‘നമ്മള് ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാരായിട്ടാണ്. ഇവിടെ ഒരഞ്ചു പത്താളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണുപോകാന്‍ പാടില്ല. ദര്‍ശനം നടത്താന്‍ പ്രായപരിധിക്കുപുറത്തുള്ളയാളുകള്‍ വന്നാല്‍ അവര്‍ക്കുവേണ്ട സഹായം ചെയ്തുകൊടുക്കണം. അതിനുള്ളില്‍ വരുന്ന ആളുകള്‍, പ്രായപരിധിയുടെ ഉള്ളില്‍വരുന്ന ആളുകള്‍, അവരെ തടയാന്‍ വേണ്ട സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിനിവിടെ പൊലീസുണ്ട്. നമ്മുടെ വളണ്ടിയര്‍മാരുണ്ട്. പമ്പ മുതല്‍ അതിനുള്ള സംവിധാനമുണ്ട്. അതുകടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ സാധിക്കില്ല.’ (ശബരിമലസന്നിധാനം 07-10-2018).
‘നിങ്ങള് ഒറ്റക്കല്ലാന്ന് പറഞ്ഞപ്പോ രാജീവര് എനിക്ക് സാറ് പറഞ്ഞ ആ ഒരൊറ്റ വാക്കുമതി എന്ന് പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അങ്ങെടുക്കുകയുണ്ടായി. ആ തീരുമാനമാണ് വാസ്തവത്തില്‍ പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. ഇന്നും അദ്ദേഹം അതുപോലെതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല് കണ്ടപ്റ്റ് ഓഫ് കോര്‍ട്ട് വന്നപ്പോ ഞാന്‍ ഒന്നാം പ്രതിയും അദ്ദേഹം രണ്ടാം പ്രതിയുമായാണ് മാര്‍ക്‌സിസ്റ്റുകാര് സുപ്രീംകോടതിയില്‍ നടത്തിയത് എന്നുള്ളതുകൊണ്ട് .. നമ്മെ സംബന്ധിച്ചിടത്തോളം ഇതൊരു ഗോള്‍ഡന്‍ ഒപര്‍ചുനിറ്റിയാണ്.. നമ്മളൊരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടക്കുമുന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് ഇടം കാലിയാക്കുമ്പോള്‍ അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടിയുമാണ് എന്ന്..'(കോഴിക്കോട് 05-11-2018).
ആദ്യത്തേത് പൊലീസിന്റെ മെഗാഫോണ്‍ ഉപയോഗിച്ചുകൊണ്ട് അവരുടെ സാന്നിധ്യത്തില്‍ ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്‍കുന്ന ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടേതാണ്. രണ്ടാമത്തേത് അറിയപ്പെടുന്ന നിയമജ്ഞന്‍കൂടിയായ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഞായറാഴ്ച യുവമോര്‍ച്ചയുടെ സംസ്ഥാന സമിതിയോഗത്തില്‍ നടത്തിയതും. ഇതിലും വലിയ നാണക്കേട് കേരളീയര്‍ക്ക് ഇനിയും സഹിക്കാനുണ്ടോ. അതും കമ്യൂണിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ഭരിക്കുന്ന കേരളത്തില്‍ വെറും നാല്‍പത്തെട്ടുമണിക്കൂറിനുള്ളില്‍. ആര്‍.എസ്.എസ്സുകാര്‍ ഇതിനകം തന്നെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി തുടങ്ങിയ പദവികളിലെത്തിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ ആഭ്യന്തര മന്ത്രിസ്ഥാനം എന്നുതൊട്ടാണ് ഗാന്ധി ഘാതകത്തിന്റെ ആശയക്കാര്‍ക്ക് കൈമാറിയതെന്ന് വ്യക്തമല്ല. അത്തരമൊരു സംശയത്തിനാണ് മേലുദ്ധരിച്ച രണ്ട് പ്രസ്താവനകള്‍ വാതില്‍ തുറന്നിരിക്കുന്നത്. സംസ്ഥാന ജനതയെ ചുടുരക്തത്തില്‍ മുക്കിക്കൊല്ലാന്‍ കാരണമായേക്കാവുന്ന വിഷലിപ്തമായ വാചകങ്ങളാണ് ശ്രീധരന്‍പിള്ളയുടേതെങ്കില്‍ തില്ലങ്കേരിയുടേത് മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള കേരള പൊലീസിലെ കമാണ്ടോകളടക്കമുള്ള പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണയില്‍നിന്നുകൊണ്ടാണ്. വര്‍ഗീയതക്കും ബി.ജെ.പിക്കുമെതിരെ ഘോരഘോരം വായിട്ടലക്കുന്ന സി.പി.എമ്മുകാരും ഭരണഘടനയെതൊട്ട് സംസ്ഥാനത്ത് അധികാരത്തിലേറിയിരിക്കുന്ന ഇടതുപക്ഷക്കാരും ഈ പ്രസ്താവനകള്‍ക്ക് ജനസമക്ഷം സമാധാനം പറഞ്ഞേതീരൂ. ആരോ ഒരാള്‍ മെഗാഫോണ്‍ തന്നുകൊണ്ട് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കാന്‍ പറഞ്ഞുവെന്നാണ് വല്‍സന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പിണറായിയുടെ പൊലീസിന്റെ ജോലി ആര്‍.എസ്.എസ്സുകാരെ ഏല്‍പിച്ചുവോ? പ്രായപരിധിക്കുള്ളിലെ സ്ത്രീകളെ പൊലീസ് തടയുമെന്ന് തില്ലങ്കേരി പറയുന്നത് നിയമവിരുദ്ധമല്ലേ. ക്രമസമാധാന പ്രശ്‌നം ഉണ്ടായാലേ സര്‍ക്കാര്‍ ഇടപെടൂ എന്നുപറയുന്ന മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണ്. കേരള പൊലീസില്‍ ആര്‍.എസ്.എസുകാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അത് പരസ്യമായി സ്ഥിരീകരിക്കപ്പെടുന്നത്.
യുവതികള്‍ ക്ഷേത്രത്തില്‍ കയറിയാല്‍ ശബരിമല ക്ഷേത്രം അടച്ചിടുന്നതിലെ നിയമവശം ആരാഞ്ഞുകൊണ്ട ്തന്ത്രി കണ്ഠരര് രാജീവര് തന്നെ ഫോണില്‍വിളിച്ചുവെന്നാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. അതിന് താന്‍കൊടുത്ത മറുപടി അങ്ങനെ ചെയ്‌തോളൂ എന്നും അതിന് പതിനായിരക്കണക്കിനുപേര്‍ നിങ്ങളുടെ കൂടെയുണ്ടാകുമെന്നുമാണെന്നും പിള്ള വെളിപ്പെടുത്തിയിരിക്കുന്നു. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ കയറ്റാന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ നട തുറന്നിരുന്ന ഒക്ടോബര്‍ 19നാണ് തന്നോട് തന്ത്രി ഇത്തരമൊരു സംശയനിവര്‍ത്തി വരുത്തിയതെന്നാണ് പിള്ള പറയുന്നത്. ഇത് ശരിയെങ്കില്‍ ഒരു നേതാവെന്ന നിലയിലും നിയമജ്ഞനെന്ന നിലയിലും ഗുരുതരമായ കുറ്റമാണ് ശ്രീധരന്‍പിള്ള നടത്തിയിരിക്കുന്നത്. തന്ത്രി ക്ഷേത്രം പൂട്ടിയിരുന്നെങ്കില്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമായിരുന്ന രോഷം എവിടെ ചെന്നെത്തുമായിരുന്നു എന്നാണ് ആശങ്കപ്പെടുത്തുന്നത്. തന്ത്രവും അജണ്ടയുമാണ് തങ്ങള്‍ നടപ്പാക്കിയതെന്ന് ബി.ജെ.പി നേതാവ് ആവര്‍ത്തിച്ചിട്ടും തന്ത്രിയെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് പ്രേരണ നല്‍കിയിട്ടും ഭരണകൂടം എന്തുകൊണ്ട് ചെറു വിരലനക്കുന്നില്ല. ഞായറാഴ്ച രാവിലെ നടന്ന പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ട് മൂന്നു ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. സംഭവം ഗുരുതരമാണെന്ന് മുഖ്യമന്ത്രിക്കുതന്നെ പൊതുയോഗത്തില്‍ സമ്മതിക്കേണ്ടിവന്നു. അതിന് തന്ത്രിയോട് വിശദീകരണം ചോദിക്കുന്നത് എന്ത് ന്യായമാണ് ?
മധ്യവയസ്‌കന്റെ അപകടമരണം ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ നടത്തിയവരുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ നിര്‍ത്തിയാണ് ശബരിമല ക്ഷേത്ര പരിസരത്ത് തമ്പടിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് തുറന്നുപറഞ്ഞു. ഇന്നലെയും ക്ഷേത്ര ദര്‍ശനത്തിനെത്തിയ വിശ്വാസിനിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അക്രമമുണ്ടായി.ബി.ജെ.പിയുടെ വര്‍ഗീയക്കോമരങ്ങളും കമ്യൂണിസ്റ്റുകളും ചേര്‍ന്ന് ശബരിമലയെയും കേരളത്തെയാകെയും കലാപഭൂമിയാക്കാനുള്ള തന്ത്രമാണിട്ടതെന്ന് സംശയിക്കണം. പിള്ളയുടെ പ്രസംഗത്തില്‍ പറയുന്നതുപോലെ ശബരിമല വിഷയത്തില്‍ അവശേഷിക്കുന്നത് സംഘ്പരിവാരവും സര്‍ക്കാരും സി.പി.എമ്മുമാണെന്നാണ്. ഇത് ഒന്നാന്തരം ഒത്തുകളിയാണ്. തീവ്രവര്‍ഗീയതയുടെ വക്താക്കള്‍ ആരെന്ന മല്‍സരമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ നിയമം നടപ്പാക്കുന്നുവെന്ന് പറയുന്നവര്‍ക്ക് നാട്ടിലെ നിയമ വ്യവസ്ഥയും ക്രമസമാധാനവും നടപ്പാക്കാന്‍ ബാധ്യതയില്ലേ. ആചാരം ലംഘിച്ച് ആചാര സംരക്ഷണത്തിന് വിശ്വാസിനികളുടെ വയസ്സ് പരിശോധിക്കാനും മാധ്യമ പ്രവര്‍ത്തരെയടക്കം മര്‍ദിക്കാനും തയ്യാറാകുന്നവര്‍ നിയമം കയ്യിലെടുക്കുന്നത് സര്‍ക്കാരിന്റെ പൂര്‍ണ പരാജയമാണ്. കേന്ദ്ര സര്‍ക്കാരിനെ ഭയന്ന് മുഖ്യമന്ത്രിക്ക് മുട്ടുവിറക്കുന്നുവോ. ക്രമസമാധാന പാലനത്തിന് പൂര്‍ണ അധികാരം ഹൈക്കോടതി ഉറപ്പുനല്‍കിയിരിക്കെ അക്രമികളെ പിടിച്ചുകെട്ടാന്‍ സര്‍ക്കാരിന് എന്താണിത്ര ആലസ്യം?
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ മെഗാഫോണോ?
Tags: shabarimala