X

വിഷപ്പുക നിറയുന്ന ഡല്‍ഹി

വായുമലിനീകരണം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകടന്നതിന്റെ അടയാളമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടുത്ത പുകമഞ്ഞ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതോടെ, സ്‌കൂളുകള്‍ അടച്ചിടാനും ആളുകളെ പുറത്തിറങ്ങുന്നതില്‍നിന്ന് നിരുത്സാഹപ്പെടുത്താനുമെല്ലാം ഡല്‍ഹി ഭരണകൂടം നിര്‍ബന്ധിതമായിരിക്കുകയാണ്. രാജ്യത്തെ മറ്റ് പല നഗരങ്ങളിലേയും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയുടേത് മാത്രമായി ഈ പ്രശ്‌നത്തെ ചുരുക്കിക്കാണാനാവില്ല.
ആഗോളതാപനം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമായ ഹൈഡ്രോഫ്‌ളൂറോകാര്‍ബണി(എച്ച്.എഫ്.സി)ന്റെ അളവ് നിയന്ത്രിക്കാന്‍ 197 ലോക രാഷ്ട്രങ്ങള്‍ ധാരണയില്‍ എത്തിയത് ഇക്കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തോടെയാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ റുവാണ്ടന്‍ നഗരമായ കിഗലിയില്‍ ചേര്‍ന്ന ഉച്ചകോടിയിലായിരുന്നു ധാരണ. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ക്യോട്ടോ, പാരീസ് ഉടമ്പടികളുടെ തുടര്‍ച്ചയായി ഉണ്ടാക്കിയ ധാരണയില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ചില രാഷ്ട്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയത് കരാറിന്റെ സാധ്യതകളെ ഇല്ലാതാക്കുമെന്ന വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. എങ്കിലും വിദൂര ഭാവി മുന്നില്‍ കണ്ട് പ്രത്യാശാപരമായ ചുവടുവെപ്പിന് ലോകരാഷ്ട്രങ്ങള്‍ തയ്യാറായി എന്നതിനെ ഗൗരവമായിത്തന്നെ കാണണം.
അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ പ്രതിവര്‍ഷം 15 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. മരണഹേതുവാകുന്ന വിഷയങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അന്തരീക്ഷ മലിനീകരണം. ആസ്മ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനും ഇത് കാരണമാകുന്നു. 2.2 ദശലക്ഷം കുട്ടികളിലെങ്കിലും അന്തരീക്ഷ മലിനീകരണം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ ആസുഖങ്ങളാണ് ഏറെയും. ഓട്ടിസം പോലുള്ള അവസ്ഥക്കും ഇത് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.
കാര്‍ബണ്‍ ഡൈയോക്‌സൈഡ്, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍, സള്‍ഫര്‍ ഡൈയോക്‌സൈഡ് എന്നിവയാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പ്രധാന വിഷവാതകങ്ങള്‍. കാര്‍ബണ്‍ ഡൈയോക്‌സൈഡാണ് ഇതില്‍ ഏറ്റവും കൂടുതലായി അന്തരീക്ഷത്തില്‍ എത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളെ ഇപ്പോള്‍ വരിഞ്ഞുമുറുക്കുന്ന പുകമഞ്ഞിന്റെ പ്രധാന ഹേതുവും കാര്‍ബണ്‍ ആണ്. വാഹനങ്ങളുടെ ആധിക്യം, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ പുറംതള്ളുന്ന പുക എന്നിവയെല്ലാമാണ് ഇതില്‍ പ്രധാന ഘടകം. വ്യാവസായിക ഉത്പാദനത്തെയും ജനങ്ങളുടെ ജീവിതോപാധികളെയും നേരിട്ട് ബാധിക്കും എന്നതിനാല്‍ ഇവയെ നിയന്ത്രിക്കുക എന്നത് വെല്ലുവിളിയേറിയ ദൗത്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിന് എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അഞ്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം താല്‍ക്കാലിക നടപടികള്‍ മാത്രമാണ്.
അന്തരീക്ഷ മലിനീകരണം കൂടാന്‍ കാരണമായി ഡല്‍ഹി ഭരണകൂടം കുറ്റപ്പെടുത്തുന്നത് വ്യാവസായികോത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അയല്‍ സംസ്ഥാനങ്ങളെയാണ്. മധ്യപ്രദേശിലെ ഗ്വാളിയോറും ഛത്തീസ്ഗഡിലെ റായ്പൂരുമെല്ലാം ഡബ്ല്യു.എച്ച്.ഒ തയ്യാറാക്കിയ പട്ടിക പ്രകാരം അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങളുമാണ്. എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന്റെ ഈ വാദം സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായേ കാണാനാവൂ. ദീപാവലി ആഘോഷത്തിന്റെ തൊട്ടടുത്ത ദിവസം മുതലാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുത്തനെ ഉയര്‍ന്നത്. ദീപങ്ങളുടെ ആഘോഷത്തിന് മിഴിവേകാന്‍ കരിമരുന്ന് പ്രയോഗം വ്യാപകമായപ്പോള്‍ വലിയ തോതില്‍ വിഷവാതകം അന്തരീക്ഷത്തിലേക്ക് പമ്പ് ചെയ്യപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. ശൈത്യകാലം പ്രാരംഭഘട്ടത്തില്‍ എത്തിയതും വായുസഞ്ചാരം കുറവായതും കാരണം അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ വിഷപ്പുക അന്തരീക്ഷത്തില്‍തന്നെ തങ്ങിനില്‍ക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വാഹനങ്ങളുടെ ആധിക്യവും അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ ഒറ്റ ഇരട്ട ഗതാഗത പരിഷ്‌കാരത്തിലൂടെ ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തല്‍. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബീജിങ് നഗരത്തില്‍ നടപ്പാക്കിയതിനു സമാനമായ ഗതാഗത പരിഷ്‌കാരമായിരുന്നു ഡല്‍ഹി സര്‍ക്കാറും ആവിഷ്‌കരിച്ചത്. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു ഘട്ടങ്ങളിലായി ചുരുങ്ങിയ ദിവസങ്ങളിലേക്ക് മാത്രമാണ് പദ്ധതി നടപ്പാക്കിയത്. അതുതന്നെ പ്രായോഗിക തലത്തില്‍ നേരിടാന്‍ ഇടയുള്ള വിമര്‍ശനങ്ങള്‍ ഇല്ലാതാക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ നല്‍കിക്കൊണ്ടായിരുന്നു. അത്തരം കണ്‍കെട്ടു വിദ്യകള്‍ കൊണ്ട് മറികടക്കാവുന്നതല്ല അന്തരീക്ഷ മലിനീകരണം പോലുള്ള ഗൗരവമായ പ്രശ്‌നങ്ങള്‍ എന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ഇപ്പോഴത്തെ ഡല്‍ഹിയുടെ അവസ്ഥ. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ദീര്‍ഘദൃഷ്ടിയോടെയുള്ള കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. മെട്രോ, മോണോ റെയില്‍ സര്‍വീസുകള്‍ പോലെ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. പശ്ചാത്യരാജ്യങ്ങള്‍ മാതൃകയാക്കിയിട്ടുള്ള സൈക്കിള്‍ സവാരി സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാത്ത ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

chandrika: