എന്‍.എസ്.എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്നും മാടമ്പിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന ഇറക്കിയിരിക്കുകയാണ്. സി.പി.എമ്മുമായുള്ള ചര്‍ച്ചക്കുള്ള ക്ഷണം എന്‍.എസ്.എസ് നിരസിച്ചതിനെ തുടര്‍ന്നുള്ള ജാള്യത മറച്ചുവെക്കാനാണ് സാംസ്‌കാരിക കേരളത്തിന് പരിചയമില്ലാത്ത രീതിയില്‍ ഒരു സാമുദായിക സംഘടനയെ ഇകഴ്ത്തിക്കാട്ടാനും ചെളിവാരിത്തേക്കാനും കൊടിയേരി ബാലകൃഷ്ണന്‍ തയ്യാറായിരിക്കുന്നത്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവര്‍ക്കുനേരെ എന്തു വൃത്തിക്കെട്ട സമീപനവും സ്വീകരിക്കാമെന്ന സി.പി.എം ധാര്‍ഷ്ട്യമാണ് ഇതിന് പിന്നില്‍ പ്രകടമാകുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസത്തിനെതിരെ ആയിരം നാക്കില്‍ സംസാരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരം സമീപനങ്ങളിലൂടെ ഫാസിസത്തിന്റെ കേരളപ്പതിപ്പായി മാറിയിരിക്കുകയാണ്.
അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനാപരമായി അവകാശത്തെയാണ് ഇത്തരം പ്രസ്താവനകളിലൂടെ സി.പി.എം ചോദ്യംചെയ്യുന്നത്. ഭരണകൂടങ്ങളുടെ നയസമീപനങ്ങളെ വിമര്‍ശിക്കാനുള്ള അവകാശം രാജ്യത്തെ ഏതൊരു പൗരനും ഏതൊരു പ്രസ്ഥാനത്തിനും നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. അത് ഭരണാധികാരികളുടെ ഇഛകള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ആവാം. എന്നാല്‍ തങ്ങളുടെ നയസമീപനത്തെ വിമര്‍ശിക്കാന്‍ ഒരാളും തയ്യാറാവരുതെന്നും അങ്ങനെയുണ്ടായാല്‍ കനത്ത വില അവര്‍ നല്‍കേണ്ടി വരുമെന്നുമുള്ള സന്ദേശവുമാണ് ഇത്തരം പ്രവൃത്തി കളിലൂടെ സി.പി.എം സംസ്ഥാനത്തിന് നല്‍കുന്നത്. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടാണ് സി.പി.എം നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ കൊലവിളിയുമായി രംഗത്തെത്തിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം വിശ്വാസികളെ മുഖവിലക്കെടുക്കുന്ന രീതിയിലുള്ളതല്ല എന്നതായിരുന്ന ഒരു സാമുദായിക സംഘടനയെന്ന രീതിയില്‍ എന്‍.എസ്.എസിന്റെ നിലപാട്. ഒരു ഹൈന്ദവ സമുദായ സംഘടനയെന്ന നിലയില്‍ ഈ വിഷയത്തില്‍ സ്വാഭാവികമായും അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട ഒരു നിലപാട് മാത്രമാണത്.
എന്നാല്‍ എന്‍.എസ്.എസ് തീരുമാനം തിരുത്തണമെന്നും അവര്‍ സര്‍ക്കാറിന്റെ നിലപാടിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു സി.പി.എമ്മിന്റെ ശാഠ്യം. സമ്മര്‍ദ്ദതന്ത്രമെന്ന നിലയില്‍ ഒരു വേള ആര്‍.എസ്.എസ് ബന്ധം വരെ അവര്‍ ഉപയോഗിച്ചു. എന്നാല്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നിലൊന്നും മുട്ടുമടക്കാന്‍ തയ്യാറാവാതെ എന്‍.എസ്.എസ് നിലപാടുകളില്‍ ആര്‍ജ്ജവത്തോടെ നിലയുറപ്പിക്കുകയും ചെയ്തതോടെയാണ് സി.പി.എം നേതൃത്വം പ്രകോപിതരായതും എന്‍.എസ്.എസിനെതിരെ കടന്നാക്രമണത്തിന് മുതിര്‍ന്നതും.
സാമുദായിക സംഘടനളോടുള്ള സമീപനത്തില്‍ സി.പി.എം സ്വീകരിക്കുന്ന നിലപാടാണ് സുകുമാരന്‍ നായരുമായുള്ള കൊടിയേരി ബലകൃഷ്ണന്റെ ഏറ്റുമുട്ടല്‍ വഴിപുറത്തുവരുന്നത്. സാമുദായിക സംഘടനകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ അവ പുരോഗമന പ്രസ്ഥാനങ്ങളായി മാറുകയും തങ്ങളുടെ നിലപാടുകളുമായി വിയോജിക്കുമ്പോള്‍ അവരെ വര്‍ഗീയ പിന്തിരിപ്പന്‍ മൂരാച്ചികളായി മാറ്റുകയും ചെയ്യുന്നു. കേരളപ്പിറവി മുതല്‍ സമകാലിക സാഹചര്യം വരെ ഈ ഇരട്ടത്താപ്പ് സാംസ്‌കാരിക കേരളത്തിന് നിരവധി തവണ ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പിയോടുള്ള അവരുടെ സമീപനം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കൃത്യമായ അജണ്ടയോടെ ബി.ജെ.പിയുമായി അടുപ്പം കാത്തുസൂക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ കുറെ കാലങ്ങളായി എസ്.എന്‍.ഡി.പി സ്വീകരിച്ചുപോന്നിരുന്നത്. വെള്ളാപ്പള്ളിയുടെ മകന്‍ തന്നെ പ്രസിഡന്റായി ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കുകയും അവര്‍ എന്‍.ഡി.എയുടെ ഭാഗമാവുകയും ചെയ്തു. ഇതോടെ അതിശക്തമായ വിമര്‍ശനങ്ങളാണ് എസ്.എന്‍.ഡി.പിക്കും വെള്ളാപ്പള്ളി നടേശനും നേരെ സി.പി.എം സ്വീകരിച്ചത്. എന്നാല്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അഛന്‍ ഇടതുപക്ഷത്തിനും മകന്‍ എന്‍.ഡി.എക്കുമൊപ്പം നിന്ന് ഒരു സുപ്രഭാതത്തില്‍ മലക്കം മറിച്ചില്‍ നടത്തിയതോടെ വെള്ളാപ്പള്ളിയെ യാതൊരു മടിയും കൂടാതെ മഹത്വവല്‍ക്കരിക്കുന്നതാണ് കേരളത്തിന് കാണാന്‍ കഴിഞ്ഞത്. അത്രയും കാലം വര്‍ഗീയ വാദിയായി മുദ്രകുത്തപ്പെട്ട വെള്ളാപ്പള്ളി സി.പി.എം അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ട് മാത്രം നവോത്ഥാന നായകനായി മാറുകയും സര്‍ക്കാറിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായി മാറുകയുമായിരുന്നു.
ഇതേപോലെയുള്ള സമീപനം തന്നെയാണ് മറ്റെല്ലാ സംഘടനകളോടും സി.പി.എം അനുവര്‍ത്തിച്ച് പോരുന്നത്. മതനിരപേക്ഷതയെ കുറിച്ചും മതസൗഹാര്‍ദത്തെക്കുറിച്ചുമെല്ലാം വലിയ വായില്‍ സംസാരിക്കുന്ന അവര്‍ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി കല്ലു കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുളള് മുരട് മൂര്‍ഖന്‍ പാമ്പിനെ വരെ കൂട്ടുപിടിക്കുന്നു. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത ഏതു സംഘടനയുടെ മേലും വര്‍ഗീയതയുടെയും യാഥാസ്ഥികതയുടെയുമെല്ലാം മൂടുപടം പുതക്കാന്‍ ഒരു മടിയും കാണിക്കാത്ത അവര്‍ക്ക് തങ്ങള്‍ക്കനുകൂലമായ സമീപനം സ്വീകരിക്കുന്ന ഏതു വര്‍ഗീയ ശക്തികളെയും അവരുടെ പ്രവൃത്തിയോ പാരമ്പര്യമോ നോക്കാതെ വാരിപ്പുണരാന്‍ തയ്യാറാവുകയും ചെയ്യുന്നു. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരേ മാലയില്‍ കോര്‍ത്തിണക്കി അധികാരത്തിലേക്കുള്ള വഴി തുറന്ന പാരമ്പര്യം സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല.
വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞടുപ്പിലും ഇത സമീപനം തന്നെയായിരിക്കും അവരുടെ ഭാഗത്തു നിന്നുണ്ടാവുക എന്നകാര്യത്തില്‍ സംശയമില്ല. മുട്ടനാടുകളെ തമ്മില്‍ തല്ലിച്ച് അവയുടെ ചോര ഊറ്റിക്കുടിക്കുന്ന പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ റോളാണ് അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും ഇനി നിര്‍വഹിക്കാനിരിക്കുന്നതും. നാട്ടില്‍ എല്ലാ വിഭാഗം ജനങ്ങളും ഇടതു ഭരണത്തിന്റെ കെടുതികള്‍ അനുഭവിച്ച് സര്‍ക്കാറിന് ഒരു ഷോക്ക്ട്രീറ്റ്‌മെന്റ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങലെ സമീപിക്കാന്‍ അവരുടെ കൈയ്യില്‍ വികസനമോ രാഷ്ട്രീയമോ ഇല്ല. ആകെയുള്ളത് നിരപരാധികളായ ചെറുപ്പക്കാരുടെ രക്തംപുരണ്ട കൈകളും അവരുടെ അമ്മമാരുടെ കണ്ണീരില്‍ കുതിര്‍ന്ന ശാപവാക്കുകളുമാണ്. സ്വാഭാവികമായും കഴിഞ്ഞ കാലങ്ങളിലേതു പോലെ തന്നെ എന്‍.എസ്.എസിനെ ചീത്ത പറഞ്ഞ് എസ്.എന്‍.ഡി.പിയെയും മുസ്‌ലിം ക്രിസ്ത്യന്‍ അടക്കമുള്ള മറ്റു സമുദായങ്ങളിലെ വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നവരെ പരസ്പരം പോരടിപ്പിച്ചും അതിലൂടെ നേട്ടം കൊയ്യാനുള്ള ശ്രമമായിരിക്കും ഇനിയുള്ള നാളുകളില്‍ കാണുക. ടി.പി ചന്ദ്രശേഖരനെ അന്‍പത്തിയൊന്ന് വെട്ടുവെട്ടി വധിച്ചിട്ടും അരിയില്‍ ഷുക്കൂര്‍ എന്ന എം.എസ്.എഫ് നേതാവിനെ പാര്‍ട്ടി കോടതി വഴി വിചാരണ നടത്തി അരുംകൊല ചെയ്തിട്ടും നേതാക്കള്‍ ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള അഴിമതികളില്‍ മുങ്ങിക്കുളിച്ചിട്ടും പാര്‍ട്ടി നേതൃത്വം തന്‍പ്രമാണിത്തവും ധിക്കാരവും വഴി ജനങ്ങളെ വെല്ലു വിളിച്ചിട്ടും സി.പി.എം നേതൃത്വം കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ഇത്തരം ധ്രുവീകരണങ്ങള്‍ മാത്രമാണ്. ഈ കുത്സിത ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ഇനിയും നമുക്ക് വൈകിക്കൂടാ എന്ന സന്ദേശമാണ് പുതിയ സംഭവങ്ങള്‍ നല്‍കുന്നത്.
- 6 years ago
chandrika
Categories:
Video Stories
അവസാനിക്കാതെ സി.പി.എം ധാര്‍ഷ്ട്യം
Related Post