X
    Categories: Video Stories

പ്രണബ് കുമാര്‍ മുഖര്‍ജി

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി അന്തസ്സായി തന്നെ വഹിച്ച പ്രണബ് ദായോട് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി നല്‍കിയ ഉപദേശം വളരെ സ്പഷ്ടമായിരുന്നു. അങ്ങ് നാഗ്പൂരില്‍ പോയാല്‍ സംസാരിക്കുക രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കുറിച്ചായിരിക്കും. പക്ഷെ അങ്ങയുടെ വാക്കുകളായിരിക്കില്ല, അങ്ങ് പങ്കെടുക്കുന്ന ചിത്രമായിരിക്കും അവശേഷിക്കുക. മകളാണ് ശരിയെന്ന് മാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്തതാണെങ്കിലും ആര്‍.എസ്.എസ്. രീതിയില്‍ ദാ അഭിവാദ്യം ചെയ്ത ചിത്രം ലോകം കണ്ടു. കളവ് പറയാനും പ്രചരിപ്പിക്കാനും ആര്‍.എസ്.എസ്. പഠിച്ചത് ഗീബല്‍സില്‍ നിന്ന് നേരിട്ടാണല്ലോ.
മുസ്‌ലിംകളും ക്രൈസ്തവരും ഉള്‍പ്പെടെ എല്ലാവരും ഈ മണ്ണിന്റെ മക്കളാണെന്ന് പ്രണബ് ആര്‍.എസ്.എസ്. ആസ്ഥാനത്തു ചെന്ന് ഓര്‍മിപ്പിച്ചിട്ടുണ്ടെന്നത് നേര്. മതത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്‍ രാജ്യത്തെ വ്യാഖ്യാനിക്കാനുള്ള ഏത് ശ്രമവും രാജ്യത്തെ അസ്ഥിരപ്പെടുത്തുകയേയുള്ളൂ. മത നിരപേക്ഷതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മത നിരപേക്ഷത ഇന്ത്യയുടെ മതമാണ്. സാര്‍വലൗകികത, സ്വാംശീകരണം, സഹവര്‍ത്തിത്വം എന്നീ ആര്‍.എസ്.എസ്. നിഘണ്ടുവിലില്ലാത്ത വാക്കുകള്‍ അദ്ദേഹം പരിചയപ്പെടുത്തി. നാനാത്വത്തിന്റെ പ്രാധാന്യം അടക്കം നിങ്ങളോട് പറയാനാണ് ഇവിടെ വന്നതെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ.
ഈ രാജ്യത്തിന്റെ ആത്മാവായ ഈ മൂല്യങ്ങളെയെല്ലാം ചവിട്ടിമെതിക്കുന്ന പ്രസ്ഥാനമായ ആര്‍.എസ്.എസിന്റെ സ്ഥാപകന്‍ ഹെഡ്‌ഗെവാറിനെ ഭാരതത്തിന്റെ പ്രിയ പുത്രന്‍ എന്ന് വിശേഷിപ്പിക്കുകയുമുണ്ടായി. ഇതാണ് പ്രണബ് ദാ, ചേര്‍ന്നു പോകാത്തത്. രാജ്യത്തെ തകര്‍ക്കുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച ഒരാളെങ്ങനെ രാജ്യത്തിന്റെ പ്രിയ പുത്രനാകും?
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ പ്രണബ് മുഖര്‍ജിക്ക് വയസ്സ് പന്ത്രണ്ടാണ്. പിതാവ് ദേശീയ പ്രസ്ഥാന പ്രവര്‍ത്തകന്‍, പിന്നീട് കോണ്‍ഗ്രസ് ദേശീയ കൗണ്‍സില്‍ അംഗം. ബംഗാളില്‍ കുലിന്‍ ബ്രാഹ്മണ സമുദായാംഗമായ പ്രണബിന്റെ പഠനവിഷയം രാഷ്ട്ര മീമാംസമായിരുന്നു. ചരിത്രത്തിലും പൊളിറ്റിക്‌സിലും ബിരുദാനന്തര ബിരുദത്തിന് ശേഷം നിയമബിരുദം കൂടി നേടിയ പ്രണബ് തപാല്‍ വകുപ്പില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചതാണ്. പിന്നീട്ട വിദ്യാനഗര്‍ കോളജില്‍ രാഷ്ട്രമീമാംസയില്‍ അസിസ്റ്റന്റ് പ്രൊഫസറും ദഷന്‍ ദാക് മാസികയിലൂടെ മാധ്യമ പ്രവര്‍ത്തകനുമായി.
ഇന്ദിരാഗാന്ധിയുമായുണ്ടാക്കിയ അടുപ്പം രാജീവ് ഗാന്ധിയുടെ കാലത്തു തുടരാനായില്ലെന്നതായിരുന്നു, ചെറിയ കാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫില്‍ ഒരു താഴ്ച ഉണ്ടാക്കിയത്. സോണിയ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കുകയും കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദത്തില്‍ അവരോധിക്കുകയും ചെയ്തതില്‍ ഈ രാഷ്ട്രീയ തന്ത്രജ്ഞനുള്ള പങ്ക് നിസ്സീമമാണ്. ഇന്ദിരാജിയുടെ കാലത്തു തന്നെ രണ്ടാമനെന്ന പദവിയിലേക്ക് ഉയര്‍ന്ന പ്രണബ് അവരുടെ കാലത്തിന് ശേഷം പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. അപ്പോഴാണ് രാജീവ് കടന്നുവരുന്നത്. അദ്ദേഹവുമായി യോജിച്ച് പോകാന്‍ പ്രണബിന് സാധിക്കാതെ വന്നപ്പോള്‍ വംഗനാട്ടിലേക്ക് ഒരു തിരിച്ചുപോക്കുണ്ടായി.
1969ല്‍ മിഡ്‌നാപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വി.കെ.കൃഷ്ണമേനോനെ ജയിപ്പിച്ചേടത്തായിരുന്നു പ്രണബിന്റെ അധികാര രാഷ്ട്രീയത്തിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. ഇന്ദിരാഗാന്ധി രാജ്യസഭയിലേക്ക് എടുത്തു. പിന്നീട് നാലു തവണ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധിയുടെ കാലത്തു തന്നെ അധികാരത്തിന്റെ ഇടനാഴികളില്‍ എന്തിനും ഏതിനും മുഖര്‍ജിയെ വേണമായിരുന്നു. 1973ല്‍ തന്നെ ഡെപ്യൂട്ടി മന്ത്രിയായി. അടിയന്തിരാവസ്ഥക്കാലത്ത് അമിതാധികാര പ്രവണത കാട്ടിയവരില്‍ നിന്ന് ഇദ്ദേഹത്തിന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞില്ല. ജനത സര്‍ക്കാര്‍ വന്ന് അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ പ്രണബിനെ കുറ്റപ്പെടുത്താതെയും ഇരുന്നില്ല. ഇന്ദിരാഗാന്ധി തിരിച്ചുവന്നപ്പോള്‍ പ്രണബ് ഉണ്ട് കൂടെ. 1981-84ല്‍ ധനമന്ത്രിയായി. ഡോ.മന്‍മോഹന്‍ സിംഗിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചുള്ള ഉത്തരവില്‍ ഒപ്പുവെച്ചത് ദാ ആണ്. അതേ പ്രണബ് 2004ല്‍ സോണിയ തന്റെ പേര് നിര്‍ദേശിക്കുമെന്ന് കരുതിയിരിക്കെ മന്‍മോഹന്‍ പ്രധാനമന്ത്രിയാവുകയായിരുന്നു.
രാജീവ് കോണ്‍ഗ്രസ് നേതാവായിരിക്കെ പാര്‍ട്ടി വിടേണ്ടിവന്ന പ്രണബ് രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസിന് രൂപം നല്‍കിയെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മൂന്നു വര്‍ഷം കഴിയും മുമ്പെ പിരിച്ചുവിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാജീവ് കളമൊഴിയുകയും 1991ല്‍ നരസിംഹറാവു ചുമതലയേല്‍ക്കുകയും ചെയ്തതോടെ പ്രണബ് വീണ്ടും കൊല്‍ക്കത്തയില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലെത്തി. പ്ലാനിംഗ് കമ്മീഷന്റെ വൈസ് ചെയര്‍മാനായി റാവു നിയമിച്ചു. 1995ല്‍ വിദേശകാര്യ മന്ത്രിയായി. 2004ലാണ് പ്രണബ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പശ്ചിമബംഗാളിലെ ജംഗിപൂരില്‍ നിന്ന്. 2009ല്‍ വീണ്ടും ജയിച്ച സീറ്റില്‍ 2012ല്‍ ദാ രാഷ്ട്രപതിയായതോടെ ഒഴിവുവന്നു. അവിടെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അദ്ദേഹത്തിന്റെ പുത്രന്‍ അജിത് മുഖര്‍ജിയാണ്. അജിത് ഇപ്പോള്‍ നിയമസഭാംഗമാണ്.
ആണവ കരാര്‍, പേറ്റന്റ് ബില്‍ തുടങ്ങിയ നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ ഇടതുപക്ഷത്തെ കൂടി അനുനയിക്കുന്ന ‘രണ പാടവം യു.പി.എ. സര്‍ക്കാറുകള്‍ക്ക് കരുത്തായിരുന്നു. രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി 2012-17 അദ്ദേഹം പ്രവര്‍ത്തിച്ചു. അതിന്റെ എല്ലാ ഗരിമയോടെയും. അതിപ്പോള്‍ അദ്ദേഹത്തെ മകള്‍ ഓര്‍മപ്പെടുത്തേണ്ടിവന്നു. രാജ്യവും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: