X
    Categories: Video Stories

പാതകളിലെ കുരുതിക്ക് എന്ന് അറുതിയാകും

നമ്മുടെ പല പാതകളുടെയും ശോചനീയാവസ്ഥയും അതിലൂടെ സഞ്ചരിക്കുന്ന സഞ്ചാരികളുടെ ശ്രദ്ധക്കുറവും വരുത്തിവെക്കുന്ന തീരാദുരിതങ്ങളും ദുരന്തങ്ങളും കുറച്ചൊന്നുമല്ല നാട്ടുകാരെ തീതീറ്റിക്കുന്നത്. നിത്യേന രാപ്പകലില്ലാതെ കേരളത്തിലെ റോഡുകളില്‍ സംഭവിക്കുന്ന വാഹനാപകടങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന സമീപനമാണ് ഭരണ നേതൃത്വത്തിനുള്ളതെങ്കില്‍ മുന്നറിയിപ്പുകളെ തരിമ്പും മുഖവിലക്കെടുക്കാതെയുള്ള ഡ്രൈവിങാണ് പാതകളെ ഗ്രാമനഗരപ്രാന്തവ്യത്യാസമില്ലാതെ കുരുതിക്കളമാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടുവയസ്സുകാരിയായ കുഞ്ഞടക്കം പത്തോളംപേര്‍ മരണത്തിനിടയായത് അപ്രതീക്ഷിതമായി നടുറോഡുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടങ്ങളുടെ വ്യാപ്തി ശരിവെക്കുന്നതാണ്.
വയലിനിസ്റ്റ് ബാലഭാസ്‌കറും ഭാര്യയും കുഞ്ഞും സഞ്ചരിച്ച കാര്‍ തിരുവനന്തപുരത്തുവെച്ച് പുലര്‍ച്ചെ അപകടത്തില്‍പെട്ടതും കുഞ്ഞ് മരിക്കാനിടയായതും തെല്ലൊന്നുമല്ല കേരളീയരെയാകെ നൊമ്പരത്തിലാഴ്ത്തിയത്. ഡ്രൈവര്‍ അര്‍ജുന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ്. ആറ്റുനോറ്റ് പതിനാറ് വര്‍ഷത്തിനുശേഷമുണ്ടായ തേജസ്വിനി ബാല എന്ന കുഞ്ഞാണ് അപകടത്തില്‍ മരണം വരിക്കേണ്ടിവന്നത്. ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നതാണ്. കലാകാരന്‍ എന്നതിലുപരി സിനിമാരംഗത്തും മറ്റും ഒട്ടേറെ സൗഹൃദ വലയവും സഹൃദയരായി നിരവധി പേരുമുള്ള ബാലഭാസ്‌കറിന്റെ അപകടവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. ഇവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് അതിലെങ്ങും. കഴിഞ്ഞദിവസം മൂവാറ്റുപുഴ എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് പാഞ്ഞുകയറിയ ബൈക്കില്‍നിന്ന് തീപടര്‍ന്ന് ബസ്സാകെ അഗ്നിക്കിരയായി. അല്‍ഭുതകരമായാണ് അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്താനായത്.
ഇന്ന് പാതകളിലൂടെ വാഹനങ്ങളില്‍ സഞ്ചരിക്കാത്തവരായി ഒരുവിധം ആരുമില്ലെന്നുതന്നെ പറയാന്‍ കഴിയും. രാത്രികളില്‍ ഉറക്കമൊഴിച്ച് നടത്തുന്ന ഡ്രൈവിങ് ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളും മരണങ്ങളും മരണം വരെ കൊണ്ടുനടക്കാനിടയുള്ള പരിക്കുകളും തളര്‍ച്ചയുമൊന്നും ഡ്രൈവിങ് സമയത്ത് പ്രത്യേകിച്ച് ആരും അന്വേഷിക്കാറോ ആകുലപ്പെടാറോ ഇല്ല. അതിലും കഷ്ടമാണ് യുവാക്കളുടെയും മദ്യപരുടെയും മറ്റും ആവേശോജ്വലരായി നടത്തുന്ന മല്‍സരയോട്ടങ്ങള്‍. തനിക്കുമീതെ മറ്റാരുമില്ലെന്ന തോന്നലിലാണ് ഇക്കൂട്ടര്‍ മിക്കപ്പോഴും യാത്ര ചെയ്യാറുള്ളത്. പാത തന്റേത് മാത്രമാണെന്ന ചിന്തയാണ് ഭൂരിപക്ഷം പേര്‍ക്കും. പാതയില്‍ മര്യാദയോടെയുള്ള പെരുമാറ്റം പോലും ഇന്ന് മലയാളിക്ക് അന്യമായിരിക്കുന്നു. അമിതവേഗതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ഉപദേശിക്കുകയും ചെയ്യുന്നവരെ പഴഞ്ചന്മാരായി മുദ്രകുത്തുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ അവരുടെ മുന്നറിയിപ്പ് തിരിച്ചറിയുന്നത് ഏതെങ്കിലും ഗുരുതരമായ അപകടങ്ങള്‍ക്ക് വിധേയരായി ചികിസാകിടക്കയില്‍ കഴിയേണ്ടിവരുമ്പോഴായിരിക്കും. ഇതിനിടയില്‍ ഒരു വിലപ്പെട്ട ജീവിതംതന്നെ അവര്‍ക്കും കുടുംബത്തിനും നഷ്ടമാകുകയും ചെയ്തിരിക്കും.
ബാലഭാസ്‌കറുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാര്‍ അപകടത്തില്‍പെടാനിടയാക്കിയതെന്ന് ആശ്വസിക്കുകയും അതിനെതിരെ ബോധവത്കരണം നടത്തുകയും ചെയ്തുകൊണ്ട് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന്‍ പോസ്റ്റ് ചെയ്ത സമൂഹ മാധ്യമ വീഡിയോ ഇതിനകം മിക്കവരും കണ്ടുകാണും. അതില്‍പറയുന്നതുപ്രകാരം, വാഹനം ഓടിക്കുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ എല്ലാവരും ഉള്‍ക്കൊള്ളാന്‍ തയ്യാറാകുകയാണ് വേണ്ടത്. പ്രധാനമായും രാത്രികാല വാഹനമോട്ടത്തിനിടെ ഡ്രൈവര്‍ക്ക് ഉണ്ടാകുന്ന കണ്ണുതുറന്നുള്ള ഉറക്കമാണ് അപകടത്തിന് വഴിവെക്കുന്നത്. പാതയിലെ തിരക്ക് ഒഴിയുന്ന നേരത്ത് ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് മിക്കപ്പോഴും രാത്രിയാത്രികരുടെ ഉദ്ദേശ്യം. പക്ഷേ എത്തിപ്പെടുന്നതാകട്ടെ മിക്കപ്പോഴും ആസ്പത്രികളിലും സ്‌ട്രെച്ചറുകളിലും. ഇത്തരമൊരു അപകടത്തിലാണ് കാര്‍ റോഡിലെ ഡിവൈഡറിവിടിച്ച് മറിഞ്ഞ് കേരളത്തിന്റെ മറ്റൊരു ജനപ്രിയ കലാകാരന്‍ ജഗതിശ്രീകുമാര്‍ വര്‍ഷങ്ങളായി വീല്‍ചെയറില്‍ ജീവിതം ജീവിച്ചുതീര്‍ക്കേണ്ടിവന്നത്. സമാനമായി മലയാള സിനിമയിലെ തിളങ്ങുന്ന താരമായിരുന്ന മോനിഷയും അപകടത്തില്‍പെട്ട് മരണം വരിച്ചു. രക്ഷപ്പെട്ടവര്‍ പറയുന്നത് ഡ്രൈവര്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടമെന്നാണ്. അതായത്, ഉറക്കം കണ്‍പോളകളെ അലോസരപ്പെടുത്തിത്തുടങ്ങുമ്പോള്‍ വാഹനം നിര്‍ത്തിയിട്ട് കുറച്ചുനേരത്തേക്കെങ്കിലും ഉറക്കം തീര്‍ക്കുന്നതിനുപകരം കണ്‍പോളകള്‍ നിര്‍ബന്ധിച്ച് തുറന്നുപിടിച്ച് ഓടിച്ചിട്ട് കാര്യമില്ലെന്നാണ്. ശാസ്ത്രീയമായ വിശകലനത്തില്‍ മനസ്സും ശരീരവും ഉറങ്ങുമ്പോള്‍ തന്നെ കണ്‍പോളകള്‍ അല്‍പനേരത്തേക്ക് തുറന്നിരിക്കുമെന്നാണ്. അതായത് ഡ്രൈവര്‍ പാതയിലേക്ക് നോക്കുന്നുണ്ടെങ്കിലും അയാള്‍ ഒന്നും കാണുന്നുണ്ടാകില്ലെന്ന്.
കേരളത്തിലെ റോഡപകടങ്ങളുടെ കണക്കെടുത്താല്‍ പ്രതിവര്‍ഷം 40,000 വാഹനാപകടങ്ങളാണ് സംഭവിക്കുന്നതെന്ന് കാണാന്‍ കഴിയും. ഇതില്‍ മരിക്കുന്നതാകട്ടെ ആയിരത്തോളം പേരും. 2001ല്‍ 2674 പേര്‍ പ്രതിവര്‍ഷം മരിച്ചെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 4131 പേരാണ്. ഈ വര്‍ഷം ജൂണ്‍ 30 വരെ മാത്രം കേരളത്തിലെ നിരത്തുകള്‍ എടുത്ത ജീവനുകള്‍ 2234 ഉം. 2010നുശേഷമാണ് മരണസംഖ്യ നാലായിരം കടന്നതെന്ന് കേരള പൊലീസ് പറയുന്നു. ഏതാണ്ട് 16000 മലയാളികളുടെ ജീവനാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മാത്രം നടുറോഡില്‍ പൊലിഞ്ഞത്. പൊലീസും ഗതാഗതവകുപ്പും മരണക്കണക്കുകള്‍ അവതരിപ്പിക്കാനല്ലാതെ ഫലപ്രദമായി ഇക്കാര്യത്തില്‍ ഇടപെടാന്‍ താല്‍പര്യം കാട്ടുന്നില്ലെന്ന പരാതിയാണ് മിക്കവര്‍ക്കുമുള്ളത്. അശാസ്ത്രീയമായ പാതനിര്‍മാണവും ട്രാഫിക് രീതികളും വാഹനങ്ങളുടെ അപകടത്തിനിടയാക്കുന്നതായി ഇതുസംബന്ധിച്ച് നാറ്റ്പാക് നടത്തിയ പഠനത്തില്‍ പറയുന്നു. റോഡുകള്‍ നിര്‍മിക്കുന്നതില്‍ നടക്കുന്ന അഴിമതിയും വെട്ടിപ്പും പെട്ടെന്നുതന്നെ അവ തകരുന്നതിനിടയാക്കുന്നുണ്ട്. എഞ്ചിനീയര്‍മാരുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പണക്കൊതിയും ഇതിന് കാരണമാണ്. പ്രളയത്തിനുശേഷം തകര്‍ന്നുകിടക്കുന്ന കേരളത്തിലെ പാതകളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണിയും ഇനി എന്നു നടക്കുമെന്നറിയാത്ത അവസ്ഥയിലാണ്. പൊതുമരാമത്തുവകുപ്പിന്റെകൂടി അടിയന്തിര ജാഗ്രത ഇക്കാര്യത്തിലുണ്ടായേ തീരൂ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: