വൈദ്യപരവും അനുബന്ധവുമായ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയുടെ കാര്യത്തില്‍ രാജ്യവും പ്രത്യേകിച്ച് കേരളവും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിതത്വവും അതുമൂലമുള്ള ആശങ്കകളും പലതവണകളായി നാം വാര്‍ത്താമാധ്യമമാര്‍ഗേ ചര്‍വണമാക്കിക്കഴിഞ്ഞതാണ്. മെഡിക്കല്‍ ബിരുദത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കൊടിയ അഴിമതിയും അനീതിയുമാണ് വാഴുന്നതെന്ന് സുപ്രീംകോടതി പല തവണയായി ചൂണ്ടിക്കാട്ടുകയും അതിന് തടയിടുന്നതിനായി ഇടയ്‌ക്കെല്ലാം പല താക്കീതുകളും നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓരോദിവസം കഴിയുംതോറും ആ അവസ്ഥയില്‍നിന്ന് തരിമ്പ് പോലും രാജ്യം മുന്നോട്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിലെ എം.ബി.ബി.എസ്, ബി.എ.എം.എസ് സീറ്റുകളുടെ കാര്യത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അനിശ്ചിതാവസ്ഥ. ഈ മാസം 19ന് കേരളത്തിലെ സ്വാശ്രയ കോളജ് സംബന്ധിച്ച കേസില്‍ വ്യക്തമായ പഠന നിര്‍ദേശങ്ങള്‍ക്കായി സുപ്രീംകോടതിയുടെ എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് മുന്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നന്ദന്‍ നിലകേനിയെ ചുമതലപ്പെടുത്തിയത് വിഷയത്തിന്റെ ഗൗരവം ഉന്നതനീതിപീഠം പൂര്‍ണമായും ഉള്‍ക്കൊണ്ടുവെന്നതിന് തെളിവാണ്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ അമികസ ്ക്യൂറിയായി നിയമിച്ചതും ശ്ലാഘനീയം തന്നെ. രാജ്യത്തെ വിദഗ്ധ പ്രൊഫഷണല്‍ സ്ഥാപനമായ റ്റാറ്റ കണ്‍സള്‍ട്ടന്‍സിയുടെ സേവനം തേടാമെന്ന നിര്‍ദേശവും വലിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
2016ല്‍ സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ച് രാജ്യത്താകമാനം ഒറ്റ പ്രവേശനപരീക്ഷയെന്നതു നടപ്പാക്കിയെങ്കിലും സംസ്ഥാനങ്ങളിലെ സീറ്റുകളുടെ അപര്യാപ്തതയാണ് ഇപ്പോഴും കീറാമുട്ടിയായി നിലകൊള്ളുന്നത്. സമൂഹത്തിലെ മാന്യമായതും സ്ഥിരവുമായ വരുമാനമാര്‍ഗം എന്ന നിലക്ക് കൂടുതല്‍ പേര്‍ മെഡിക്കല്‍- അനുബന്ധ മേഖലകളിലേക്ക് തിരിയുകയാണെന്ന സത്യം ഒരുവശത്തെങ്കില്‍, അതിനുതക്ക സൗകര്യങ്ങളുള്ള സീറ്റുകള്‍ ഇല്ലാതിരിക്കുന്നത് വലിയ സാമൂഹിക പ്രശ്‌നമാണ് സൃഷ്ടിക്കപ്പെടുന്നത്. കേരളത്തില്‍നിന്ന് ഒരു ലക്ഷത്തിലധികം പേരാണ് കഴിഞ്ഞവര്‍ഷം അഖിലേന്ത്യാപ്രവേശന പരീക്ഷയായ നീറ്റ് എഴുതിയത്. ഇതില്‍ റാങ്ക് പട്ടികയില്‍ വന്നത് അറുപതിനായിരത്തോളം പേരും സീറ്റുകളുള്ളത് ഏതാണ്ട് അയ്യായിരത്തോളവും. എം.ബി.ബി.എസിന് മാത്രം കേരളത്തിലെ വിവിധ ഗവ. മെഡിക്കല്‍ കോളജുകളിലായി ഉള്ളത് ഏതാണ്ട് ആയിരം സീറ്റ് മാത്രമാണ്. സ്വകാര്യ സ്വാശ്രയ മേഖല കൂട്ടിയാല്‍ രണ്ടായിരത്തോളവും. പിന്നീട് വരുന്ന റാങ്കുകാര്‍ക്ക് ദന്തല്‍, ആയുര്‍വേദം, സിദ്ധ, യുനാനി, ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയവക്ക് ചേരേണ്ടിവരുന്നു.
രാജ്യത്തെ ആരോഗ്യമേഖലയിലെ ആവശ്യകതയും ഭാവിയും കണ്ടറിഞ്ഞ് അതിനനുസൃതമായ അളവില്‍ കോഴ്‌സുകളും സീറ്റുകളും തുടങ്ങാന്‍ അവസരം ലഭിക്കുന്നില്ലെന്ന പരാതിയാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ളതെങ്കില്‍ സര്‍ക്കാരും പരിശോധനാഏജന്‍സികളും പറയുന്നത് മറ്റൊന്നാണ്. മതിയായ സൗകര്യങ്ങളൊരുക്കാതെ പഠനസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ലാഭക്കൊതിയന്മാരായ കച്ചവടക്കാര്‍ ഈ രംഗത്തേക്ക് വരുന്നതാണ് പ്രശ്‌നമെന്നാണ് അത്. അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാവി ഡോക്ടര്‍മാരുടെയും അനുബന്ധ പ്രൊഫഷണലുകളുടെയും മികവിനെ അത് ബാധിക്കുമെന്നത് തീര്‍ച്ചതന്നെ. ഇതിന് പക്ഷേ വന്‍തുക ചെലവ് വരുമെന്ന വാദമാണ് സ്വകാര്യ കോളജ് മാനേജ്‌മെന്റുകള്‍ ഉയര്‍ത്തുന്നത്. ഇവ രണ്ടും സമഞ്ജസമായ രീതിയില്‍ സംയോജിപ്പിക്കുകയും സര്‍ക്കാര്‍ ഏജന്‍സികളെയും സ്വകാര്യ വിദ്യാഭ്യാസ സംരംഭകരെയും രമ്യതയിലാക്കേണ്ടത് ഇവിടുത്തെ ഭരണകൂടത്തിന്റെ കടമയാണ്. നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഫീസ് താങ്ങാന്‍ കഴിയാതെ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ മെഡിക്കല്‍ വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍നിന്ന ്പുറന്തള്ളുകൊണ്ടിരിക്കുന്നത് രാജ്യത്തിനും സമൂഹത്തിനും പൗരന്മാരുടെ തുല്യതയോടെയുള്ള ക്ഷേമത്തിനും ഒട്ടും യോജിച്ചതല്ല. ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് ആത്മാര്‍ത്ഥതയോടെയുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടത്.
കേരളത്തിലെ നാല് മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ കേരള ഹൈക്കോടതി ഉത്തരവിട്ട അനുമതി സുപ്രീംകോടതി റദ്ദാക്കിയതിനെതുടര്‍ന്ന് കാല്‍ ലക്ഷത്തോളം പേരാണ് ഈ മാസം ആദ്യം വെട്ടിലായത്. മോപ്പപ് കൗണ്‍സലിങിനായി തിരുവനന്തപുരത്തെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സീറ്റുകള്‍ അനുവദിച്ചുകിട്ടിയിട്ടും കോടതി നിര്‍ദേശത്തെതുടര്‍ന്ന് പിന്നീട് വീടുകളിലേക്ക് വെറും കയ്യോടെ തിരിച്ചുപോകേണ്ടിവന്നു. അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതുപോലെ മെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ കാര്യത്തില്‍ കണിശമായ തീരുമാനം സര്‍ക്കാരുകള്‍ക്ക് എടുക്കാനാകുന്നില്ല. ഇതിനുപിന്നില്‍ മറിയുന്ന കോടികളുടെ കോഴയാണ് രാഷ്ട്രീയ ഭരണ നേതൃത്വത്തെകൊണ്ട് കുട്ടികളുടെ ഭാവിയെ വെച്ച് പന്താടുന്ന അവസ്ഥയിലെത്തിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇത് അക്ഷന്തവ്യമായ വീഴ്ചയെന്നേ വിശേഷിപ്പിക്കാനാകൂ.
സെപ്തംബര്‍ 23ന് അനുവദിച്ച ആയുര്‍വേദ ബിരുദ (ബി.എ.എം.എസ്) കോഴ്‌സിലെ 100 സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നത് മറ്റൊരു പ്രഹരമായിരിക്കുകയാണ്. കോഴിക്കോട് കെ.എം.സി.ടി കോളജിലെ പുതുതായി ഹൈക്കോടതി അനുമതി നല്‍കിയ 40 സീറ്റുകളിലേക്ക് പ്രവേശനപരീക്ഷാകമ്മീഷണര്‍ പ്രവേശനം നടത്തുകയും കുട്ടികള്‍ അതനുസരിച്ച് രണ്ടുലക്ഷം രൂപയോളം ഫീസായി അടക്കുകയും ചെയ്തുകഴിഞ്ഞു. പല വിദ്യാര്‍ത്ഥികളും നിലവിലെ പഠനം അവസാനിപ്പിച്ചാണ് അവരിഷ്ടപ്പെട്ട കോഴ്‌സുകളില്‍ ചേരാനെത്തിയതെന്നതിനാല്‍ ഇത് വീണ്ടും നിഷേധിക്കുന്നത് അവരോടുള്ള കൊടിയ അനീതിയും അവഹേളനവുമാണ്. മുതിര്‍ന്ന തലമുറയെയും സര്‍ക്കാര്‍ സംവിധാനത്തോടുമുള്ള അവമതിപ്പിനേ ഇതിടയാക്കൂ. സുപ്രീംകോടതിയുടെ വിധിയിലൂടെ നിലവിലെയും വരുംകാലത്തേയും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളും അരുതായ്മകളും വേദനകളും ഇല്ലാതാക്കാനുള്ള പ്രായോഗികമായ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരികയും ആയത് ഭരണകൂടങ്ങള്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് രാജ്യത്തിനാകെയുള്ളത്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
വേദനയാകുന്ന വൈദ്യപഠനം
Tags: medical education