X
    Categories: Video Stories

ചരിത്ര സന്ദര്‍ശനം തരുന്ന സന്ദേശം

ക്രിസ്തീയ കാത്തോലിക്ക വിശ്വാസികളുടെ ആത്മീയതലവന്‍ പോപ്പ് ഫ്രാന്‍സിസ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തലസ്ഥാനമായ അബൂദാബിയില്‍ തിങ്കളാഴ്ച വിമാനമിറങ്ങുമ്പോള്‍ വിശ്വമാനവിക ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി രചിക്കപ്പെടുകയായിരുന്നു. ഒരു മാര്‍പ്പാപ്പ ഇതാദ്യമായി അറേബ്യന്‍ ഉപഭൂഖണ്ഡം സന്ദര്‍ശിക്കാനെത്തിയതിനെ ചരിത്രപരം എന്നു മാത്രമല്ല, മാനവികതയുടെ പുതുവിളംബരം എന്നുകൂടി വിശേഷിപ്പിക്കപ്പെടേണ്ടതുണ്ട്. ‘താന്‍ പുതിയ അധ്യായം രചിക്കുകയാണെ’ ന്നാണ് പോപ്പ് തന്നെ സന്ദര്‍ശനത്തെ സ്വയംവിശേഷിപ്പിച്ചത്. ഇതിനനുസൃതമായ ജാജ്വല്യമാനമായ രാജകീയ വരവേല്‍പ്പാണ് യു.എ.ഇ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പോപ്പിന് ഔദ്യോഗികമായി ലഭിച്ചതും. അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ മാര്‍പ്പാപ്പയെ തന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്തത് ‘വിശുദ്ധ പിതാവിന് സ്വാഗതം’ എന്ന് അഭിസംബോധന ചെയ്തായിരുന്നുവെന്നതും മുസ്‌ലിം-ക്രിസ്ത്യന്‍ സാഹോദര്യത്തിന്റെ ഉച്ഛസ്ഥായിയായി. എഴുനൂറ്റമ്പത് കോടിയോളം വരുന്ന ലോക ജനത എന്തിന്റെ പേരിലായാലും തമ്മില്‍തല്ലി മരിക്കാനുള്ളവരല്ലെന്നും പരസ്പര പങ്കുവെപ്പിലൂടെ ഭൂമിയില്‍ സമാധാനം സ്ഥാപിക്കേണ്ടവരാണെന്നുമുള്ള തിരിച്ചറിവാണ് സന്ദര്‍ശനത്തിലൂടെ മാര്‍പ്പാപ്പ ലോകത്തോടും വിശേഷിച്ച് അറബ്-ഇസ്‌ലാമിക ലോകത്തോടും വിളിച്ചുപറഞ്ഞിരിക്കുന്നത്. ഇതിന് അനുസൃതമായ വികാരമാണ് അബൂദാബിയിലെ മതാന്തര സംഗമത്തില്‍ പ്രതിവചിച്ച നേതാക്കളും മത പണ്ഡിതരും ഉയര്‍ത്തിക്കാട്ടിയതും. ഇബ്രാഹിമീ പരമ്പരയിലെ പുതുതലമുറകള്‍ക്ക് കുരിശു യുദ്ധങ്ങളുടെ പഴമയില്‍നിന്ന് നവലോകത്തെത്തുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്ന തിരിച്ചറിവുകൂടിയാണ് സംഗമം പ്രകടിപ്പിച്ചത്.
‘അസ്സലാമു അലൈക്കും’ എന്ന പദങ്ങള്‍ ചൊല്ലിയാണ് പോപ്പ് ഫ്രാന്‍സിസ് സംഗമത്തില്‍ തന്റെ പ്രഭാഷണം ആരംഭിച്ചത്. ലോക സമാധാനത്തിന്റെ അനിവാര്യത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു ആ മൊഴികള്‍. ‘സഹോദരങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് ദൈവത്തിനുവേണ്ടിയുള്ളതാണ് എന്നതാണ് ഏറ്റവും വലിയ ദൈവ നിന്ദ. എല്ലാവരെയും സഹോദരങ്ങളായി കാണുന്നതാണ് യഥാര്‍ത്ഥ മത സ്വാതന്ത്ര്യം. ആയുധത്തിന്റെ ശക്തികളെ നേരിടാന്‍ മുസ്‌ലിം-ക്രിസ്ത്യന്‍ നേതാക്കള്‍ മുന്നിട്ടിറങ്ങണം.. സമാധാനം കാംക്ഷിക്കുന്നവരുടെ കൂടെയാണ് ദൈവം’ അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയുടെയും അതിലെ മുപ്പതുകോടിയിലധികം വരുന്ന ജനതയുടെയും അശാന്തിക്ക് പതിറ്റാണ്ടുകളുടെ കറ പുരണ്ട പശ്ചാത്തലമാണുള്ളത്. അധികാരത്തിന്റെയും വംശീയതയുടെയും പേരിലുള്ള പോരാട്ടങ്ങള്‍ പലയിടത്തും നിത്യസംഭവം. സിറിയ, ഇറാഖ്, യെമന്‍, ലിബിയ എന്നിവിടങ്ങളില്‍ ഇന്നും ബോംബു വര്‍ഷവും കണ്ണീരും തോര്‍ന്നിട്ടില്ല. മതങ്ങള്‍ തമ്മിലുള്ള പരസ്പര സംവാദവും സഹകരണവും കൊണ്ടുമാത്രം ഈ നരഹത്യകള്‍ക്ക് പരിഹാരം കാണാനാകില്ല. മതത്തെ ദുരുപയോഗം ചെയ്താണ് ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകള്‍ അക്രമ പരമ്പര തുടരുന്നത്. ലക്ഷക്കണക്കിന് മനുഷ്യരാണ് ഈ മേഖലയില്‍ മരണപ്പെട്ടത്. കൂട്ടക്കുരുതിയുടെയും നരക യാതനയുടെയും ഇരകളധികവും കുരുന്നുകളും വനിതകളുമാണ്. പലായനം ചെയ്തവരുടെ എണ്ണവും അത്രയും തന്നെ വരും. പോപ്പ് ഫ്രാന്‍സിസിന്റെ ലോക സമാധാന സംരംഭങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തോളംതന്നെ പഴക്കമുണ്ട്. ലോകത്ത് പലയിടത്തും കാത്തോലിക്കര്‍ക്കിടയില്‍തന്നെയുമുള്ള പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അവധാനതയോടെ നേരിട്ട വ്യക്തിത്വമാണ് പുതിയ കാത്തോലിക്ക തലവന്റേത്. അമേരിക്കയുടെയും ഇസ്രാഈലിന്റെയും സമാധാന ഭഞ്ജക നയങ്ങള്‍ക്കെതിരെയും അവരുടെ ക്രൂരതകള്‍ക്കെതിരെയും ഫ്രാന്‍സിസ് രണ്ടാമന്‍ പ്രതികരിച്ചിട്ടുണ്ട്. അതൊരു പരിധിവരെ ലോകത്തെ വലിയ സമുദായമെന്ന നിലക്ക് കാത്തോലിക്കരിലും ക്രിസ്തീയ വിശ്വാസികളില്‍ പൊതുവെയും അനുരണനമുണ്ടാക്കിയിട്ടുണ്ടെന്നത് നേരാണ്. ആ മാര്‍ഗത്തിലൂടെയാണ് അദ്ദേഹം അബൂദാബിയിലെ മാനവിക സംഗമത്തിനെത്തിയതും.
ഇസ്‌ലാമിന്റെ പേരെടുത്തു പറയാതെയാണ് അക്രമങ്ങള്‍ മതത്തിന്റെ പേരിലെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചത്. യഥാര്‍ത്ഥത്തില്‍ മേഖലയിലെ അക്രമങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും കാരണം അമേരിക്കയും ഇസ്രാഈലും പോലുള്ള സ്ഥാപിത ശക്തികളാണ്. അതിനെ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കുന്നത് തികഞ്ഞ അസംബന്ധമാണ്. അറേബ്യന്‍ മേഖലയെ ഏറെക്കാലമായി ഭയപ്പെടുത്തി നിര്‍ത്തുന്ന മേഖലയിലെ ശക്തിരാഷ്ട്രങ്ങളിലൊന്നാണ് ജൂത ശക്തികേന്ദ്രമായ ഇസ്രാഈല്‍. മുസ്‌ലിംകളുടെകൂടി വിശുദ്ധ കേന്ദ്രമായ ജെറുസലേം പിടിച്ചടക്കുകയും ഫലസ്തീനികളെ ജന്മദേശം പോലുമില്ലാതെ കൊന്നാടുക്കുകയും മസ്ജിദുല്‍ അഖ്‌സക്കുവരെ ഭീഷണിയുയര്‍ത്തുകയുമാണ് ഈ ഭീകര രാഷ്ട്രം. അവിടെയൊന്നും പീഡിതരുടെ സഹായത്തിനെത്താന്‍ നമുക്ക് കഴിയുന്നില്ല. അടുത്തകാലത്തായി ഇസ്രാഈലിന്റെ കാര്യത്തില്‍ അറബ് രാജ്യങ്ങളുടെ സമീപന രീതികളില്‍ ചില ചലനങ്ങളുണ്ടായി എന്നത് മറക്കുന്നില്ല. മാനവികസാഹോദര്യവും സമാധാനവും ഏതെങ്കിലുമൊരു ഭാഗത്തിന്റെ മാത്രം ബാധ്യതയാണെന്ന് വരുന്നത് ഒരു ഗുണവും ചെയ്യില്ലെന്ന് അറിയാത്തയാളാവില്ല മാര്‍പാപ്പ. ഒരുപക്ഷേ ഇവ്വിഷയത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാക്കാന്‍ പോപ്പിന് കഴിയുമെങ്കില്‍ അതാകും ഈ ചരിത്ര സന്ദര്‍ശനത്തിന്റെ വിജയപത്രം. സംഗമത്തില്‍ അല്‍അസ്ഹര്‍ മസ്ജിദ് ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍തയ്യിബ് നടത്തിയ പ്രസ്താവന ഈ മാര്‍ഗത്തിലേക്കുള്ള പുതിയ ചുവടുവെയ്പാണ്.
ചില കുബുദ്ധികള്‍ ചെയ്യുന്ന അതിക്രമങ്ങളുടെ പേരില്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ച് മുസ്‌ലിം രാജ്യങ്ങളിലേക്ക് കടന്നുകയറുന്ന അമേരിക്കന്‍-പാശ്ചാത്യ ഭരണകൂടങ്ങളും അവരുടെ മാരകായുധ ശേഖരണവും വില്‍പനയും ജൂത-കമ്യൂണിസ്റ്റ് ലോബികളുമൊക്കെയാണ് ലോക സമാധാനത്തിന് മുമ്പിലുള്ള ഒഴിയാകടമ്പകളെന്ന സത്യം ഉള്‍ക്കൊള്ളണം. അവയെ ദൈവിക മാര്‍ഗത്തില്‍ ഒരുമിച്ചുനിന്ന് പരാജയപ്പെടുത്തുമ്പോള്‍ മാത്രമേ പോപ്പ ്ഫ്രാന്‍സിസിന്റെ സന്ദര്‍ശനത്തിനും മതാന്തര മാനവിക സംഗമത്തിലെ സന്ദേശത്തിനും പ്രാബല്യതയും വിശ്വാസ്യതയും കൈവരൂ. വെട്ടിപ്പിടുത്തത്തിന്റെയും മതാന്ധതയുടെയും വേലിക്കെട്ടില്ലാത്ത ലോകത്തെ അതുവഴി സൃഷ്ടിക്കാനാകും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: