കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും യാത്രാസൗകര്യം നിര്‍വഹിക്കുന്ന കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ ഇടതു പക്ഷ സര്‍ക്കാറിന്റെ നിരന്തര അവഗണനയില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പറേഷനില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് യഥാസമയം പെന്‍ഷന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ അക്ഷന്തവ്യമായ അനാസ്ഥയാണ് തുടരുന്നത്. പെന്‍ഷന്‍ യഥാസമയം ലഭിക്കാത്തതിനെത്തുടര്‍ന്ന് ചികിത്സക്കും മറ്റും ബുദ്ധിമുട്ടിലായ മുന്‍ ജീവനക്കാര്‍ അവസാനം ആത്മഹത്യയില്‍ അഭയം തേടുകയാണ്. സംസ്ഥാനത്ത് ഇന്നലെ ഇത്തരത്തില്‍ രണ്ട് ആത്മഹത്യകളാണ് നടന്നത്. ഇതോടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സംസ്ഥാനത്ത് ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത ജീവനക്കാരുടെ എണ്ണം 15 ആയി എന്നത് കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷം പോലും പൂര്‍ത്തിയാക്കുന്നതിനുമുമ്പാണ് ഇത്രയുംപേര്‍ സ്വയം ജീവനൊടുക്കിയതെന്ന് ഓര്‍ക്കണം.
തിരുവനന്തപുരം നേമം സ്വദേശി കരുണാകരന്‍ നാടാര്‍, തലശ്ശേരി സ്വദേശി നടേശ് ബാബു എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ടാം തിയതി വിഷം കഴിച്ച കരുണാകരന്‍ കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടായിരുന്നു നടേശ്ബാബു. ബത്തേരിയിലെ ഒരു ലോഡ്ജില്‍നിന്ന് ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ നടേശ്ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി കാണാനില്ലായിരുന്നു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സമരത്തില്‍ പങ്കെടുക്കാനാണ് നടേശ് ബാബു വീട്ടില്‍നിന്നു പോയത്.
ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന്റെ ഫലമായാണ് വിരമിച്ച ജീവനക്കാര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടി വന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ഗൗരവമര്‍ഹിക്കുന്നതാണ്. ദിവസങ്ങള്‍ക്കുള്ളില്‍ കെ.എസ്.ആര്‍. ടി.സി പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും അദ്ദേഹം പറഞ്ഞു. ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പലതവണ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാതെ അത് സഹകരണ ബാങ്കുകളുടെ തലയില്‍ വെച്ച് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് ആത്മഹത്യക്ക് കാരണമായതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കെ. കരുണാകരന്‍ സര്‍ക്കാറാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നടപ്പാക്കിയത്. തുല്യജോലിക്ക് തുല്യ നീതി അഥവാ വേതനം (പെന്‍ഷന്‍) നടപ്പാക്കുകയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍. 1965 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ കയറിയ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇല്ലായിരുന്നു. അവര്‍ക്കുകൂടി പെന്‍ഷന്‍ അനുവദിച്ചു. കെ.എസ്.ആര്‍ പാര്‍ട്ട് മൂന്ന് പ്രകാരമാണ് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുന്നത്. അതേ റൂള്‍ പ്രകാരമാണ് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്കും പെന്‍ഷന്‍ അനുവദിച്ചത്. എന്നാലിപ്പോള്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ സ്വന്തം ജീവന്‍ തന്നെ വെടിയേണ്ട അവസ്ഥയിലെത്തിച്ചിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. ജീവിത സായാഹ്നത്തില്‍ മരുന്നുകള്‍ ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആകെയുള്ള വരുമാനമാര്‍ഗമാണ് പെന്‍ഷന്‍. ജീവിതത്തിന്റെ നല്ല കാലത്ത് രാവും പകലുമില്ലാതെ ഭക്ഷണവും ഉറക്കവും സമയത്തിനു ലഭിക്കാതെ പണിയെടുത്ത് ജോലിയില്‍ നിന്ന് വിരമിച്ച അവശ വിഭാഗത്തെയാണ് സര്‍ക്കാര്‍ നിരന്തരം തഴയുന്നത്. കേരളത്തിലെ 118 പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവശ്യസര്‍വീസായുള്ള അഞ്ചെണ്ണത്തില്‍പെടുന്നതാണ് കെ.എസ്.ആര്‍.ടി.സി (നിരത്ത് ഗതാഗതം). മറ്റു പൊതുമേഖലാ സ്ഥാനപനങ്ങളിലൊന്നും ശമ്പളത്തിനും പെന്‍ഷനും ഇത്ര ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. അവരെ സഹായിക്കാന്‍ സര്‍ക്കാറും സന്നദ്ധമാണ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കണമെങ്കില്‍ ഡിപ്പോ ഉള്‍പ്പെടെയുള്ള ജംഗമ വസ്തുക്കള്‍ പണയംവെക്കേണ്ട അവസ്ഥയാണ്. അറുപതോളം ഡിപ്പോകള്‍ ഇപ്പോള്‍തന്നെ പണയത്തിലാണ്.
2006-2011 ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ തുടങ്ങിയതാണ് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രശ്‌നം. അതുവരെ മാസത്തിലാദ്യത്തെ പ്രവൃത്തി ദിവസം പെന്‍ഷന്‍ കിട്ടിക്കൊണ്ടിരുന്നു. ഗതാഗത മന്ത്രിയായി മാത്യു ടി. തോമസും സി.എം.ഡിയായി കെ.പി സോമരാജനും ടി.പി സെന്‍കുമാറും പ്രവര്‍ത്തിച്ചെങ്കിലും ജീവനക്കാര്‍ നിരന്തര സമരം നടത്തിയിട്ടും പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് സി.പി.എമ്മിന്റെ ഭാഗത്തുനിന്നോ, ധനകാര്യമന്ത്രിയുടെ ഭാഗത്തുനിന്നോ അഭിപ്രായം ഉണ്ടായില്ല. കെ.എസ്.ആര്‍.ടി.സിയെ നശിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ് ഇടതു സര്‍ക്കാര്‍. 2006-2011 കാലത്ത് ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കാണ് കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. ഓരോ ബജറ്റ് അവതരണ വേളയിലും ഈ വര്‍ഷം ആയിരം ബസുകള്‍ ഇറക്കുമെന്ന് അദ്ദേഹം പറയും. എന്നാല്‍ ബജറ്റില്‍ ഒരു രൂപ പോലും അനുവദിക്കില്ല. 4666 ബസ്സുകള്‍ കെ.ടി.ഡി.എഫ്.സിയില്‍ നിന്നും 16 ശതമാനം പലിശക്ക് ലോണ്‍ എടുത്ത് വാങ്ങി. അങ്ങനെ കെ.എസ്.ആര്‍.ടി.സിയെ കടക്കെണിയിലാക്കി. 2011-2016 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഗതാഗതമന്ത്രിയായ വി.എസ് ശിവകുമാര്‍ 15 മാസം പെന്‍ഷന്‍ അഞ്ചാം തീയതിക്കകം നല്‍കിത്തുടങ്ങി. ശമ്പള-പെന്‍ഷന്‍ പരിഷ്‌കാരവും തയ്യാറാക്കി. 90 ലെ ശമ്പള പരിഷ്‌കാര കുടിശികയും അദ്ദേഹം നല്‍കി. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ വീണ്ടും വഷളാകുന്ന കാഴ്ചയാണ്.
യു.ഡി.എഫ് അനുവദിച്ച പകുതി പെന്‍ഷന് പുറമേ എല്‍. ഡി.എഫ് സര്‍ക്കാരുകൂടി പകുതി പെന്‍ഷന്‍ അനുവദിക്കുക, പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രഷറിയിലൂടെ നല്‍കുക, കെ.എസ്.ആര്‍.ടി.സിയെക്കൊണ്ട് കടം എടുപ്പിക്കാതിരിക്കുക. കടം എഴുതി തള്ളുക. കെ.ടി.ഡി.എഫ്.സി, കെ.എസ്.ആര്‍.ടി.സിയില്‍ ലയിപ്പിക്കുക, പാരലല്‍ സര്‍വീസ് നിര്‍ത്തലാക്കുക. ആര്‍.ടി.ഒ പരിശോധന കര്‍ശനമാക്കുക, നഷ്ടത്തിലോടുന്ന 2000 സര്‍വീസുകള്‍ നിര്‍ത്തലാക്കുകയോ നഷ്ടം ഉത്തരവാദപ്പെട്ട എം.എല്‍.എ/എം.പി/സര്‍ക്കാര്‍ വഹിക്കുകയോ ചെയ്യുക, സുപ്രീം കോടതി അനുവദിച്ച 241 ദീര്‍ഘദൂര റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കൊപ്പം സ്വകാര്യ ബസുകള്‍ ഓടിക്കാന്‍ അനുവദിക്കാതിരിക്കുക, സര്‍വീസ് നടത്താന്‍ കഴിയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി ആക്ടില്‍ പറയുന്ന പോലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റില്‍ കെ.എസ്.ആര്‍.ടി.സി ലയിപ്പിക്കുക തുടങ്ങിയവയാണ് കോര്‍പറേഷനെ രക്ഷിക്കാന്‍ ജീവനക്കാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. ഇവ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്താവുന്നതേയുള്ളു. നാടിനും നാട്ടാര്‍ക്കും ഏറെ ഉപകാരപ്രദമായ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നിലനിര്‍ത്താന്‍ ആവുന്നതെല്ലാം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. ശമ്പളവും പെന്‍ഷനും മുടങ്ങുന്നതിന്റെ പേരില്‍ ഇനിയൊരു ജീവനും പൊലിയാന്‍ ഇടവരരുത്. ഓരോ ഫയലിലും ജീവിതമുണ്ടെന്ന് പറഞ്ഞവര്‍ ഇക്കാര്യം ഓര്‍ക്കുന്നത് നന്ന്
- 7 years ago
chandrika
Categories:
Video Stories