X
    Categories: Video Stories

മതേതരത്വത്തിന്റെ മഹാവിളംബരം

ഇന്ത്യന്‍രാഷ്ട്രീയ സെമിഫൈനലിലെ വിജയം ജനാധിപത്യ-മതേതരചേരിക്കാണ്. നാലുമാസത്തിനകം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു ഫൈനലില്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് അധികം ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് ഇന്നലെ പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ നല്‍കുന്ന സൂചന. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം നിയമസഭകളിലേക്ക് നവംബര്‍ 12നും ഡിസംബര്‍ ഏഴിനുമായി നടന്ന വോട്ടെടുപ്പിന്റെ ഫലങ്ങളില്‍ ഒരു കാര്യം വ്യക്തമായിരിക്കുന്നു: മതേതരത്വഇന്ത്യ അതിന്റെ തിരിച്ചുവരവ് വിളംബരം ചെയ്തിരിക്കുന്നു. ഭാവിയെക്കുറിച്ചുള്ള വലിയ പ്രതീക്ഷകള്‍ക്കൊപ്പം തന്നെ ഇനിയുള്ളത് നിര്‍ണായക ദിനങ്ങളാണെന്നും അത് ആയാസരഹിതമായി ഇരിക്കാനുള്ളതല്ലെന്നുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യന്‍ജനതയുടെ മുന്നില്‍ ഈ ഫലങ്ങള്‍ വെച്ചിരിക്കുന്നത്. അതിതീവ്രതയുടെ രാഷ്ട്രീയ യുഗത്തിന് പൂര്‍ണമായി തിരശ്ശീല വീണുവെന്നോ ഇനി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അനായാസവിജയമായിരിക്കുമെന്നോ ഒന്നും പൂര്‍ണമായി അവകാശപ്പെടാനാവുന്നതല്ല ഈ ഫലങ്ങള്‍. പക്ഷേ ഇനി തിരിച്ചുവരാനാകാത്തവിധം ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കരാളയുഗത്തിലേക്ക് കൊണ്ടുപോകാന്‍ മോദിക്കും ബി.ജെ.പിക്കും കഴിയില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് ഡിസംബര്‍ പതിനൊന്ന് മുന്നോട്ടുവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയാണ് ഈ ഫലം. അഞ്ചില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ബി.ജെ.പിയുടെ ഉരുക്കുകോട്ടകളിലൊന്നായ രാജസ്ഥാനില്‍ വ്യക്തമായ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതരമുന്നണി നേടിയിരിക്കുന്നത്. ഛത്തീസ്ഗഡിലും പാര്‍ട്ടി ഉള്‍പ്പെട്ട മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് മുന്നേറ്റവും കരുത്തുറ്റതാണ്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാമില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തേക്ക് മാറിയിരിക്കാനാണ് ജനവധി. തെലുങ്കാനയില്‍ പ്രതീക്ഷിച്ചതുപോലെ ആ സംസ്ഥാനരൂപീകരണത്തിനുവേണ്ടി പൊരുതിയ പാര്‍ട്ടി എന്ന നിലക്ക് പ്രാദേശികവികാരം മുതലെടുത്തുകൊണ്ടുള്ള വിധിയാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍റാവുവിന്റെ തെലുങ്കുരാഷ്ട്രീയ സമിതിയാണ് ഇവിടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുക. ഇനിയും ഒരു വര്‍ഷം ബാക്കിയിരിക്കെയാണ് നിയമസഭ പിരിച്ചുവിട്ട് ടി.ആര്‍.എസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവിടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം പരാജയരുചിയറിഞ്ഞു. ഇക്കഴിഞ്ഞ ഏതാനും മാസങ്ങളിലായി രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഈ സൂചനകള്‍ പ്രകടമായിരുന്നുവെന്നതാണ് നേര്.
ഇതിലൂടെ ഇനി മോദിയും ആര്‍.എസ്.എസ്സും വെറുതെ ഇരിക്കുമെന്ന് കരുതാന്‍ വയ്യ. അധികാരം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും പൂര്‍വാധികം ശക്തിയോടെ രാമക്ഷേത്രനിര്‍മാണം പോലുള്ള വര്‍ഗീയധ്രുവീകരണത്തിലേക്ക് അവര്‍ മുന്നിട്ടിറങ്ങുമെന്നുതന്നെയാണ് ആശങ്കപ്പെടേണ്ടത്. വരുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പുതന്നെ രാമക്ഷേത്രനിര്‍മാണത്തിന് തയ്യാറായേക്കും. പക്ഷേ ബി.ജെ.പിയും സംഘപരിവാരവും കണ്ണുതുറന്നുകാണേണ്ട ഘടകം ഈ തിരഞ്ഞെടുപ്പുഫലത്തിലുണ്ട്. ഈ തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ മോദിയേക്കാള്‍ കൂടുതല്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് എന്നതാണത്. ഇതൊരു പാഠമായി എടുക്കുകയാണെങ്കില്‍ ബി.ജെ.പി തീവ്രവര്‍ഗീയതയില്‍നിന്ന് പിറകോട്ടുപോകുകയാണ് സത്യത്തില്‍ വേണ്ടത്. യോഗി ഏറ്റവും കൂടുതല്‍ വേദികളില്‍ (26) പ്രസംഗിച്ച രാജസ്ഥാനിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്. 17 വേദികളില്‍ മാത്രമാണ് മധ്യപ്രദേശില്‍ യോഗി പ്രസംഗിച്ചത്. മധ്യപ്രദേശില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ കര്‍ഷകരെ നേരിട്ടത് മന്‍സൗറില്‍ അഞ്ചുപേരെ വെടിവെച്ചുകൊന്നുകൊണ്ടായിരുന്നു. രാജസ്ഥാനില്‍ കഴിഞ്ഞ അഞ്ചുകൊല്ലം കണ്ടത് ജീവിക്കാന്‍ പോലും കഴിയാത്തവിധമുള്ള ആള്‍ക്കൂട്ടക്കൊലകളായിരുന്നു. കോടതികളെ വെല്ലുവിളിച്ചു നിഷ്പക്ഷരായ വ്യക്തിത്വങ്ങളെപോലും പ്രതികരിച്ചാല്‍ കൊല്ലുന്ന അവസ്ഥയുണ്ടായി. രാജസ്ഥാനിലാണ് ബംഗാള്‍ സ്വദേശിയായ മധ്യവയസ്‌കനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി തീകൊളുത്തി കൊലപ്പെടുത്തുകയും ആ ഭീകരദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. വിജയരാജെസിന്ധ്യയുടെ സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നതിന്റെ അഹങ്കാരമായിരുന്നു ആ പേക്കൂത്തുകള്‍ക്കൊക്കെ പിന്നില്‍.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ജനത ഏറ്റവും കൊടിയ പീഡനം അനുഭവിച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പശുവിന്റെ പേരില്‍ സംഘ്പരിവാറുകാര്‍ വടക്കുകിഴക്കേ ഇന്ത്യയിലാകമാനം അഴിഞ്ഞാടി നിരപരാധികളെ കൊന്നൊടുക്കി. നാല്‍പതോളം മുസ്‌ലിംയുവാക്കള്‍ക്ക് ജീവഹാനി നേരിട്ടു. നിരത്തുകളില്‍ എന്തിനെന്നുപോലും അറിയാതെയായിരുന്നു മുസ്‌ലിംകളുടെ ഓരോ ജീവത്യാഗവും. മുസഫര്‍നഗര്‍ മുതല്‍ ബുലന്ദ്ഷഹര്‍വരെയും രോഹിത് വെമൂലമുതല്‍ ഗൗരിലങ്കേഷ് വരെയും ന്യൂനപക്ഷ-ഭൂരിപക്ഷവ്യത്യാസമില്ലാതെ ആയിരങ്ങള്‍ കലാപത്തിനും ജീവഹത്യക്കും ഇരകളായി. സാമ്പത്തികവളര്‍ച്ചാനിരക്ക് കുത്തനെ താഴ്ന്നു. വര്‍ഷം രണ്ടുകോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ മോദിയും കൂട്ടരും മൂന്നുവര്‍ഷം കൊണ്ട് പത്തുലക്ഷത്തോളം പേരെയാണ് വ്യവസായമേഖലയില്‍നിന്ന് മാത്രം വെറുംകയ്യുമായി പറഞ്ഞുവിട്ടത്. കാര്‍ഷിക-ഗ്രാമീണ മേഖല തകര്‍ന്നടിഞ്ഞു. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ആത്മഹത്യയിലഭയം തേടി. പ്രതിവര്‍ഷം മുപ്പതിനായിരം കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്യുന്നത്. ജി.ഡി.പി നിരക്ക് പ്രതീക്ഷിച്ച എട്ടിലെത്തിയില്ലെന്നു മാത്രമല്ല, 5.7 ശതമാനമായി കൂപ്പുകുത്തി. 2016 നവംബര്‍ എട്ടിന് പ്രഖ്യാപിച്ച വലിയ നോട്ടുകളുടെ നിരോധനവും ചരക്കുസേവനനികുതിയും രാജ്യത്തെ സാമ്പത്തികവ്യവസ്ഥിതിയെ കരിമ്പിന്‍തോട്ടത്തില്‍ ആന കയറിയ പരുവത്തിലാക്കി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഇരട്ടിയാക്കിയത് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില മൂന്നിലൊന്നായി താഴ്ന്നപ്പോഴാണ്. തങ്ങള്‍ 2014ല്‍ വാഗ്ദാനം ചെയ്ത വികസനമുദ്രാവാക്യം ഉപേക്ഷിച്ച് പ്രതിമാനിര്‍മാണത്തിന്റെയും രാമക്ഷേത്രത്തിന്റെയും പിന്നാലെ പോയതാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് ബി.ജെ.പിയുടെ രാജ്യസഭാംഗം സഞ്ജയ് കാക്കഡേ ഇന്നലെ പറയുകയുണ്ടായി. ഇത് സത്യത്തില്‍ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ ജനാധിപത്യപാരമ്പര്യത്തെ അട്ടിമറിച്ച് സവര്‍ണരാഷ്ട്രീയത്തിലൂടെ മുസ്‌ലിംകളെയും ദലിതുകളെയും സ്വതന്ത്രചിന്താഗതിക്കാരെയും വിമര്‍ശകരെയും കൊന്നൊടുക്കാന്‍ ഹിന്ദുമതവിശ്വാസാചാരങ്ങളെ പരമാവധി ചൂഷണം ചെയ്യുകയായിരുന്നു ബി.ജെ.പി.
പ്രതിപക്ഷകക്ഷികള്‍ കൂടുതല്‍ കൂടുതല്‍ പരസ്പരം അടുക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കാണാന്‍ കഴിയുന്നത്. വര്‍ഗീയശക്തികളെ നേരിടാന്‍ രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലണിനിരത്തി മുന്നോട്ട് നയിക്കുന്നതിന് ജനസമ്മതിയും ശേഷിയും ഉള്ള പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയെന്നതില്‍ സംശയമില്ല. പക്ഷേ സി.പി.എമ്മിനെ പോലുള്ള മതേതരമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി ഈ സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസിന് എങ്ങനെ വോട്ടുകുറക്കാം എന്ന പരീക്ഷണത്തിലാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഇതിനുമുമ്പ് നടന്ന മറ്റ് നിയമസഭാതിരഞ്ഞെടുപ്പുകളിലുമെല്ലാം സി.പി.എം അതിന്റെ തനിനിറം പുറത്തെടുക്കുകയുണ്ടായി. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്തെറിയണമെന്ന് പറയുന്നവരുടെ പ്രായോഗിക രാഷ്ട്രീയം പരോക്ഷമായി ആ പാര്‍ട്ടിയെ സഹായിക്കുന്ന വിധത്തിലുള്ളതാണ്. ബംഗാളും ത്രിപുരയും കൈയില്‍നിന്ന് പോയിട്ടും അവര്‍ സ്വയംരക്ഷക്കായി പോലും ചരിത്രത്തില്‍നിന്ന് ഒരുപാഠവും പഠിക്കുന്നില്ല. ബി.ജെ.പിയുടെ വിപത്തിനെ നേരിടാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ അഭൂതപൂര്‍വമായ ഐക്യമാണ് കാലം ആവശ്യപ്പെടുന്നത്. അതിലേക്കായിരിക്കട്ടെ നേതാക്കളുടെ കേവലവ്യക്തിഗതനേട്ടങ്ങള്‍ മറന്നുള്ള ചിന്തയും ലക്ഷ്യവും. അല്ലെങ്കില്‍ ഭാവിജനത നമുക്ക് മാപ്പുനല്‍കില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: