X
    Categories: Video Stories

ശബരിമല: പരിഹാരം ഭരണഘടന തന്നെ

ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശന) നിയമത്തിലെ 3 ബി വകുപ്പ് റദ്ദാക്കിക്കൊണ്ട് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച ഭരണഘടനാബെഞ്ചിന്റെ വിധി പുന:പരിശോധനക്ക് വിധേയമാക്കാനുള്ള സുപ്രീംകോടതിയുടെ പുതിയ തീരുമാനം രാജ്യത്തെ സമാധാനകാംക്ഷിളായ എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. അമ്പത് പുന:പരിശോധനാഹര്‍ജികളില്‍ 49 എണ്ണമാണ് ഇന്നലെ ഉച്ചക്ക് മൂന്നുമണിക്ക് വെറും 20 മിനുറ്റെടുത്ത് അഞ്ചംഗ ബെഞ്ച് പരിഗണിച്ചത്. രാവിലെ നാല് റിട്ട് ഹര്‍ജികളും പിന്നീട് കേള്‍ക്കാനായി മാറ്റിയിരുന്നു. വിധിയെ തന്ത്രിയും യു.ഡി.എഫും ബി.ജെ.പിയുമെല്ലാം സ്വാഗതം ചെയ്തത് പൊതുവെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്.
മണ്ഡല മകരവിളക്ക് ആഘോഷത്തിന് ശബരിമല ക്ഷേത്രം തുറക്കാന്‍ ഒരാഴ്ചമാത്രം ബാക്കിയിരിക്കെ വന്ന സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ വിശ്വാസാചാരങ്ങളും ഭക്തരുടെ വികാരവും മനസ്സിലാക്കിക്കൊണ്ടുള്ളതാണെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു മാസത്തിലധികമായി ശബരിമല ക്ഷേത്ര പരിസരത്ത് ഭക്തര്‍ നടത്തിവന്ന പ്രതിഷേധങ്ങള്‍ക്ക് ഇതോടെ പരോക്ഷമായെങ്കിലും സാധൂകരണം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ സംഘ്പരിവാരവും ബി.ജെ.പിയും നടത്തിവന്ന സമരകോലാഹലങ്ങള്‍ക്ക് കോടതി ചെവികൊടുത്തുവെന്ന വാദമാണ് അക്കൂട്ടര്‍ ഉയര്‍ത്തുന്നത്. ഇത് കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കലാണ്. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കലുമാണത്. കോടതി വിധികളെ ഭരണഘടനയിലധിഷ്ഠിതമായ വ്യാഖ്യാനങ്ങളായി കണ്ട് പരിപാവനതയോടെ സമീപിക്കുന്നതിനുപകരം അവയെ ഭത്‌സിക്കുന്ന രീതിയുണ്ടാകാന്‍ പാടില്ലെന്നും വിധികളെ ആവശ്യമെങ്കില്‍ തിരുത്തിക്കാന്‍ ഭരണഘടന തന്നെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ടെന്നുകൂടിയാണ് ഇന്നലത്തെ ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്. അപ്പോള്‍ സമരവും രക്തവും വൃഥാ വാഗ്‌ധോരണികളുമല്ല, നിയമപരമായ സംവിധാനങ്ങളിലൂടെയാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയാണ് ഇന്നലത്തെ വിധി. ഈ യാഥാര്‍ത്ഥ്യത്തെ അക്രമാസക്തരും രാഷ്ട്രീയത്തെ സങ്കുചിത വോട്ടുബാങ്കിനായി ദുരുപയോഗിക്കുന്നവരും കൂലങ്കഷമായി വിലയിരുത്തി അംഗീകരിക്കുകയാണ് വേണ്ടത്.
ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായിരുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചാണ് 12 വര്‍ഷമെടുത്ത് ശബരിമല യുവതീപ്രവേശനത്തിലെ തടസ്സം നീക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യത എന്ന പതിനാലാം മൗലികാവകാശത്തെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാപ്രായത്തിലുമുള്ള എല്ലാ വ്യക്തികള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന വിധി പുറപ്പെടുവിച്ചത്. എന്നാലിത് 25ാം വകുപ്പിന്റെ അഥവാ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. 26ാം വകുപ്പില്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം ശബരിമലയുടെ കാര്യത്തില്‍ വേണമെന്ന വാദവും കോടതി അംഗീകരിക്കുകയുണ്ടായില്ല. എന്നാല്‍ നിരവധി പുന:പരിശോധനാഹര്‍ജികള്‍ പരിശോധിച്ചതിലൂടെ ഉന്നത നീതിപീഠത്തിലെ രാജ്യത്തെ അത്യുന്നതരായ ന്യായാധിപന്മാര്‍ക്ക് തങ്ങളുടെ വിധിയില്‍ ചില കൂടുതലായ പരിശോധനകള്‍ വേണമെന്ന ബോധം ഉണ്ടായതായാണ് പുതിയ സൂചന. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് പുതിയ ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ ഇന്നലത്തെ ഉത്തരവിന് നേതൃത്വം നല്‍കിയത്. പഴയ വിധിയില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മാത്രമാണ് വിയോജനവിധി എഴുതിയിരുന്നത്. വിശ്വാസ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദുവിന്റെ വാദം. ഇതിന് ഏതാണ്ട് അടിവരയിട്ടിരിക്കുകയാണെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ വാദിക്കാനാകും. എന്നാല്‍ തന്നെയും ജനുവരി 22ന് തുറന്ന കോടതിയില്‍ പുന:പരിശോധനാഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുമ്പോള്‍ എന്ത് വിധിയാണ് അന്തിമമായി പുറത്തുവരിക എന്നത് അനിശ്ചിതമായി നില്‍ക്കുകയാണ്.
അസാധാരണമായാണ് പുന:പരിശോധനാഹര്‍ജികള്‍ അനുവദിച്ച് ഉന്നതനീതിപീഠം തുറന്ന കോടതിയിലേക്ക് ഹര്‍ജികള്‍ കേള്‍ക്കാന്‍ വിട്ടിരിക്കുന്നത്. അതുവരെയും വിധിയില്‍ സ്‌റ്റേ ഉണ്ടാവില്ലെന്നും കോടതിയുടെ ഉത്തരവിലുണ്ട്. അതിനര്‍ത്ഥം കോടതി കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധ സമരങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നുകൂടിയാണ്. വിധിപ്രകാരം യുവതികള്‍ക്ക് ശബരിമലയില്‍ കയറാം എന്നുതന്നെയാണ് ഇതിനര്‍ത്ഥം. കഴിഞ്ഞ തുലാമാസകാലത്തും ചിത്തിര ആട്ടവിളക്കുസമയത്തുമായി പതിനാല് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനായി എത്തിയിരുന്നെങ്കിലും അവരെയാരെയും ക്ഷേത്രസന്നിധിയിലേക്ക് കയറ്റിവിടാന്‍ സര്‍ക്കാരിനോ പൊലീസിനോ കഴിഞ്ഞിരുന്നില്ല. ഇനിയും സമാനമായ അവസ്ഥ തുടരുമെന്നുതന്നെയാണ് കരുതേണ്ടത്. സുപ്രീംകോടതിയില്‍ യുവതീപ്രവേശനത്തിന് അനുകൂലമായി ഹര്‍ജി നല്‍കിയ തൃപ്തിദേശായി മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിക്കാനെത്തുമെന്ന് അറിയിച്ചിയിട്ടുണ്ട്. ഇവരെ നേരിടാന്‍ യഥാര്‍ത്ഥ ഭക്തരുടെ മറവില്‍ സംഘ്പരിവാരവും ഇനിയും ക്ഷേത്രപരിസരത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക. കഴിഞ്ഞയാഴ്ച സന്നിധാനത്ത് പതിനെട്ടാം പടിയില്‍ പോലും കയറിനിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന അവസ്ഥ ആര്‍.എസ്.എസ് നേതാവില്‍നിന്നുണ്ടായി. പൊലീസും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതേസമയം കയ്യുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. വനിതാപൊലീസിന്റെ രേഖകള്‍ പോലും താന്‍ പരിശോധിച്ചുവെന്നാണ് ഈനേതാവ് പരസ്യമായി പറഞ്ഞത്. സമരക്കാരുടെ അക്രമത്തില്‍ മൂവായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് കണക്ക്. ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി നേരിട്ട് കേസെടുത്തതിലൂടെ വ്യക്തമാകുന്നത്.
പുതിയ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നത്തില്‍ എല്ലാവരും അവധാനത പുലര്‍ത്തുകയാണ് വേണ്ടത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞതുപോലുള്ള രാഷ്ട്രീയ അജണ്ടകള്‍ക്ക് അവിടം ഇടമായിക്കൂടാ. പൊലീസിന്റെ നിയന്ത്രണം ആര്‍.എസ്.എസുകാര്‍ക്ക് കൈമാറുന്ന അവസ്ഥയും ഇനിയുണ്ടാവരുത്. മണ്ഡല മകരവിളക്ക് കാലം കഴിയുന്ന ജനുവരി പതിനഞ്ചുവരെ പരമാവധി സംയമനം പാലിക്കാന്‍ വിധിയെ അനുകൂലിക്കുന്നവരും തയ്യാറാകണം. ഭരണഘടനാസംരക്ഷണദിനം ആചരിക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനം പല കോടതിവിധികളെയും ഭത്‌സിച്ചിട്ടുള്ള അവരുടെ നീതിന്യായ സംവിധാത്തോടുള്ള ഇരട്ടത്താപ്പിനെയാണ് തുറന്നുകാട്ടുന്നത്. സര്‍ക്കാരിന്റെ എടുത്തുചാട്ടമാണ് മുന്‍പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണമായതെന്ന വിലയിരുത്തല്‍ മുഖവിലക്കെടുക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാകണം. ദുരഭിമാനം വെടിയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജനുവരി 22ന് വാദം കേട്ട് അന്തിമവിധി ഉണ്ടാകുന്നതുവരെ സംയമനം പാലിച്ച് ക്ഷേത്രദര്‍ശനം മാറ്റിവെക്കാന്‍ വിശ്വാസികളായ യുവതികളും തയ്യാറാകണം. വ്യക്തിഗത താല്‍പര്യങ്ങള്‍ക്കുപരി ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതമാണ് എല്ലാവരുടെയും മുന്നിലുണ്ടാകേണ്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: