ബി.ജെ.പിയുടെ ജൈത്രയാത്ര അന്ത്യത്തിലേക്കടുക്കുന്നുവെന്ന സൂചന നല്‍കുന്നു മഹാരാഷ്ട്രയും ഹരിയാനയും. രണ്ടിടവും തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ അങ്കത്തട്ടിലെത്തിയ ബി.ജെ.പിക്ക് ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. മഹാരാഷ്ട്രയിലാകട്ടെ നിറംമങ്ങിയ വിജയത്തില്‍ സന്തുഷ്ടരാകാനുള്ള സൗഭാഗ്യം ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഇനി ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ അഭ്യാസമുറകളില്‍ ജനാധിപത്യം മുറിവേറ്റ് വീഴുമോ എന്നാണ് അറിയേണ്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ബി.ജെ.പിയെ അധികാരത്തിലേറ്റിയ ജനങ്ങള്‍ അഞ്ച് മാസങ്ങള്‍ക്കിപ്പുറം അവരെ നിരാകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ചൂണ്ടിക്കാട്ടുന്നു. ഭരണാധികാരത്തിന്റെ സര്‍വ്വ സൗകര്യങ്ങളും ഉപയോഗിച്ചിട്ടും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഒരു സീറ്റ് വീതം ബി.ജെ.പിക്ക് കുറഞ്ഞത് ചെറിയ കാര്യമല്ല. ചാക്കിട്ട് പിടിച്ചും ബ്ലാക്ക് മെയില്‍ രാഷ്ട്രീയും പ്രയോഗിച്ചും എതിരാളികളെ സ്വന്തം പാളയത്തിലെത്തിച്ച് വമ്പ് കാട്ടിയാണ് തെരഞ്ഞെടുപ്പ് കളത്തിലേക്ക് ബി.ജെ.പി എത്തുന്നത്. എതിരാളികളില്ലെന്ന തോന്നല്‍ ജനമനസ്സില്‍ ആഴത്തിലെത്തിക്കാന്‍ ഇത്തരം അരാഷ്ട്രീയ രാഷ്ട്രീയത്തിന് ഏറെക്കുറെ സാധിക്കാറുമുണ്ട്. പ്രക്ഷോഭങ്ങളുടെ വെയിലില്‍ ആളിക്കത്തിയ കര്‍ഷക ജനത നിര്‍ണായകമായ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് പോലും ലഭിക്കില്ലെന്നായിരുന്നു ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെ വിലയിരുത്തലും പ്രചരണങ്ങളും. പ്രതിപക്ഷത്തെ നിലംപരിശാക്കാന്‍ പോന്ന പൂഴിക്കടകന്‍ ബി.ജെ.പി തലങ്ങുംവിലങ്ങും പ്രയോഗിച്ചിട്ടും ഫീനിക്‌സ് പക്ഷിയെ പോലെ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഉത്തരേന്ത്യയില്‍.
ഹരിയാനയില്‍ 75 സീറ്റെന്ന ലക്ഷ്യം പ്രഖ്യാപിച്ച ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത് വരാനിരിക്കുന്ന പൗര്‍ണമികളുടെ സൂചന തന്നെയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയും മുത്തലാക്ക് ബില്‍ പാസ്സാക്കിയും തീവ്രഹിന്ദുത്വ നിലപാടുകള്‍ നിയമമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് വഴിതെളിക്കുമെന്ന ശുഭപ്രതീക്ഷയാണ് അസ്ഥാനത്തായത്. നരേന്ദ്ര മോദി-അമിത്ഷാ കൂട്ടുകെട്ട് രാജ്യത്ത് നടപ്പാക്കുന്ന കോര്‍പറേറ്റ് അനുകൂല അജണ്ടകളും കര്‍ഷക വിരുദ്ധ നടപടികളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നതിന് വേറെ കണക്കുകള്‍ ആവശ്യമില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനുള്ള ദൗത്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് മേല്‍ ഇപ്പോള്‍ നിക്ഷിപ്തമായിരിക്കുന്നത്. ജനഹൃദയങ്ങളുടെ സ്പന്ദനം തൊട്ടറിയുന്ന നേതൃത്വത്തെയാണ് ജനാധിപത്യ ഇന്ത്യ കാത്തിരിക്കുന്നതെന്ന പൊള്ളുന്ന സത്യത്തെ ആലിംഗനം ചെയ്യാതെ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനായി സ്വയം ഉരുകി തിളക്കമേറ്റുകയല്ലാതെ വേറെ മാര്‍ഗമില്ല.
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ മൂന്നിടത്ത് വിജയം നേടിയ യു.ഡി.എഫിന്റേത് തിളക്കമാര്‍ന്ന നേട്ടമാണ്. മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്കെത്തുമ്പോള്‍, ബി.ജെ.പിയുടെ കേരളത്തിലേക്കുള്ള കവാടമാണ് കൊട്ടിയടക്കപ്പെട്ടത്. 2016ല്‍ 89 എന്ന മാന്ത്രിക അക്കത്തിലാണ് പി.ബി അബ്ദുല്‍ റസാഖ് ബി.ജെ.പിയിലെ കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇത്തവണ വലിയ മോഹമാണ് ബി.ജെ.പി മഞ്ചേശ്വരത്തിന് മേല്‍ വെച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു അവിടെ. ഭാഷാ സംഗമ ഭൂമിയില്‍ നിന്ന്് എം.സി ഖമറുദ്ദീന്‍ നേടിയ വിജയം അക്ഷരാര്‍ത്ഥത്തില്‍ മതേതര ചേരിയുടെ കരുത്തായി അടയാളപ്പെടുത്തേണ്ടി വരുന്നതും അതിനാലാണ്.
54 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അരൂരില്‍ നിന്ന് കോണ്‍ഗ്രസ് അംഗം നിയമസഭയിലെത്തുന്നത്. ഷാനിമോള്‍ ഉസ്മാന്റേത് ചരിത്രവിജയം. വോട്ടെടുപ്പ് ദിവസത്തെ പേമാരിയില്‍ യു.ഡി.എഫ് ഒരുവേള സ്തംഭിച്ചെങ്കിലും യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ എറണാകുളം ടി.ജെ വിനോദിനെ തന്നെ നിയമസഭയിലെത്തിച്ചു. മൂന്നിടത്ത് വിജയം നേടാനായെങ്കിലും യു.ഡി.എഫ് നേതൃത്വം സംതൃപ്തിയിലല്ലെന്നാണ്് ഫലങ്ങള്‍ പുറത്തുവന്ന ശേഷമുള്ള ചര്‍ച്ചകളും യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളും വെളിപ്പെടുത്തുന്നത്. ഭരണവിരുദ്ധ തരംഗം അലയടിക്കുന്ന കേരളത്തില്‍ അട്ടിമറി വിജയത്തിലൂടെ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസം ഇപ്പോള്‍ ഇടതുമുന്നണിക്കുണ്ട്. അരൂരെന്ന സ്വന്തം കോട്ട നഷ്ടപ്പെട്ടെങ്കിലും യു.ഡി.എഫിന്റെ രണ്ട് സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നത് മുങ്ങിച്ചാകാന്‍ പോകുന്ന സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പ് തന്നെ.
അഴിമതി ആരോപണങ്ങളും സ്വജനപക്ഷ പാതവും ധൂര്‍ത്തും കൊണ്ട് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടെന്ന് ഭരണകക്ഷിയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്ന വേളയില്‍ ലഭിച്ച രണ്ട് സീറ്റുകള്‍ സര്‍ക്കാരിന് ആഘോഷിക്കാന്‍ വക നല്‍കുമ്പോള്‍ സ്വയംവിമര്‍ശനമെന്ന ശരിപക്ഷമാണ് യു.ഡി.എഫ് സ്വീകരിക്കേണ്ടത്. രണ്ട് സിറ്റിങ് സീറ്റുകള്‍- കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടപ്പെട്ട ആകുലത പരസ്യപ്രസ്താവനകളിലൂടെ കൂടുതല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാകരുത്.
രണ്ട് മണ്ഡലങ്ങളിലെ വിജയാഘോഷത്തില്‍ ഇടതുമുന്നണി മതിമറക്കുമ്പോള്‍, ബി.ജെ.പിയുടെ വോട്ട് പോയ വഴി നല്‍കുന്ന സൂചന അവരുടെ അവകാശ വാദങ്ങളെ സാധൂകരിക്കുന്നില്ലെന്ന് കൂടി പറയേണ്ടതുണ്ട്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിയുടെ വോട്ട് ഗണ്യമായി കുറയുകയും ഇടതുമുന്നണിക്ക് വോട്ട് വര്‍ധിക്കുകയും ചെയ്തത് ആകസ്മികമാകാനിടയില്ല. ബി.ജെ.പി നിലപാട് രണ്ടിടത്തും നിര്‍ണായകമായിരുന്നുവെന്ന് വ്യക്തം.
തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ കൊണ്ട് ചരിത്രത്തെ മാറ്റിയെഴുതാനാകില്ല. പക്ഷേ ഭാവിയെ കരുപ്പിടിപ്പിക്കാനാകും. സ്വയം വിമര്‍ശനം ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള ചോദനയാകുമ്പോള്‍ മാത്രമേ പ്രതീക്ഷകള്‍ക്ക് നിറമുണ്ടാകൂ. ജനമനസ്സുകളുടെ സ്പന്ദനമായി മാറുമ്പോഴാണ് ജനാധിപത്യവും തെരഞ്ഞെടുപ്പും അര്‍ത്ഥസമ്പുഷ്ടമാകുന്നത്.
- 5 years ago
chandrika
Categories:
Video Stories