ട്രാക്ക് തെറ്റി ഓടുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. മോദി സര്‍ക്കാരിന് സ്തംബ്ധാവസ്ഥയില്‍ നോക്കിനില്‍ക്കാനല്ലാതെ ഇടപെടല്‍ നടത്താനുള്ള ശേഷി തന്നെ നശിച്ചിരിക്കുന്നു. കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടമെന്ന് മോദി സര്‍ക്കാരിന്‌നേരെ ഉയരുന്ന വിമര്‍ശനം ശരിവെക്കുന്നതാണ് സാമ്പത്തിക മേഖലയിലെ വര്‍ത്തമാനം. സമ്പദ് വ്യവസ്ഥയെ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് വിട്ടുനല്‍കി, അവരുടെ ഔദാര്യങ്ങള്‍ക്ക്‌വേണ്ടി കാത്തുനില്‍ക്കുന്ന അവസ്ഥ രാജ്യത്തെ സംബന്ധിച്ച് ശുഭസൂചകമല്ല. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ഗുണകാംക്ഷികള്‍ പൂര്‍ണമായും കോര്‍പറേറ്റുകളാണ്. രണ്ട് ലക്ഷം കോടിയെങ്കിലും ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ കോര്‍പറേറ്റുകളുടെ കൈകളിലെത്തും. രാജ്യത്തെ സമ്പത്ത് ഊറ്റിയെടുത്ത് സമ്പന്നര്‍ക്ക് വെച്ചുനീട്ടുകയാണ് സര്‍ക്കാര്‍.
ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കിട്ടാക്കടവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. 416 പേരുടെ 1.76 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയിരിക്കുകയാണ്. ബാങ്കുകളും സര്‍ക്കാരും പൂഴ്ത്തിവെച്ച കണക്കുകള്‍ വിവരാവകാശ പ്രകാരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 416 പേരുടെയും 100 കോടിയില്‍പരം രൂപ വരുന്ന കടങ്ങളാണ് എഴുതിത്തള്ളിയത്. വെറും മൂന്ന് വര്‍ഷത്തിനിടെയാണ് ഇത്ര വലിയ തുക കോര്‍പറേറ്റുകള്‍ക്ക് ദാനമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ നിരര്‍ത്ഥകമാണെന്ന് വെളിവാക്കപ്പെട്ടതാണെങ്കിലും കളംവിട്ട കളി ഇതേ രീതിയില്‍ തുടരുമെന്ന്് ആരും പ്രതീക്ഷിച്ചിരുന്നില്ല. 2015 മുതല്‍ 2018 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളിലാണ് പൊതു-സ്വകാര്യ മേഖലകളിലെ വാണിജ്യ ബാങ്കുകള്‍ മൊത്തം 2.76 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിതള്ളിയിരിക്കുന്നത്. ഇതിലൂടെ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള ബാധ്യത സര്‍ക്കാരിനാണ്. റിസര്‍വ് ബാങ്കിന്റെ മൂലധന ശേഖരത്തില്‍ നിനിന്നും സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം കൈക്കലാക്കിയ തുക ബാങ്കുകള്‍ക്കാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഉത്തേജക പാക്കേജിന്റെ മറവില്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന 70000 കോടി കിട്ടാക്കടം എഴുതി തള്ളിയതിന്റെ ഭാഗമായുള്ള നഷ്ടപരിഹാരമാണ്. 2.15 ലക്ഷം കോടിയാണ് ഈയിനത്തില്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. വിവരാവകാശ പ്രകാരം ലഭിച്ച പുതിയ കണക്കുകള്‍ പ്രകാരം നഷ്ടപരിഹാര തുക ഇനിയും കൂടും.
കിട്ടാക്കടം എഴുതി തള്ളല്‍ സമ്പദ് വ്യവസ്ഥയില്‍ ഏല്‍പിക്കുന്ന ആഘാതം അനുഭവിച്ചുകൊണ്ടിരിക്കെയാണ് കോര്‍പറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ നിര്‍ബാധം തുടരുന്നത്. ഉപഭോക്താക്കളെ പിഴയുടെ പേരില്‍ പിഴിയുന്ന എസ്.ബി.ഐയാണ് ഈ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തുക കിട്ടക്കടമായി എഴുതിതള്ളിയത്. 76,600 കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത.് 2013ന് ശേഷമുള്ള ബാങ്കുകളുടെ കണക്കുകള്‍ പ്രകാരവും ഏറ്റവും കൂടുതല്‍ കടങ്ങള്‍ എഴുതിത്തള്ളിയിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2013ല്‍ മാത്രം 5,594 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ച ബാങ്ക് 2015 ആയപ്പോഴേക്കും 21,313 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം കിട്ടാക്കടമായി എഴുതി തള്ളിയത്. പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കും കിട്ടാക്കടം എഴുതി തള്ളുന്നതില്‍ മുന്‍പന്തിയില്‍ തന്നെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം പഞ്ചാബ് നാഷണല്‍ ബാങ്ക് 94 പേരുടെ 27,042 കോടി രൂപയാണ് എഴുതി തള്ളിയത്. നീരവ് മോദി തട്ടിച്ചെടത്ത കോടികള്‍ വേറെ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും 500 കോടിയിലേറെ രൂപയുടെ നാല് വീതം കടങ്ങള്‍ എഴുതിത്തള്ളി. ശരാശരി 287 കോടിയുടെ സാമ്പത്തിക നേട്ടമാണ് 94 പേര്‍ക്കും ലഭിച്ചത്.
സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കടം എഴുതിത്തള്ളിയത് ഐ.ഡി.ബി.ഐയാണ്-26,219 കോടി രൂപ. നൂറു കോടിയില്‍പരം വരുന്ന 71 കടങ്ങളാണ് ബാങ്ക് വേണ്ടെന്ന് വെച്ചത്. 2004-12 കാലഘട്ടത്തില്‍ വെറും നാല് ശതമാനം മാത്രമായിരുന്നു കിട്ടാക്കടങ്ങളുടെ വളര്‍ച്ചയെങ്കില്‍ 2013-15 ആയപ്പോള്‍ അത് 60 ശതമാനത്തോളം വളര്‍ന്നു. റിസര്‍വ് ബാങ്കിന്റെ രേഖകള്‍ പ്രകാരം 2004ന് ശേഷം നാല് പ്രാവശ്യം മാത്രമാണ് കിട്ടാക്കടങ്ങളുടെ കണക്കില്‍ കുറവ് വന്നിട്ടുള്ളത്. എന്നാല്‍ പുതിയ കണക്കുകള്‍ റിസര്‍വ് ബാങ്കിനെ പോലും ഞെട്ടിക്കുന്നതാണ്. മൂന്ന് വര്‍ഷത്തിനിടെ 2.76 ലക്ഷം കോടിയുടെ കടം എഴുതിത്തള്ളിയതോടെ കിട്ടാക്കടങ്ങളുടെ വളര്‍ച്ചാനിരക്ക് 200 ശതമാനമെങ്കിലും രേഖപ്പെടുത്തിയേക്കും. കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്ന് കോര്‍പറേറ്റുകള്‍ക്ക് നിര്‍ബാധം ലാഭം കൊയ്യാനുള്ള വഴികളാണ് ബാങ്കുകള്‍ ഒരുക്കി നല്‍കുന്നത്. കോര്‍പറേറ്റുകള്‍ക്ക് ലാഭം കൊയ്യാന്‍ രാജ്യത്തിന്റെ പണം വളഞ്ഞ വഴിയിലൂടെ കൈമാറുന്ന ചെപ്പടിവിദ്യയായി കടമെഴുതി തള്ളല്‍ മാറിയിരിക്കുന്നു.
പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 2015 മുതല്‍ 18 വരെ പിഴയുടെ പേരില്‍ ഉപഭോക്താക്കളില്‍നിന്നും ബാങ്കുകള്‍ കൊള്ളയടിച്ചത് 10,000 കോടി രൂപയാണ്. പുതിയ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിച്ചാണ് പിഴയുടെ പേരില്‍ ഉപഭോക്താക്കളെ ബാങ്കുകള്‍ പിഴിഞ്ഞത്. കോര്‍പറേറ്റുകളുടെ 2.17 കോടി രൂപയുടെ കടം എഴുതി തള്ളിയ കാലയളവിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പാവങ്ങളില്‍നിന്ന് ഇവര്‍ 10,000 കോടി പിഴയായി പിഴിഞ്ഞെടുത്തത്. കോര്‍പറേറ്റുകളുടെ ശതകോടികളുടെ കടമെഴുതി തള്ളി പാപ്പരാകുന്ന ബാങ്കുകള്‍ ദരിദ്ര നാരായണന്മാരുടെ കഞ്ഞിക്കലത്തില്‍ കയ്യിട്ട് നിത്യച്ചെലവിന് പണം കണ്ടെത്തുന്ന ദയനീയ കാഴ്ച അതിദയനീയമാണ്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്നതിന്റെ പേരിലും പരിധി കടന്ന് എ.ടി.എം കൗണ്ടര്‍ വഴി പണം പിന്‍വലിച്ചതും ഉള്‍പ്പെടെയുള്ള ‘വലിയ തെറ്റുകള്‍’ക്കാണ് സാധാരണക്കാരെ ബാങ്കുകള്‍ ശിക്ഷിച്ചത്. വാങ്ങിയ കടം തിരിച്ചുനല്‍കാത്ത കോര്‍പറേറ്റുകള്‍ക്ക് ദാനമായി കോടികള്‍ നല്‍കുമ്പോള്‍ ഇത് ആരുടെ കടമാണ് എന്ന കാര്യം പോലും ബാങ്കുകള്‍ പുറത്തുവിടുന്നില്ല. ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് കോര്‍പറേറ്റുകള്‍ക്കായുള്ള വഴിവിട്ട സഹായം. രാജ്യത്തെ ജനകോടികളുടെ അധ്വാനഫലം വളഞ്ഞ വഴിയിലൂടെ കോര്‍പറേറ്റുകള്‍ കയ്യടക്കുമ്പോള്‍ സാമ്പത്തിക തകര്‍ച്ചയുടെ ആഘാതത്തില്‍ തകര്‍ന്നുവീഴുന്ന ഇന്ത്യന്‍ ജീവിതങ്ങളെ സര്‍ക്കാര്‍ കാണാതെ പോകരുത്.
- 5 years ago
web desk 1
Categories:
Video Stories
കടമെഴുതിത്തള്ളി പാപ്പരാകുന്ന ബാങ്കുകള്‍
Tags: editorial
Related Post