X
    Categories: Video Stories

ശ്രീലങ്കയിലെ അനിശ്ചിതത്വം

ശ്രീലങ്കയില്‍ വെള്ളിയാഴ്ച പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും പുറത്താക്കിയത് ആ രാജ്യത്തിനകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍പ്രസിഡന്റ് മഹാന്ദ്ര രാജപക്‌സെയെ പകരം പ്രധാനമന്ത്രിയായി അവരോധിച്ച സിരിസേനയുടെ നടപടി വഴി ഉണ്ടായിട്ടുള്ള ശ്രീലങ്കയിലെ അരക്ഷിതാവസ്ഥയും അരാജകത്വവും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലക്ക് അയല്‍ രാജ്യമായ ഇന്ത്യക്ക് കൈയും കെട്ടി നോക്കിയിരിക്കാന്‍ കഴിയാത്തതാണ്. ഞായറാഴ്ച രാജപക്‌സെയെ അനുകൂലിക്കുന്നവര്‍ മന്ത്രി അര്‍ജുനരണതുംഗെയുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ പ്രധാനമന്ത്രിയുടെ ഓഫീസായ ടെമ്പിള്‍ട്രീസ് ഒഴിയണമെന്ന രാജപക്‌സെയുടെ താക്കീതാണ് സംഘട്ടനത്തിന് കാരണമായത്. കൊളംബോയിലെ #വര്‍റോഡിലെ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയിരിക്കുകയാണ് ഇപ്പോള്‍ രാജപക്‌സെയും അനുകൂലികളും. രണതുംഗെയെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തത് ഭരണം രാജപക്‌സെയുടെ പിടിയിലമര്‍ന്നുവെന്നതിന്റെ തെളിവാണ്. രണ്ടു പ്രധാനമന്ത്രിമാരെ ഒരേസമയം സഹിക്കേണ്ടിവരിക എന്നത് ഒരു ജനതയെ സംബന്ധിച്ച് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം തന്നെയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ സണ്‍ഡേ ഒബ്‌സര്‍വറുള്‍പ്പെടെ രാജപക്‌സെയുടെ വിഭാഗം പിടിച്ചെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി ശ്രീലങ്കയില്‍നിന്ന് വരുന്നുണ്ടായിരുന്നെങ്കിലും അധികാരം തീരാന്‍ രണ്ടു വര്‍ഷം മാത്രം കഷ്ടിച്ച് ബാക്കിയിരിക്കെ പൊടുന്നനെ കൈവിട്ടൊരുകളിക്ക് സിരിസേന മുതിരുമെന്ന് അധികമാരും നിനച്ചിരുന്നില്ല. പ്രസിഡന്റിന് പ്രധാനമന്ത്രിയെ പിരിച്ചുവിടാന്‍ വ്യവസ്ഥയുണ്ടെങ്കിലും അതിന് മതിയായ കാരണം ഉണ്ടായിരിക്കണമെന്നാണ് ജനാധിപത്യത്തിലെ ചട്ടം. പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയോ അദ്ദേഹം പാര്‍ലമെന്റംഗമല്ലാതാകുകയോ രാജിവെക്കുകയോ ചെയ്യുമ്പോഴേ അത് നടപ്പാക്കാനാകൂ. എന്നാല്‍ ഇതൊന്നും സിരിസേന പാലിച്ചിട്ടില്ലെന്നാണ് വസ്തുത. പ്രധാനമന്ത്രിയെ പുറത്താക്കിയതു കൂടാതെ നവംബര്‍ 16 വരെ പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തതും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇത് രാജപക്‌സെക്ക് ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയില്ലെന്നതിന്റെ സൂചനകൂടിയാണ്. അഥവാ അതിനകം ചാക്കിട്ടുപിടിച്ചും മറ്റും സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാക്കാന്‍ രാജപക്‌സെയും സിരിസേനയും ശ്രമിച്ചാലും അത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനത അംഗീകരിക്കുമോ എന്ന ചോദ്യവും ബാക്കിനില്‍ക്കുകയാണ്. പാര്‍ലമെന്ററി പിരിച്ചുവിട്ട നടപടിക്കെതിരെ സ്പീക്കര്‍ രംഗത്തുവന്നിട്ടുണ്ട്. ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സിരിസേനയുടെയും രാജപക്‌സെയുടെയും പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നാല്‍ പാര്‍ലമെന്റില്‍ അവര്‍ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമോ എന്ന സംശയം പലരും ഉയര്‍ത്തുന്നുണ്ട്.
2015ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്‌സെക്കെതിരെ വലിയ പ്രചാരണമാണ് സിരിസേനയും റനിലും ചേര്‍ന്ന് നടത്തിയത്. 2015 ജനുവരി എട്ടിന് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായാണ് മൈത്രിപാല സിരിസേന തെരഞ്ഞെടുക്കപ്പെട്ടത്. 225 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷ സഖ്യത്തിന് 51.28 ശതമാനം വോട്ട് ലഭിച്ചതുവഴി രാജപക്‌സെയുടെ സ്വേച്ഛാധിപത്യഭരണത്തെ തൂത്തെറിയാന്‍ ഇവര്‍ക്കായി. അന്ന് സിരിസേനയുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായി ലംഘിച്ചിരിക്കുന്നത്. തമിഴരും മുസ്‌ലിംകളും ഉള്‍പ്പെടെ വലിയൊരു ജനസമൂഹം തന്നിലേല്‍പിച്ച വിശ്വാസ്യതയാണ് സിരിസേന നഗ്നമായി തള്ളിക്കളഞ്ഞിരിക്കുന്നത്. രാജപക്‌സെയുടെ ഗൂഢനീക്കങ്ങളും മറ്റും അധികാരകൊത്തളങ്ങളില്‍ സിരിസേനയുടെ നടപടിക്ക് പ്രേരകമായിട്ടുണ്ടായിരിക്കാമെങ്കിലും മൂന്നു പതിറ്റാണ്ടുനീണ്ട ആഭ്യന്തര യുദ്ധവും ഒന്നര പതിറ്റാണ്ടുനീണ്ട രാജപക്‌സെയുടെ തേര്‍വാഴ്ചയും സൃഷ്ടിച്ച കെടുതികളില്‍നിന്ന് തലയൂരാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊച്ചുരാജ്യത്തിന് പുതിയ രാഷ്ട്രീയ നാടകങ്ങള്‍ അതിന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുകയാണ്.
അയല്‍ രാജ്യമെന്ന നിലക്കും ശ്രീലങ്കന്‍ ജനസംഖ്യയുടെ 15.4 ശതമാനം തമിഴ്‌ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന രാജ്യമെന്ന നിലക്കും ഇന്ത്യക്ക് ഇത് മുന്‍കൂട്ടി കാണാന്‍ കഴിയണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ദ്വീപ് രാഷ്ട്രത്തില്‍ അനിശ്ചിതത്വം തുടരുകയും വെടിവെപ്പും കൊലപാതകങ്ങളും അരങ്ങുവാഴുമ്പോഴും ഇന്ത്യയുടെ ഭരണാധികാരികള്‍ എന്തുചെയ്യുകയാണെന്നാണ് തമിഴരടക്കമുള്ളവര്‍ ചോദിക്കുന്നത്. ഇരുവിഭാഗത്തെയും പ്രതിനിധീകരിച്ചുകൊണ്ട് പട്ടാളത്തിലെ വിഭാഗങ്ങള്‍ രംഗത്തുവന്നാല്‍ അത് രക്തരൂക്ഷിതമായ കലാപത്തിലേക്കാകും വഴിവെക്കുക. അതിന് ശ്രീലങ്ക സജ്ജമാണോ എന്ന പ്രശ്‌നവും ഉല്‍ഭവിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ഒരു ഭീഷണിയാകാത്ത ഭരണകൂടമാണ് റനില്‍ വിക്രമസിംഗെയുടേത്. നമുക്ക് ചൈനാഅനുകൂലിയായ രാജപക്‌സെയുടെ അധികാരാരോഹണം വലിയ തലവേദനയാകുമെന്നതില്‍ സംശയമില്ല. ശ്രീലങ്കയിലെ സംഭവവികാസങ്ങളില്‍ ഇടപെടുകയും അവിടെ ജനാധിപത്യം സംരക്ഷിക്കുന്നതിനും തമിഴ്‌ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ത്യാഗം ചെയ്ത സര്‍ക്കാരുകളാണ് നമുക്കുള്ളത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജീവന്‍പോലും ത്യജിക്കേണ്ടിവന്നത് ശ്രീലങ്കന്‍ തമിഴ്-സിംഹള പ്രശ്‌നത്തില്‍ ഇടപെട്ടതുകൊണ്ടായിരുന്നു. അടുത്തകാലത്തായി അയല്‍ രാജ്യബന്ധങ്ങള്‍ സംരക്ഷിക്കുന്നതില്‍ മോദിസര്‍ക്കാരിന് സംഭവിക്കുന്ന വീഴ്ചകള്‍ രാജ്യത്തിന്റെ ഭദ്രതക്കും മേഖലയിലെ സുരക്ഷിതത്വത്തിനും പോറലേല്‍പിക്കുമെന്ന് നാം തിരിച്ചറിയണം. ദക്ഷിണേഷ്യയില്‍ ഇന്ത്യക്കെതിരെ പുതിയൊരു ശക്തികൂടി ഉയര്‍ന്നുവരാന്‍ ഒരുനിലക്കും ഇടയാകരുത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: