X

ഉത്തരേന്ത്യ ഇന്ത്യയല്ലാതാകുന്നുവോ?

ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അത്യന്തം ആശങ്കാജനകമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഒരു പ്രത്യേക സമുദായത്തെ ഒറ്റതിരിഞ്ഞ് കൂട്ടക്കശാപ്പ് നടത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ മുന്നറിയിപ്പ് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നതാണ്.

‘ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം-2017’ നടപ്പാക്കുകയാണെന്ന പേരില്‍ ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചുകൊന്നൊടുക്കുകയാണ് യോഗി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുപ്രകാരം 2017ല്‍ 1,100 ഏറ്റുമുട്ടലുകളിലായി 49 പേരാണ് കൊല്ലപ്പെട്ടത്. 370 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിരവധി പേര്‍ ജീവച്ഛവങ്ങളായി കഴിയുകയാണ്. ഇതു സഹിക്കവയ്യാതെയാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സി.ബി.ഐയോ, പ്രത്യേക സംഘമോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികളെത്തിയത്. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതനാല്‍ യു.പി സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഭരണകൂട ഒത്താശയോടെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആസൂത്രിതമായി നടക്കുന്നുവെന്ന ബോധ്യത്തില്‍ ഒരു സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ് അയക്കുന്ന അത്യപൂര്‍വതയുടെ നാണക്കേടിലാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 59 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്ന യു.പിയെ ഇനിയും പിടിച്ചുകെട്ടിയില്ലെങ്കില്‍ രക്തരക്ഷസുകളുടെ നാടായി ഉത്തര്‍പ്രദേശിനെ യോഗി മാറ്റിയെഴുതും.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ ന്യായം നടപ്പാക്കലിലെ പ്രധാന ഇനമായി തുടരുകയാണ്. ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിലാണ്. കോടതിക്ക് വിട്ടുകൊടുക്കാതെ സ്വയം കാര്യങ്ങള്‍ തീര്‍പ്പാക്കുന്നത് യു.പി പൊലീസിനുള്ളില്‍ സാധാരണമായ രീതിയായി മാറിയിരിക്കുന്നു.

മാസങ്ങള്‍ക്കുമുമ്പാണ് തന്റെ ഷൂവില്‍ ചവുട്ടിയെന്നാരോപിച്ച് 12 വയസുകാരനെ ഒരു പൊലീസുകാരന്‍ വെടിവെച്ചുകൊന്നത്. ഡ്യൂട്ടിയിലല്ലായിരുന്ന സമയത്താണ് പൊലീസ് ഈ കൊടുംക്രൂരത ചെയ്തത്. ഈ നരഹത്യക്ക് തൊട്ടുമുമ്പ് ഒരു ജിംനേഷ്യം ട്രെയിനറെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ എസ്.ഐ വെടിവെച്ചു കൊന്ന വാര്‍ത്തയും യു.പിയില്‍നിന്നു കേട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യോഗി ആദിത്യനാഥ് യു.പിയില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഇതിനുശേഷം 1500 ലേറെ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ 66 ക്രിമിനലുകള്‍ കൊല്ലപ്പെട്ടതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പല ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമായിരുന്നുവെന്ന് സന്നദ്ധ സംഘടനകളും ദേശീയ മനുഷ്യാവകാശ കമ്മീഷനും ആരോപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയില്‍ കൃത്യമായ കണക്കുകള്‍ പ്രകാരം കേസെത്തുന്നത്. ‘ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം, ഭീകര വിരുദ്ധ നിയമങ്ങളെക്കാള്‍ ക്രൂരമായാണ് നടപ്പാക്കുന്നത്. അങ്ങേയറ്റം കാര്‍ക്കശ്യമുള്ള ഈ നിയമംമൂലം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളുമാണ് അരങ്ങേറുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന ‘നിയമവിരുദ്ധ പ്രവര്‍ത്തന (തടയല്‍) നിയമം 1967’നേക്കാള്‍ കടുത്ത വ്യവസ്ഥകളാണ് ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം-2017 ലുള്ളത്. പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഈ കരിനിയമം യോഗി സര്‍ക്കാര്‍ വര്‍ഗീയമായി ദുരുപയോഗം ചെയ്യുകയാണ്.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ ശബ്ദവോട്ടോടെയാണ് ആദിത്യനാഥ് സര്‍ക്കാര്‍ ഈ ബില്‍ സൂത്രത്തില്‍ അംഗീകരിച്ചെടുത്തത്. മനുഷ്യാവകാശങ്ങളും ഭരണഘടനയും ഒരുപോലെ ലംഘിക്കുന്ന ബില്ലിന്റെ പകര്‍പ്പുകള്‍ പോലും മിക്ക നിയമസഭാംഗങ്ങള്‍ക്കും നല്‍കിയില്ല. നിയമസഭയില്‍ സ്വാഭാവികമായും ചര്‍ച്ചയും ചോദ്യങ്ങളും ഉയര്‍ന്നില്ല. ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ ഈ നിയമം ദുരുപയോഗം ചെയ്‌തേക്കുമെന്നു അന്നുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പങ്കുവച്ചിരുന്നു. പക്ഷേ, നിയമത്തിന്നുകീഴില്‍ പൊലീസിന് നല്‍കിയ വഴിവിട്ട അധികാരങ്ങളെക്കുറിച്ച് പറയുന്നതില്‍ പരാജയപ്പെട്ടുവെന്നുവേണം കരുതാന്‍. അതുകൊണ്ടാണ് ഏകപക്ഷീയമായി ഈ കരിനിയമം പൊലീസിന് ഇത്ര ലാഘവത്തോടെ നടപ്പാക്കാന്‍ കഴിയുന്നത്.
പ്രതിപക്ഷം സൂക്ഷ്മമായി എതിര്‍ക്കാഞ്ഞതുകൊണ്ടുകൂടിയാണ് ബില്‍ എളുപ്പത്തില്‍ അംഗീകരിക്കപ്പെട്ടത്. ബില്ലില്‍ പൊലീസിനുള്ള അധികാരങ്ങളും മറ്റു കര്‍ക്കശ വ്യവസ്ഥകളും യഥാര്‍ത്ഥത്തില്‍ വിസ്മരിക്കപ്പെടുകയാണുണ്ടായത്. ഫലത്തില്‍ ഇത് ബി.ജെ.പിക്ക് പ്രതിപക്ഷത്തെ ചെറുക്കാന്‍ എളുപ്പമായി. നിയമത്തിലെ ഏറ്റവും കര്‍ശനമായ വ്യവസ്ഥ വകുപ്പ് 28 (2) ആണ്. ക്രിമിനല്‍ നടപടിക്രമ ചട്ടം വകുപ്പ് അനുസരിച്ച് കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് 15, 60, 90 എന്ന ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പ്രസ്തുത വകുപ്പനുസരിച്ച് 60,180, 365 ദിവസങ്ങളാണ്. ഈ നിയമത്തിനു കീഴില്‍ ഒരാളെ പിടികൂടിയാല്‍ വിചാരണ കൂടാതെ ഒരു വര്‍ഷം മുഴുവനും തടവില്‍വെക്കാമെന്നതാണ് വസ്തുത. സാധാരണ ഗതിയില്‍ ഭീകര വിരുദ്ധ നിയമത്തില്‍ ഇത് 30, 60, 90 ദിവസമായിരുന്നു. പിടികൂടിയവരെ തടവില്‍വെക്കുന്നതിന് ‘ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം-2017’ കര്‍ക്കശമായ നിയമമായി മാറിയിരിക്കുകയാണ്.

ഈ നിയമപ്രകാരം തടവിലാക്കിയ ഒരാളെ വെറുതെവിട്ടാലും അയാള്‍ 365 ദിവസം തടവില്‍ കഴിഞ്ഞിരിക്കും എന്നാണവസ്ഥ. പൊലീസുകാര്‍ പലപ്പോഴും നിരപരാധികളെ പിടികൂടുകയും തടവിലാക്കുകയും ചെയ്യുന്നു എന്നത് അപൂര്‍വ സംഭവമല്ല എന്നോര്‍ക്കണം. ഈ നിയമത്തോടെ പിടികൂടപ്പെട്ടവര്‍ നീണ്ടകാലം തടവില്‍ കഴിയണമെന്നത് ഏത്ര ക്രൂരമാണ്?. പൊലീസ് റിമാന്റ് സംബന്ധിച്ചും നിയമത്തില്‍ പൈശാചികത പ്രകടമാണ്. സാധാരണ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി പൊലീസ് റിമാന്‍ഡ് 15 ദിവസമാണ്. എന്നാല്‍ ഈ നിയമത്തിലെ 28 (3.എ) അനുസരിച്ച് ഈ കാലാവധി 60 ദിവസം വരെ നീട്ടാം. ഭീകര വിരുദ്ധ നിയമത്തില്‍ ഇത് 15 ദിവസമാണ്. ഒരാളുടെ മരണം വരെ സംഭവിക്കാവുന്ന രീതിയിലാണ് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനം നടക്കുന്നത്. ഇതാണിപ്പോള്‍ യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് മനുഷ്യാവകാശ ലംഘനങ്ങളില്‍ യു.പി പൊലീസ് ഏറെ മുമ്പിലാണ്. ഇവിടെ 67 ശതമാനം മനുഷ്യാവകാശ ലംഘന പരാതികളും പൊലീസിനെതിരെയാണ്. ഇതിന്റെ മൂലകാരണമാണ് സുപ്രീംകോടതി കഴിഞ്ഞദിവസം കണ്ടെത്തിയിട്ടുള്ളത്. കുറ്റമറ്റ അന്വേഷണത്തിലൂടെ ഈ കൊടുംക്രൂരത പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ യു.പിയെ കാട്ടാളഹസ്തങ്ങളില്‍നിന്ന് രക്ഷപ്പെടുത്താം.

chandrika: