മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിക്കൂട്ടിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) 12 മണിക്കൂറാണ് ചോദ്യംചെയ്തത്. വരുംദിവസങ്ങളില്‍ ചോദ്യംചെയ്യല്‍ തുടരുമെന്നും വൈകാതെ അറസ്റ്റുണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. സിനിമക്കാരും രാഷ്ട്രീയക്കാരും സ്വര്‍ണക്കടത്തുകാരും മയക്കുമരുന്ന് മാഫിയയും ഉള്‍പ്പെട്ട വന്‍ റാക്കറ്റിന്റെ കണ്ണികള്‍ നീങ്ങുന്നത് ഭരണകക്ഷിയായ സി.പി.എമ്മിലേക്കാണ്. സ്വഭാവികമായും പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുന്നു. ബിനീഷ് കോടിയേരിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ വ്യക്തിപരമാാണെന്നും ചൂണ്ടിക്കാട്ടി തടിയെടുക്കാന്‍ സി.പി.എം വിഫല ശ്രമം നടത്തുന്നുണ്ട്.
ബിനീഷിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയത്. രക്ഷപ്പെടാനുള്ള പഴുതകളെല്ലാം അടഞ്ഞിരിക്കെ കുടുങ്ങുമെന്ന് പാര്‍ട്ടിക്കും ബിനീഷിനും ഉറപ്പുണ്ട്. അപകടം മനസ്സിലാക്കിയ സി. പി.എം നേതാക്കളിപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍നിന്നും മുങ്ങിയിരിക്കുന്നു. ബിനീഷിന്റേത് പാര്‍ട്ടി കാര്യമല്ലെന്നാണ് ചര്‍ച്ചക്ക് വിളിക്കുമ്പോള്‍ അവരുടെ ന്യായം. ചോദ്യങ്ങള്‍ക്കുമുന്നില്‍ വിയര്‍ക്കേണ്ടിവരുമെന്നതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍പെടാതെ പാര്‍ട്ടി നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കുന്നത്. പക്ഷെ, സി. പി.എം നേതാക്കള്‍ അങ്ങനെയങ്ങ് പോയാല്‍ പറ്റില്ല. നാട്ടുകാരോടും അണികളോടും ചില ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടതുണ്ട്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും കമ്യൂണിസ്റ്റ് ന്യായങ്ങളും എഴുന്നള്ളിച്ച് പഴയപോലെ അണികളെ വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മക്കളുടെ ക്രിമിനല്‍ കേസുകളെക്കുറിച്ച്് ചോദിക്കുമ്പോള്‍ ഹതഭാഗ്യനായ പിതാവിനെപ്പോലെ കൈമലര്‍ത്തുകയാണ് കോടിയേരി ബാലകൃഷ്ണന്‍. മക്കളുടെ ചെയ്തികള്‍ക്ക് മാതാപിതാക്കള്‍ എങ്ങനെ ഉത്തരവാദികളാകുമെന്ന മറുചോദ്യമാണ് അദ്ദേഹത്തിനുള്ളത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ മക്കള്‍ക്കെതിരെയുള്ള പല കേസുകളും പിന്‍വലിച്ചത് എന്തിനാണെന്ന് വ്യക്തമാക്കിയാല്‍ അദ്ദേഹത്തിന്റെ നിസ്സഹായത മനസ്സിലാക്കാം. പകരം അദ്ദേഹം അവരെ ചിറകിലൊതുക്കുകയാണ്.
കോടിയേരിയുടെ മക്കള്‍ പാര്‍ട്ടിക്ക് തലവേദനയാണെന്നത് സത്യമാണ്. നേതാക്കള്‍ ഇടപെട്ട് അവരെ സംരക്ഷിക്കുന്നുണ്ടെന്നതും വാസ്തവം. ബിനോയ് കോടിയേരിയുടെ ലൈംഗിക പീഡന വിവാദം സി.പി.എം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മകന് ഈ വിഷയത്തില്‍ സഹായം ചെയ്തില്ലെന്ന നിലപാടാണ് അന്ന് കോടിയേരി സംസ്ഥാന സമിതിയില്‍ സ്വീകരിച്ചത്. പാര്‍ട്ടിയില്‍ തന്റെ നില ഭദ്രമാക്കുന്നതിനുവേണ്ടിയുള്ള ന്യായീകരണങ്ങളാണ് സംസ്ഥാന സമിതിയില്‍ നിരത്തിയത്. ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ വാചകമടിച്ച് മായ്ക്കാനാവില്ല. മയക്കുമരുന്നും രാജ്യരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തുമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സത്യമല്ല പറയുന്നതെന്ന് ചോദ്യംചെയ്യലില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍നിന്ന് വ്യക്തമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാത്രി 10 മണി വരെ നീണ്ട ചോദ്യംചെയ്യലിന് ശേഷം പുറത്തുവന്ന ബീനീഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ പറഞ്ഞതിലും ഒന്നര മണിക്കൂര്‍ നേരത്തെയാണ് അദ്ദേഹം ഇ.ഡി ഓഫീസിലെത്തിയത്. തട്ടിപ്പുകള്‍ പലതും മൂടിവെക്കാനുള്ളതുകൊണ്ടാണ് ഇത്തരം ഒളിച്ചോട്ടങ്ങള്‍.
സംസ്ഥാന സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ ചര്‍ച്ച വരും. നേതൃതലത്തില്‍ മൂടിവെക്കുന്ന സത്യങ്ങള്‍ സാധാരണ പ്രവര്‍ത്തകരില്‍നിന്ന് മറച്ചുപിടിക്കാന്‍ പാര്‍ട്ടി പ്രയാസപ്പെടും. ബിനോയിയും ബിനീഷും ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ട ഘട്ടങ്ങളിലെല്ലാം സഹായിച്ചത് സി.പി.എം തന്നെയാണ്. ദുബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസ് തന്നെ ഉദാഹരണം. അതില്‍നിന്ന് ബിനോയ് കോടിയേരിയെ രക്ഷപ്പെടുത്തിയത് പാര്‍ട്ടിയുടെ ഉന്നത ഇടപെടലാണ്. ദുബൈയിലെ ജാസ് ടൂറിസം എല്‍.എല്‍.സി കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണമുന്നയിച്ചത്. 10 കോടിയിലേറെ രൂപ വെട്ടിച്ചുവെന്നായിരുന്നു പരാതി. ആ കേസ് പിന്നീട് ഒതുക്കിത്തീര്‍ക്കുകയാണുണ്ടായത്. അതിന്‌ശേഷം ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ ലൈംഗികാരോപണവും സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമാണ് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ യുവതി പരാതിപ്പെട്ടത്. ബിനീഷിനെതിരെ ഉയര്‍ന്നിരിക്കുന്നത് അതിനെക്കാള്‍ ഭീകരമായ ആരോപണങ്ങളാണ്.
ബംഗളൂരുവില്‍ അറസ്റ്റിലായ ലഹരിക്കടത്ത് സംഘാംഗങ്ങളുടെ ഉറ്റ സഹായി ബിനീഷാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ അദ്ദേഹം സമ്മതിച്ചിരുന്നു. നിഷേധിക്കാനാവാത്ത സത്യമാണ് അതെന്നതുകൊണ്ടും അനൂപ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ ബിനീഷിന്റെ പേര് പ്രത്യേകം എടുത്തുപറഞ്ഞതുകൊണ്ടും നിഷേധിക്കുക എളുപ്പമായിരുന്നില്ല. മയക്കുമരുന്ന് ഇടപാടിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ തുടങ്ങാന്‍ അനൂപിന് പണം നല്‍കിയത് ബിനീഷാണെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് സംഘം താവളമുറപ്പിച്ചിരുന്ന ബംഗളൂരുവിലെ റോയല്‍ സ്യൂട്ട് അപാര്‍ട്മന്റില്‍ ബിനീഷ് നിത്യസന്ദര്‍ശകനായിരുന്നു. ബംഗളൂരുവില്‍ ഹോട്ടല്‍ മുറിയെടുത്ത് സഹായിച്ചിരുന്നത് അനൂപമാണെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടം ഉറപ്പിച്ചിരുന്ന ബംഗളൂരുവിലെ ഹയാത്ത് ഹോട്ടലിന് ബിനീഷാണ് പണം മുടക്കിയതെന്ന് അനൂപ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഘവുമായി അദ്ദേഹത്തിനുള്ള സൗഹൃദങ്ങളും ചുരുളഴിഞ്ഞു. ഒളിവിലായിരുന്ന സ്വപ്‌ന സുരേഷ് പിടിയിലായ ദിവസം ബംഗളൂരുവില്‍ ലഹരിക്കടത്തിന് സൗകര്യമെരാക്കുന്ന ഹോട്ടല്‍ നടത്തുന്ന അനൂപിനെ ബിനീഷ് കോടിയേരി വിളിച്ചത് 26 തവണയാണ്. അനൂപിന്റെ ഫോണ്‍ ലിസ്റ്റില്‍ സ്വര്‍ണ്ണക്കടത്ത് കേസിലുള്‍പ്പെട്ട നിരവധി ആളുകളുടെ പേരുണ്ട്.
മക്കളിലൂടെ പാര്‍ട്ടി പ്രതിരോധത്തിലായിട്ടും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. ഭരണസ്വാധീനം ഉപയോഗിച്ച് മക്കളെ രക്ഷപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കില്ലെന്നതിന് എന്ത് തെളിവാണുള്ളത്? പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചു പോലും സംശയമുയരുന്ന രൂപത്തിലേക്ക് വിവാദങ്ങള്‍ വളരുകയാണ്. എന്നിരിക്കെ, ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സി.പി.എമ്മിന് ഒളിച്ചോടാനാവില്ല.