X

സ്വേച്ഛാധിപത്യം പാര്‍ലമെന്റിലും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യ നിലപാടുകളിലും കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ ബില്ലുകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനാല്‍ തുടര്‍ച്ചയായി ആറു ദിവസം ലോക്‌സഭാ നടപടികള്‍ സ്തംഭിച്ചിരിക്കുകയാണ്. മാര്‍ച്ച് അഞ്ചിന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതു മുതല്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയും വിവാദ വിഷയങ്ങളില്‍ കൂടിയാലോചനകള്‍ നടത്താതെയുമാണ് ഭരണപക്ഷം മുന്നോട്ടുപോകുന്നത്. സഭക്കകത്തെ ആള്‍ബലത്തിന്റെ ഹുങ്കില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ കുത്തകകള്‍ക്കും മാഫിയകള്‍ക്കും രാജ്യം തീറെഴുതിക്കൊടുക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ഒന്നു ശബ്ദിക്കുവാന്‍ പോലുമുള്ള അവകാശം നല്‍കാതെ പ്രതിപക്ഷത്തെ അടിച്ചിരുത്തുന്ന സ്പീക്കര്‍ ‘കള്ളനു കഞ്ഞിവച്ചു കൊടുക്കുന്ന’ അടിമപ്പണിയാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ സക്രിയമാക്കുന്ന സംവാദങ്ങള്‍ കൊണ്ടു സമ്പന്നമായ പാരമ്പര്യമുള്ള ഇന്ത്യന്‍ പാര്‍ലമെന്റ് നാളിതുവരെ കാണാത്ത പുതിയ പ്രവണതകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പ് കോര്‍പ്പറേറ്റുകളോടുള്ള വാക്ക് പാലിക്കുന്നതിന്റെ വ്യഗ്രതയാണ് പ്രതിപക്ഷത്തോടുള്ള വിമുഖതയായി പ്രതിഫലിക്കുന്നതെന്ന് വ്യക്തം. എന്നാല്‍ സഭയുടെ അന്തസിനു മേല്‍ അസഹിഷ്ണുതയുടെ ആക്രോശങ്ങളുതിര്‍ക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ കരുത്താര്‍ജിക്കേണ്ട സമയവും സന്ദര്‍ഭവുമാണിത്. പ്രതിഷേധങ്ങളുടെ അകക്കാമ്പ് അറിയാനുള്ള സന്മസ് കാണിക്കാത്ത കാലത്തോളം സര്‍ക്കാറിനോട് സംയമനപ്പെടാതിരിക്കുക തന്നെ കരണീയം. സഭാ സമ്മേളനം തടസപ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഖജനാവിനുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തേക്കാളേറെ ഭരണപക്ഷത്തിനു തന്നെയാണ്. ഇതു തിരിച്ചറിയാനുള്ള വിവേകമാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഭരണകര്‍ത്താക്കള്‍ പ്രകടിപ്പിക്കേണ്ടത്. ഇതില്ലാത്തതിന്റെ വികാരമാണ് ഇന്നലെയും പാര്‍ലമെന്റില്‍ പ്രതിഫലിച്ചതെന്ന് സുതരാം സുവ്യക്തമാണ്.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്, ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണന, തെലുങ്കാനയില്‍ സംവരണ ശതമാനം വര്‍ധന, കാവേരി ജലവിതരണം തുടങ്ങിയ വിഷയങ്ങളിലാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ലോക്‌സഭ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല പ്രതിഷേധവുമായി രംഗത്തുള്ളത്. എന്‍.ഡി.എ ഘടകകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടിയും അവകാശപ്പോരാട്ടത്തിനായി അടര്‍ക്കളത്തിലുണ്ട്. ഇന്നലെ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളോടൊപ്പം തെലുങ്കു ദേശം പാര്‍ട്ടിയെ കണ്ടത് ഭരണകൂടത്തോടുള്ള കേവല രാഷ്ട്രീയ വിയോജിപ്പിന്റെ അടിസ്ഥാനത്തിലല്ല. ഒരു ജനതയുടെ വാക്കുകള്‍ക്കു മുമ്പില്‍ രാജ്യം കണ്ണും കാതും അടച്ചുപിടിക്കുമ്പോഴുള്ള രോദനമാണ് പ്രതിഷേധാഗ്നിയായി ഉയര്‍ന്നുപൊങ്ങിയത്. പണമിടപാട് കേസുകളുമായി ബന്ധപ്പെട്ട് രാജ്യം വിട്ടു പോയവര്‍ക്കെതിരായ ബില്ല് പ്രത്യക്ഷത്തില്‍ ഫലപ്രദമെന്ന് തോന്നുമെങ്കിലും വ്യക്തികളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ അനന്തരമായി ഉണ്ടാകുമോ എന്ന ആശങ്ക ദുരീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നതുവരെ ഇത്തരം കേസിലകപ്പെട്ടവരെ ഏതുവിധത്തില്‍ കണക്കാക്കുമെന്ന ചോദ്യത്തിന് ബില്ല് കൃത്യമായ മറുപടി നല്‍കുന്നില്ല. വിജയ് മല്യയ്ക്കും നീരവ് മോദിക്കും കോടികള്‍ കീശയിലാക്കി രാജ്യം വിടാനുള്ള അവസരമൊരുക്കിയ കേന്ദ്ര സര്‍ക്കാറിന് പുതിയ ബില്ലിന്റെ കാര്യത്തിലുള്ള ആത്മാര്‍ത്ഥത ന്യായമായും സംശയിക്കപ്പെടും. ഇങ്ങനെ രാജ്യം വിടുന്നവരെ കുറ്റക്കാരായി കണക്കാക്കരുതെന്ന ജെ.ഡി.യുവിന്റെ വാദത്തോട് പൂര്‍ണമായി യോജിക്കാനാവില്ലെങ്കിലും ബില്ലിന്മേലുള്ള ആശങ്ക പരിഹരിക്കാന്‍ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തേണ്ടതായിരുന്നു. ബില്ലവതരണങ്ങളിലൂടെയും ഭേദഗതികളിലൂടെയും രാജ്യത്തിന്റെ പൊതുവായ ഗുണത്തേക്കാളുപരി സ്വന്തം പാര്‍ട്ടിയുടെ താത്പര്യങ്ങളും അജണ്ടകളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഇത്തരം നീചമായ രാഷ്ട്രീയക്കളികള്‍ക്ക് പാര്‍ലമെന്റ് വേദിയായതാണ്. ഇരു സഭകളിലും ഐകകണ്‌ഠ്യേന പാസാകില്ലെന്ന് ബോധ്യപ്പെട്ട പല ബില്ലുകളും പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നത് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ കണ്ടു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച ദിവസം തന്നെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു. ഇതിന്റെ അനുരണനങ്ങള്‍ പിന്നീടുള്ള പത്തു ദിവസവും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി എന്നതല്ലാതെ പരിഹാര മാര്‍ഗങ്ങളൊന്നുമുണ്ടായില്ല. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു നീരവ് മോദി കോടികള്‍ തട്ടിയെടുത്ത വിഷയമാണ് പ്രതിപക്ഷം പ്രധാനമായും ആരോപിച്ചത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സുതാര്യമായ നടപടികള്‍ സഭയെ തെര്യപ്പെടുത്താന്‍ പോലും ഭരണപക്ഷത്തിനായില്ല. നീരവ് മോദിയുടെ ഒരു രോമത്തിനു പോലും കേടുകൂടാതെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന തോന്നലുളവാക്കുന്ന ‘ഒളിച്ചുകളി’യാണ് സര്‍ക്കാറില്‍ നിന്ന് തെളിഞ്ഞുകണ്ടത്. ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതില്‍ നിന്നു തന്നെ ഇത് വ്യക്തമായിരുന്നു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ടും കാവേരി നദീ പ്രശ്‌നമുന്നയിച്ചും ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണത്തിനും പ്രതിപക്ഷം കത്തിജ്വലിപ്പിച്ച പ്രതിഷേധങ്ങളെ ഇനിയും കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാറിനാകില്ല. പൊതുജനങ്ങളുടെ ഉള്ളിന്റെയുള്ളില്‍ നിന്നുയരുന്ന ഈ രോഷാഗ്നിയെ അത്ര വേഗം ഊതിക്കെടുത്താമെന്നത് വ്യാമോഹം മാത്രമാണ്. മാര്‍ച്ച് 31നു മുമ്പ് ഇരു സഭകളും ബജറ്റ് പാസാക്കിയാല്‍ മാത്രമേ ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് സക്രിയമായ വികസനങ്ങള്‍ സാധ്യമാകുകയുള്ളൂ. അതല്ല, പൊള്ളയായ വാഗ്ദാനങ്ങള്‍ കൊണ്ട് സ്വപ്‌നലോകം പണിയാന്‍ തന്നെയാണ് ഇനിയും സര്‍ക്കാര്‍ ഭാവമെങ്കില്‍ ഉദ്ദിഷ്ട കാര്യം നടക്കട്ടെ. പ്രതിപക്ഷ പ്രതിഷേധം കൊടുമ്പിരി കൊള്ളട്ടെ.

chandrika: