പികെ ഫിറോസ്
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത്മുന്നണി അധികാരത്തില്‍ വന്നിട്ട് എട്ട് മാസം പൂര്‍ത്തിയായി. റേഷന്‍ സംവിധാനം തകര്‍ത്തും പെന്‍ഷന്‍ വിതരണം താളംതെറ്റിച്ചും സാധാരണക്കാരന്റെ നടുവൊടിച്ചിരിക്കയാണ് ഇടത് സര്‍ക്കാര്‍. നഷ്ടപ്പെട്ട റേഷനും പെന്‍ഷനുമായി ജനം നെട്ടോട്ടമോടുമ്പോള്‍ അതില്‍ വ്യക്തത വരുത്താന്‍ പോലുമാകാതെ അധികാര കേന്ദ്രം നോക്കുകുത്തിയാകുന്നു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് ക്രിമിനലുകള്‍ക്കും സംഘ്പരിവാരങ്ങള്‍ക്കും സുഖവാസമൊരുക്കി ഭീതിവിതക്കുന്ന കാഴ്ച. ഇതിന് തടയിടുന്നതിന് പകരം പൊലീസിനെ കയറൂരിവിടുന്ന ഭരണകൂടത്തിന്റെ നിസംഗ സമീപനം ആശങ്കയുണര്‍ത്തുന്നതാണ്.
യു.ഡി.എഫ് ഭരണകാലത്ത് കാര്യക്ഷമമായി നടത്തിരുന്ന ക്ഷേമ പെന്‍ഷന്‍ അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ നിന്നു 5.5 ലക്ഷം ആളുകളാണ് ഒഴിവാക്കപ്പെട്ടത്. യു.ഡി.എഫ് ഭരണകാലത്ത് കൂടുതല്‍ പേര്‍ക്ക് കൂടൂതല്‍ പെന്‍ഷന്‍ എന്നതായിരുന്നു നയം. വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി 65ല്‍ നിന്ന് 60 വയസ്സാക്കി കുറച്ചും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം പെന്‍ഷന്‍ എന്നത് മാറ്റി ഒരു ലക്ഷം വരുമാന പരിധി നിശ്ചയിച്ചും പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. മറ്റു ക്ഷേമ പെന്‍ഷനുകളുടെ വരുമാന പരിധി ഇരുപതിനായിരത്തില്‍ നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തുകയുണ്ടായി. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വരുമാനം മാനദണ്ഡമാക്കാതെ പുതുതായി പെന്‍ഷന്‍ അനുവദിച്ചു. ഇവര്‍ക്ക് മറ്റു ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതിനും തടസ്സമുണ്ടായിരുന്നില്ല. ഒരു ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മറ്റൊരു ക്ഷേമപെന്‍ഷന് കൂടി അര്‍ഹതയുണ്ടെങ്കില്‍ അതിനുള്ള തടസ്സവും സര്‍ക്കാര്‍ നീക്കിയിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ഇവ ഓരോന്നായി പിന്‍വലിച്ച് പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വെട്ടിചുരുക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. 2 ക്ഷേമ പെന്‍ഷന്‍ എന്നത് വികലാംഗര്‍ക്ക് മാത്രമാക്കി ചുരുക്കി. കര്‍ഷകപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന് അര്‍ഹതയില്ലാതാക്കുകയും വരുമാന പരിധി നിശ്ചയിക്കുകയും ചെയ്തു. അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുകയെന്നതായിരുന്നു കര്‍ഷക പെന്‍ഷന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യം തന്നെ ഇല്ലാതാക്കാനുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇ.പി.എഫ് പെന്‍ഷന്‍കാരെയും ക്ഷേമ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്നു പുറത്താക്കി. ഇത്തരക്കാര്‍ക്ക് വരുമാനം മാനദണ്ഡമാക്കി ക്ഷേമ പെന്‍ഷന്‍ അനുവദിക്കാമെന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കുലര്‍ വഴി ഇവര്‍ക്ക് പെന്‍ഷന്‍ തടയുന്നത്. ഇത്മൂലം നിലവില്‍ പെന്‍ഷന്‍ വാങ്ങിയിരുന്ന നല്ലൊരു വിഭാഗത്തിന് ഒറ്റയടിക്ക് പെന്‍ഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് വന്നത്. വികലാംഗര്‍ക്ക് മറ്റൊരു പെന്‍ഷന് അര്‍ഹതയുണ്ടെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ പാസായവര്‍ക്ക് 2 പെന്‍ഷനും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ‘സേവന’ സോഫ്റ്റ്‌വെയറിലുള്ള അപാകതയാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നാളിതുവരെയായി സര്‍ക്കാര്‍ ആരംഭിച്ചിട്ട് പോലുമില്ല. നിലനില്‍ പെന്‍ഷന്‍ വാങ്ങുന്നവരെല്ലാം പുതുതായി വിവരം നല്‍കി പുതുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് വന്‍തോതില്‍ ആളുകളെ ലിസ്റ്റിന് പുറത്താക്കിയത്. കര്‍ഷക പെന്‍ഷന് വരുമാന പരിധി ഏര്‍പ്പെടുത്തിയതോടെ നിരവധി ആളുകള്‍ ഒറ്റയടിക്ക് അനര്‍ഹരായി. കൂടാതെ കര്‍ഷക, വിധവ, വികലാംഗ പെന്‍ഷനുകളില്‍ ഏതെങ്കിലുമൊന്ന് വാങ്ങുന്നവര്‍ക്ക് മറ്റ് ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടാവില്ലെന്ന പ്രഖ്യാപനം സാധാരണക്കാരന് ഇരുട്ടടിയായി. യു.ഡി.എഫ് ഭരണ കാലത്ത് രണ്ട് പെന്‍ഷനുകള്‍ വാങ്ങിയിരുന്ന പലര്‍ക്കും ഇന്ന് ഒരു പെന്‍ഷനും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ‘സേവന’ എന്ന സോഫ്റ്റ്‌വെയറിലുള്ള അപാകതയാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നാളിതുവരെയായി സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.
സാധാരണക്കാരന്റെ ആശ്രയമായ റേഷന്‍ സംവിധാനം കേട്ട്‌കേള്‍വിയില്ലാത്ത വിധം തകര്‍ന്നിരിക്കയാണ്. സംസ്ഥാനത്തെ 34.5 ലക്ഷം കാര്‍ഡുടമകളിലായി 1,54,83,000 ആളുകള്‍ പ്രയോറിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഇവര്‍ക്ക് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി നല്‍കിയിരുന്നു. നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ 27ലക്ഷം കാര്‍ഡുടമകളിലായി ഒരു കോടി 29 ലക്ഷം ആളുകളും ഉണ്ട്. ഇവര്‍ക്ക് രണ്ട് കിലോ അരി രണ്ട് രൂപ നിരക്കിലും വിതരണം ചെയ്തിരുന്നു. എന്നാല്‍ 49 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഇപ്പോള്‍ ഗോതമ്പ് ലഭിക്കുന്നില്ല. പ്രമേഹ രോഗികളില്‍ നല്ലൊരു പങ്കും ഗോതമ്പിന് റേഷന്‍ കടയെ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. കിലോക്ക് 15 രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്ന ആട്ട ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. നോട്ട് നിരോധനവും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും ഉയര്‍ത്തിക്കാട്ടി സ്വന്തം പിടിപ്പ്‌കേട് മറച്ച് പിടിക്കാനുള്ള ശ്രമമാണ് സംസ്ഥാനം ഭരിച്ച് കൊണ്ടിരിക്കുന്ന ഇടത് സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. 18.5 ലക്ഷം മെട്രിക്ക് ടണ്‍ അരി എഫ്.സി.ഐ ഗോഡൗണില്‍ കെട്ടികിടക്കുന്നത് വിതരണം ചെയ്യുന്നതിന് ഇത്‌വരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കൃത്യമായ കണക്ക് കൊടുക്കാത്തത് കാരണം റേഷന്‍ കടയിലുള്ള പഞ്ചസാര പോലും കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാത്ത സാഹചര്യം റേഷന്‍ സംവിധാനത്തിന്റെ ഗുരുതരമായ പ്രതിസന്ധിയാണ് കാണിക്കുന്നത്. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സംസ്ഥാന സര്‍ക്കാരാവട്ടെ നിദ്രയില്‍ അഭയം പ്രാപിക്കുകയാണ്.
പൊലീസിന്റെ നിയമ പാലനത്തെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. കൊലപാതക കേസിലെ പ്രതികള്‍ സൈ്വര്യ വിഹാരം നടത്തുമ്പോള്‍ എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മുസ്‌ലിം, ദലിത് വിഭാഗങ്ങളെയും വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. കൊടിഞ്ഞിയിലെ ഫൈസലിന്റെ ഘാതകരായ ആര്‍.എസ്.എസ് ക്രിമിനലുകളെ പൂര്‍ണമായും ഇത്‌വരെ പിടികൂടാനായിട്ടില്ല. നാദാപുരത്ത് കൊല്ലപ്പെട്ട അസ്‌ലമിന്റെ പ്രതികളുടെയും കാര്യം വ്യത്യസ്തമല്ല. പിടികൂടിയ പ്രതികളാകട്ടെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് കൊണ്ട് നിഷ്പ്രയാസം ജാമ്യത്തിലിറങ്ങുകയും ചെയ്തു. കുറ്റ്യാടിയിലെ നസിറുദ്ദീനെ കൊലപ്പെടുത്തിയ എന്‍.ഡി.എഫുകാര്‍ക്ക് സ്റ്റേഷനില്‍ ബിരിയാണി നല്‍കിയാണ് പൊലീസ് സ്വീകരണമൊരുക്കിയത്. പൊലീസിലുള്ള വിശ്വാസം പൂര്‍ണമായും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കയാണ്.
പൊലീസിന്റെ സംഘ്പരിവാര്‍ വിധേയത്വമാണ് ഏറ്റവും അപകടകരം. ‘ശ്മശാനങ്ങളുടെ നോട്ട് പുസ്തകം’ എന്ന നോവലെഴുതിയ കമല്‍ സി.ചവറയെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് പിടികൂടുകയുണ്ടായി. ദേശീയ ഗാനത്തെ അപമാനിച്ചു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു എന്ന പരാതിയിലാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. യൂത്ത്‌ലീഗിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അന്ന് പൊലീസ് പിന്‍മാറിയത്. പിന്നീട് പൊലീസിന്റെ നിരന്തര പീഢനത്തെ തുടര്‍ന്ന് കമല്‍. സി തന്റെ പുസ്തകം കത്തിച്ച് പ്രതിഷേധിക്കുന്നതിന് കേരളം സാക്ഷിയായി.
മനുഷ്യാവകാശ പ്രവര്‍ത്തകനായ നദീറിനെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി കസ്റ്റഡിയിലെടുത്തപ്പോഴും വന്‍ പ്രതിഷേധമുണ്ടായി. എന്നാല്‍ നദീറിനെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും 124എ എന്ന രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നുമുള്ള ഡി.ജി.പി ലോകനാഥ് ബെഹ്‌റയുടെ ഉറപ്പ് ലംഘിക്കപ്പെട്ടു. യു.എ.പി.എ ചുമത്തിയ കേസുകള്‍ പുനപരിശോധിക്കുമെന്നും കേരളത്തില്‍ അത്തരം കുറ്റങ്ങള്‍ ചുമത്തേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി. നദീറിനെതിരെ ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച അഫിഡവിറ്റില്‍ രണ്ട് കുറ്റങ്ങളും ചുമത്തിയതോടെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് മറനീക്കി പുറത്ത് വന്നത്. സംഘ്പരിവാരിനെതിരെയുള്ള പരാതികള്‍ പൊലീസ് ഗൗനിക്കുന്നേയില്ല. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ കാസര്‍കോട്ടെ അന്നത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി. ശുക്കൂര്‍ നല്‍കിയ പരാതിയില്‍ യു.എ.പി. എ ചുമത്തിയപ്പോള്‍ സമാനമായ പരാതിയില്‍ ശശികല ടീച്ചര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ പൊലീസ് തയ്യാറായില്ല. കാഞ്ഞങ്ങാട് സമസ്ത നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്ന് പറഞ്ഞ് സമസ്തയുടെ നേതാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് സംവിധായകന്‍ കമലിന്റെ വീടിന് മുമ്പില്‍ സമരം ചെയ്തതിനോ വ്യാജ ഏറ്റുമുട്ടല്‍ എന്ന് സംശയിക്കപ്പെടുന്ന സംഭവത്തില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിനെതിരെ റോഡ് ഉപരോധിച്ചതിനോ സംഘ്പരിവാറിനെതിരെ കേസെടുത്തില്ല. മാത്രവുമല്ല മൃതദേഹം കണ്ട് കൊണ്ടിരുന്ന സഹോദരന്റെ കോളര്‍ പിടിച്ച് വലിക്കാനാണ് യൂണിഫോം പോലും ധരിക്കാത്ത ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ശ്രമിച്ചത്. ഇടത്‌സര്‍ക്കാരിന്റെ തെറ്റായ ഇത്തരം നയങ്ങള്‍ക്കെതിരെ അതിശക്തമായ ജനരോഷമാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്ന് വരുന്നത്. ഈ പ്രതിഷേധം ഏറ്റെടുത്താണ് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)