X
    Categories: columns

ബഹിഷ്‌കരണമോ ഒളിച്ചോട്ടമോ

മലവെള്ളംകണക്കെ കുതിച്ചൊഴുകിയെത്തുന്ന ആരോപണപ്രവാഹത്തെനോക്കി എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞിരിക്കുകയാണ് കേരളത്തിലെ സി.പി.എമ്മും സര്‍ക്കാരും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അഴിമതിയില്‍ തുടങ്ങിയ ആരോപണശരങ്ങള്‍ ഇന്ന് പാവപ്പെട്ടവരുടെ സ്വപ്‌ന പദ്ധതിയായ ലൈഫ്മിഷനിലെ കോഴയിലേക്കും മുഖ്യമന്ത്രിയുടെ അടുത്ത ഉന്നത ഉദ്യോഗസ്ഥന്‍ നടത്തിയ അധാര്‍മിക നടപടികളിലേക്കുമെല്ലാം പരിണമിച്ചിരിക്കുന്നു. ഈ ഘട്ടത്തില്‍ പ്രതിപക്ഷത്തെ മാത്രമല്ല, മാധ്യമങ്ങളെപോലും അവഗണിച്ചും ഭീഷണിപ്പെടുത്തിയും മുന്നോട്ടുപോകാമെന്ന ചിന്തയിലാണ് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരുമെന്ന് തോന്നുന്നു.

അതിന്റെ ഭാഗമാണ് ആ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്ത് സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ പുറപ്പെടുവിച്ച കഴിഞ്ഞദിവസത്തെ പ്രസ്താവന. കോവിഡ് കാരണം ജനങ്ങളുടെ വിലപ്പെട്ട ജീവന്‍ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം താല്‍കാലികമായി മാറ്റിവെച്ച പ്രതിഷേധങ്ങള്‍ തങ്ങളുടെ നേട്ടമായും അവസരമായും കൊണ്ടാടുന്ന സി.പി.എമ്മും സര്‍ക്കാരും മാധ്യമങ്ങളെകൂടി ഒഴിവാക്കുന്ന നിലയിലേക്കെത്തിയതായാണ് കോടിയേരിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. മാധ്യമങ്ങള്‍ക്ക് സി.പി.എമ്മിനോട് എന്തോ വിരോധമുണ്ടെന്ന മട്ടിലാണ് കോടിയേരിയുടെ പ്രസ്താവന. ഇതനുസരിച്ചാണ് പാര്‍ട്ടിയുടെ വക്താക്കളായി ആരും മാധ്യമങ്ങളില്‍ സംസാരിക്കാന്‍ പോകരുതെന്ന തീട്ടൂരം സി.പി.എം പുറപ്പെടുവിച്ചിരിക്കുന്നത്.

അതെഴുതിയ കടലാസിന്റെപോലും വില ഇതിനുണ്ടാകില്ലെന്ന് അവരോട് വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ. സ്വര്‍ണക്കടത്തുകേസില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ആരോപണങ്ങളുടെ ശരവര്‍ഷം നേരിടുന്നതും ദേശീയ അന്വേഷണ ഏജന്‍സിയുടെയും കസ്റ്റംസിന്റെയും ഇ.ഡിയുടെയും ചോദ്യംചെയ്യലിന് വിധേയമായിരിക്കുന്നതും. ഇതുവരെ ലഭിച്ച വിവരങ്ങളനുസരിച്ച് പ്രിന്‍സിപ്പല്‍സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്‌നസുരേഷ് എന്ന തന്റെ കൂട്ടുകാരിയും സര്‍ക്കാരുമായി ബന്ധപ്പെട്ട സഹപ്രവര്‍ത്തകയുമായി നടത്തിയ ഇടപാടുകളാണ് സ്വര്‍ണക്കടത്തിലേക്കും സര്‍ക്കാരിനെയും കേരളത്തെയും പ്രതിസന്ധിയിലേക്കും എത്തിച്ചിരിക്കുന്നത്. സ്വപ്‌നസുരേഷ്, സരിത്ത്, സുഹൃത്ത് സന്ദീപ്‌നായര്‍ തുടങ്ങിയവരുള്‍പ്പെട്ട വന്‍ റാക്കറ്റിന്റെ ബലപ്പെട്ട മുഖ്യകണ്ണിയാണ് പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നിരിക്കെ ഇതിനെ ജനങ്ങള്‍ കണ്ണടച്ച് അംഗീകരിക്കണമെന്നാണോ സി.പി.എം ശഠിക്കുന്നത്?

വാര്‍ത്തശേഖരിക്കുകയും ആയത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക എന്നത് മാധ്യമങ്ങള്‍ക്ക് അവരുടെ ജോലിയുടെ ഭാഗമാണ്. അതനുസരിച്ചാണ് ഈ വിവരങ്ങളെല്ലാം ജനങ്ങള്‍ അറിയുന്നതും. എന്നിട്ടും അവരുടെ നെഞ്ചത്തേക്ക് കുതിരകയറുന്ന നിലപാട് സ്വീകരിക്കുക വഴി സി.പി.എം നടത്തുന്നത് തികഞ്ഞ ആത്മവഞ്ചനയാണ്. ജനങ്ങളുടെ ചെലവില്‍ അധികാരത്തില്‍വരികയും അവരുടെ ചെലവില്‍ സുഖശീതളിമയില്‍ വാഴുകയും ചെയ്യുന്നവര്‍ക്ക് ജനങ്ങളുടെ നികുതിപ്പണം തിന്നുതീര്‍ക്കുന്നതിനപ്പുറം അവരോട് യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണോ? പ്രതിപക്ഷവും മാധ്യമങ്ങളും പ്രതിപക്ഷധര്‍മത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയുമാണ് നിറവേറ്റുന്നത്. അത് മനസ്സിലാകാത്തവരാണ് അവരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്യുന്നത്.

സ്വര്‍ണക്കടത്ത് തലപൊക്കിയിട്ട് ഇന്നേക്ക് നാലു മാസത്തോളമായി. ഇതിനിടെ ഒരിക്കല്‍പോലും ഈ വന്‍ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സര്‍ക്കാരോ മുഖ്യമന്ത്രിയോ സി.പി.എമ്മോ പരസ്യമായി രംഗത്തുവന്നിട്ടില്ല. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണിതെന്നതിന് തെളിവാണ് ഒരു മന്ത്രിയെവരെ എന്‍.ഐ.എ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടായത്. ഓരോദിവസവും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് മാധ്യമങ്ങള്‍വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ നാലരക്കോടിരൂപ കോഴ കൈപ്പറ്റിയെന്ന് വെളുപ്പെടുത്തിയത് ഏതെങ്കിലും പ്രതിപക്ഷമാധ്യമമല്ല. സി.പി. എമ്മിന്റെ ഔദ്യോഗിക ചാനലായ കൈരളി ടി.വി തന്നെയാണ്.

ആ വിവരം പ്രസ്തുത ചാനലിലൂടെ വെളിപ്പെടുത്തിയതാകട്ടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും. അത് തല്‍സമയം കേട്ടുകൊണ്ടിരുന്നത് സംസ്ഥാനത്തെ ഇതിന്റെയൊക്കെ ഉത്തരവാദിത്വം വഹിക്കുന്ന ധനകാര്യമന്ത്രിയും. ഒരു വിഭാഗം മാധ്യമങ്ങളോട് തോന്നിയ ഈര്‍ഷ്യ ഇപ്പോള്‍ സകലതിലേക്കും തിരിയുന്ന രീതിയാണ ്‌സി.പി.എമ്മിന്റെ പുതിയ പ്രഖ്യാപനം. വിവാദമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തങ്ങളുടെ പ്രതിനിധികള്‍ വരില്ലെന്നാണ് സി.പി.എം കേരള നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അതിനര്‍ത്ഥം ഒരു വിവാദവിഷയത്തെക്കുറിച്ചും സി.പി.എം മാധ്യമങ്ങളുമായി സംവദിക്കില്ലെന്നാണോ. ഇത് ജനാധിപത്യവിരുദ്ധതയാണ്. പരമ്പരാഗതമായ മാര്‍ക്‌സിസ്റ്റ്‌ശൈലിയും. അതിന്റെ ഭാഗമാണ് ചോദ്യംചെയ്യലിന് അര്‍ധരാത്രി ഒളിച്ചുപോകുന്ന മന്ത്രിയും.

വിവാദത്തിന്റെ ആദ്യഘട്ടത്തില്‍ സി.പി.എം ബഹിഷ്‌കരിച്ചത് ഏഷ്യാനെറ്റ് ചാനലായിരുന്നു. പിന്നീടാണ് മറ്റ് ചാനലുകളെല്ലാം ബഹിഷ്‌കരിക്കുന്നതിലേക്ക് സി.പി.എം നീങ്ങിയിരിക്കുന്നത്. തങ്ങളുടെ വാദമുഖങ്ങള്‍ അവതിരിപ്പിക്കാന്‍ കിട്ടുന്ന സൗജന്യമായ അവസരമാണ് വാര്‍ത്താസമ്മേളനങ്ങളും വാര്‍ത്താസംവാദങ്ങളും എന്നിരിക്കെ ഇവ ബഹിഷ്‌കരിക്കുകവഴി എന്ത് സന്ദേശമാണ് അണികള്‍ക്കും ജനങ്ങള്‍ക്കും സി.പി.എം നല്‍കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തതിനെ ആദ്യം ബഹിഷ്‌കരിക്കുകയും പിന്നീട് ചോദ്യംചെയ്യുകയും അതിലുംകടന്ന് തല്ലിക്കൊല്ലുകയുംചെയ്യുന്ന രീതിയാണ് സി.പി.എമ്മിന്റേതെന്ന് ആ പാര്‍ട്ടികളെക്കുറിച്ച് സാമാന്യവിവരമുള്ളവര്‍ക്കെല്ലാം അറിയാവുന്ന സത്യംമാത്രമാണ്. എന്തിനേറെ നിരപരാധികളായ ജനലക്ഷങ്ങളെ കൂട്ടക്കുരുതി നടത്തിയ പാര്‍ട്ടിക്ക് ടി.പി ചന്ദ്രശേഖരനും അരിയില്‍ ഷുക്കൂറും ശുഹൈബും കൃപേഷും ശരത്‌ലാലുമെല്ലാം അവര്‍ക്ക് കീടങ്ങള്‍ മാത്രമാകുന്നത് സ്വാഭാവികം.

രാഷ്ട്രീയ എതിരാളികളെ അരിഞ്ഞുതള്ളുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്കും അതിന് സൈദ്ധാന്തികത ചമക്കുന്ന ബുദ്ധിജീവികള്‍ക്കും മാത്രമാണ് മാധ്യമ ബഹിഷ്‌കരണവും അവയിലൊന്ന് മാത്രമാകുന്നത്; ‘കടക്കൂ,പുറത്ത’് എന്ന് യാതൊരു ഉളുപ്പും മനശ്ചാഞ്ചല്യവുമില്ലാതെ മാധ്യമ പ്രവര്‍ത്തകരെന്ന ജനാധിപത്യത്തിന്റെ നാലാം തൂണിനെനോക്കി ആക്രോശിക്കാന്‍തോന്നുന്നത്. ഇതുതന്നെയാണല്ലോ മോദിയാദികളും ചെയ്യുന്നത്. പാര്‍ട്ടിക്കും നേതാവിനും അപ്പുറമൊരു ലോകമില്ലെന്നും ചിന്തിച്ചും തെറ്റിദ്ധരിപ്പിക്കപ്പെട്ടും വശായവരുടെ കാര്യം പോകട്ടെ, വോട്ടുവാങ്ങി എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞവരോടാണ് ഈ ചതി ചെയ്യുന്നതെന്ന് ആലോചിക്കുമ്പോള്‍ അരിതിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും മുറുമുറു.. എന്നചൊല്ലാണ് ഓര്‍മവരുന്നത്. മാധ്യമ ധര്‍മത്തെക്കുറിച്ചും മാധ്യമസംരക്ഷണത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന മാര്‍ക്‌സിസ്റ്റുകാരെയാണ് കഴിഞ്ഞ നാലരക്കൊല്ലംമുമ്പുവരെ കേരളംകണ്ടത്. തെറ്റിയ നയങ്ങളും അബദ്ധജഡിലമായ തീരുമാനങ്ങളും മാറ്റിവെച്ച് ജനാധിപത്യത്തോടും ബഹുസ്വരതയോടും സമരസപ്പെടുകയാണ് ഇനിയെങ്കിലും സി.പി.എമ്മിന ്കരണീയം.

Test User: