X
    Categories: columns

റേറ്റിംഗ് തട്ടിപ്പും കേന്ദ്ര സര്‍ക്കാരും

ജനാധിപത്യത്തില്‍ പാര്‍ലിമെന്റില്‍ ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും കഴിഞ്ഞാല്‍ നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ആശയവിനിമയമാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാല്‍ നിര്‍വഹിക്കപ്പെടുന്നത്. ജനങ്ങള്‍ക്കെന്നപോലെ അധികാരികള്‍ക്കും മാധ്യമങ്ങള്‍ അതുകൊണ്ട്തന്നെ പരസ്പരമുള്ള നിലനില്‍പ്പിനും സ്വച്ഛതക്കും അനിവാര്യമാണ്. ഇവിടെ മാധ്യമങ്ങള്‍ അവയുടെ പങ്ക് യഥാവിധം നിര്‍വഹിക്കാതിരിക്കുമ്പോള്‍ മറ്റ് മൂന്ന് സംവിധാനങ്ങളെപോലെതന്നെ ജീര്‍ണ്ണതക്ക്് പാത്രീഭൂതമാകുന്നു. കഴിഞ്ഞദിവസം ടെലിവിഷന്‍ മാധ്യമമായ റിപ്പബ്ലിക് ടി.വിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ മേല്‍പ്പറഞ്ഞ മാധ്യമ ധര്‍മ്മത്തിന് തീര്‍ത്തും ഉടവ് തട്ടിക്കുന്നു. തങ്ങളുടെ ചാനലിന്റെ റേറ്റിങ് അഥവാ പ്രേക്ഷകസ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ആളുകളെ നിയോഗിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിലെ മാത്രമല്ല ലോകത്തെ മുഴുവന്‍ ദൃശ്യശ്രാവ്യ അച്ചടി മാധ്യമങ്ങളുടെ നേര്‍ക്കുള്ള ഇടിത്തീയാണ് ഈ ആരോപണം. മഹാരാഷ്ട്ര പൊലീസാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയതും റിപ്പബ്ലിക് ടി.വിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രസ്തുത ടി.വി കാണുന്നതിന് പ്രതിമാസം 400 രൂപവെച്ച് തനിക്ക് തന്നതായി ഒരു വനിതയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ് (ടി.ആര്‍.പി) വര്‍ധിപ്പിച്ച് തങ്ങളുടെ പരസ്യവരുമാനം കൂട്ടുകയാണ് തീവ്ര വലതുപക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിപ്പബ്ലിക് ടി.വിയുടെ ഉടമകള്‍ ചെയ്തിരിക്കുന്നത്. മുംബൈ പൊലീസ് പറയുന്നതനുസരിച്ച്് നിരവധി കുടുംബങ്ങള്‍ക്ക് മേല്‍പ്പറഞ്ഞതുപോലെയുള്ള തുക ലഭിച്ചിരുന്നതായി വിവരം പുറത്തുവന്നിരിക്കുന്നു. ഓരോ ദിവസവും നിശ്ചിതസമയം റിപ്പബ്ലിക് ടി.വി കാണണമെന്നും അതിനായി പ്രതിഫലം നല്‍കുമെന്നും കാട്ടി വിശാല്‍വേദ്ഭണ്ഡാരി എന്ന ആളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ടി.ആര്‍.പിയുടെ പേരിലുള്ള ചതിക്കുഴികള്‍ വ്യക്തമായിരിക്കുന്നത്.

നിരവധിപേരെ പൊലീസ് ചോദ്യംചെയ്തിട്ടുണ്ട്. വിശാലാണ് ആളുകള്‍ക്ക്് പണം വിതരണം ചെയ്തതത്രെ. വീട്ടുകാരും വിശാലും തമ്മില്‍ ഫോണ്‍വഴി സന്ദേശങ്ങള്‍ കൈമാറിയത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്്. വീട് പൂട്ടിപ്പോകുമ്പോഴും റിപ്പബ്ലിക് ടി.വി തുറന്നുവെക്കാനാണ് വിശാല്‍ വീട്ടുകാരോട് നിര്‍ദേശിച്ചതെന്ന്് പൊലീസ് പറയുന്നു. 2019 ജനുവരിയിലാണ് തന്നെ വിശാല്‍ സമീപിച്ചതായി ഒരു വനിത പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ദിനേശ് വിശ്വകര്‍മ്മ എന്നയാളും തന്റെ വീട്ടില്‍വന്നതായും ചില വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായും പരാതിക്കാരി പറഞ്ഞു. എന്നാല്‍ താനിപ്പോള്‍ ആ ചാനല്‍ കാണാറില്ലെന്നാണ് വനിത പറഞ്ഞമൊഴി. ദിവസം രണ്ടു മണിക്കൂറെങ്കിലും ഈ ചാനല്‍ തുറന്നുവെച്ചിരുന്നാല്‍ 400 രൂപ പ്രതിമാസം തന്നിരുന്നതായി അവര്‍ പറഞ്ഞു. രാജ്യത്ത് ഓരോ ദൃശ്യമാധ്യമത്തിന്റെയും പ്രേക്ഷക സ്വീകാര്യത അഥവാ റേറ്റിംഗ് നിര്‍ണയിക്കുന്നത് സര്‍ക്കാരിന്റെ കീഴിലെ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച കൗണ്‍സില്‍ (ബാര്‍ക്്) ആണ്. ഹന്‍സാ റിസര്‍ച്ച് എന്ന കമ്പനിയാണ് ബാര്‍കിന്‌വേണ്ടി വീടുകളില്‍ റേറ്റിംഗ് ബോക്‌സുകള്‍ സ്ഥാപിച്ചിരുന്നതെന്ന് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.

റിപ്പബ്ലിക് ചാനലിന് പുറമെ മഹാരാഷ്ട്രയിലെ മറ്റ് രണ്ട് ചാനലുകളിലെ മേധാവികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്്. റിപ്പബ്ലിക് ടി.വിയുടെ പ്രമോട്ടറും മുഖ്യവാര്‍ത്താ അവതാരകനുമായ അര്‍ണബ് ഗോസ്വാമിയെ പൊലീസ് ഉടന്‍ ചോദ്യംചെയ്യുമെന്നാണ് വിവരം. അതേസമയം ആരോപണം പുറത്തുവന്നതോടെ ജനങ്ങളിലും പ്രേക്ഷകരില്‍ പ്രത്യേകിച്ചും ഉണ്ടായ ഞെട്ടലിനെ എങ്ങിനെ മറികടക്കുമെന്ന തന്ത്രം ആലോചിക്കുകയാണ് ഗോസ്വാമിയും കൂട്ടരും. റിപ്പബ്ലിക് ടി.വിയുടെ പിറകില്‍ ബി.ജെ.പിയും അതുള്‍പ്പെടുന്ന വിശാല സംഘ്പരിവാരവുമാണെന്ന് പരക്കെ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. നിഷ്പക്ഷ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളെ ബി.ജെ.പിക്കും തീവ്രഹിന്ദുത്വത്തിനും അനുകൂലമായി ദുര്‍വ്യാഖ്യാനിച്ചും മുസ്്‌ലിംകള്‍ക്കെതിരെയും മറ്റും മലീമസമായ വാര്‍ത്തകള്‍ നല്‍കിയും ചുരുങ്ങിയ കാലംകൊണ്ട് തന്നെ പ്രസിദ്ധിയാര്‍ജിച്ച മാധ്യമമാണ് റിപ്പബ്ലിക് ടി.വി.

ആരോപണത്തിന്പിന്നില്‍ ഇന്ത്യാടുഡേ ആണെന്നാണ് അര്‍ണബിന്റെ മറു ആരോപണം. ഇന്ത്യാടുഡേ ഹന്‍സാ റിസര്‍ച്ചുമായി ചേര്‍ന്ന് തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം കെട്ടിച്ചമക്കുകയാണെന്നാണ് അര്‍ണബ് പറയുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ശിവസേന സര്‍ക്കാരാണ് തങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി നീങ്ങുന്നതെന്ന് അര്‍ണബ് കുറ്റപ്പെടുത്തുന്നു. അതേസമയം ഇന്ത്യാടുഡേക്കെതിരെയുള്ള ആരോപണം പൊലീസ് നിഷേധിക്കുകയാണ്. ഇത്തരത്തില്‍ ഇന്ത്യാടുഡേക്കെതിരെ സാക്ഷികളാരും മൊഴിനല്‍കിയിട്ടില്ലെന്നാണ് മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗ്് വെളിപ്പെടുത്തിയിരിക്കുന്നത്.

റിപ്പബ്ലിക് ടി.വിയുടെ വാര്‍ത്താ അവതരണം എന്നും വിവാദവിധേയമാണ്. അന്തിചര്‍ച്ചകളില്‍ ഒരു സമുദായത്തെയും ദലിതുകളെയും വാക്കാല്‍ അതിരൂക്ഷമായി ആക്രമിക്കുകയും അതിന് മിഥ്യാധാരണകള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കുകയാണ് ഈ മാധ്യമത്തിന്റെ പരിപാടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ വ്യക്തിപരമായും അധിക്ഷേപം ചൊരിഞ്ഞതിന് ഏതാനും മാസംമുമ്പാണ് അര്‍ണബ്‌ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഇതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അര്‍ണബിന്റെയും റിപ്പബ്ലിക് ടി.വിയുടെയും ഗോഡ്ഫാദര്‍മാര്‍ രാജ്യത്തിന്റെ അധികാര ഉത്തുംഗങ്ങളില്‍ വിരാജിക്കുന്നവരാണ്. ഇവരുടെ പിന്തുണ എന്നും നിര്‍ലോഭം ലഭിച്ചുവരുന്നുണ്ട്. മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തങ്ങളുടെ സങ്കുചിതമായ ഇംഗിതങ്ങള്‍ക്ക്് അവരെ ദുരുപയോഗിക്കുകയും തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കപ്പെടുമാറ് ജനധാരണകളെ വഴിത്തിരിച്ചുവിടുകയുമാണ് ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവലതുപക്ഷ മാധ്യമങ്ങളുടെ ദൗത്യം.

ഇതിനായി കോര്‍പറേറ്റുകളും ബി.ജെ.പിയുടെതന്നെ സംഘടനാനേതൃത്വവും കാര്യമായി ഫണ്ട് ചെയ്യാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എന്നിട്ടും സര്‍ക്കാരിന്റെയും മറ്റും വരുമാനം പിടിച്ചുപറ്റുന്നതിനായാണ് ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമം കാണിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തില്‍ മുമ്പും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇത്രയും വ്യാപകമായി നടക്കുന്ന തട്ടിപ്പ് പുറത്തുവരുന്നത് മുംബൈയില്‍ ഇതാദ്യമാണ്. അതും കേന്ദ്ര സര്‍ക്കാരിനെ പിന്തുണക്കുന്ന ഒരു മാധ്യമം എന്ന നിലക്ക് ഏറെ ഞെട്ടിപ്പിക്കുന്നതും ചിന്തോദ്ദീപകവുമാണ്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ പരസ്യങ്ങളുടെ തുക പ്രസ്തുത ചാനലുകളില്‍ നിന്ന് തിരിച്ചുപിടിക്കുകയും വേണം. പാവപ്പെട്ട ജനങ്ങളുടെ നികുതിപണമാണ് ഏതാനും തട്ടിപ്പുകാരുടെയും കൃത്രിമ പ്രതിച്ഛായ നിര്‍മാതാക്കളുടെയും കീശകളിലേക്ക് വ്യാജ റേറ്റിംഗ് വഴി ഒഴുകിയിരിക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയും പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഉന്നതരും ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കണം.

 

Test User: