എ.എ വഹാബ്
പരിശുദ്ധ ഖുര്‍ആനിന്റെ അതിശക്തമായ ഒരു പ്രയോഗമാണ് അത് ജീവനുള്ളവര്‍ക്ക് താക്കീത് നല്‍കാന്‍ വേണ്ടിയുള്ള ഗ്രന്ഥം എന്നത്. മനുഷ്യന് ജീവിത മാര്‍ഗദര്‍ശനം ചെയ്യുക എന്ന കാര്യം സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു സ്വന്തം ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അതനുസരിച്ച് ആദിമ മനുഷ്യന്‍ മുതല്‍ അല്ലാഹു പ്രവാചകന്മാര്‍ വഴി അക്കാര്യം നിര്‍വഹിച്ചു പോന്നിട്ടുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ ദിവ്യാവതരണമാണ് ഖുര്‍ആന്‍. അവതരണകാലം മുതല്‍ ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്ക് ജീവിത മാര്‍ഗദര്‍ശനം എന്ന നിലയിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്.
മനുഷ്യന്റെ ഇഹപര ജീവിത യാഥാര്‍ത്ഥ്യങ്ങളും ഭൗതികവും അതിഭൗതികവുമായ ലോകങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ച സത്യവും വ്യക്തവുമായ വിവരണങ്ങളും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. കാര്യങ്ങള്‍ വ്യക്തമാക്കിയ ശേഷം ആ സത്യം വിശ്വസിച്ച് അംഗീകരിച്ച് പ്രവര്‍ത്തിക്കാനോ നിഷേധിച്ച് സ്വന്തം മനസ്സിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് ജീവിക്കാനോ മനുഷ്യന് തെരഞ്ഞെടുപ്പവകാശം അല്ലാഹു നല്‍കുന്നു. അല്ലാഹു പറഞ്ഞത് യാഥാര്‍ത്ഥ്യം മാത്രമാണെന്ന് മനുഷ്യമനസ്സിന് ബോധ്യപ്പെടാന്‍ പ്രകൃതിയില്‍ നിന്നും ചരിത്രത്തില്‍ നിന്നും മനുഷ്യനില്‍ നിന്ന് തന്നെയും ധാരാളം തെളിവുകള്‍ (ആയാത്ത്) ഖുര്‍ആന്‍ നിരത്തുന്നു. ഇതെല്ലാം കണ്ടിട്ടും അവഗണനയോടെ തള്ളി അതിനെയെല്ലാം നിഷേധിക്കുന്നവരെ ശിക്ഷിക്കും എന്ന ശക്തമായ താക്കീതും ആവര്‍ത്തിച്ചു നല്‍കപ്പെടുന്നു. ഖുര്‍ആന്റെ അവതരണ കാലത്ത് മക്കാ ഖുറൈശികള്‍ക്ക് ഏറെ പരിചിതമായിരുന്നു അറബി കവിത. ദിവ്യാവതരണം വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ആളുകള്‍ പ്രവാചകന്‍ മുഹമ്മദ് (സ)യെ കവി എന്നും അദ്ദേഹം പറയുന്നത് കവിതയാണെന്നും മറ്റു ചിലപ്പോള്‍ മാരണക്കാരനെന്നും പറഞ്ഞു പരിഹസിച്ചു. അതിന് അല്ലാഹുവിന്റെ ശക്തമായ മറുപടി വന്നു. ‘നാം അദ്ദേഹത്തെ കവിത പഠിപ്പിച്ചിട്ടില്ല. അതദ്ദേഹത്തിന് ചേര്‍ന്നതുമല്ല. ഇതൊരു ഉല്‍ബോധനവും കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഖുര്‍ആനുമാണ്. ജീവനുള്ള മനുഷ്യര്‍ക്ക് താക്കീത് നല്‍കുന്നതിനും നിഷേധികള്‍ക്കെതിരായ (ശിക്ഷയുടെ) വചനം സത്യമായി പുലരാന്‍ വേണ്ടിയുമാണ് (അവതരിപ്പിച്ചത്)’ (വിശുദ്ധ ഖുര്‍ആന്‍ 36: 69-70).
യാതൊരു ലക്ഷ്യബോധവുമില്ലാതെ കണ്ട താഴ്‌വരകളിലൊക്കെ അലഞ്ഞു തിരിഞ്ഞ് മനുഷ്യന്റെ മൃദുല വികാരങ്ങളെ ഇക്കിളിപ്പെടുത്താനും അധര്‍മങ്ങള്‍ക്ക് പ്രേരിപ്പിക്കാനും തോന്നിയതൊക്കെ വിളിച്ചുകൂവുന്ന വികാരങ്ങളുടെ തിമിര്‍ത്തു തള്ളലിന്റെ ആവിഷ്‌ക്കാരമായ കവിതയല്ല പ്രവാചകന്‍ പറയുന്നത്. അത് അദ്ദേഹത്തിന്റെ നിലക്കും വിലക്കും ചേര്‍ന്നതല്ലെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ജീവിതത്തെ മഹത്വത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിക്കാനും പര്യാപ്തമായ ഉല്‍ബോധനവും പാരായണവുമാണ് ഖുര്‍ആന്‍. അത് പഠിക്കാനും പകര്‍ത്താനും സന്നദ്ധതയുള്ള മനുഷ്യര്‍ക്ക് കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ വേണ്ടിയും നിഷേധികള്‍ക്ക് വാഗ്ദാനം ചെയ്ത അല്ലാഹുവിന്റെ ശിക്ഷയുടെ വചനം സത്യമായി പുലരാനുമാണ് അത് അവതരിപ്പിക്കപ്പെട്ടത്. ഇവിടെ ഈ സൂക്തത്തില്‍ ജീവിതത്തിന്റെ എതിര്‍ സ്ഥാനത്ത് നിര്‍ത്തുന്നത് നിഷേധത്തെയാണ്. ഏറെ ആഴത്തില്‍ അര്‍ത്ഥതലങ്ങളുണ്ടതിന്. സത്യവിശ്വാസമെന്നാല്‍ യഥാര്‍ത്ഥ ജീവിതവും നിഷേധമെന്നാല്‍ മരണവുമാണെന്നാണ് അത് ധ്വനിപ്പിക്കുന്നത്. സത്യവിശ്വാസത്തിനുള്ള മനസിന്റെ സന്നദ്ധതയാണ് ജീവന്‍. അത്തരം മനസുള്ളവര്‍ രഹസ്യത്തിലും പരസ്യത്തിലും അദൃശ്യനായ അല്ലാഹുവിനെ ഭയക്കുന്നവരും ഭക്തനുമായിരിക്കും. അക്കാര്യം സൂറത്ത് യാസീനില്‍ തന്നെ എടുത്തുപറയുന്നുണ്ട്. അവര്‍ക്കാണ് താക്കീതും മുന്നറിയിപ്പും ഒക്കെ പ്രയോജനപ്പെടുക എന്നും സൂചിപ്പിച്ചിട്ടുണ്ട്. (36:11).
സത്യത്തെ നിഷേധിക്കുന്നവരുടെ മനോനില പേടിപ്പെടുത്തുന്ന ഒരു ചിത്രീകരണത്തിലൂടെ തൊട്ടു മുന്നേ യാസീന്‍ അവതരിപ്പിക്കുന്നു. താടി എല്ലുകള്‍ വരെ നീണ്ടുനില്‍ക്കുന്ന കണ്ഠചങ്ങലകളില്‍ സ്വയം ബന്ധിതമായി മുന്നിലും പിന്നിലും മറയുമായി തലകുത്തനെ പിടിച്ചുനില്‍ക്കുന്ന ഒരു ഭീകര ചിത്രം. ബോധനമോ താക്കീതോ ശ്രദ്ധിക്കാത്ത അക്കൂട്ടര്‍ സത്യത്തില്‍ വിശ്വസിക്കില്ലെന്ന് സര്‍വജ്ഞനനായ രാജതമ്പുരാന്‍ അരുളുന്നു. ജീവിക്കാന്‍ വിഭവങ്ങളും ഗ്രഹിക്കാന്‍ ഇന്ദ്രിയങ്ങളും ചിന്തിക്കാന്‍ ബുദ്ധിയും ഒക്കെ അല്ലാഹു നല്‍കിയിട്ടും പുഴുക്കളെപ്പോലെ ഭൂമിയില്‍ ഒട്ടുന്ന അത്തരക്കാര്‍ നന്ദികെട്ടവരാണെന്നും മൃഗസമാനരാണെന്നുമൊക്കെ ഖുര്‍ആന്‍ പലയിടത്തും സൂചിപ്പിക്കുന്നുണ്ട്. ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും’ എന്നതാണവരുടെ സ്ഥിതി. ജീവിതത്തിന്റെ ഔന്നിത്യത്തെക്കുറിച്ചും അനന്തമായ സ്വര്‍ഗീയാനുഭൂതികളെകുറിച്ചും ഒക്കെ വേദഗ്രന്ഥം വിവരിക്കുമ്പോള്‍ അത് ശ്രവിക്കാന്‍ കൂട്ടാക്കാത്തവര്‍ ഹ്രസ്വവും തുച്ഛവുമായ ഭൗതികജീവിതാനുഭൂതികളില്‍ മാത്രം കണ്ണു നട്ടവരാണ്. അവരിവിടെ എന്തൊക്കെ നേടിയാലും അതൊക്കെ ഒരുനാള്‍ നശിച്ചുപോകും. പിന്നീടുള്ളത് ദൈവീക ശിക്ഷയുടെ ഊഴം മാത്രമാണ്. അതു ഗ്രഹിക്കാന്‍ കണ്ടതില്‍ മാത്രം വിശ്വസിക്കുന്നതിനപ്പുറം അദൃശ്യത്തില്‍ വിശ്വസിക്കാനുള്ള അകക്കണ്ണ് വേണം. ആ ഹിദായത്ത് ഒരു ദിവ്യാനുഗ്രഹമാണ്. അധ്വാനിക്കാതെ പരമ്പരാഗതമായി അത് ലഭിച്ചവര്‍ അതിന്റെ വിലയറിയാതെയാണ് ഇന്ന് പെരുമാറുന്നത്. കാത്തുസൂക്ഷിച്ചില്ലെങ്കില്‍ ആ സൗഭാഗ്യത്തിന്റെ അനുഗ്രഹം എടുത്തുമാറ്റപ്പെടും. അല്ലാഹുവിന്റെ താക്കീതുകളും മുന്നറിയിപ്പുകളും ജാഗരൂഗമായി കണക്കിലെടുക്കാന്‍ സത്യവിശ്വാസികള്‍ സദാസന്നദ്ധരായിരിക്കണം. ഇതു മറ്റുള്ളവര്‍ക്ക് എത്തിക്കേണ്ട ബാധ്യതകൂടി വിശ്വാസിക്ക് ഉണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.