ഇത്തവണത്തെ പത്താംതരം, ഹയര്‍സെക്കണ്ടറി വാര്‍ഷികപൊതു പരീക്ഷകളുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടും സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്. വിദ്യാര്‍ത്ഥി ജീവിതത്തിലെ രണ്ട് സുപ്രധാന അധ്യായങ്ങളാണ് എസ്.എസ്.എല്‍.സിയും അതുകഴിഞ്ഞുള്ള ഹയര്‍സെക്കണ്ടറിയും എന്നിരിക്കെ അതില്‍തന്നെ ഉണ്ടായ ക്രമവിരുദ്ധത ചോദ്യം ചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്. ഇതുസംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ വന്നത് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതിനു ശേഷമാണ്. പത്താം തരത്തിലെ മലയാളം, ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷത്തിലെ കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് സിലബസുമായി ബന്ധമില്ലാത്തതും കടുകട്ടിയായതുമായ ചോദ്യങ്ങള്‍കൊണ്ട് വിവാദവിധേയമായത്. പരീക്ഷകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ ഇനിയും ഉണര്‍ന്നിട്ടില്ലെന്നതിന്റെ തെളിവാണ് തിങ്കളാഴ്ചയും ഹയര്‍സെക്കണ്ടറിയുടെ ധനതത്വശാസ്ത്രം പരീക്ഷാചോദ്യപേപ്പറിലുണ്ടായ ആവര്‍ത്തിച്ചുള്ള പിഴവ്. മുന്‍കാലങ്ങളിലും സമാനമായ പിഴവുകള്‍ അപൂര്‍വമായെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിലും ഒരേപരീക്ഷയില്‍ ആവര്‍ത്തിച്ച് നിരവധി തവണ സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങള്‍ വരുന്നത് ഇതാദ്യമാണ്. ഇതില്‍ സാധാരണ പ്രതിഷേധവുമായി രംഗത്തുവരാറുള്ളവരെയൊന്നും ഇത്തവണ കാണാനേയില്ല എന്നത് ഏറെ കൗതുകകരമായിരിക്കുന്നു.
വിദ്യാഭ്യാസം ശിക്ഷണമാണ്. അത് കുട്ടിയുടെ വിജ്ഞാനത്തെ പരിപോഷിപ്പിക്കുന്നതിനും, പരീക്ഷകളാകട്ടെ ഇവ പരിശോധിക്കുന്നതിനുമാണ്. എന്നാല്‍ പരീക്ഷകളില്‍ അതുവരെ അവര്‍ പഠിച്ചതോ സിലബസില്‍ പറഞ്ഞിരുന്നതോ അല്ലാത്ത ചോദ്യങ്ങള്‍ കുത്തിത്തിരുകിക്കയറ്റുന്നത് കുട്ടികളെ വിജ്ഞാനത്തെ ഉദ്ദീപിപ്പിക്കുന്നതിന് പകരം അവരെ മാനസികമായി തളര്‍ത്താനേ ഉതകൂ. നിര്‍ഭാഗ്യവശാല്‍ വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്നയാള്‍ തന്നെ വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിട്ടും കുട്ടികളുടെ ചോദ്യപേപ്പറുകള്‍ അവരെ ശിക്ഷിക്കുന്നതിനുള്ള ഉപാധിയായി എന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. ഇതിനുമാത്രം പത്താം തരത്തിലെയും ഹയര്‍സെക്കണ്ടറിയിലെയും കുരുന്നുകളോട്്, നമ്മുടെ ഭാവിവിധാതാക്കളോട് എന്തു ശത്രുതയാണ് സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമുള്ളത്.
എസ്.എസ്.എല്‍.സിയുടെയും ഹയര്‍സെക്കണ്ടറിയുടെയും ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത് അതീവ രഹസ്യമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തിലെ (എസ്.ഇ.ആര്‍.ടി) വിദഗ്ധരാണ്. പ്രത്യേക ബോര്‍ഡിനാണ് ചോദ്യപേപ്പര്‍ തയ്യറാക്കുന്നതിനുള്ള ചുമതല. ഇതില്‍ നാല് അധ്യാപകരും ഒരു ചെയര്‍മാനുമാണുണ്ടാവുക. ഇവര്‍ പരസ്പരം അറിയിക്കാതെ തയ്യാറാക്കി കവറിലാക്കി നല്‍കുന്ന ചോദ്യങ്ങളാണ് ചെയര്‍മാന്‍ തെരഞ്ഞെടുത്ത ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറുക. ഈ അധ്യാപകരുടെ രാഷ്ട്രീയചായ്‌വ് പലപ്പോഴും സംശയാസ്പദവുമാണ്. പത്താം തരത്തിലെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് ഹയര്‍സെക്കണ്ടറിയിലുള്ളവരും ഹയര്‍സെക്കണ്ടറിയിലേത് കോളജ്, സര്‍വകലാശാലാ തലത്തിലുള്ളവരുമായ അധ്യാപകരുമാണ്. ഇതുതന്നെ വിരോധാഭാസമാണ്. കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ചോ ജ്ഞാനശേഷിയെക്കുറിച്ചോ പരിജ്ഞാനമില്ലാത്ത ഇത്തരം അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അവര്‍ക്ക് കീറാമുട്ടിയാകുന്നതില്‍ അല്‍ഭുതമില്ല. രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനാണ് ഇങ്ങനെ മറ്റുള്ളവരെ ചോദ്യച്ചുമതല ഏല്‍പിക്കുന്നതെന്നതാണ് ന്യായം. എന്നാല്‍ ഈ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അമിതമായ പാണ്ഡിത്യ പ്രകടനം കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണ്. അതിനുപുറമെ ഇത്തരം അധ്യാപകരുടെ ബന്ധപ്പെട്ട വിഷയത്തിലെ വിജ്ഞാനം പരിശോധിക്കപ്പെടാതെയും പോകുന്നു. കടുപ്പമുള്ള ചോദ്യങ്ങള്‍ ഇരുപതു ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന ചട്ടമിരിക്കെയാണ് ചില അധ്യാപകര്‍ സ്വയം മേനിനടിക്കാനായി കൂടുതല്‍ ചോദ്യങ്ങള്‍ കടുപ്പിക്കുന്നതും സിലബസില്‍ നിന്ന് തന്നെ തിരുകിക്കയറ്റുന്നതും. ക്ലാസുകളില്‍ അതത് വിഷയങ്ങളെക്കുറിച്ച് പഠിപ്പിച്ച് പരിചയസമ്പത്തുള്ളവരെ ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ അനുവദിക്കുന്നതിലെന്താണ് തെറ്റ്. ഇവരുടെ വിവരം രഹസ്യമായി സൂക്ഷിക്കാന്‍ സംവിധാനമുണ്ടാക്കുകയല്ലേ വേണ്ടത്. കലാമേളകളിലും മറ്റും പരീക്ഷിക്കുന്ന രീതിതന്നെയാണ് ഇവിടെയും വേണ്ടത്. പക്ഷേ ഇവരെ സൂക്ഷ്മമായി നിരീക്ഷണ വിധേയമാക്കണമെന്നുമാത്രം. കണക്കു പരീക്ഷയില്‍ സമവാക്യം തന്നെ തെറ്റിച്ച് ചോദ്യം തയ്യാറാക്കിയതിനുകാരണം സാമാന്യബോധം പോലും ചോദ്യകര്‍ത്താവിനില്ലാത്തതുകൊണ്ടല്ലേ.
നാലു ചോദ്യകര്‍ത്താക്കളും പരീക്ഷാബോര്‍ഡ് ചെയര്‍മാനും തമ്മില്‍ സംസാരിച്ച് ചോദ്യങ്ങള്‍ തയ്യാറാക്കുന്ന രീതിയില്‍ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് കണ്ടെത്തി പരിഹരിക്കുന്നതിനുപകരം വേരില്‍ വളം വെക്കുന്ന രീതി നിര്‍ത്തുകയാണ് വേണ്ടത്. കുട്ടികളെ ഗവേഷണ ശാലകളിലെ ഗിനിപ്പന്നികളായി കാണുന്ന ചോദ്യകര്‍തൃരീതി എന്തുകൊണ്ടും മാറിയേ പറ്റൂ. ചോദ്യകര്‍ത്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ കൊടിയുടെ നിറം നോക്കാതെ ആളെ നിശ്ചയിക്കാന്‍ എന്തിനും ഏതിനും രാഷ്ട്രീയം കലര്‍ത്തുന്ന ഇടതുപക്ഷ രീതി മാറിയേ തീരൂ. ഒപ്പം മറ്റുള്ളവരുടെ ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുകയും കുട്ടികളുടെ വിഷമത്തെ തന്റെ കാര്യശേഷിയായി അഭിരമിക്കുകയും ചെയ്യുന്ന ചില അധ്യാപകരുടെയെങ്കിലും തെറ്റായ മനോഭാവം മാറിയേ തീരു. ഇത്തരക്കാരെ കൂട്ടിനു പുറത്തിരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. സര്‍വീസിലുള്ള അധ്യാപകരാണെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുകയും കരിമ്പട്ടികയില്‍പെടുത്തുകയും വേണം. അല്ലാതെ വിദ്യ എന്ന ഭിക്ഷ അര്‍ഥിച്ചെത്തുന്ന പാവം കുരുന്നുകളുടെ നേര്‍ക്ക് ചോദ്യങ്ങള്‍ വെടിയുണ്ടകളോ ശരങ്ങളോ ആക്കുന്ന രീതിയല്ല വിദ്യാഭ്യാസ രംഗത്ത് അവലംബിക്കേണ്ടത്. ഇത്തവണത്തെ ചോദ്യപേപ്പറുകളുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അര്‍ഹതപ്പെട്ട മാര്‍ക്ക് ദാനമായി നല്‍കുകയും ചോദ്യകര്‍ത്താക്കളെ കണ്ടെത്തി നടപടിയെടുക്കുകയും വേണം. കുട്ടികള്‍ പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ എല്ലാം മോശമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നതും വിദ്യാഭ്യാസത്തോടുള്ള അവരുടെ വിശ്വാസം ഹനിക്കപ്പെടാനും ഇടയാകരുത്.
കമ്പ്യൂട്ടര്‍ തകരാറിന് മാര്‍ക്കുദാനമെന്നും മറ്റും മുദ്ര ചാര്‍ത്തിയും യു.ഡി.എഫിന്റെ വിദ്യാഭ്യാസ വകുപ്പിനെതിരെ നാഴികക്ക് നാല്‍പതുവട്ടം ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചും രാഷ്ട്രീയനേട്ടത്തിന് തക്കം നോക്കിയിരുന്നവര്‍ തങ്ങളുടെ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന നിലയില്‍ ഇപ്പോഴത്തെ ഗുരുതരമായ പ്രശ്‌നത്തെ സമീപിക്കുന്നത് കാണുമ്പോള്‍ അവരോട് സഹതാപം മാത്രമാണ് തോന്നുന്നത്.
- 8 years ago
chandrika
Categories:
Video Stories