X

ഭരണകൂടത്തിന്റെ ദൗത്യം പിരിവ് മാത്രമാകരുത്

 

കേരളത്തെ നക്കിത്തുടച്ച മഹാപ്രളയത്തിന്റെ അനന്തര ഫലമെത്രയെന്ന് കണക്കുകൂട്ടാന്‍ അശക്തമായ അവസ്ഥയിലാണ് നാമിപ്പോള്‍. പതിനഞ്ചു ലക്ഷത്തോളം പേരാണ് കിടപ്പാടം തകര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. അവരില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ ഇനിയും വീടുകളിലേക്കു തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാല്‍ ലക്ഷത്തിലധികം വീടുകളാണ് പ്രളയക്കെടുതിയില്‍ നാമാവശേഷമായത്. കേരളത്തിലെ ജന സംഖ്യയുടെ നാലിലൊന്ന്- അമ്പത്തഞ്ചുലക്ഷം പേര്‍-ദുരിതത്തിനിരയായതായാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. 483 പേര്‍ മരണത്തിനു കീഴടങ്ങി. കാണാതായ പതിനഞ്ചോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് കുട്ടനാട് മേഖലയില്‍ ഇപ്പോഴും കുടിവെള്ളം പോലും കിട്ടാതെ നരകിക്കുന്ന പതിനായിരങ്ങളുടെ ദൈന്യത. ഇതിനെല്ലാം ഒറ്റയടിക്ക് പരിഹാരം കാണാന്‍ മനുഷ്യര്‍ക്കും ശാസ്ത്രസാങ്കേതിക വിദ്യക്കും കഴിയില്ലെങ്കിലും കഴിയാവുന്നത്ര സേവനങ്ങള്‍ ഈ ഹതഭാഗ്യരിലേക്കെത്തിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകരെ ആദരിക്കുകയും സര്‍വകക്ഷിയോഗവും പ്രത്യേക നിയമസഭാസമ്മേളനവും വിളിച്ചുകൂട്ടുകയും ചെയ്‌തെങ്കിലും ജനദുരിതം അകറ്റുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടത്ര ദിശാബോധം ഇനിയും ഉണ്ടായിട്ടില്ലെന്നുവേണം മനസ്സിലാക്കാന്‍. മന്ത്രിസഭായോഗമെടുത്തിരിക്കുന്ന പുതിയ തീരുമാനം, മന്ത്രിമാര്‍ ധനസമാഹരണത്തിനായി വിദേശങ്ങളിലേക്കുള്‍പ്പെടെ പോകുന്നുവെന്നാണ്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തിരമായ കടമ ജില്ലകളില്‍ പ്രായോഗികമായ മേല്‍നോട്ടം വഹിക്കുകയാണ്. എലിപ്പനി പോലുള്ള ജലജന്യരോഗ മരണങ്ങള്‍ ഇതിനകംതന്നെ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ജില്ലാകലക്ടറടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളില്‍ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനുപകരം അവരെ പണപ്പിരിവിനായി നിയോഗിക്കുന്നത് തലതിരിഞ്ഞ ഭരണ നടപടിയാണ്.
പ്രളയ കാലത്ത് ജര്‍മനിയില്‍ ഉലാത്തിയ കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജു തിരിച്ചെത്തിയെങ്കിലും പാലക്കാട് ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പരിവാരസമേതം പതിനൊന്നു ദിവസത്തെ ഓസ്‌ട്രേലിയ പര്യടനത്തിനുള്ള പുറപ്പാടിലാണത്രെ. വ്യാഴാഴ്ച എട്ടു മണിക്കൂറിലധികം നീണ്ടുനിന്ന ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും പുനരാലോചനകള്‍ക്കും വേദിയായ നിയമസഭാസമ്മേളനത്തില്‍ പോലും ദുരന്തത്തിനിരയായ പ്രദേശങ്ങളിലെ നിയമസഭാസാമാജികരെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നത് കാര്യങ്ങള്‍ ധാര്‍ഷ്ട്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും കലവറയില്ലാതെ കൈകാര്യം ചെയ്യാന്‍ പിണറായി സര്‍ക്കാരിന് മനസ്സില്ലെന്നതിന്റെ തെളിവാണ്. പ്രളയത്തിന്റെ നടുവില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ രക്ഷിക്കാന്‍ ഒരു ഹെലികോപ്റ്ററെങ്കിലും തരൂ എന്ന് വിളിച്ചുകേണത് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ സ്വന്തം സര്‍ക്കാരിനോടായിരുന്നു. സി.പി.എമ്മുകാരന്‍ തന്നെയായ റാന്നി എം.എല്‍.എ രാജുഎബ്രഹാമും കക്കി അണക്കട്ട് തുറന്നുവിട്ടതിലെ ഉദ്യോഗസ്ഥ അനവധാനതയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ട് നൂറുകണക്കിന് ആളുകളുടെ വീടും പുരയിടവും ജീവനും കവര്‍ന്നതിനെതിരെ പ്രതികരിച്ചതും ഇതേ സി.പി.എമ്മുകാരനായ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ആയിരുന്നു. ഈ മൂവര്‍ക്കും സഭയില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിച്ച പാര്‍ട്ടിയുടെ നടപടി മുഖ്യമന്ത്രികൂടി അറിഞ്ഞുകൊണ്ടാവാനേ തരമുള്ളൂ. സര്‍ക്കാര്‍ പ്രളയം കൈകാര്യം ചെയ്ത രീതിയില്‍ ഇവര്‍ക്ക് ഇപ്പോഴും ശക്തമായ വിയോജിപ്പുണ്ടെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇതുതന്നെയാണ് ഇവരെ പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നതും. പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകളെ അക്കമിട്ടും ശാസ്ത്രീയമായ വസ്തുതകളുടെ പിന്തുണയോടെയും പൊളിച്ചടുക്കുകയായിരുന്നു. എന്നാല്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടല്ല പ്രളയമുണ്ടായത് എന്ന തന്റെ പൂര്‍വ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം വന്നത് മഴ കൊണ്ടാണെന്ന് അറിയാത്തവരാവില്ല പ്രതിപക്ഷവും സാമാന്യജനവും. എന്നാല്‍ പ്രളയം തടയുന്നതിനുകൂടി ലക്ഷ്യമിട്ട് നാം കെട്ടിപ്പൊക്കിയ അണക്കെട്ടുകള്‍ പ്രളയ കാലത്ത് തുറന്നുവിടുന്നതില്‍ വലിയ കെടുകാര്യസ്ഥതയാണ് വിദ്യുച്ഛക്തി, ജലവിഭവ വകുപ്പുകള്‍ കാട്ടിയതെന്ന് ആര്‍ക്കും തെളിയിക്കാനാകും. മതിയായ കാലാവസ്ഥാപ്രവചനം കേന്ദ്ര കാലാവസ്ഥാവകുപ്പ് തന്നില്ലെന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇനിയുമൊരു പ്രളയം വന്നാലുണ്ടായേക്കാവുന്ന സമാനമായ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ നിലവിലെ പോരായ്മകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യംപോലും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല. ഏതായാലും ഇതേക്കുറിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്ത നിലക്ക് പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നുതന്നെയാണ് വ്യക്തമായിരിക്കുന്നത്.
ഇതിനകം ആയിരത്തിലധികം കോടി രൂപയുടെ ധനസഹായം പലവകയിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കഴിഞ്ഞു. ഇവ ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനം വഴി പിരിച്ചതോ സ്വരുക്കൂട്ടിയതോ അല്ല. ക്യാമ്പുകളിലെ 15 ലക്ഷംപേര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപ മാത്രം വെച്ച് 1500 കോടി രൂപ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ കലക്ടര്‍മാര്‍ക്ക് കൈമാറിയത് 375 കോടി രൂപ മാത്രമാണ്. മൂന്നു ദിവസം കഴിഞ്ഞിട്ടും ഇതുപോലും ദുരിതബാധിതരുടെ കൈകളിലേക്ക് എത്തിക്കാനായിട്ടില്ല. പല ജില്ലകളിലെയും ദുരിതബാധിതരുടെ കണക്കെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. കുട്ടനാട് മേഖലയില്‍ ഇപ്പോഴും വീടുകള്‍ വൃത്തിയാക്കാനോ കയറിക്കിടക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇവിടെ നിന്നുള്ള രണ്ടു ലക്ഷത്തോളം പേരാണ് ചങ്ങനാശേരിയില്‍ അഭയം തേടിയത്. ഇവരുടെ വീടുകള്‍ ഇനിയെന്ന് വാസയോഗ്യമാകുമെന്ന് സര്‍ക്കാരിന് പറയാനാവുന്നില്ല. ഇന്നലെ പോലും നിരവധി കുടുംബങ്ങള്‍ കൈനകരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളെ നോക്കി നെടുവീര്‍പ്പിടുകയാണ്. കുടിവെള്ളമോ ആഹാര സാധനങ്ങളോ ഇവിടേക്ക് എത്തുന്നില്ലെന്നതോ പോകട്ടെ സര്‍ക്കാരുദ്യോഗസ്ഥരില്‍ ഒരാള്‍പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പറയുന്നു. കുട്ടനാട്ടിലെ പതിവു രീതിയനുസരിച്ച് വെള്ളം ഇറങ്ങിപ്പോകാന്‍ ഇനിയും സമയമെടുക്കും. അതുവരെ അവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നിട്ടിറങ്ങണം. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും മറ്റും യഥേഷ്ടം ഭക്ഷ്യവസ്തുക്കള്‍ ഇപ്പോഴും കെട്ടിക്കിടക്കുമ്പോഴാണീ ഏകോപനക്കുറവ് ദുരിതം ഇരട്ടിപ്പിക്കുന്നത്. തീര്‍ച്ചയായും പുനര്‍നിര്‍മാണത്തിന് പണം അത്യാവശ്യം തന്നെ. എന്നാല്‍ പ്രവാസി മലയാളികളും അസംഖ്യം ആഭ്യന്തര സന്നദ്ധ സംഘടനകളും ജഡ്ജിമാരും സര്‍ക്കാര്‍ ജീവനക്കാരും പൗരന്മാരുമെല്ലാം ആത്മപ്രചോദിതരായി വെച്ചുനീട്ടുന്ന ധനസഹായവും സേവനവും ക്രിയാത്മകമായും ഭാവനാത്മകമായും പരിസ്ഥിതിക്ക് കോട്ടംതട്ടാതെയും കേരള പുനര്‍സൃഷ്ടിക്കായി വിനിയോഗിക്കാന്‍ മുന്‍കയ്യെടുക്കുകയാണ് നാടിനോട് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ കടമ.

chandrika: