00സെന്‍ട്രല്‍ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് അല്ല; ഇന്‍വെസ്റ്റിഗേഷന്‍ തന്നെയാണ്. ജസ്റ്റ് റിമമ്പര്‍ ദാറ്റ്. മമ്മൂട്ടിയും സുരേഷ് ഗോപിയുമൊന്നുമല്ല. വലതുകൈ ഉയര്‍ത്തി വലതുതിരിഞ്ഞ് ഷൂകൊണ്ട് നാലുചവിട്ടുചവിട്ടി സി ബി.ഐയുടെ 27-ാമത് തലവന്‍ അലോക്‌വര്‍മയാണ് പറയുന്നത്. തന്നെ നിയമിച്ചതും കാലാവധി തികയും മുമ്പേ പുറത്താക്കിയതുമായ അധികാരകേന്ദ്രത്തെ തുറിച്ചുനോക്കി. 22-)ം വയസ്സില്‍ ഐ.പി.എസ്. പട്ടം. അരുണാചല്‍പ്രദേശ്-ഗോവ-മിസോറാം കേഡറിലെ 1979 ബാച്ച് ഐ.പി.എസ്. ഓഫീസര്‍. നീണ്ട 35 കൊല്ലത്തെ കാക്കിജീവിതത്തില്‍ ഇതുവരെയും കറപുരണ്ടതായി കേട്ടുകേള്‍വിയില്ല. ഇപ്പോള്‍ വിരമിക്കാന്‍ നാളുകളുള്ളപ്പോഴാണ് എല്ലാത്തിന്റെയും വരവ്. കൂട്ടിലിടാന്‍ ശ്രമിച്ച പരമാധികാരിയെ കൂടുതുറന്നുചെന്ന് കൊത്തിയിരിക്കുകയാണിപ്പോള്‍ കക്ഷി. വിരമിക്കാന്‍ കഷ്ടി നൂറുദിവസം ബാക്കിയിരിക്കെയാണ് 2018 ഒക്ടോബര്‍ 23ന് അര്‍ധരാത്രി അലോക്‌വര്‍മയെ മോദിസര്‍ക്കാര്‍ ഡയറക്ടര്‍പദവിയില്‍നിന്ന് കറിവേപ്പിലപോലെ പുറത്തിട്ടത്. തിരിച്ചുവന്നപ്പോള്‍ രണ്ടാമതായി 20 ദിവസം മുമ്പും.
സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കൊടുത്ത അഴിമതിക്കേസില്‍ കേന്ദ്രവിജിലന്‍സ് കമ്മീഷനെ ഉപയോഗിച്ചായിരുന്നു അവധിയില്‍പോകാന്‍ പറഞ്ഞത്. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അലോകും. തൊട്ടടുത്തദിനം സുപ്രീംകോടതിയിലേക്ക് വെച്ചുപിടിച്ചു; കളി ഗുജറാത്തില്‍മതിയെന്ന്. മോദി ചിരിച്ചുതള്ളി. മാറ്റിയതല്ല, അവധിയില്‍പോകാന്‍ പറഞ്ഞതാണെന്നൊക്കെ സര്‍ക്കാര്‍ വക്കീലിനെക്കൊണ്ട് ന്യായം പറഞ്ഞുനോക്കിയിട്ടും രക്ഷ നഹി. വേലിയിലിരുന്ന പാമ്പിനെ തോളിലിട്ടെന്ന് മോദി മനസ്സിലാക്കിയത് കൃത്യം 77-ാംദിവസമാണ്. അലോകിനെ പറഞ്ഞയച്ച തസ്തികയിലേക്ക് തിരിച്ചിരുത്തൂ എന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ഗോഗോയ് അടങ്ങുന്ന മൂന്നംഗസുപ്രീംകോടതിബെഞ്ച്. സുപ്രധാനനയങ്ങള്‍ എടുക്കാന്‍ വരട്ടെയെന്ന് വര്‍മയോടും. വര്‍മക്കെതിരായ ആരോപണത്തെക്കുറിച്ച് മോദിയും പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ഗാര്‍ഖെയും ചീഫ്ജസ്റ്റിസും അടങ്ങുന്ന ഉന്നതതലസമിതിയോട് ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. ജനാധിപത്യമായിപ്പോയില്ലേ. പാലിക്കുകയല്ലേ നിവൃത്തിയുള്ളൂ. ഒന്നല്ല രണ്ടുതവണ യോഗം ചേര്‍ന്നു. രണ്ടാംദിവസം 36-ാം മണിക്കൂറില്‍ വീണ്ടും ഡയറക്ടറെ വലിച്ചിട്ടു. കേന്ദ്രഅഗ്നിശമനസേനാഡയറക്ടര്‍ ജനറലായാണ് പകരം ലാവണം കൊടുത്തത്.
അങ്ങേരുണ്ടോ കേള്‍ക്കുന്നു, പഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറിക്ക് രാജിക്കത്തെഴുതിക്കൊടുത്ത് നേരെ വീട്ടിലേക്ക്. സി.ബി.ഐയുടെ സ്വാതന്ത്ര്യം തകര്‍ക്കരുതെന്നും പറഞ്ഞ്.
സേവിക്കാന്‍ ദിവസങ്ങളിലിരിക്കവെ ഓഫീസില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നാല്‍ അതങ്ങ് തീരാനേയുള്ളൂ. എന്തിന് വെറുതെ പെന്‍ഷനും ഗ്രാറ്റ്വിവിറ്റിയും കളയണം. ഇതൊന്നുമല്ല അലോക് തീരുമാനിച്ചത്. വിധിയുടെ പിറ്റേന്ന് സി ബി.ഐ ആസ്ഥാനത്തെത്തി പഴയ കസേരയിലിരുന്ന ഏമാന്‍ ആദ്യംചെയ്തത് തന്റെ മുന്‍ഗാമി നാഗേശ്വര്‍റാവു ഇട്ട സ്ഥലംമാറ്റ ഉത്തരവുകള്‍ ഒന്നൊന്നായി റദ്ദാക്കലാണ്. ഒപ്പം മോദിയുടെ വിശ്വസ്ഥന്‍ ഗുജറാത്തുകാരന്‍ അശോക്കുമാര്‍ സിംഗിനെയും പിടിച്ച് സ്ഥലംമാറ്റിക്കളഞ്ഞു. അസ്താനയുടെ മേലുള്ള അഴിമതിക്കേസ് അന്വേഷിക്കുന്ന ചുമതലയില്‍നിന്നാണ് എ.കെ ശര്‍മയെ മാറ്റിയത് .മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് കലാപത്തിലടക്കം മോദിയുടെ വ്യാജഏറ്റുമുട്ടല്‍ വിദഗ്ധനാണ് കക്ഷി. വിജയ്മല്യയെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചവരിലൊരാള്‍. പ്രധാനമന്ത്രിയായ ഉടന്‍ മോദി ആദ്യംചെയ്ത പണി ഈ ശര്‍മയെ സിബി.ഐയുടെ ഡെപ്യൂട്ടിഡയറക്ടറായി നിയമിക്കുകയായിരുന്നു എന്നതുമതി ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമറിയാന്‍. ഏതായാലും മോദിയുടെ ഉറക്കംകെടുത്താന്‍ തന്നെയാണ് അലോക് .
അസ്താന ഉള്‍പ്പെട്ട അഴിമതിക്കേസില്‍ മുഖംനോക്കാതെ നടപടിയെടുത്തതാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും സ്വയമ്പനൊരു സാധനവും കക്ഷത്തുവെച്ച് നടക്കുകയാണ് കക്ഷി. നാല്‍പതിനായിരം കോടിയുടെ റഫാല്‍ യുദ്ധവിമാനഅഴിമതിയുടെ വിവരങ്ങള്‍ കൂടുതല്‍ പുറത്തെടുക്കുമോ എന്നാണ് ഈ പുലിയെ അറിയാവുന്നവരിപ്പോള്‍ സംശയിക്കുന്നത്. മൂര്‍ഖനെയാണല്ലോ ഭഗവാനേ താന്‍ ഇത്രകാലം പാലുകൊടുത്ത് വളര്‍ത്തിയതെന്നാണ് ഡല്‍ഹിയുടെ ഇടനാഴികകളില്‍ ഇന്നലെയും ചിലര്‍ കേട്ടതത്രെ. തിളക്കം എന്നാണ് അലോകിന്റെ അര്‍ത്ഥം. ഡല്‍ഹി പൊലീസ് കമ്മീഷണറായിരുന്ന അലോക്‌വര്‍മ ഇവിടെതന്നെയാണ് ജനിച്ചുവളര്‍ന്നതും ചരിത്രത്തില്‍ മാസ്റ്റര്‍ബിരുദം നേടിയതും. 2017 ഫെബ്രുവരിഒന്നിനാണ് സിബി.ഐയില്‍ ഡയറക്ടറായെത്തിയത്.
മിസോറാം,പുതുച്ചേരി എന്നിവിടങ്ങളില്‍ ഡി.ജി.പിയായി 15 കൊല്ലംമുമ്പേ രാഷ്ട്രപതിയുടെ മെഡല്‍തേടിയെത്തി. അലോക്‌വര്‍മയുടെ പുതിയെ വെടികള്‍ കാത്തിരിപ്പാണ് നാടിപ്പോള്‍. ഒന്നും നേടാനല്ല, രാജ്യത്തെ അത്യുന്നത കുറ്റാന്വേഷണഏജന്‍സിയെ അങ്ങനെ അധികാരികള്‍ക്ക് തട്ടിക്കളിക്കാനുള്ളതല്ലെന്ന് പഠിപ്പിക്കണമെന്നേ ഉള്ളൂ. രാഹുല്‍ഗാന്ധി മാത്രമല്ല, ഏപ്രിലിലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വിറപ്പിക്കാന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍മാരെ കൂടാതെ അറുപത്തൊന്നുകാരനായ അലോകിനെകൂടി കിട്ടിയിരിക്കുകയാണ് മോദിക്കിപ്പോള്‍. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ലെന്നല്ലേ കാരണവന്മാര്‍ പറയുന്നത
- 6 years ago
chandrika
Categories:
Video Stories
കൂടുപൊളിച്ച തത്ത
Tags: Alok Vermacbi crisis