‘സമുദായങ്ങളുടെ സമ്മാനം’- ചെങ്ങന്നൂരില്‍ വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ആദ്യ പ്രതികരണമാണിത്. ഇടതുപക്ഷ പ്രതിനിധി തന്റെ വിജയത്തിന്റെ സര്‍വസ്വം സമുദായ സന്നിധാനങ്ങളില്‍ സമര്‍പ്പിക്കുന്നതിന്റെ യുക്തിയേക്കാളും അതു വിതയ്ക്കുന്ന ഭീതി ഗൗരവമായി കാണേണ്ടതാണ്. വര്‍ഗീയ കാര്‍ഡിറക്കിയാണ് ചെങ്ങന്നൂര്‍ സീറ്റ് ഇടതുപക്ഷം നിലനിര്‍ത്തിയത് എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണ്ട. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ യു.ഡി.എഫ് ആശങ്കയോടെ കണ്ട കാര്യമാണ് സജി ചെറിയാന്റെ വിജയത്തിലൂടെ വെളിച്ചത്തു വന്നിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ അയ്യപ്പസേവാ സംഘത്തിലെ അംഗത്വത്തിനെതിരെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു മുഴം മുമ്പെ വര്‍ഗീയതയില്‍ മുക്കിയ അമ്പെയ്തു വിട്ടത് ഇതിനായിരുന്നു. എല്ലാ ജാതി-മത സമുദായങ്ങളും തന്നെ മകനായി കണ്ടെന്നു അല്‍പം കടന്നുപറയാന്‍ സജി ചെറിയാനെ പ്രേരിപ്പിച്ചതിന്റെ പൊരുളും ഇതു തന്നെയാണ്. തങ്ങളെല്ലാത്തവര്‍ എല്ലാ പാര്‍ട്ടികളും സമുദായങ്ങളുടെ തണല്‍ തേടുന്നവരെന്നു തൊണ്ടകീറി സിദ്ധാന്തം പറയുന്ന സി.പി.എം, ഒടുവില്‍ ഒരു ജയത്തിനുവേണ്ടി സമുദായ പ്രീണനത്തിന്റെ ആസനപ്പൂജ നടത്തിയത് അങ്ങേയറ്റം അല്‍പ്പത്തവും അപഹാസ്യവുമായിപ്പോയി. ആര്‍ക്കുമുമ്പിലും തലകുനിക്കില്ലെന്ന ആര്‍ജവം അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിലെ അരമനകളില്‍ നമ്രശിരസ്‌കനായിരുന്ന് നേടിയെടുത്ത നേട്ടത്തിന് മാധുര്യമല്ല, അസഹ്യമായ കൈപ്പാണുള്ളതെന്നു ഇടതു നേതൃത്വം മനസിലാക്കുന്നത് നന്ന്. അയ്യപ്പ സേവാ സംഘം സംഘ്പരിവാറിന്റെ പോഷക സംഘടനയാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒന്നാംതരം വര്‍ഗീയ വാദിയാണെന്നും ആവര്‍ത്തിച്ചുപറഞ്ഞ് ആള്‍ക്കൂട്ടങ്ങളെ വൈകാരികമായി തൊട്ടുണര്‍ത്തിയ ഈ കളി തീക്കളിയാണെന്നു പറയാതിരിക്കാനാവില്ല. നരേന്ദ്ര മോദിയെയും അമിത് ഷായെയും ചാണിനു ചാണായും മുളത്തിനു മുളമായും പിന്തുടരുന്ന പിണറായി വിജയനും ബി.ജെ.പിയുമായി ഭായീ ബന്ധം തുടരുന്ന കോടിയേരിയും ചെങ്ങന്നൂരില്‍ നടത്തിയ ചെപ്പടിവിദ്യ രാഷ്ട്രീയ ചരിത്രം മാപ്പുനല്‍കാത്ത പാതകമായി രേഖപ്പെടുത്തിവെക്കും.
രണ്ടു ഘടകങ്ങളാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തെ വിജയരഥത്തിലേറ്റിയത്. വര്‍ഗീയ കാര്‍ഡിറക്കി കളിച്ചതാണ് അതില്‍ പ്രധാനം. ധനധാരാളിത്തവും അധികാര ദുര്‍വിനിയോഗവുമാണ് മറ്റൊന്ന്. ഇടതു മുന്നണിയുടെയും ബി.ജെ.പിയുടെയും വോട്ടിങ് പാറ്റേണ്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇവ രണ്ടും പ്രതിഫലിച്ചതായി കാണാം. മാന്യമായ വോട്ടുകച്ചവടത്തിലൂടെ ഏഴായിരത്തോളം വോട്ടുകളാണ് ബി.ജെ.പിയില്‍ നിന്ന് ഇടതുപക്ഷം പെട്ടിയിലാക്കിയത്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടാമെന്ന ‘സ്ഥാപിതകാല താത്പര്യമാണ്’ ചെങ്ങന്നൂരിലും സി.പി.എം സംരക്ഷിച്ചത്. ചെങ്ങന്നൂരില്‍ ചരിത്ര വിജയം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ അവകാശവാദം. കേന്ദ്രത്തില്‍ നിന്ന് വി.ഐ.പി നേതാക്കളെ കൊണ്ടുവന്ന് ഹൗസ് കാമ്പയിനുകളും റോഡ് ഷോകളും നടത്തിയ ബി.ജെ.പി അവസാന ലാപ്പിലും വിജയം മണത്തറിഞ്ഞാണ് മത്സരരംഗത്ത് തുടര്‍ന്നത്. മുന്‍ വര്‍ഷങ്ങളിലേറ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് തനിക്കുള്ളതെന്ന് തെരഞ്ഞെടുപ്പിനു തലേ ദിവസം ബി.ജെ.പി സ്ഥാനാര്‍ത്ഥി അവകാശപ്പെട്ടിരുന്നു. ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി എട്ടുനിലയില്‍ പൊട്ടിത്തകര്‍ന്നുവെന്നു മാത്രം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴായിരം വോട്ടിന്റെ കുറവ്. ഈ വോട്ട് എവിടെപ്പോയെന്നു പറയാന്‍ ബി.ജെ.പി നേതൃത്വം തയാറായിട്ടില്ല. 35270 വോട്ടുകളാണ് അഡ്വ. പി.എസ് ശ്രധരന്‍പിള്ളക്ക് കിട്ടിയത്. 2016ലും ശ്രീധരന്‍പിള്ള തന്നെയായിരുന്നു ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. അന്ന് അദ്ദേഹത്തിന് ലഭിച്ചത് 42,682 വോട്ടുകളാണ്. മോദി തരംഗമെന്ന വീരസ്യം പറയുകയും കേന്ദ്ര ഭരണത്തിന്റെ സുഖസൗകര്യങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുകയും ചെയ്ത ബി.ജെ.പിക്ക് എങ്ങനെയാണ് ഇത്രയധികം വോട്ടുകള്‍ കുറഞ്ഞുപോയത്? സംസ്ഥാനത്ത് പാര്‍ട്ടിയുടെ വളര്‍ച്ചാ ഗ്രാഫ് മേലോട്ട് കുതിക്കുകയാണെന്ന് അഭിമാനംകൊള്ളുന്ന ബി.ജെ.പി നേതാക്കള്‍ക്ക് എന്തു മറുപടിയാണ് പറയാനുള്ളത്? കേരളത്തിലെ മതേതര പൊതുബോധത്തിന് ഈ കണക്കിലെ കളികളെ കുറിച്ച് കൃത്യമായ അറിവുണ്ട്.
പട്ടാപ്പകലില്‍ അണികള്‍ കൊണ്ടും കൊടുത്തും സംഘട്ടനത്തിലേര്‍പ്പടുമ്പോള്‍ രാത്രിയുടെ നിശബ്ദതയില്‍ രാഷ്ട്രീയ ലാഭത്തിന്റെ സ്‌നേഹവായ്പുകള്‍ പങ്കുവക്കുകയാണ് കേരളത്തിലെ സി.പി.എം-ബി.ജെ.പി നേതാക്കള്‍. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ബി.ജെ.പിയെ കൂട്ടുപിടിക്കുന്ന പാരമ്പര്യമാണ് സി.പി.എമ്മിന്റേത്. ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ വോട്ട് മറ്റുവഴികളിലൂടെ വന്നുചാടിയത് സജി ചെറിയാന്റെ പെട്ടിയിലാണെന്നര്‍ത്ഥം. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ബി.ജെ.പി വോട്ട് കോണ്‍ഗ്രസിനു ലഭിച്ചു എന്നു പറയുന്നവര്‍ അന്ധന്‍ ആനയെ കണ്ടെന്നു പറയുംപോലെയാണ്. 2016ല്‍ കിട്ടിയതിനേക്കാള്‍ 1450 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികമായി കിട്ടിയത്. ഇതെല്ലാം ബി.ജെ.പിയില്‍ നിന്നു കിട്ടിയതാണെന്നും പറയുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്. എന്നാല്‍ കഴിഞ്ഞ തവണ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് ലഭിച്ച 52,880 വോട്ടുകളേക്കാള്‍ ഇത്തവണ സജി ചെറിയാന്‍ നേടിയ 67,303 വോട്ടുകളുടെ വരവുകള്‍ കൃത്യമായ പരിശോധനക്കു വിധേയമാക്കേണ്ടതാണ്. 14,423 വോട്ടുകള്‍ അധികം ലഭിക്കാന്‍ മാത്രം എന്ത് അര്‍ഹതയാണ് സി.പി.എമ്മിനുള്ളത്. ജനവിധിയെ മാന്യമായി ഉള്‍ക്കൊണ്ടുതന്നെയാണ് ഇത്തരം ന്യായമായ സംശയങ്ങള്‍ ഉയര്‍ത്തുന്നത്. രണ്ടു വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടമായി ഒന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തില്‍ ഇവ്വിഷയം സംശയിക്കുന്നതില്‍ സാംഗത്യക്കേടില്ല. ബി.ജെ.പി ക്യാമ്പിലെ വോട്ടുകളില്‍നിന്ന് ഏഴായിരം ഇടതുപെട്ടിയിലെത്തുമ്പോഴാണ് കണക്കുകള്‍ കൃത്യമായി വരുന്നത്. ഇതു നല്‍കുന്നത് വിഹ്വലതയുടെ സൂചനകളാണ്. ബി.ജെ.പിയില്‍ നിന്ന് വോട്ടുവാങ്ങുകയും ബി.ജെ.പിയെ പോലെ തന്നെ വര്‍ഗീയ കാര്‍ഡിറക്കി കളിക്കുകയും ചെയ്ത സി.പി.എം ചെങ്ങന്നൂരിലേത് ചരിത്ര വിജയമെന്നു പറയുന്നത് എത്രമാത്രം നാണക്കേടാണ്. തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പ് സജി ചെറിയാന്‍ പ്രവചിച്ചത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തും എന്നായിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഗെയിം മറച്ചുവെക്കാന്‍ അവര്‍ നടത്തുന്ന നീക്കങ്ങളില്‍ ഒന്നായി മാത്രമേ പ്രബുദ്ധ ജനത ഇതിനെ ഉള്‍ക്കൊണ്ടിട്ടുള്ളൂ. ഫലം പുറത്തുവന്നതോടെ ഇക്കാര്യം സുതരാം സുവ്യക്തമാവുകയും ചെയ്തു.
സര്‍വതലങ്ങളിലും ജീവിത സുരക്ഷിതത്വം നഷ്ടപ്പെട്ടാണ് സംസ്ഥാനം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. രണ്ടുവര്‍ഷത്തെ പിണറായി സര്‍ക്കാറിന്റെ ഭരണം ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. എന്നിട്ടും ചെങ്ങന്നൂരിലെ വിജയം ഭരണ മികവിനുള്ള അംഗീകാരമെന്ന് അവകാശപ്പെടുകയാണ് പിണറായി വിജയനും ഇടതുനേതൃത്വവും. ഇടതുപക്ഷം കണ്ണടച്ച് ഇരുട്ടാക്കിയാല്‍ കൂര്‍ക്കം വിലിച്ചുറങ്ങുന്നവരല്ല കേരളത്തിലെ ജനത. ചെങ്ങന്നൂരിലെ വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുന്നവര്‍ രണ്ടു വര്‍ഷത്തെ ഭരണം സത്യസന്ധമായി വിലയിരുത്തുകയും ചെങ്ങന്നൂരിലെ അവിശുദ്ധ കൂട്ടുകെട്ടില്‍ നെഞ്ചത്തു കൈവെച്ച് ആത്മപരിശോധന നടത്തുകയുമാണ് വേണ്ടത്.
- 7 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
വര്‍ഗീയപ്പുറമേറിയ വിജയ ഭീതി
Tags: chengannur byelection