കിട്ടിയ അവസരങ്ങളിലെല്ലാം 1975ലെ അടിയന്തിരാവസ്ഥാപ്രഖ്യാപനത്തെ കടുംവാക്കുകളുപയോഗിച്ച് വിമര്‍ശിക്കുന്ന ബി.ജെ.പി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും നിലപാടുകളുടെ മുനയൊടിക്കുകയാണ് ഇപ്പോള്‍ കശ്മീരിലെ നീറുന്ന സ്ഥിതിവിശേഷങ്ങള്‍. ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിനെ സംബന്ധിച്ച പ്രത്യേകപദവി (ഭരണഘടനയിലെ 370 ാം വകുപ്പ്) ഒരുത്തരവിലൂടെ എടുത്തുകളഞ്ഞതിനെ അവിടംകൊണ്ടും നിര്‍ത്താതെ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി രണ്ടായി വിഭജിക്കാനും മേഖലയിലെങ്ങും പൗരാവകാശ ലംഘനങ്ങള്‍ നടത്താനുമുള്ള അവസരമായെടുത്തിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഭരണഘടനയുടെ എഴുപതു കൊല്ലമായുള്ള വകുപ്പ് എടുത്തുകളയുമ്പോള്‍ ആരോടും പ്രത്യേകിച്ച് ആലോചിക്കുകയുണ്ടായില്ല എന്നതിനുപുറമെ പതിനായിരക്കണക്കിന് സൈനിക ഭടന്മാരെ കശ്മീരില്‍ ഇറക്കി പൗരന്മാരുടെ നിത്യജീവിതം തകര്‍ത്തിരിക്കുകയാണിപ്പോള്‍. ബി.ജെ.പിയെയും സംഘ്പരിവാറിന് നേതൃത്വം നല്‍കുന്ന ആര്‍.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളവും ജമ്മുകശ്മീരിന് രാജ്യത്തിന്റെ പൂര്‍വസൂരികള്‍ നല്‍കിയ പ്രത്യേക പദവി തൊണ്ടയില്‍ അടക്കുന്നത് ഹിന്ദുത്വ നയത്തിന്റെ ഭാഗമാണെങ്കിലും, അതിന്റെ പേരില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിനുമേല്‍ 23 ദിവസമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന പൗരാവകാശ നിയന്ത്രണങ്ങളെയും ലംഘനങ്ങളെയും എങ്ങനെയാണ് ന്യായീകരിക്കാന്‍ സംഘ്പരിവാറിനും മോദി സര്‍ക്കാരിനും കഴിയുക.
കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. പാക്കിസ്താനും ചൈനയും അവരവരുടെ നിലപാട് കടുപ്പിച്ചിരിക്കുകയുമാണിപ്പോള്‍. കശ്മീരിലെ വലിയൊരു വിഭാഗം ജനങ്ങള്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തോളമായി കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടത്തിലാണ്. ഇതിന് കാരണം സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാരിന്റെ ശൈലിയാണെന്നത് വസ്തുതകള്‍ സഹിതം ബോധ്യപ്പെട്ടതാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍തന്നെ കശ്മീരിലെ സൈനിക പെല്ലറ്റ് പ്രയോഗത്തിനും യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിയിട്ട് വലിച്ചിഴച്ചതിനുമെതിരെ അതിശക്തമായാണ ്പ്രതികരിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നാഴ്ചയായി വീണ്ടും കശ്മീരി ജനത കൂടുതല്‍ ജീവിത നിയന്ത്രണങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടിരിക്കുന്നു. ടെലഫോണ്‍-മൊബൈല്‍ ബന്ധങ്ങളും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നതിനും പരസ്യമായി സഞ്ചരിക്കുന്നതിനും കൂട്ടംകൂടുന്നതിനുമൊക്കെ കര്‍ശനമായ വിലക്കാണ് പുതിയ കേന്ദ്ര ഭരണ പ്രദേശത്ത് നിലനില്‍ക്കുന്നത്. ജനകീയരായ രാഷ്ട്രീയ നേതാക്കള്‍ക്കു പോയിട്ട് പാര്‍ലമെന്റ് പ്രതിനിധികള്‍ക്കുപോലും പുറത്തിറങ്ങി നടക്കാനാകുന്നില്ല. മുന്‍മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഉമര്‍അബ്ദുല്ല, മെഹബൂബമുഫ്തി തുടങ്ങിയവരെ പുറംലോകം കാണിക്കാതെ അപ്രഖ്യാപിത തടങ്കലില്‍ വെച്ചിരിക്കുന്നു. കര്‍ഫ്യൂമൂലം കുട്ടികള്‍ക്ക് കളിക്കാന്‍ പോലുമാകാത്ത സ്ഥിതി. സ്ഥിതിഗതി നേരിട്ട് മനസ്സിലാക്കാനായി കശ്മീരിലേക്കുപോയ രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചിരിക്കുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുലാംനബി ആസാദും സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ളവരെയാണ് കഴിഞ്ഞദിവസം ഒരു മടിയും കൂടാതെ മോദി സര്‍ക്കാര്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് രായ്ക്കുരാമാനം തിരിച്ചയച്ചത്. സംസ്ഥാന ഗവര്‍ണറുടെ ക്ഷണപ്രകാരം ചെന്നിട്ടായിരുന്നു ഈ ദുസ്ഥിതി. കേന്ദ്ര ഭരണ പ്രദേശം എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഭരിക്കലാണെന്ന് അറിയാമെങ്കിലും കശ്മീരിനെ സംബന്ധിച്ച് ഇത് കാട്ടാള ഭരണമായാണ് അനുഭവവേദ്യമാകുന്നത്. ജീവന്‍ രക്ഷാമരുന്നുകള്‍ വാങ്ങാന്‍ മൈലുകള്‍ക്കപ്പുറത്തെ ഡല്‍ഹിയിലേക്ക് വരേണ്ട അവസ്ഥ. ഇവയൊക്കെ പ്രതിഫലിപ്പിക്കേണ്ട മാധ്യമ പ്രവര്‍ത്തനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഉത്തരവാദപ്പെട്ട പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിന്റെ ബലിഷ്ഠനയങ്ങളെ അനുകൂലിക്കുന്നു. ഇതിനെ അടിയന്തിരാവസ്ഥ എന്നല്ലെങ്കില്‍ പിന്നെന്തായാണ് വിശേഷിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് ബി.ജെ.പിയും മോദി സര്‍ക്കാരും മറുപടിപറയണം.
370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ എത്തിയ നിരവധി പരാതികളില്‍ തീര്‍പ്പുകല്‍പിക്കാന്‍ കോടതി ഒക്ടോബര്‍വരെ സമയം നീട്ടിയെങ്കിലും ഇന്നലെ നയം മാറ്റേണ്ടിവന്നത് അടങ്ങാത്ത പൗര പ്രതിഷേധത്തിന്റെ സൂചനയാണ്. ജനാധിപത്യത്തില്‍ ഭരണകൂടം പരാജയപ്പെടുമ്പോള്‍ ജനത ആശ്വാസത്തിനായി കരംനീട്ടുന്നത് നീതിപീഠത്തെയും മാധ്യമങ്ങളെയുമാണെന്ന വസ്തുതപോലും കശ്മീരിന്റെ കാര്യത്തില്‍ ഇല്ലാതെ പോയത് കഷ്ടമായിപ്പോയി. കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് പ്രസ്‌കൗണ്‍സില്‍ സെക്രട്ടറിക്ക് മാധ്യമവിലക്കിനെതിരെ നിലപാടെടുക്കേണ്ടിവന്നത് ശുഭകരമാണ്. ആദ്യഘട്ടമായി കൂടുതല്‍ സമാധാനപ്രിയരായ നേതാക്കളെ മോചിപ്പിക്കുമെന്ന ഗവര്‍ണറുടെ ഓഫീസിന്റെ പ്രസ്താവവും കോടതി കര്‍ശന നിലപാടിലേക്കു നീങ്ങിയേക്കുമോ എന്ന ഭീതിയിലാണ്.
ഗവര്‍ണര്‍ പദവിയുടെ മഹത്വം ഏറ്റവും നീചമാക്കിയ സംഭവമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ജമ്മുകശ്മീരില്‍ കണ്ടത്. ബി.ജെ.പിയും പി.ഡി.പിയും തമ്മിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടുകയും വൈകാതെ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുമെന്ന് പറയുകയും ചെയ്തവര്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയിരിക്കുന്നത്. ഇതിനെതിരായ സ്വരങ്ങളെയെല്ലാം ഹിന്ദുപണ്ഡിറ്റുകളുടെയും മറ്റും പേരുപറഞ്ഞ് ഭല്‍സിക്കുകയാണ് ബി.ജെ.പി നേതൃത്വവും ആഭ്യന്തരമന്ത്രി അമിത്ഷായും. ബഹുഭൂരിപക്ഷവും മുസ്്‌ലിംകള്‍ അധിവസിക്കുന്ന ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയില്‍ അത്ഭുതം കാണേണ്ടകാര്യമില്ല. അതേസമയം പിണങ്ങിപ്പിരിഞ്ഞ പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്നതും രാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിന് വെച്ച ഉപാധിയുമാണ് പ്രത്യേക പദവിയെന്ന ആനുകൂല്യത്തിന് ജമ്മുകശ്മീരിനെ അര്‍ഹമാക്കിയതെന്നത് എങ്ങനെ മറച്ചാലും മറയാത്ത ചരിത്രവസ്തുതയാണ്. പണ്ഡിറ്റ് നെഹ്‌റുവിനെപോലുള്ള സ്വാതന്ത്ര്യ സമരനായകരെയും രാഷ്ട്രശില്‍പികളെയും ഇതിന് കുറ്റപ്പെടുത്തുന്നവര്‍ അക്കാലത്ത് ഇന്ത്യയുടെ മോചനത്തിനുവേണ്ടി എന്തുചെയ്തുവെന്ന് ഇന്ത്യന്‍ ജനത മറക്കുന്നില്ല. പൂര്‍വപിതാക്കളായ ഗോവള്‍ക്കര്‍മാരുടെ ഏകശിലാസംസ്‌കാരത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് മോദിയും അമിത്ഷായും മോഹന്‍ഭഗവതും ചെയ്യുന്നതെന്നത് ആര്‍ക്കും വ്യക്തമാകും. യു.എ.പി.എ പോലുള്ള കരിനിയമങ്ങളുടെ കാര്‍ക്കശ്യവും പൗരത്വ രജിസ്റ്റര്‍ നിയമവും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങളും മുത്തലാഖ് നിയമവും ഏക സിവില്‍നിയമ വ്യവസ്ഥയുമൊക്കെ ബാബരി മസ്ജിദ് തകര്‍ക്കലുമൊക്കെ ഈ കുടില ലക്ഷ്യത്തിലേക്കുള്ള നാഴികക്കല്ലുകളാണ്. എന്നാല്‍ ഇവയിലൂടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് ഇന്ധനം നല്‍കുകയാണെന്ന് ഇവര്‍ സ്വയം അറിയുന്നേയില്ല.
- 5 years ago
web desk 1
Categories:
Video Stories
കെട്ടിയിടപ്പെട്ട കശ്മീര്‍
Tags: Kashmir
Related Post