കേരളത്തില്‍ വ്യവസായം തുടങ്ങുന്നവര്‍ക്കായി ഏകജാലക സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴും ഒട്ടേറെ അനുമതികള്‍ക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം പാസാക്കിയത് 2018 ഏപ്രില്‍ ഏഴിനാണ്. 14 വകുപ്പുകളുടെ അനുമതികള്‍ ലഭ്യമാക്കാനുള്ള സംയോജിത സംവിധാനമായ കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് നിയമസഭ പാസാക്കി ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ട് 11 മാസമായെങ്കിലും അതിനെ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ല.
ആക്ടിനായി നിലവിലുള്ള പത്ത് നിയമങ്ങളില്‍ ഭേദഗതി വരുത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെങ്കില്‍ 30 ദിവസത്തിനകം നിക്ഷേപ സംരംഭക പദ്ധതിക്ക് പഞ്ചായത്ത് അനുമതി നല്‍കണം. അതിനകം അറിയിപ്പു കിട്ടിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന വ്യവസ്ഥ ആക്ടിലുണ്ടെങ്കിലും പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ പണം മുടക്കാന്‍ നിക്ഷേപകര്‍ ധൈര്യപ്പെടാത്ത സാഹചര്യമാണുള്ളത്.
കേരളം എന്തുകൊണ്ടു വ്യവസായ നിക്ഷേപത്തില്‍ പിന്നാക്കമായെന്ന പഴയ ചോദ്യത്തിന് ഇനിയും പ്രസക്തിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് അന്നത്തെ വ്യവസായ മന്ത്രിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ സമഗ്ര പദ്ധതികളും ആസൂത്രണങ്ങളുമാണ് ഇന്നു കാണുന്ന രീതിയില്‍ സംസ്ഥാനത്തെ വളര്‍ച്ചയിലെത്തിച്ചത്. വിദേശ സ്വദേശ നിക്ഷേപത്തിലൂടെ ഫലപ്രദമായി സംരംഭങ്ങള്‍ സാധ്യമാണെന്ന് സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികളിലൂടെ രാജ്യത്തിന് കാണിച്ചുതന്ന ചിത്രങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. അന്നത്തെ ദീര്‍ഘ വീക്ഷണപദ്ധതികളുടെ ബാക്കി പത്രമാണ് ഇന്നുള്ള വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ചയും. പുതിയ സര്‍ക്കാര്‍ വ്യവസായ മേഖലയോട് അനുഭാവ നയമല്ല കാണിക്കുന്നത് എന്നതിന്റെ തെളിവാണ് കേരളത്തിലെ ഈ മേഖല നേരിടുന്ന പ്രതിസന്ധി. വ്യവസായങ്ങള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമെതിരെ സമരം നയിച്ചിരുന്ന വിഭാഗം അതേ നിഷേധ സമീപനമാണ് നിക്ഷേപകരോടും കാണിക്കുന്നത്. സ്ഥലലഭ്യത, സംരംഭത്തിനുള്ള അനുമതി തുടങ്ങിയവ നൂലാമാലകളില്‍ പെട്ട് വൈകുന്നതടക്കമുള്ള സാഹചര്യങ്ങള്‍ പൂര്‍വാധികം ശക്തിയായി തുടരുമ്പോള്‍ മാറിയ സാഹചര്യങ്ങളും സംവിധാനങ്ങളും അവഗണിക്കപ്പെടുകയാണ്.
വ്യവസായം തുടങ്ങുന്നവര്‍ക്കായി ഏകജാലക സംവിധാനം ഇത്രകാലമായിട്ടും ഫലപ്രദമായിട്ടില്ല എന്നത് ആ മേഖലയിലെ നേട്ടത്തെ പിന്നോട്ടടടിപ്പിക്കുന്നതാണ്. ഒട്ടേറെ അനുമതികള്‍ക്കു പുറമെ ലൈസന്‍സ് പുതുക്കാന്‍ ഓരോവര്‍ഷവും ദീര്‍ഘമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും വേണം. പഞ്ചായത്തില്‍ ചെല്ലുമ്പോള്‍ കെട്ടിടനമ്പറും മറ്റും കിട്ടാനുള്ള പ്രയാസവും വൈദ്യുതിയും വെള്ളവും ലഭ്യമാക്കാനുള്ള കാലതാമസവുമൊക്കെ കേരളത്തില്‍ എത്രയോ നിക്ഷേപകരുടെ മനംമടുപ്പിച്ചിട്ടുണ്ട്.
നിക്ഷേപകരോടുള്ള നിഷേധാത്മക സമീപനം മൂലം കേരളം വേള്‍ഡ് ബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ ശ്രേണിയില്‍ 21ാം സ്ഥാനത്ത് തുടരുന്നതിന്റെ കാരണം ഈ രീതിയിലുള്ള കാലതാമസമാണ്. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയിലും ഗുജറാത്തിലും മറ്റും നിക്ഷേപകര്‍ അപേക്ഷ നല്‍കിയാല്‍ ഒട്ടുംവൈകാതെ എല്ലാ അനുമതികളും ലഭിക്കുന്ന രീതിയുണ്ട്. പുതിയ സംരംഭങ്ങള്‍ക്കുള്ള അപേക്ഷകള്‍ പരിശോധിച്ച് അനുമതി നല്‍കാന്‍ കേരളത്തിലും ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകള്‍ വന്നെങ്കിലും നിക്ഷേപസൗഹൃദമായിട്ടില്ല. ഓരോവകുപ്പിലും കയറിയിറങ്ങി അപേക്ഷ നല്‍കുന്നതും താമസമുണ്ടാകുന്നതും ഒഴിവാക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും കെട്ടുപാടുകള്‍ നീങ്ങുന്നില്ല.
നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതും സൗകര്യമൊരുക്കുന്നതും ഉദ്ദേശിച്ചതിലും അധികം നേട്ടമാണ് തിരിച്ചുനല്‍കുകയെന്നതിന് മറ്റു സംസ്ഥാനങ്ങള്‍ മാതൃകകളാണ്. ഓണ്‍ലൈന്‍ സങ്കേതങ്ങളിലൂടെ അനുമതിയൊരുക്കുന്നത് കാലതാമസം ഒഴിവാക്കാനും നിക്ഷേപകര്‍ക്ക് പ്രോല്‍സാഹനമാവാനും കഴിയുമെന്ന് നിരവധി ശുപാര്‍ശകളില്‍ ചൂണ്ടിക്കാട്ടിയതാണ്. ഓണ്‍ലൈന്‍ ഏകജാലക സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയെന്നും ഉടന്‍ നിലവില്‍ വരുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇന്‍വെസ്റ്റ്‌മെന്റ് കഌയറന്‍സ് ബോര്‍ഡ് വഴി ലഭിക്കുന്ന അപേക്ഷകള്‍ക്ക് കാലതാമസം കൂടാതെ അനുമതികള്‍ നല്‍കുമെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുകയാണ് ആവശ്യം.
വ്യവസായ സംരംഭകന്‍ സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ നല്‍കി പതിനഞ്ച് ദിവസത്തിനകം അപേക്ഷ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തതായി മറുപടി നല്‍കിയില്ലെങ്കില്‍ കല്പിതാനുമതി നല്‍കിയതായി കണക്കാക്കി സംരംഭത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നാണ് ചട്ടം. വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് തദ്ദേശ സ്വയംഭരണ, മുന്‍സിപാലിറ്റി ആക്ട് അടക്കമുള്ള ഏഴു വകുപ്പുകളിലെ പത്ത് നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് ചട്ടം രൂപീകരിച്ചത്. പഞ്ചായത്ത് സ്‌റ്റോപ് മെമ്മോ നല്‍കുന്നതിന് മുമ്പ് വിദഗ്ധ സമിതിയുടെ അഭിപ്രായം തേടുകയും സംരംഭകന് തെറ്റുതിരുത്താന്‍ സമയം നല്‍കുകയും വേണം. ആസ്പത്രി, ലാബോറട്ടറി, പാരാമെഡിക്കല്‍, ക്ലിനിക്ക് തുടങ്ങിയവയ്ക്ക് മാത്രം ഡി എം ഒ ക്ലിയറന്‍സ് മതി. മറ്റ് വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമില്ല. സംരംഭകരെ വിശ്വാസത്തിലെടുത്ത് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പരിഗണന നല്‍കേണ്ടത്. കെട്ടിടാനുമതി, പാരിസ്ഥിതികാനുമതി വൈദ്യുതി, വെള്ളം, തുടങ്ങിയവ ലഭിക്കുന്നതിനുള്ള കാലതാമസം, കയറ്റിറക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള നടപടികളും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പക്ഷേ അപേക്ഷകന് മാത്രം ഒരു പരിഗണനയും വകുപ്പുകള്‍ നല്‍കിയില്ല.
ലോകബാങ്കും വ്യവസായ പ്രോല്‍സാഹന, നയരൂപീകരണ മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കിയ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ എന്ന നിക്ഷേപസൗഹൃദ മാനദണ്ഡങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഈ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ കേരളത്തിന് വ്യവസായ വളര്‍ച്ചാ രംഗത്ത് ഉന്നത സ്ഥാനം നേടാനാവുമെന്നതില്‍ തര്‍ക്കമില്ല. നിക്ഷേപകര്‍ക്കു തടസ്സം നില്‍ക്കുന്ന നിയമങ്ങളെല്ലാം ഒറ്റയടിക്ക് എടുത്തുകളഞ്ഞാണ് ചൈന 30 വര്‍ഷംകൊണ്ടു വന്‍ സാമ്പത്തിക ശക്തിയായി മാറിയത്. വ്യവസായമായാലും സേവനമേഖലയായാലും കാര്യങ്ങള്‍ എളുപ്പം നടത്തിക്കൊണ്ടുപോകാന്‍ കഴിയുമോ എന്നതാണ് നിക്ഷേപകരെ സ്വാധീനിക്കുന്ന പ്രഥമഘടകം. അതിനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പദ്ധതികളൊന്നും ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന ഉറപ്പാണ് നിക്ഷേപകര്‍ക്കു വേണ്ടത്. അതിനുള്ള നടപടികള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
ഓണ്‍ലൈനില്‍ തുറക്കണം നിക്ഷേപ ഏകജാലകം
Tags: Investment
Related Post