രാജ്യം ഭരിക്കുന്ന പാര്‍ട്ടി അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു മുന്നില്‍ മുട്ടുമടക്കുന്നു. വിജയം നല്‍കിയ ആവേശം മുതലെടുത്ത് പ്രതിപക്ഷം സര്‍ക്കാറിനെതിരായ നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടുന്നു. പ്രതിരോധത്തിലായിപ്പോയ സര്‍ക്കാറിന് അനുകൂലമായി പരമോന്നത നീതി പീഠത്തില്‍ നിന്ന് വിധിയുണ്ടാകുന്നു. വീണുകിട്ടിയ ആയുധവുമായി സര്‍ക്കാര്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. തൊട്ടു പിന്നാലെ ആയുധം സര്‍ക്കാര്‍ സ്വമേധയാ പിന്‍വലിക്കുന്നു. ഏതാനും ദിവസങ്ങളായി രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത് അമ്പരപ്പിക്കുന്നതും അല്‍ഭുതപ്പെടുത്തുന്നതുമായ സംഭവ വികാസങ്ങള്‍ക്കാണ്. റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കനുകൂലമായുണ്ടായ സുപ്രീംകോടതി വിധിക്കു പിന്നാലെ വിധി പ്രസ്താവം നടത്തിയതില്‍ കോടതിക്ക് പിഴവുപറ്റിയെന്നും വിധി തിരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നഗ്നമായ അഴിമതി പ്രകടമായ ഒരു ഇടപാടിലാണ് ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിപ്പിച്ചിരുന്നത്. സര്‍ക്കാറിന്റെ നയപരമായ എല്ലാ തീരുമാനങ്ങളേയും ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാക്കാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. റഫാല്‍ ഇടപാടിലെ അഴിമതി ആരോപണം സംബന്ധിച്ച് സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റെ വിധി. വിധി പുറത്തുവന്നതോടെ പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് തിരിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ വിധിയില്‍ പിഴവു സംഭവിച്ചുവെന്നും സുപ്രീം കോടതി തിരുത്തണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ തന്നെ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ഗൗരവതരമായ പ്രശ്‌നത്തിന് പുറമെ റഫാല്‍ ഇടപാടില്‍ ഈ സര്‍ക്കാറിന് പലതും മറച്ചുവെക്കാനുണ്ടെന്ന് അവര്‍ തന്നെ വ്യക്തമായിരിക്കുകയുമാണ്.
യഥാര്‍ത്ഥത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പഞ്ചഗുസ്തിയില്‍ അടിപതറിപ്പോയ മോദി സര്‍ക്കാര്‍ സുപ്രീംകോടതി വിധി ഒരു പിടിവള്ളിയായി മാറും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. വിധി പുറത്തുവന്ന ഉടന്‍ തന്നെ അതിനെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടാവുകയും ചെയ്തു. പരാജയത്തിന്റെ ആലസ്യത്തില്‍ മൗനിയായിപ്പോയ പ്രധാനമന്ത്രി സടകുടഞ്ഞെഴുനേല്‍ക്കുകയും കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിക്കുന്നതും പിന്നീട് കാണാന്‍ സാധിച്ചു. എന്നാല്‍ സുപ്രീംകോടതി വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദി റിലയന്‍സ് ഉടമ അനില്‍ അംബാനിയെ സഹായിച്ചിട്ടുണ്ടെന്നും അക്കാര്യം തെളിയിക്കുമെന്ന് അദ്ദേഹം ആണയിട്ട് പ്രസ്താവിക്കുകയും ചെയ്തതോടെ ബി.ജെ.പിയുടെ ചുവട് പിഴയ്ക്കുകയായിരുന്നു. പി.എ.സി അധ്യക്ഷന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ കൂടി രംഗത്തെത്തിയതോടെ ബി.ജെ.പിയുടെ കള്ളക്കളി പൂര്‍ണമായും പുറത്താവുകയായിരുന്നു. റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതായും സി.എ.ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി)യുടെ പരിഗണനക്ക് വിടുകയോ കമ്മിറ്റി പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറല്‍(എ.ജി), കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി) എന്നിവരെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്ന് പി.എ.സിയിലെ മറ്റ് അംഗങ്ങളോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഖാര്‍ഗെ പറയുകയുണ്ടായി. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച തന്നെ രംഗത്തെത്തിയിരുന്നെങ്കിലും പിറ്റെ ദിവസം പി.എ.സി അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ശരിക്കും കുഴിയില്‍ വീണിരിക്കുകയാണ്.
ഇതോടെ വീണത് വിദ്യയാക്കാനുള്ള ശ്രമം നടത്തി രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരായിരിക്കുകയാണ് മോദി സര്‍ക്കാര്‍. രഹസ്യ രേഖയായി നല്‍കിയ കുറിപ്പിലെ പരാമര്‍ശം കോടതി തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും ഇതു തിരുത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പുതിയ അപേക്ഷ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. റഫാല്‍ കേസിലെ വിധിയില്‍ സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ചും പാര്‍ലമെന്റിന്റെ പബ്ലിക്‌സ് അക്കൗണ്ട്‌സ് കമ്മിറ്റിയെക്കുറിച്ചും പറയുന്ന ഖണ്ഡികയില്‍ വസ്തുതാപരമായ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം കോടതിയെ സമീപിച്ചിരിക്കുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചെന്ന കോടതി വിധിയിലെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തിയതിനു തൊട്ടു പിന്നാലെയാണ് തിടുക്കപ്പെട്ട് കേന്ദ്രം തിരുത്തല്‍ ഹര്‍ജി നല്‍കിയത്. വിലയുടെ വിശദാംശങ്ങള്‍ സി.എ.ജിയുമായി സര്‍ക്കാര്‍ പങ്കുവെച്ച് കഴിഞ്ഞു. സി.എ.ജിയുടെ റിപ്പോര്‍ട്ട് പി.എ.സി പരിശോധിക്കുന്നു. റിപ്പോര്‍ട്ടിന്റെ സംഗ്രഹം പാര്‍ലമെന്റിലും പൊതു സമക്ഷവും വെക്കുന്നു എന്നാണ് തങ്ങള്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന വിവരം എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ വിലയുടെ വിശദാംശങ്ങള്‍ സി.എ.ജിയുമായി പങ്കു വെച്ചിരുന്നു. സി.എ.ജിയുടെ റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ സംഗ്രഹമാണ് പാര്‍ലമെന്റില്‍ വെച്ചത്, പൊതു സമക്ഷമുള്ളതും എന്നാണ് കോടതി വിധിയിലുള്ളത്. സര്‍ക്കാറിന്റെ വിശദീകരണത്തില്‍ വല്ല അവ്യക്തതയുമുണ്ടെങ്കില്‍ വിധിപ്രസ്താവത്തിനുമുമ്പ് തന്നെ കോടതിക്ക് വിശദീകരണം തേടാമെന്നിരിക്കെ കോടതിയില്‍ നിന്ന് വാചകങ്ങളില്‍ മാറ്റം വരാനുള്ള സാധ്യത തുലോം കുറവാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിനെ വിശ്വസിക്കാന്‍ ഒരു നിര്‍വാഹവുമില്ല.
എന്നാല്‍ പഞ്ചഗുസ്തിയില്‍ ഏറ്റ പരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം മനപൂര്‍വം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. കോടതി അടുത്തമാസം രണ്ടുവരെ അവധിയില്‍ പിരിയുന്ന സാഹചര്യം മുതലെടുത്താണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഇതോടെ പുന പരിശോധനാ ഹരജി നല്‍കിയെങ്കിലും ഉടന്‍ കോടതിക്ക് അത് കൈകാര്യം ചെയ്യാന്‍ സാധ്യമല്ലാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. വിധി പറഞ്ഞ ജഡ്ജിമാര്‍ തന്നെ പുനപരിശോധനാ അപേക്ഷ പരിഗണിക്കണമെന്നതിനാല്‍ കോടതിയെ കുറ്റം പറഞ്ഞ് പിടിച്ച് നില്‍ക്കുകയും ചെയ്യാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. പി.എ.സി അധ്യക്ഷന്റെ കൃത്യമായ ഇടപെടലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടും ബി.ജെ.പിയുടെ കണക്കു കൂട്ടല്‍ തെറ്റിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ വെളുക്കാന്‍ തേച്ചത് ബി.ജെ.പിക്ക് പാണ്ടായി മാറിയിരിക്കുകയാണ്. റഫേലില്‍ അനുകൂല വിധി സമ്പാദിക്കുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. നിയമ സഭാതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറച്ചുവെക്കുകയെന്നതായിരുന്നു ഒന്നാമത്തേത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കാവുന്ന പ്രധാനമന്ത്രി തന്നെ അഴിമതിക്കാരനായി മാറി എന്ന പ്രചരണത്തിന് തടയിടുക എന്നതായിരുന്നു രണ്ടാമത്തേത്. അത് കൊണ്ടാണ് കോടതിയുടെ പേരില്‍ രണ്ടും കല്‍പ്പിച്ച് അവര്‍ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസരോചിത ഇടപെടല്‍ വഴി ഈ നീക്കത്തിലും അവര്‍ക്ക് ചുവട് പിഴച്ചിരിക്കുകയാണ്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
റഫാലില്‍ ആര്‍ക്കാണ് പിഴച്ചത്
Tags: rafael deal