ധബോല്‍ക്കററെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും ലക്ഷ്യംവെച്ച് ഹെല്‍മറ്റിട്ട ആളുകള്‍ ബൈക്കിലെത്തി തോക്കിനിരയായിക്കുകയായിരുന്നു. മഹാത്മാഗാന്ധിയെ കൊല ചെയ്ത 1948ല്‍ ഹെല്‍മറ്റും ബൈക്കും വ്യാപകമല്ലാതിരുന്നതിനാല്‍ നാഥുറാം വിനായക് ഗോഡ്‌സെ ലോകത്തിന് മുമ്പിലെത്തി. അല്ലായിരുന്നെങ്കില്‍ ഇനിയും കണ്ടുപിടിക്കാനാവാത്ത ഇരുട്ടിലേക്ക് ആ കൊലയാളിയും മറയുമായിരുന്നു. ഗോഡ്‌സെക്ക് ഒരു ക്ഷേത്രവും ഉയരുകയില്ലായിരുന്നു. കര്‍ണാടകയില്‍ അടുത്ത ഇര കെ.എസ് ഭഗവാനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അമ്മാതിരി ആക്രമണങ്ങള്‍ ആരംഭിക്കുക തീര്‍ച്ചയായും കുരീപ്പുഴ ശ്രീകുമാറില്‍ നിന്നായിരിക്കും. കാരണം, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അത്ര ശക്തമായാണ് കുരീപ്പുഴ കൈകാര്യം ചെയ്യുന്നത്. മതനിരപേക്ഷതയെ കുറിച്ച് പ്രസംഗിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും ശ്രീനാരായണ ഗുരുവിന്റെയും ശ്രീകൃഷ്ണന്റെയും ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന അവസ്ഥയിലെത്തിയ കേരളത്തില്‍ കുരീപ്പുഴക്ക് പകരക്കാരനായി വേറൊരാള്‍ ഇല്ല.
മതത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, പദ്മനാഭ സ്വാമി എന്നത് ഒരു ദൈവത്തിന്റെ പേരായതിനാല്‍ ആ പേരുള്ള പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശഠിച്ചയാളാണ് കുരീപ്പുഴ. കോട്ടുക്കല്‍ കൈരളി ഗ്രന്ഥാലയത്തിന്റെ പരിപാടിയില്‍ പ്രസംഗിച്ച കുരീപ്പുഴ കാറിലേക്ക് കയറിയ ശേഷമാണ് ഒരു സംഘം തെറിവിളിയും ആക്രോശവുമായി എത്തിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തില്‍ ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞപ്പോള്‍ തന്നെ ബി.ജെ.പിയുടെ പഞ്ചായത്തംഗം ഉള്‍പ്പടെ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൈവാധിക്ഷേപം ആരോപിച്ച് ബി.ജെ.പിക്കാര്‍ നല്‍കിയ പരാതി പൊലീസ് തള്ളുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പേര്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവം കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് നടത്തിക്കുന്നതാണെന്ന് കുരീപ്പുഴ തന്നെ പ്രതികരിക്കുകയുണ്ടായി.
ഭാഷയെയും സംസ്‌കാരത്തെയും വിമര്‍ശിക്കുകയും നവീകരിക്കുകയും ചെയ്യുന്നതാണ് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളെന്ന് പൊതുവെ വിലയിരുത്തപ്പെട്ടതാണ്. വാക്ക് എരിയുന്ന അടുപ്പില്‍ നിന്നും തീക്കനല്‍ കോരി തിന്നുന്നതാണ് തന്റെ കാവ്യലോകമെന്ന് കവി പ്രഖ്യാപിച്ചിട്ടുണ്ട്. കുമ്മനം കൂടി അണി ചേര്‍ന്ന ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ കുരീപ്പുഴ പങ്കെടുത്തത് പ്രകൃതിയെ സംരക്ഷിച്ചേ തീരൂവെന്ന വാശിയെ തുടര്‍ന്നാണ്. കറുത്ത ഹാസ്യത്തിന്കൂടി പ്രസിദ്ധമാണ് കുരീപ്പുഴക്കവിതകള്‍. മലയാള ഭാഷയോട് കേരളീയര്‍ കാട്ടുന്ന അവഗണനയെ എന്നും ഇദ്ദേഹം വിമര്‍ശിക്കുന്നു. കൊടുങ്ങല്ലൂരമ്മയെ കൊടുങ്ങല്ലൂര്‍ മമ്മിയെന്ന് വിളിക്കുമെന്ന് പ്രവചിച്ച കുരീപ്പുഴ പ്രതികരണ ശേഷി നഷ്ടപ്പെടുന്ന ജനതയെ കണക്കറ്റ് കളിയാക്കുകയാണ് മനുഷ്യ പ്രദര്‍ശനത്തില്‍. യന്ത്ര മനുഷ്യര്‍ ആധിപത്യം സ്ഥാപിച്ച കാലത്ത് അവരുടെ കാലത്തെ ആദിവാസികളെന്ന നിലയില്‍ മനുഷ്യരെയും അവന്റെ ഈടുവെയ്പുകളെയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മനുഷ്യപ്രദര്‍ശനം.
കുരീപ്പുഴക്ക് വേണ്ടി എഴുന്നേറ്റ്‌നിന്ന ഇടതുപക്ഷക്കാരെ വടയമ്പാടി മതില്‍ പ്രശ്‌നത്തില്‍ ദലിതരെയും മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ കണ്ടില്ലെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ അടിസ്ഥാനാവകാശമായി കാണാത്തവരാണല്ലോ കമ്യൂണിസ്റ്റുകള്‍. പാര്‍ട്ടി വിട്ടവര്‍ വധ്യരാണെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് കരുതിയേ പറ്റൂ. എണ്ണം പറഞ്ഞ യുക്തിവാദികള്‍ വാലു മടക്കി മാളത്തില്‍ ഒളിച്ച കേരളത്തില്‍ കുരീപ്പുഴയെ എന്തു ചെയ്യണമെന്ന് തന്നെയാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനും ചോദിക്കുന്നത്. നമുക്കൊരു യഥാര്‍ഥ ലോകമുണ്ടെന്ന് കവിക്ക് തോന്നാന്‍ പ്രജയെന്ത് ചെയ്യണമെന്നാണ് ആര്‍.എസ്.എസുകാരുടെ തെറിവിളിയും ഭീഷണിയും കുരീപ്പുഴക്ക് നേരെ ഉയര്‍ന്ന സംഭവത്തിന്റെ പ്രതികരണമായി സുരേന്ദ്രന്‍ കുറിച്ചത്. ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞാല്‍ കേരള കാമ്പസുകള്‍ സ്വീകരിച്ച ഒരു കവിയാണ് കുരീപ്പുഴ. തന്റെ ഏറ്റവും തിരസ്‌കൃതമായ കവിത ജെസ്സിയാണെന്ന് കവി പറയും. ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ തിരിച്ചയച്ച ഈ കവിത പിന്നീട് കാമ്പസുകളില്‍ വലിയ പ്രചാരം നേടി. തന്റെ ജീവിതത്തിലെ പ്രണയവും വിപ്ലവബോധവും തമ്മിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ജെസ്സിയെഴുതിയതെന്ന് കുരീപ്പുഴ വ്യക്തമാക്കിയതാണ്.
1955 ഏപ്രില്‍ പത്തിന് കൊല്ലം ജില്ലയില്‍ ജനിച്ച കുരീപ്പുഴ ആധുനിക മലയാള കവികളില്‍ ഏറ്റവും ശ്രദ്ധേയനാണ്. ആഫ്രോ ഏഷ്യന്‍ റൈറ്റേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഇദ്ദേഹം ദേശീയ കവി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. പെണങ്ങുണ്ണി, ശ്രീകുമാറിന്റെ ദുഃഖം, രാഹുലന്‍ ഉറങ്ങുന്നില്ല, ഹബീബിന്റെ ദിനക്കുറിപ്പുകള്‍, കീഴാളര്‍ തുടങ്ങിയ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. നഗ്ന കവിതകള്‍ എന്ന പേരില്‍ രണ്ടു സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചതിലത്രയും കൂരമ്പു പോലെ സമൂഹഗാത്രത്തില്‍ തുളച്ചുകയറുന്ന പരിഹാസങ്ങളാണ്. വിദ്യാര്‍ഥിയായിരിക്കെ കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കവിതക്ക് സമ്മാനം വാങ്ങിയ ഇദ്ദേഹം വൈലോപ്പിള്ളി, അബുദാബി ശക്തി, മഹാകവി പി,കേസരി, എ.ടി കോവൂര്‍ തുടങ്ങിയവരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. കേരള സാഹിത്യ അക്കാദമിയുടെയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാക്കിലും നോക്കിലും പ്രവൃത്തിയിലും കലാപകാരിയായ കുരീപ്പുഴയെ സംഘ്പരിവാര്‍ ലക്ഷ്യംവെക്കുക തന്നെ ചെയ്യും. അതിന് ന്യായീകരണം ചമക്കുന്ന പണി സംഘി നേതാക്കള്‍ നവമാധ്യമങ്ങളിലൂടെ പുറത്തെടുത്ത് കഴിഞ്ഞതാണ്.
- 7 years ago
chandrika
Categories:
Video Stories
നരകത്തിലേക്ക് ഒരു ടിക്കറ്റ്
Tags: kureepuza srikumar