X

നാവരിയപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യം

സ്മൃതി പരുത്തിക്കാട്

ഭരണഘടനയില്‍ മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശമായി പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലങ്കിലും ആര്‍ട്ടിക്കിള്‍ 19 (1) ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ മാധ്യമ സ്വാതന്ത്ര്യവും ഉള്‍പ്പെടും. ഭരണഘടനയെ മാനിക്കാത്ത ഭരണകൂടം മാധ്യമ സ്വാതന്ത്രിനും അതുവഴി അഭിപ്രായസ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടാനുള്ള ശ്രമം നടത്താറുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതിലൂടെ ഭരണകൂടം അമിതാധികാര പ്രയോഗമാണ് നടപ്പിലാക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെ മാധ്യമ സ്വാതന്ത്ര നിഷേധത്തെ ശക്തമായി വിമര്‍ശിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുന്നു എന്നുവരെ മാധ്യമങ്ങളെ വിമര്‍ശിച്ച എല്‍. കെ അദ്വാനിയുടെ പാര്‍ട്ടിയുടെ ഭരണത്തില്‍ ആര്‍.എസ്.എസിന്റെ വിചാരധാരയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധ ചേരിയിലുള്ള ആര്‍.എസ്.എസിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഭരണകൂടം മാധ്യമങ്ങള്‍ക്ക് നേരെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിന്റെ ആദ്യത്തെ ഇരകള്‍ എന്നും മാധ്യമ പ്രവര്‍ത്തകരായിരിക്കും. ഹത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പുറപ്പെട്ട സിദ്ദീഖ് കാപ്പനെ കുടുക്കിയത് ഉദാഹരണമാണ്. കേരളീയരായ നമുക്ക് കാപ്പനുണ്ടായ അനുഭവം ആദ്യത്തേതാണെങ്കില്‍ സംസ്ഥാനത്തിന് പുറത്ത് കോവിഡ് കാലത്തും മറ്റുമായി എത്രയോ മാധ്യമ പ്രവര്‍ത്തകരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ഭരണകൂടം കല്‍ തുറുങ്കിലടച്ചത്. ഒഡീഷയിലെ രോഹിത് കുമാര്‍ ബിസ്വാളിനെ പോലെ നിരവധി മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പൗരത്വ പ്രക്ഷോഭ സമരവും ഡല്‍ഹി കലാപം സംബന്ധിച്ചും യാഥാര്‍ഥ്യങ്ങള്‍ പുറം ലോകത്തെ അറിയിച്ചതിന്റെ പേരിലും വേട്ടയാടലിന് വിധേയരായിട്ടുണ്ട്. മോദി ഭരണത്തില്‍ ഭരണകൂട സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്ന മാധ്യമ സ്ഥാപനങ്ങളുടെ എണ്ണവും അധികരിക്കുകയാണ്. ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ ചര്‍ച്ചചെയ്യാന്‍ പാടില്ലന്നും തിരസ്‌കരിക്കണമെന്നുള്ള മാധ്യമ സ്ഥാപനങ്ങളുടെ നിലപാട് മൂലം ഇതിനകം ഒട്ടനവധി മാധ്യമ പ്രവര്‍ത്തകരാണ് തൊഴില്‍രഹിതരായത്.

വര്‍ധിച്ചുവന്ന ആള്‍കൂട്ട കൊലപാതകം അതതു ദിവസം കൃത്യമായി കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ച ദേശീയ പത്രത്തിലെ പത്രാധിപരെയും കോവിഡ് കാലം സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പുറത്തു കൊണ്ടുവന്ന വാരികയുടെ എഡിറ്ററെയും ഭരണകൂടം കണ്ണുരുട്ടിയത് മൂലമാണ് മാധ്യമ സ്ഥാപനങള്‍ പുറത്താക്കിയത്.

ഭരണകൂടത്തിന്റെ നാവാണെന്ന് ഒരു മാധ്യമവും സ്വയം അവകാശപ്പെടാറില്ല. വാര്‍ത്താവിവേചനത്തില്‍ ഭരണകൂട വിധേയത്വം ബോധ്യമാവും. നമുക്ക് അപ്രധാനമായി തോന്നുന്ന വാര്‍ത്തകളായിരിക്കും അവര്‍ പ്രധാന വാര്‍ത്തയായി അവതരിപ്പിക്കാറുള്ളത്. പ്രാമുഖ്യം സര്‍ക്കാര്‍ പദ്ധതികള്‍ക്കായിരിക്കും. റെയ്ഡ് നടത്തിയും സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചും എന്‍. ഡി.ടി.വിയെ വേട്ടയാടിയത് ഈ നയത്തിന്റെ ഭാഗമാണ്. സര്‍ക്കാരിനു വേണ്ടി വാഴ്ത്തുപാട്ടു നടത്തുന്നവര്‍ക്ക് ഇഷ്ടം പോലെ പരസ്യം കൊടുക്കുമ്പോഴാണ് ജനപക്ഷത്ത് നിലയുറപ്പിക്കുന്ന മാധ്യമങ്ങളോട് വിവേചനം കാണിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന കാര്യത്തില്‍ കേരളത്തിലെ സാഹചര്യവും വിഭിന്നമല്ല. ആരോഗ്യ വകുപ്പിലെ പോരായ്മകള്‍ ചൂണ്ടികാട്ടിയതിന്റെ പേരിലാണ് ഒരു മാധ്യമ സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ പരസ്യം നിഷേധിച്ചത്. ഭരണകൂടം മാധ്യമങ്ങളെ പലപ്പോഴും നിശബ്ദമാക്കുമ്പോള്‍ സത്യം തുറന്നു പറയാന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനത്തിനും ലോകതലത്തില്‍തന്നെ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ തവണ നിരോധനം ഏര്‍പ്പെടുത്തിയത്. കശ്മീരില്‍ 555 ദിവസം തുടര്‍ച്ചയായാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.

സുപ്രീംകോടതിയുടെ ഇടപെടലിനെതുടര്‍ന്നാണ് ചെറിയ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. 2012 സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ കണക്കു പ്രകാരം 665 പ്രാവശ്യമാണ് ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയത്. ഈ വര്‍ഷത്തില്‍മാത്രം 56 തവണ വിലക്കുവീണു. മാധ്യമ പ്രവര്‍ത്തനങ്ങളെ ആരും വിചാരണ ചെയ്യാന്‍ പാടില്ല എന്ന നിലപാടും ശരിയല്ല. മോശമായ ഭാഷകള്‍ ഉപയോഗിച്ചും വ്യക്തിഹത്യ നടത്തിയും അധിക്ഷേപിക്കുന്നതിന്പകരം മാന്യമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരേണ്ടത്.

മാധ്യമ രംഗം കോര്‍പറേറ്റുവത്കരണത്തിന് വിധേയമാവുന്ന ആപത്കരമായ പ്രവണതയും രാജ്യത്ത് കൂടിവരുന്നതും ആശങ്കാജനകമാണ്. ഇഷ്ട വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ അതിലേക്ക് വഴിനടത്താന്‍ പ്രത്യേക കഴിവാണ് കോര്‍പറേറ്റുകള്‍ക്കുള്ളത്. രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ കോര്‍പറേറ്റ് അജണ്ട എളുപ്പം നടത്താനാവില്ല. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് പരമപ്രധാനം. അത് പ്രകടിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ മാധ്യമസ്വാതന്ത്ര്യത്തിനും വഴിയൊരുങ്ങും.

(സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്രീഡം ടോക്ക്‌സില്‍ നടത്തിയ പ്രഭാഷണം)
സംഗ്രഹം: പി. ഇസ്മായില്‍ വയനാട്

Chandrika Web: