കേരളത്തിലെ ആറു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പത്തെട്ടായിരത്തോളം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് കേരള സര്‍ക്കാരും ഹാരിസണ്‍ മലയാളം ലിമിറ്റഡും തമ്മില്‍ നടന്നുവന്ന കേസില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി കേരളത്തിന് അപമാനകരവും ഒപ്പം സങ്കടകരവുമാണ്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിലായി സംസ്ഥാനത്തിന്റെ വിലപ്പെട്ട ഭൂമി കൈവശപ്പെടുത്തിയ കമ്പനി പല വിധ രീതിയില്‍ നിയമത്തിലെ പഴുതുകളുപയോഗപ്പെടുത്തി തങ്ങളുടേതാക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. റവന്യൂരേഖകള്‍ പ്രകാരം ഭൂമിയുടെ ഉടമസ്ഥത ഹാരിസണ്‍ മലയാളം കമ്പനിക്കാണെന്നതിന് തെളിവുണ്ടെന്നും അതിന്മേല്‍ നടപടിയെടുക്കാന്‍ സിവില്‍ കോടതിക്ക് മാത്രമേ അധികാരമുള്ളൂവെന്നുമാണ് സുപ്രീംകോടതിയിലെ രോഹിംടണ്‍ എസ്.നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരുടെ വിധി. ഇത് കേരളത്തിന്റെ പൊതുതാല്‍പര്യത്തിനും നിയമ നടപടികള്‍ക്കും വലിയ ആഘാതമായിരിക്കുകയാണ്. സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഈ ദു:സ്ഥിതിക്ക് വഴിവെച്ചതെന്ന് സുതരാം വ്യക്തമാകുകയാണ്. കഴിഞ്ഞ ഏപ്രില്‍പത്തിനാണ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ ഹാരിസണ്‍ മലയാളം കമ്പനിക്ക് അനുകൂലമായ വിധി കേരള ഹൈക്കോടതി പ്രഖ്യാപിച്ചത്. മതിയായ പര്യാലോചനകളും നിയമവശങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെയും കോടതിയുടെ മുന്നില്‍ ചെന്നതിനാലായിരുന്നു സര്‍ക്കാരിനെതിരായി വിധിയുണ്ടായത്. ഇതുസംബന്ധിച്ച പ്രത്യേകാനുമതി ഹര്‍ജിയില്‍ ഹൈക്കോടതിയുടെ അതേവിധിതന്നെ സ്ഥാപിക്കുകയാണ് തിങ്കളാഴ്ച രാജ്യത്തെ ഉന്നത നീതിപീഠം ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അപ്പീല്‍ വലിയ പരിശോധനകള്‍ കൂടാതെ തന്നെ തള്ളിയിരിക്കുകയാണ്. കേരളത്തിലെ ആദിവാസികളും ദരിദ്രരുമടക്കമുള്ള ഭൂരഹിത ജനവിഭാഗങ്ങള്‍ക്ക് കിടപ്പാടം പോലും അന്യമായിരിക്കെയാണ് ഏക്കര്‍ കണക്കിന് ഭൂമി സംസ്ഥാനത്തിന്റെ പല ജില്ലകളിലായി സ്വകാര്യ കമ്പനി കൈവശം വെച്ചിരിക്കുന്നത് എന്നത് നഗ്നമായ നീതിനിഷേധവും സാമാന്യമര്യാദകളുടെ ലംഘനവുമാണ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അന്നത്തെ ലാന്റ്‌റവന്യൂ കമ്മീഷണറായിരുന്ന എം.ജി രാജമാണിക്യമാണ് റവന്യൂ സ്‌പെഷ്യല്‍ ഓഫീസറെന്ന നിലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ മുപ്പത്തെട്ടായിരത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി അറിയിച്ചത്. മതിയായ വിവരങ്ങള്‍ ശേഖരിച്ചശേഷമായിരുന്നു ഇത്. ഇതിനെതുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു കമ്പനി. സ്വകാര്യ വ്യാവസായിക ആവശ്യത്തിന് വേണ്ടിയാണ് ആദ്യ കാലത്ത് വിദേശ കമ്പനിയായിരുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഇത്രയും ഏക്കര്‍ഭൂമി പാട്ടത്തിനെടുത്തിരുന്നത്. ഇതിനുശേഷം കാലങ്ങളായി കൃത്രിമ രേഖകള്‍ ചമച്ചും മറ്റും രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ച് സ്വന്തമായി കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സര്‍ക്കാരിന്റെ റവന്യൂ ഭൂമിയായി പരിഗണിച്ച് ആവശ്യക്കാര്‍ക്ക് പതിച്ചുനല്‍കുന്നതിനായാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി പ്രഖ്യാപിച്ചത്. കമ്പനി കോടതിയെ സമീപിച്ചപ്പോള്‍ ഇതിനായി സ്‌പെഷ്യല്‍ ഗവ. പ്ലീഡറായി യു.ഡി.എഫ് സര്‍ക്കാര്‍ സുശീലഭട്ടിനെ നിയമിക്കുകയും ചെയ്തിരുന്നു. വിഷയം സംബന്ധിച്ച് നല്ല ഗ്രാഹ്യവും താല്‍പര്യവുമുള്ള വ്യക്തി എന്ന നിലയിലാണ് ഭട്ടിന് നിയമോപദേശക പദവി നല്‍കിയത്. എന്നാല്‍ 2016ല്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭട്ടിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍തന്നെ ചില ദുസ്സൂചനകള്‍ മണത്തിരുന്നു. ഹാരിസണ്‍ മുതലാളിമാരെ സഹായിക്കാനാണ് ഇടതുപക്ഷത്തിന്റെയും വിശിഷ്യാ സി.പി.എമ്മിന്റെയും നീക്കമെന്നായിരുന്നു പ്രധാന ആരോപണം. കഴിഞ്ഞ ദിവസത്തെ വിധിയോടെ ഈ ആരോപണം ശരിയാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.
1957ലെ കേരള ഭൂ സംരക്ഷണനിയമമനുസരിച്ചാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ റവന്യൂ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. 2007ല്‍ ഉന്നതതല സമിതിയും അതിനടുത്തവര്‍ഷം ജസ്റ്റിസ് മനോഹരന്‍ സമിതിയും സര്‍ക്കാരിനാണ് ഭൂമിയുടെ ഉടമസ്ഥാവകാശമെന്നും അതിനാല്‍ സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഇതനുസരിച്ചാണ് പിന്നീടുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് സ്വീകരിച്ചതും നിയമ നടപടിയുമായി മുന്നോട്ടുപോയതും. ഹാരിസന്റെ രേഖകളില്‍ അപര്യാപ്തതകളുണ്ടെന്നും ഇത്രയും ഭൂമിക്ക് കമ്പനി അവകാശികളല്ലെന്നുമുള്ള വാദമാണ് കേരള സര്‍ക്കാരിന് വേണ്ടി ഇപ്പോള്‍ ഉന്നയിച്ചതെങ്കിലും ഉന്നത കോടതി ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. മതിയായി കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്താതെ ആകാശത്ത് വടിയെറിഞ്ഞ രീതിയിലുള്ള അലക്ഷ്യവാദമുഖങ്ങളാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന് വിനയായതെന്നാണ് കരുതേണ്ടത്. സംസ്ഥാന സര്‍ക്കാരും ഹാരിസണ്‍ കമ്പനിയും തമ്മില്‍ വല്ല ഒത്തുകളിയും അകത്തളങ്ങളില്‍ നടന്നിട്ടുണ്ടോ എന്നു മാത്രമേ ഇനി പുറത്തുവരേണ്ടതുള്ളൂ.
ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും വാദമുഖങ്ങളില്‍ കേരള സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രത പുലര്‍ത്താതിരുന്നതിനെതിരെ സുശീലഭട്ട് അടക്കമുള്ള വിദഗ്ധര്‍ വരെ രംഗത്തുവന്നുകഴിഞ്ഞു. കണ്ണൂരിലെ ഓട്ടോഡ്രൈവര്‍ ചിത്രലേഖക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ചു സെന്റ് ഭൂമി തിരിച്ചെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച രാഷ്ട്രീയമെങ്കിലും ഹാരിസണ്‍ കാര്യത്തില്‍ എന്തുകൊണ്ടുണ്ടായില്ലെന്നാണ് ജനങ്ങളും ചോദിക്കുന്നത്. പലവിധ സ്വകാര്യ എസ്റ്റേറ്റുകളായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികളിന്നും ചായത്തോട്ടം പോലുള്ള വ്യാവസായിക ആവശ്യത്തിനും അതുവഴി കൊള്ളലാഭം കൊയ്യുന്നതിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളം പോലുള്ള പുരോഗമന ഭൂമികയില്‍ കയ്യേറിയിരിക്കുന്നത്. കേരള ഭൂ പരിഷ്‌കരണ നിയമത്തിലെ 15 ഏക്കര്‍ ഭൂമിയെന്ന സ്വകാര്യ വ്യക്തിയുടെ പരിധി ബാധകമല്ലാത്തതാണ് തോട്ടങ്ങളുടെ പേരിലെ ഈ പകല്‍കൊള്ളക്ക് കാരണം. പല സ്വകാര്യ ചായത്തോട്ടങ്ങളും റവന്യൂഭൂമിയിലാണെന്ന റിപ്പോര്‍ട്ടുകളും പാട്ടക്കരാര്‍ ലംഘനവും ചൂണ്ടിക്കാട്ടപ്പെട്ടിട്ടും അവയൊന്നും ഇനിയും സര്‍ക്കാരിന് മുതല്‍കൂട്ടാനാകുന്നില്ലെന്ന വസ്തുതയുടെ മറുവശംകൂടിയാണ് തിങ്കളാഴ്ചയോടെ കൂടുതല്‍ വികൃതമായി പുറത്തുവന്നിരിക്കുന്നത്. നാഴികക്ക് നാല്‍പതുവട്ടം തൊഴിലാളി വര്‍ഗ സ്‌നേഹവും ചൂഷണ വിരോധവും ആലപിക്കുന്ന കമ്യൂണിസ്റ്റുകളുടെ മൂന്നാര്‍ കയ്യേറ്റക്കാരുടെ കാര്യത്തിലൊക്കെയുള്ള പരസ്യമായ നിലപാടുമതി ഇതിന്റെയൊക്കെ പിന്നിലെ തിരശീല വകഞ്ഞുമാറ്റപ്പെടാന്‍.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
ഹാരിസണ്‍ കേസില്‍ പുറത്തായ ഒത്തുകളി
Tags: harrison case