പാകിസ്താനെതിരെ സൈന്യം നടത്തിയ മിന്നലാക്രമണം നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന കുറ്റപ്പെടുത്തലുമായി മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ മുന്‍. ലഫ് ജനറല്‍ ഡി.എസ് ഗൂഡ രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാറിന് കനത്ത ക്ഷീണം സൃഷ്ടിച്ചിരിക്കുകയാണ്. ചണ്ഡിഗഡില്‍ പഞ്ചാബ് സര്‍ക്കാര്‍ സംഘടിപ്പിച്ച മിലിട്ടറി ലിട്രേച്ചര്‍ ഫെസ്റ്റിവലില്‍ നടത്തിയ സംവാദത്തിലാണ് ഹൂഡയുടെ ഈ തുറന്നു പറച്ചില്‍ ഉണ്ടായിരിക്കുന്നത്. 2016 സെപ്റ്റംബറില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നോര്‍ത്തേണ്‍ ആര്‍മിയുടെ കമാന്‍ഡര്‍ ആയിരുന്നു ഹൂഡ. മിന്നലാക്രമണം വീണ്ടും വീണ്ടും ചര്‍ച്ചയാക്കുന്നത് സേനയ്ക്ക് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിക്കപ്പുറം നടത്തിയ മിന്നല്‍ പ്രഹരത്തിന്റെ വിജയം അഭിമാനകരമാണ്. സൈന്യത്തിന്റെ വിജയത്തില്‍ ആദ്യമുണ്ടായ ആഹ്ലാദം സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഈ വിജയം വീണ്ടും വീണ്ടും ചര്‍ച്ചയാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സൈനിക നീക്കത്തെ രാഷ്ട്രീയവല്‍ക്കരിച്ചത് തെറ്റോ ശരിയോ എന്ന് രാഷ്ട്രീയ നേതാക്കളോട് ചോദിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. സൈനിക നീക്കം അതീവ രഹസ്യമായി നടത്തുകയായിരുന്നു നല്ലതെന്നും ഹൂഡ വ്യക്തമാക്കുകയുണ്ടായി. സൈനിക നടപടി രാഷ്ട്രീയ ചിത്രമായി നല്‍കിയെന്നും അതു മോദി സര്‍ക്കാരിന് ദേശീയതലത്തില്‍ മുഖം മിനുക്കാന്‍ അവസരം നല്‍കിയെന്നും സൈന്യത്തില്‍ നിന്നും വിരമിച്ച കേണല്‍ അജയ് ശുക്ലയും കുറ്റപ്പെടുത്തുകയുണ്ടായി. ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ വിജയിക്കാന്‍ ഇത് അവസരമൊരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 17 ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവനെടുത്ത ഉറി തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാക് അതിര്‍ത്തിയില്‍ കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. ഇതു സംബന്ധിച്ച പദ്ധതി അംഗീകരിച്ചത് ലെഫ്റ്റനന്റ് ജനറല്‍ ഹൂഡയായിരുന്നു.
പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ലോക രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. പാകിസ്താനിലെ ഒരു പൗരനെ പോലും അപകടത്തില്‍ പെടുത്താതെ തീവ്രവാദികളെ മാത്രം ലക്ഷ്യം വെച്ച് ആക്രമണം ആസൂത്രണം ചെയ്യുകയും കൃത്യമായി അത് വിജയിപ്പിച്ചെടുക്കുകയും ചെയ്തത് വഴി ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് ലോകം തിരിച്ചറിയുകയുണ്ടായി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഇന്ത്യയിലെ ജനങ്ങളൊന്നാകെ മോദി സര്‍ക്കാറിന് പിന്തുണയുമായി രംഗത്തെത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സൈന്യത്തിന്റെ നീക്കത്തെയും അതിന് നേതൃത്വം നല്‍കിയ സര്‍ക്കാറിനെയും മുക്തകണ്ഡം പ്രശംസിക്കുകയുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ ഈ പിന്തുണയെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണ് പിന്നീട് നടത്തിയത്. പ്രതിപക്ഷത്തിന്റെ പിന്തുണ സര്‍ക്കാറിനുള്ള രാഷ്ട്രീയ പിന്തുണയായി ദുര്‍വ്യാഖ്യാനം ചെയ്യുകയും അതിന്റെ പേരില്‍ വന്‍ പ്രചരണങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുകയുണ്ടായി. വിഷയത്തെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വരെ കൊണ്ടുവന്ന മോദി സര്‍ക്കാര്‍ പിന്നീട് അതുവെച്ച് മുന്‍കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറുകളെ വെല്ലു വിളിക്കുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഇക്കാലമത്രയും രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് ഇത്തരത്തിലൊരു ആക്രമണം പാകിസ്താനെതിരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും രാജ്യത്ത് ഒരു ശക്തമായ സര്‍ക്കാര്‍ നിലവില്‍ വന്നത്‌കൊണ്ടാണ് സൈന്യത്തിന് ഇങ്ങനെയൊരു നീക്കം നടത്താന്‍ സാധിച്ചതെന്നും പ്രധാനമന്ത്രി വിടുവായത്തം പറയുകയുണ്ടായി. ഉത്തര്‍ പ്രദേശിലുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രധാന ആയുധമായി ബി.ജെ.പി ഇത് ഉപയോഗിക്കുകയും ചെയ്തു.
സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനത്തെ രണ്ടാംസര്‍ജിക്കല്‍ സട്രൈക്കായിട്ടണ് മോദി വിശേഷിപ്പിച്ചത്. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ക്യൂവില്‍ നിര്‍ത്തി ദുരിതക്കയത്തിലേക്ക് തള്ളിവിട്ടപ്പോള്‍ ഉയര്‍ന്നു വന്ന ശക്തമായ പ്രതിഷേധത്തെ മറികടക്കാന്‍ സര്‍ജിക്കല്‍ സട്രൈക്കിനെ തന്ത്രപൂര്‍വം ഉപയോഗപ്പെടുത്തുകയായിരുന്നു നരേന്ദ്ര മോദി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നോട്ടുനിരോധനം വഴി സാധ്യമാകുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി സര്‍ജിക്കല്‍ സട്രൈക്കിന്റെ കാലത്ത് ലഭിച്ചിട്ടുള്ള അതേ പിന്തുണ പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്‍പ്പടെ ലഭ്യമാക്കുക എന്നതായിരുന്നു മോദിസര്‍ക്കാറിന്റെ കുതന്ത്രം. എന്നാല്‍ ഇതു തിരിച്ചറിഞ്ഞ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുകയും നോട്ടു നിരോധനത്തിലെ മണ്ടത്തരങ്ങള്‍ തുറന്നു കാണിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പെടെ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളിലെല്ലാം സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അഭയം കണ്ടെത്താനായിരുന്നു ശ്രമം നടത്തിയിരുന്നത്. സര്‍ക്കാറിന്റെ വാഗ്ദാനങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോഴെല്ലാം മറുപടി സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഒതുങ്ങാറായിരുന്നു പതിവ്. പ്രതിപക്ഷ കക്ഷികള്‍ മുന്‍പെ തുറന്നുകാട്ടിയ ഈ യാഥാര്‍ത്ഥ്യം ഒരു സൈനികന്റെ നാവിലൂടെ തന്നെ പുറത്തുവന്നു എന്നതാണ് ഹൂഡയുടെ വെളിപ്പെടുത്തലിന്റെ സവിശേഷത. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ അതിശക്തമായ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. സൈന്യത്തെ വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാണമില്ലെന്ന് രാഹുല്‍ ഗാന്ധി ടീറ്റ് ചെയ്തിരിക്കുകയാണ്. താങ്കള്‍ യഥാര്‍ത്ഥ പട്ടാളക്കാരനെപ്പോലെ പറഞ്ഞിരിക്കുന്നു. നിങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. സൈന്യത്തെ വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ മിസ്റ്റര്‍ 36ന് (മോദിയുടെ 36 ഇഞ്ച് നെഞ്ച് വാദം) ഒരു നാണവുമില്ലേ. അദ്ദേഹം രാഷ്ട്രീയ മൂലധനത്തിനായി സര്‍ജിക്കല്‍ സ്‌െ്രെടക്കിനേയും മുകേഷ് അംബാനിയുടെ മൂലധനം 30,000 കോടിയായി വര്‍ധിപ്പിക്കാന്‍ റാഫേല്‍ കരാറിനെയും ഉപയോഗിക്കുകയാണ്. ഇതായിരുന്നു രാഹുലിന്റെ പ്രതികരണം.
പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പിക്ക് ആയുധങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലായ കര്‍ഷകരും ചെറുകിട വ്യവസായികളുമെല്ലാം ചരിത്രത്തിലില്ലാത്ത വിധം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു.പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുതിച്ചുയരുമ്പോഴും രൂപയുടെ മൂല്യം തകര്‍ന്നടിയുമ്പോയും കേന്ദ്ര സര്‍ക്കാര്‍ കാഴ്ച്ചക്കാരന്റെ റോളിലാണ്. ന്യൂനപക്ഷങ്ങളും ദളിതുകളുമെല്ലാം അതിക്രൂരമായി വേട്ടയാടപ്പെടുകയും നോട്ടു നിരോധനവും ജി.എസ്.ടി കൊണ്ടുവന്നതിലെ അപാകതയുള്‍പ്പടെ യുള്ള തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ വളര്‍ച്ചാനിരക്കില്‍ കുത്തനെ ഇടിവ് വരുത്തിയിരിക്കുകയാണ്. കള്ളപ്പണം മുഴുവന്‍ പിടികൂടി ഒരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നതുള്‍പ്പെടെയുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ നിഷേധിക്കേണ്ട സാഹചര്യം വന്നുപെട്ടിരിക്കുകയാണ്. ഇതിനുപുറമെ ഫാഷിസത്തിനെതിരായ ചെറുത്തു നില്‍പ്പിനെ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷശ്രമങ്ങളില്‍ ആശാവഹമായ പുരോഗതിയുണ്ടാവുന്നതും ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
സര്‍ജിക്കല്‍ സ്‌ട്രൈക്കിലെ രാഷ്ട്രീയം
Tags: surgical strike