X
    Categories: Video Stories

ഈ ഭീകരതക്ക് സര്‍ക്കാര്‍ സമാധാനം പറയണം

ആയിരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് സാര്‍വ ലൗകികമായ നീതിന്യായ സങ്കല്‍പം. കുടുംബത്തോടൊപ്പം കാട്ടില്‍ വിറകുപെറുക്കാന്‍പോയ പെണ്‍കുഞ്ഞ് കൊല്ലപ്പെട്ടതിന് മാതാപിതാക്കളെ വര്‍ഷങ്ങളോളം കൊലപാതകക്കുറ്റത്തിന് ജയിലിലടക്കുകയും ശിക്ഷ അനുഭവിച്ച് ഏറെക്കാലത്തിനുശേഷം കൊന്നത് പുലിയാണെന്ന് തെളിവ് കണ്ടെത്തിയതിന് സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയുംചെയ്ത സംഭവം നീതിന്യായ ഏടുകളില്‍നിന്ന് നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഇരിടത്തേക്കും താഴാത്ത ത്രാസും കയ്യില്‍പിടിച്ച് കണ്ണടച്ചുനില്‍ക്കുന്ന നീതിദേവത വിളംബരം ചെയ്യുന്നത് ആര്‍ക്കും ആനുകൂല്യമോ പ്രാതികൂല്യമോ നല്‍കുന്നില്ലെന്നാണ്. ആ അന്ധത പക്ഷേ ഒരു നിരപരാധിയെ തുറുങ്കിലടക്കുന്നതിന് കാരണമാകുന്നുവെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പുനരാലോചനക്ക് സമയം അതിക്രമിച്ചിരിക്കുന്നു. പൗരന്മാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഭരണഘടനയെതൊട്ട് വാഗ്ദാനംചെയ്ത് അധികാരത്തിലേറിയവര്‍ കഠിനാധ്വാനിയും ദേശസ്‌നേഹിയുമായ പൗരനെതിരെ കേട്ടാലറയ്ക്കുന്ന നെറികേട് കാട്ടിയത് ഇന്ത്യയില്‍; അതും സാക്ഷര കേരളത്തില്‍. അത്തരമൊരു തീവ്രദുരനുഭവമാണ് കണ്ണൂര്‍ കതിരൂര്‍ പുല്ലിയോട് സി.എച്ച് നഗര്‍ സ്വദേശി താജുദ്ദീന് താന്‍ സ്‌നേഹിക്കുന്ന സ്വന്തം നാട്ടിലെ ഭരണകൂടത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്നത്. ഊര്‍ജ്വസ്വലനായ കുടുംബസ്ഥനോടാണ് മികച്ച ശാസ്ത്രീയാന്വേഷണ സംവിധാനങ്ങളുള്ള കേരള പൊലീസും അതിനെ കൊണ്ടുനടക്കുന്ന ഇടതുപക്ഷ ഭരണകൂടവും മാസങ്ങളായി ഒരുകാരണവുമില്ലാതെ തീ തീറ്റിക്കുന്നത്.
സ്വര്‍ണമാല കവര്‍ന്നുവെന്ന കുറ്റത്തിന് ആളുമാറി അറസ്റ്റ്‌ചെയ്ത് രണ്ടു മാസത്തോളം ജയിലിലടക്കപ്പെട്ട താജുദ്ദീന് യഥാര്‍ത്ഥ പ്രതിയെ പിടിച്ചതിനെതുടര്‍ന്ന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞെങ്കിലും ഇനിയും കേസില്‍നിന്ന് തലയൂരി യഥാര്‍ത്ഥ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞിട്ടില്ല എന്നത് കേരളീയ പൊതുസമൂഹത്തിനും രാജ്യത്തിനും ജനാധിപത്യത്തിനുതന്നെയും തികഞ്ഞ നാണക്കേടാണ്. കോഴിക്കോട് അഴിയൂര്‍ കോറോത്ത് ശരത് വല്‍സരാജ് ആണ് മാല കവര്‍ച്ചാകേസിലെ യഥാര്‍ത്ഥ പ്രതിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് താജുദ്ദീന് നാട്ടുകാരുടെയും ബന്ധുക്കളുടെയും അപകീര്‍ത്തിയില്‍നിന്ന് രക്ഷനേടാനായത്. ഖത്തറില്‍ 20 വര്‍ഷമായി ചെറിയ കച്ചവടങ്ങള്‍ നടത്തിവന്നിരുന്ന താജുദ്ദീന് പൊന്നുപോലെ സ്വരുക്കൂട്ടിവെച്ച ചെറിയ സമ്പാദ്യവുമായി മകളുടെ വിവാഹത്തിനെത്തിയപ്പോഴാണ് നാടുവാഴിത്തകാലത്തെ അനുസ്മരിപ്പിക്കുന്ന കൊടിയ അനീതി അനുഭവിക്കേണ്ടിവന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 25ന ്‌നാട്ടില്‍ അവധിക്കെത്തിയ യുവാവിനെ ജൂലൈ എട്ടിന് മകളുടെ നിക്കാഹ് കഴിഞ്ഞ് രണ്ടാം ദിവസം ബന്ധുവീട്ടില്‍നിന്ന് മടങ്ങുമ്പോള്‍ രാത്രിയാണ് പൊലീസ് ആളുമാറി കസ്റ്റഡിയിലെടുക്കുന്നത്. തന്നെയും കുടുംബത്തെയും ബന്ധുക്കളെയുമൊക്കെ ഞെട്ടിത്തരിപ്പിച്ചുകൊണ്ട് ഇവരുടെയൊന്നും വാക്കുകള്‍ക്ക് തരിമ്പും ചെവികൊടുക്കാതെ ചക്കരക്കല്‍ പൊലീസ്‌സ്റ്റേഷനിലെ ചില പൊലീസുകാര്‍ ജീപ്പിലെത്തി താജുദ്ദീനെ ബലമായി പിടിച്ചുകൊണ്ടുപോകുന്നു. കോടതിയില്‍ ഹാജരാക്കി നേരെ ജയിലിലേക്ക്. 54 ദിവസത്തെ തടങ്കലിനുശേഷമായിരുന്നു ജീവിതത്തിലേക്കുള്ള അര്‍ധപ്രജ്ഞനായ മടക്കം. അപ്പോഴേക്കും ഇദ്ദേഹത്തിന് നഷ്ടമായത് നാട്ടിലെ വിലപ്പെട്ട ഒഴിവു ദിനങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് തന്നെക്കുറിച്ച് നാട്ടുകാര്‍ക്ക് ഉണ്ടായിരുന്ന അളവറ്റ മതിപ്പും ആത്മാഭിമാനവും സ്വന്തം നാടിനെയും ഭരണകൂടത്തെയും കുറിച്ചുള്ള വിശ്വാസവുമായിരുന്നു. യാതൊരു തെറ്റും ചിന്തിക്കുക പോലും ചെയ്യാതിരുന്നിട്ടും കള്ളന്മാരെപോലെ നാട്ടുകാരുടെ മുമ്പില്‍ സര്‍ക്കാരിന്റെ ശിക്ഷക്ക് വഴങ്ങേണ്ടിവരിക! ഊഹിക്കാവുന്നതിലപ്പുറമാണ് കാര്യം.
കൂത്തുപറമ്പിനടുത്ത് ചോരക്കളം എന്ന സ്ഥലത്തുവെച്ച് ജൂലൈ അഞ്ചിന് വീട്ടമ്മയുടെ അഞ്ചര പവന്‍ മാല ബൈക്കിലെത്തി കവര്‍ന്നു എന്നതായിരുന്നു താജുദ്ദീനെതിരായി പൊലീസ് ചമച്ച കുറ്റം. അവരതിന് തെളിവായി സ്വീകരിച്ചതോ താജുദ്ദീനെന്ന് തോന്നിക്കുന്ന ആളുടെ സി.സി.ടി.വി ദൃശ്യവും. സ്റ്റേഷനില്‍ വസ്ത്രവും വാച്ചും അഴിച്ചുവാങ്ങി മൂലയിലിരുത്തി മര്‍ദിച്ചു. ഒടുങ്ങാത്ത സത്യസന്ധതയും ദൈവവിശ്വാസവുംകൊണ്ട് മാത്രം പിടിച്ചുനിന്നു. അപ്പോഴെല്ലാം മകളുടെ വിവാഹത്തിനുവേണ്ടി താജുദ്ദീന്‍ സ്വര്‍ണം കവര്‍ന്നുവെന്ന വിതണ്ഡവാദത്തിലായിരുന്നു പൊലീസ്. 54 ദിവസത്തിനുശേഷം ഹൈക്കോടതി നല്‍കിയ ജാമ്യത്തിലാണ് യുവാവ് പുറത്തിറങ്ങിയത്. കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിമും പേഴ്‌സണല്‍ സെക്രട്ടറി ഷാഹുല്‍ഹമീദ് മണ്ണാര്‍ക്കാടുമാണ് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും ഡി.ജി.പിയെയും കണ്ട് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തിയത്. ഇതിനിടെയാണ് സ്ഥിരം കുറ്റവാളിയായി ജയിലില്‍ കഴിയുന്ന ശരത്തിനെപ്പറ്റി പൊലീസ് അറിയുന്നത്. ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്തതില്‍ പ്രതി ശരത്താണെന്ന് കണ്ടെത്തുകയായിരുന്നു. താജുദ്ദീന്‍ നിരപരാധിയാണെന്ന റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇനി കേസില്‍നിന്ന് തലയൂരാന്‍ കോടതി കനിയണം. കേസില്‍നിന്ന് ഊരിക്കൊടുത്തതുകൊണ്ടുമാത്രം നിരപരാധിയും സത്യസന്ധനുമായ യുവാവിന് നേരിട്ട അപമാനത്തിന് പരിഹാരമാകുമോ. കേസില്‍നിന്ന് കോടതി വിടുതല്‍ നല്‍കിയാലും താജുദ്ദീന്റെയും കുടുംബത്തിന്റെയുംമേല്‍ പൊലീസ് വലിച്ചെറിഞ്ഞ അപമാനത്തിന്റെയും അപഖ്യാതിയുടെയും കറ മാഞ്ഞുപോകാന്‍ സമയമെത്രയെടുക്കും. വിദേശത്തെ ജോലിയില്‍ സമയത്തിന് ചെല്ലാനാകാതെയുണ്ടായ നഷ്ടത്തിനും പൊലീസും സര്‍ക്കാരും മതിയായ നഷ്ടപരിഹാരം നല്‍കണം.
അട്ടപ്പാടിയില്‍ കഴിഞ്ഞ മാസമാണ് സമാനമായി ആളുമാറി ആദിവാസി ചന്ദ്രനെ പൊലീസ് പിടിച്ച് ജയിലിലടച്ചത്. പിന്നീടാണ് യഥാര്‍ത്ഥ പ്രതിയെക്കുറിച്ച് അവരറിഞ്ഞത്. ഈ വര്‍ഷം ഏപ്രില്‍ എട്ടിന് എറണാകുളം വരാപ്പുഴയില്‍ ശ്രീജിത് എന്ന യുവാവിനെ ഒരു തെറ്റും ചെയ്യാഞ്ഞിട്ടും വീട്ടില്‍നിന്ന് അര്‍ധരാത്രി പിടിച്ചുകൊണ്ടുപോയി പൊലീസ് മര്‍ദിച്ചുകൊലപ്പെടുത്തിയതു വെച്ചുനോക്കുമ്പോള്‍ താജുദ്ദീനും ചന്ദ്രനും ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന് സമാധാനിക്കാമെങ്കിലും കേരളത്തിന്റെ പൊലീസ് സേനയെക്കുറിച്ചുള്ള സങ്കല്‍പവും യാഥാര്‍ത്ഥ്യവും തമ്മില്‍ എന്തന്തരമാണുള്ളതെന്ന് ചിന്തിച്ചുപോകുന്നു. മുഖ്യമന്ത്രിയുടെ രണ്ടു ഹൃദയത്തെക്കുറിച്ച് വാചോടാപം നടത്തുന്ന സി.പി.എമ്മുകാര്‍ക്കിതില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കൗതുകമുണ്ട്. കേരളത്തിലെ ആഭ്യന്തര വകുപ്പും പൊലീസും ഇങ്ങനെയാണ് പോകുന്നതെങ്കില്‍ അഭിമാനഭാജനമായൊരു സേനയെ നമുക്ക് നഷ്ടപ്പെട്ടുവെന്ന് കരുതി ദു:ഖിക്കുകയേ നിവൃത്തിയുള്ളൂ. മരുഭൂമിയില്‍ ചോര നീരാക്കി പ്രതിവര്‍ഷം ലക്ഷംകോടി രൂപ വിദേശത്തുനിന്ന് അയക്കുന്ന പ്രവാസികളിലൊരാളോട് ഇടതുപക്ഷ സര്‍ക്കാര്‍ കാട്ടിയ അനീതിക്ക് അവരാവശ്യപ്പെടാതെതന്നെ മതിയായ നഷ്ടപരിഹാരത്തുക ലഭ്യമാക്കിയേ തീരൂ. സംഭവത്തിലെ കുറ്റവാളികളെ അര്‍ഹമായി ശിക്ഷിക്കാനും സര്‍ക്കാര്‍ ആര്‍ജവം കാട്ടണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: