട്. അടുത്ത കാലത്തുള്ള തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ കോണ്‍ഗ്രസ് കരുതിയിരിക്കുന്നത് നല്ലതാണ്. ഗുജറാത്തില്‍ ബി.ജെ.പിയെ കിതപ്പിക്കുന്ന പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി തോറ്റു. കര്‍ണാടകയിലും പ്രതീക്ഷിച്ചതിലും താഴെയായിരുന്നു പ്രകടനം. രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരായ വലിയ ഭരണവിരുദ്ധ വികാരം സ്വാഭാവികമായി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കും എന്ന് വിശ്വസിക്കുന്നത് യുക്തിസഹമാകില്ല. സ്വതന്ത്രരെയും വിഘടിത വിഭാഗങ്ങളെയും പണം നല്‍കി തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രം 2014 മുതല്‍ ബി. ജെ.പി നടത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഗുജറാത്തില്‍ 16 സീറ്റുകളാണ് 200-2000 വോട്ടുകളുടെ വ്യത്യാസത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായത്. ഒരു ഡസന്‍ മണ്ഡലങ്ങളില്‍ ‘വോട്ടു ഭിന്നിപ്പിക്കല്‍ കക്ഷികള്‍’ തോല്‍പ്പിച്ചു കളഞ്ഞു; ഉദാഹരണത്തിന് ഗോധ്ര മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിക്ക് 898 വോട്ടുകള്‍ കിട്ടിയപ്പോള്‍ 258 വോട്ടിനാണ് കോണ്‍ഗ്രസ് തോറ്റത്.
ഗുജറാത്തിലെ 182 സീറ്റുകളില്‍ 99 എണ്ണം നേടിയ ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി 80 സീറ്റുകളാണ് കിട്ടിയത്. വോട്ട് ഭിന്നിപ്പിക്കല്‍ കക്ഷികള്‍ ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഒരു ഡസന്‍ സീറ്റുകള്‍ കൂടുതല്‍ കിട്ടുകയും ബി.ജെ.പിയുടെ സീറ്റുകള്‍ 87 ആയി കുറയുകയും ചെയ്യുമായിരുന്നു. 138 സീറ്റുകളില്‍ മത്സരിച്ച് ഒന്നില്‍പോലും വിജയിക്കാഞ്ഞ ബി.എസ്.പിക്ക് വെറും 0.7 ശതമാനം വോട്ടാണ് കിട്ടിയത്. 57 മണ്ഡലങ്ങളില്‍ മത്സരിച്ചു ഒരു സീറ്റില്‍ മാത്രം ജയിച്ച എന്‍.സി.പിക്ക് 0.6 ശതമാനം വോട്ടാണ് കിട്ടിയത്. ആംആദ്മി പാര്‍ട്ടി 30 സീറ്റില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ ഒന്നില്‍പോലും ജയിക്കാതെ, രണ്ടു മണ്ഡലങ്ങളിലൊഴികെ എല്ലാ സീറ്റിലും കെട്ടിവെച്ച കാശുപോയി വെറും 0.1 ശതമാനം വോട്ടു മാത്രം നേടി. മത്സരരംഗത്തുണ്ടായിരുന്ന 700 സ്വാതന്ത്രരില്‍ മിക്കവരെയും ബി.ജെ.പി പണം നല്‍കി നിര്‍ത്തിയതായിരുന്നു എന്നാരോപിക്കപ്പെടുന്നു.
മധ്യപ്രദേശില്‍ 2008ല്‍ മൂന്നു സീറ്റില്‍ മത്സരിച്ച, എല്ലാ സീറ്റിലും തോല്‍ക്കുകയും രണ്ടെണ്ണത്തില്‍ കെട്ടിവെച്ച കാശ് പോവുകയും ചെയ്ത എന്‍.സി.പി 2013ല്‍ 72 സീറ്റുകളില്‍ മത്‌സരിച്ച് വെറും 0.3 ശതമാനം വോട്ടുനേടി. എല്ലാ സീറ്റിലും കെട്ടിവെച്ച കാശുപോയെങ്കിലും ചിലയിടത്തെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ജയസാധ്യത ഇല്ലാതാക്കി. 2013ല്‍ ഛത്തീസ്ഗഡില്‍ 90ല്‍ 3 സീറ്റില്‍ മത്സരിച്ച എന്‍.സി.പിക്ക് എല്ലാത്തിലും തോല്‍വിയും വെറും 0.52 ശതമാനം വോട്ടുമായിരുന്നു കിട്ടിയത്. ഇത്തവണ എന്‍.സി.പി 28 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസുകാരനായ അജിത് ജോഗിയും ബി.എസ്.പി മേധാവി മായാവതിയും കൂടിയുണ്ടാക്കിയ മുന്നണി തുടര്‍ച്ചയായി നാലാം തവണയും അധികാരത്തിലെത്താനുള്ള ബി.ജെ.പിയുടെ യാത്ര സുഗമമാക്കും. രാഷ്ട്രീയ കൗശലത്തില്‍ വലിയ കളിക്കാരായ പവാറും മായാവതിയും ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ഒതുക്കാനും അങ്ങനെ 2019ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള കോണ്‍ഗ്രസിന്റെ വിലപേശല്‍ ശക്തി കുറയ്ക്കാനുമായിരിക്കും ഇക്കളി കളിക്കുന്നത്. അഞ്ച് കൊല്ലംമുമ്പ് രാജസ്ഥാനില്‍ 195 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബി.എസ്.പി മൂന്നു സീറ്റില്‍ വിജയിച്ചു, 3.37 ശതമാനം വോട്ടുകള്‍ നേടി. സി.പി.എം, സി.പി.ഐ, സി.പി.ഐ എം.എല്‍, മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ആര്‍.എല്‍.ഡി, ജെ. ഡി.എസ്, എസ്.പി എന്നീ കക്ഷികള്‍ ചേര്‍ന്ന ‘രാജസ്ഥാന്‍ ജനാധിപത്യ മുന്നണി’ ബി.ജെ.പിയെ തോല്‍പ്പിക്കാനായി രൂപം കൊണ്ടിട്ടുണ്ടെങ്കിലും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചു കാവി പാര്‍ട്ടിക്ക് വിജയം നേടിക്കൊടുക്കാനേ ആത്യന്തികമായി സഹായിക്കൂ. 2013ല്‍ സി.പി.എം 4.46 ശതമാനം, എസ് പി 1.40 ശതമാനം, സി. പി.ഐ 1.47 ശതമാനം, ജെ.ഡി.എസ് 0.39 ശതമാനം, ആര്‍.എല്‍. ഡി 0.32 ശതമാനം, സി.പി.ഐ എം.എല്‍ 0.65 ശതമാനം എന്നിങ്ങനെയായിരുന്നു വോട്ടുനില. സാഹസമെന്നോ, അമിതാവേശമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു നീക്കത്തില്‍, (എല്ലാവരും കൂടി 9 ശതമാനം വോട്ടു നേടിയ) ഈ കക്ഷികള്‍ സി.പി.എം നേതാവ് അമ്രാറാമിനെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് ദള്‍ ഉണ്ടാക്കിയ ബി.ജെ.പി നേതാവും ജാഠ് നേതാവുമായ ഹനുമാന്‍ബേനിവാള്‍ എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിയെ വിഷമത്തിലാക്കുന്നുണ്ട്. മറ്റൊരു ബി. ജെ.പി വിമതനും എം.എല്‍.എയുമായ ഘനശ്യം തിവാരി ഭാരത് വാഹിനി പാര്‍ട്ടി ഉണ്ടാക്കി മത്സരരംഗത്തുണ്ട്.
കുറെ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കക്ഷികളുടെയും സ്വതന്ത്രരുടെയും എണ്ണം കൂടിയിട്ടുണ്ട്. ഇവരില്‍ മിക്കവാറും ജയിക്കാനല്ല, മറിച്ച്, പണത്തിനോ, പ്രത്യയശാസ്ത്ര താത്പര്യമോ കാരണം ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാനോ ജയിപ്പിക്കാനോ മത്സരിക്കുന്നവരാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ വെറും കോമാളിനാടകമാക്കി മാറ്റുന്നു ഇവര്‍. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 6 ദേശീയ കക്ഷികളും 54 സംസ്ഥാന കക്ഷികളും 1650 അംഗീകാരമില്ലാത്ത കക്ഷികളും 3100ഓളം സ്വതന്തരും മത്സരിച്ചു. പക്ഷേ വെറും 36 കക്ഷികളിലെ സ്ഥാനാര്‍ത്ഥികളെ വിജയിച്ചുള്ളൂ (അതില്‍ 12 കക്ഷികള്‍ ഒരു സീറ്റില്‍ വീതമാണ് വിജയിച്ചത്). നൂറുകണക്കിന് കക്ഷികള്‍ക്ക് പറയാവുന്ന വോട്ടു പോലും കിട്ടിയില്ല. ജഗന്മയി നാരി സംഘടന്‍ എന്നൊരു കക്ഷിക്ക് വെറും 226 വോട്ടുകളാണ് കിട്ടിയത്. കുറച്ചു വര്‍ഷങ്ങള്‍ക്ക്മുമ്പ് ഈ പ്രവണത തടയാന്‍ ഇത്തരം തമാശ കക്ഷികളെയും സ്ഥാനാര്‍ഥികളെയും ഒഴിവാക്കാന്‍ ജനപ്രാതിനിധ്യ നിയമം 1951, 29 അ വകുപ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ‘ഏതു ചെറിയ സംഘം ആളുകള്‍ക്കും 29 അ (5) പ്രകാരം ഒരു പ്രഖ്യാപനം നല്‍കിയാല്‍ ഒരു രാഷ്ട്രീയ കക്ഷിയായി രജിസ്റ്റര്‍ ചെയ്യാന്‍ ഈ വകുപ്പിലെ അയവുകള്‍മൂലം കഴിയുന്നുണ്ട്. ഇതുമൂലം ഒട്ടും ഗൗരവമില്ലാത്ത നിരവധി കക്ഷികള്‍ ഉണ്ടാവുകയും തെരഞ്ഞെടുപ്പ് കൈകാര്യ സംവിധാനത്തിന് വലിയ ഭാരം വരുത്തിവെക്കുകയും ചെയ്യുന്നു,’ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എസ് കൃഷ്ണമൂര്‍ത്തി പ്രധാനമന്ത്രിക്കയച്ച കത്തില്‍ വിലപിച്ചു. ഏതെങ്കിലും കക്ഷിക്കോ മുന്നണിക്കോ അനുകൂലമോ പ്രതികൂലമോ ആയി തരംഗമുണ്ടെങ്കില്‍ ഇത്തരം വോട്ടുഭിന്നിപ്പിക്കലുകാര്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാക്കില്ല എന്നാണ് ഒരാശ്വാസം. എന്നാല്‍ പ്രത്യേകിച്ച് തരംഗമൊന്നുമില്ലാത്ത രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇക്കൂട്ടര്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കിയേക്കാം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: