X
    Categories: Video Stories

ക്യാംപസുകളില്‍ വേണ്ട ഈ കാട്ടാളത്തം

2012 മെയ് നാലിന് വടകര ഒഞ്ചിയത്ത് ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലചെയ്യാന്‍ വന്നവര്‍ ‘മാഷാ അള്ളാ’ എന്നെഴുതിയ വാഹനമാണ് ഉപയോഗിച്ചത് എന്നതിനാല്‍ വധം തീവ്രവാദിസംഘടന നടത്തിയതാകാനാണ് സാധ്യതയെന്ന് പറഞ്ഞപ്പോള്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയായിരുന്നു. ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കുമൊടുവില്‍ സി.പി.എം ജില്ലാനേതാക്കളുള്‍പ്പെടെ പ്രസ്തുതകേസില്‍ അഴികള്‍ക്കുള്ളിലായി. കഴിഞ്ഞവര്‍ഷം എറണാകുളത്തെ മഹാരാജാസ് കോളജിനകത്ത് മാരകായുധങ്ങള്‍ കണ്ടെടുത്തപ്പോള്‍ അതേ വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അപ്പോള്‍ ഇദ്ദേഹം പറഞ്ഞത് വാര്‍ക്കപ്പണിക്ക് സൂക്ഷിച്ച ഉപകരണങ്ങളാണ് അവയെന്നായിരുന്നു. എസ്.എഫ്.ഐക്കാരാണ് ആയുധങ്ങള്‍ അവിടെ കൊണ്ടുവച്ചതെന്ന് പിണറായിയുടെതന്നെ പൊലീസ് കണ്ടെത്തി. ഇവ രണ്ടും സൂചിപ്പിക്കുന്നത് കേരളത്തില്‍ നടക്കുന്ന അക്രമസംഭവത്തിലെ പ്രതികള്‍ തങ്ങളുടെ ആളുകളായാല്‍ ഏത് കുല്‍സിതമാര്‍ഗം ഉപയോഗിച്ചും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നാണ് . പക്ഷേ ‘പുലി വരുന്നേ’ എന്ന ക്ലാസിക് കഥയിലെപോലെ യഥാര്‍ത്ഥപുലി ഇപ്പോള്‍ വന്നിരിക്കുന്നു. ആളുകളെ ഭയപ്പെടുത്താന്‍ വിളിച്ചുകൂവിയ ആളെതന്നെ കൊന്നുതിന്നുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്തെ സ്വയംഭരണകലാലയമായ മഹാരാജാസ് കോളജിലെ പത്തൊമ്പതുകാരനായ എസ്.എഫ്.ഐ വിദ്യാര്‍ത്ഥി അതീവദാരുണമായി കൊലചെയ്യപ്പെട്ടത് നോക്കുമ്പോള്‍ ‘ചക്കിന്‌വെച്ചത് കൊക്കിന്‌കൊണ്ടു’ എന്ന അവസ്ഥയിലായിരിക്കുന്നു സി.പി.എം. രാഷ്ട്രീയമേതായാലും ഒരു ചോരത്തിളപ്പുള്ള യുവാവാണ് ഹീനമായ കൊലപാതകരാഷ്ട്രീയത്തിന്റെ ഇരയാക്കപ്പെട്ടിരിക്കുന്നത്. നഷ്ടപ്പെട്ടത് പാവപ്പെട്ട തൊഴിലാളി കുടുംബത്തിനും ഒരു പിന്നാക്കഗ്രാമത്തിനും പിന്നെ ‘നാന്‍ പെറ്റ മകനേ’ എന്ന് കരളുനൊന്തുവിലപിക്കുന്ന മാതാവിനും. കൊലപാതകികളോടൊപ്പമല്ലെങ്കിലും ഇതിന് മറുപടി പറയേണ്ടത് കേരളത്തിലെ ഭരണകൂടവും സി.പി.എമ്മും തന്നെയാണ്.
മഹാരാജാസിലെ രണ്ടാംവര്‍ഷ രസതന്ത്രശാസ്ത്ര വിദ്യാര്‍ത്ഥി ഇടുക്കി വട്ടവട സ്വദേശി ദലിത് സമുദായത്തില്‍പെട്ട അഭിമന്യുവാണ് അക്രമരാഷ്ട്രീയത്തിന്റെ കത്തിമുനക്കിരയായത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാകമ്മിറ്റിയംഗമാണ് അഭിമന്യു. പ്രതികള്‍ ഇരുപതംഗസംഘമാണെന്ന് പൊലീസ് പറയുന്നു. ഹോസ്റ്റലിന് അരികെ ഇത്തരമൊരു സംഭവം നടക്കുന്നത് പൊലീസോ കോളജ്അധികൃതരോ അറിഞ്ഞില്ല. പിറ്റേന്നത്തെ ഒന്നാംവര്‍ഷബിരുദവിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് തയ്യാറാക്കുന്ന അലങ്കാരപ്പണികളുടെ ഇടയിലാണ് അരുംകൊല. സമയം അര്‍ധരാത്രി കഴിഞ്ഞ് 35 മിനുറ്റ്. ഘാതകര്‍ പുറത്തുനിന്നുവന്നവരാണെങ്കിലും അല്ലെങ്കിലും കോളജുമായി ബന്ധപ്പെട്ട തര്‍ക്കംതന്നെയാണ് കൊലക്ക് കാരണമായിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാപംസ്ഫ്രണ്ടാണ് കൊലപാതകത്തിന് ഉത്തരവാദികളെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഈ വിദ്യാര്‍ത്ഥിയടക്കം നൂറോളം എസ്.എഫ്.ഐക്കാര്‍ രാത്രി കോളജ്ക്യാംപസില്‍ തമ്പടിച്ചിരുന്നു. ഇവരോടൊപ്പം ക്യാംപസ്ഫ്രണ്ടുകാരും കെ.എസ്.യുക്കാരുമൊക്കെ ഉണ്ടായിരുന്നു. ക്യാംപസ്ഫ്രണ്ടുകാര്‍ കോളജ്മതിലില്‍ എഴുതിയ ചുവരെഴുത്തിന് താഴെ ‘തീവ്രവാദികള്‍ തുലയട്ടെ’ എന്നെഴുതിയതാണ് കൊലക്ക് പ്രേരിപ്പിച്ചതത്രെ. എസ്.എഫ്.ഐക്കാരാണ് ഇതെഴുതിയതെന്നാണ് ആരോപണം. ഇത് അവര്‍ നിഷേധിച്ചിട്ടുമില്ല. എങ്കില്‍ ചുവരെഴുത്ത് വികൃതമാക്കിയതിന്റെ പേരില്‍ ഒരു സഹപാഠിയെ പച്ചയ്ക്ക് കുത്തിക്കൊല്ലുക എന്നുവന്നാല്‍ ! ഇതിലും വലിയ മനുഷ്യത്വരാഹിത്യം വേറെയുണ്ടോ? തുണിയുരിഞ്ഞ കാട്ടാളത്തമാണിത്. ലക്ഷണമൊത്ത ആസൂത്രിതം. പ്രതികളില്‍ രണ്ടുപേര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണെന്നാണ് പറയുന്നത്. പലരെയും ഇനിയും പിടികിട്ടാനുണ്ട്. അതിനുമുമ്പേ എസ്.ഡി.പി.ഐ അധ്യക്ഷന്‍ ‘താന്‍ കിണ്ണം കട്ടിട്ടില്ല’ എന്ന് വിളിച്ചുകൂവിയത് നോക്കുമ്പോള്‍ പൊലീസിന് അധികം പ്രയാസപ്പെടേണ്ടതില്ലെന്ന് തോന്നുന്നു. കോളജില്‍ സംഘര്‍ഷമുണ്ടായെന്നും അതിനിടക്ക് സ്വയരക്ഷക്കുവേണ്ടി കുത്തിയതാകാമെന്നുമാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു നികൃഷ്ഠകൃത്യം നിര്‍വഹിക്കുന്നതിന് തീവ്രവാദികള്‍ക്ക് ധൈര്യം ലഭിച്ചത് എവിടെനിന്നാണ്? മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വമുള്ള മതകീയ തീവ്രവാദസംഘടനയുടെ പോഷകസംഘടനക്ക് അതേവികാരം ഉണ്ടായതില്‍ അല്‍ഭുതപ്പെടാനുണ്ടോ. കേരളത്തില്‍ 1990കളില്‍ നട്ടുപിടിപ്പിച്ച തീവ്രവാദസംഘടനയെ തേനും പാലും കൊടുത്ത് ഊട്ടിവളര്‍ത്തിയവര്‍ സി.പി.എമ്മുകാര്‍ തന്നെയാണ്. തങ്ങളുടെ ജനാധിപത്യവിരുദ്ധ-അക്രമരാഷ്ട്രീയത്തിന് എതിരുനില്‍ക്കുന്ന മുസ്‌ലിംലീഗിനെതിരെ കിട്ടിയൊരു കച്ചിത്തുരുമ്പായാണ് സി.പി.എം തീവ്രവാദസംഘടനയെ ഉപയോഗപ്പെടുത്തിയത്. കേരളത്തിലെ നിരവധി തദ്ദേശസ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐയുമൊത്ത് ഇപ്പോഴും അധികാരം പങ്കിടുന്നവരാണ് സി.പി.എം. ലീഗ് പ്രവര്‍ത്തകരും ഇവരും തമ്മില്‍ ഉണ്ടായ കേസുകളിലും തിരഞ്ഞെടുപ്പുകളിലും ഒക്കെ തീവ്രവാദികളുടെ പക്ഷത്തായിരുന്നു സി.പി.എം. ഭരണത്തിലിരിക്കുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് ലീഗിനെതിരെ ഇക്കൂട്ടര്‍ക്ക് ആവുന്നത്ര സഹായംനല്‍കി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പല പഞ്ചായത്തുകളിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സി.പി.എം ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു.ക്യാംപസുകളിലും വ്യത്യസ്ഥമായിരുന്നില്ല സ്ഥിതി. എം.എസ്.എഫ് -കെ.എസ്.യു സഖ്യത്തിനെതിരെ എ..ബി.വി.പിയെയും ക്യാംപസ് ഫ്രണ്ടിനെയും തരാതരം പോലെ കൂട്ടുകൂട്ടിയവരാണ് ഇപ്പോള്‍ അഭിമന്യുവിന്റെ പേരില്‍ വിലപിക്കുന്നത്. ഇതിനെയല്ലേ സഖാവേ മുതലക്കണ്ണീരെന്ന് വിളിക്കുന്നത്. കേരളത്തിലെ ക്യാംപസുകളിലും വിദ്യാലയമുറ്റങ്ങളിലും കൗമാരക്കാരുടെ ചോരത്തിളപ്പിനെ മുതലെടുത്ത് അക്രമരാഷ്ട്രീയം പരിശീലിപ്പിച്ചുവിട്ടവര്‍ക്ക് നേരെ അരാഷ്ട്രീയത്തിന്റെ വര്‍ഗീയശക്തികള്‍ വെട്ടിത്തിളങ്ങുന്ന കഠാരകളുമായി തിരിച്ചുവരുമ്പോള്‍ ‘മാനിഷാദ’ വിളിച്ച്കരഞ്ഞിട്ട് കാര്യമുണ്ടാകില്ല. അക്കൂട്ടര്‍ക്ക് മേലും കീഴും നോക്കാനില്ല.അഞ്ചുകൊല്ലത്തിനിടെ നാല് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടസംഘമാണത്. ദലിത് അവകാശങ്ങള്‍ക്കുവേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ഇവരുടെ പിതൃസംഘടനക്കാരെന്നതാണ് അതിലും കൗതുകകരം.
കാലം മാറുകയാണ്. അക്രമത്തിനും പഠിപ്പുമുടക്കിനും അധ്യാപകരുടെയും സ്ഥാപനമേധാവികളുടെയും കോലംകത്തിച്ചും അവരുടെ നടുവിനിട്ട് ചവിട്ടിയും ഭാവിയിലെ രാഷ്ട്രീയക്കളരിയാക്കുന്ന ശൈലി ഉപേക്ഷിക്കേണ്ട കാലം വണ്ടികയറിപ്പോയിരിക്കുന്നു. വിവരസാങ്കേതികയുടെ മുമ്പില്‍ വര്‍ണക്കടലാസുകള്‍ക്കും ചായമിടീലിനും എതിര്‍പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കലിനും ഇടമില്ലെന്ന ്മനസ്സിലാക്കുക. ഇത് നേരത്തെ തിരിച്ചറിഞ്ഞവരാണ് എം.എസ്.എഫും സമാധാനസ്‌നേഹികളുടെ സമാനമായ വിദ്യാര്‍ത്ഥിക്കൂട്ടായ്മകളും. മറിച്ചൊരു താല്‍പര്യത്തിന് വിദ്യാര്‍ത്ഥി സമൂഹവും മലയാളി മനഃസാക്ഷിയും കൂട്ടുനിന്നുതരില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: